ഇഞ്ചി വെളുത്തുള്ളി ബ്രോക്ക്‌ലി സൂപ്പ്
മഴക്കാലമാണ്. മഴയും തണുപ്പും വലയ്ക്കുമ്പോൾ ചൂടോടെ ഒരു സൂപ്പ് കുടിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ അസാധാരണമായ മികവ് വെജിറ്റബിൾ സൂപ്പുകൾക്കുണ്ട്. വറുത്തതും പൊരിച്ചതും മധുരവും കഴിക്കാൻ തോന്നുമ്പോൾ വെജ് സൂപ്പ് തയാറാക്കാം. രണ്ടു പ്രധാന ആഹാരനേരങ്ങൾക്കിടയിൽ വെജ് സൂപ്പ് കഴിക്കുന്നതാണ് അഭികാമ്യം. ദിവസം രണ്ടു നേരം വേണമെങ്കിലും കഴിക്കാം. രുചിയും ഗുണവും നിറഞ്ഞ സൂപ്പ് എന്ന ആരോഗ്യ പാനീയം ജീവിതത്തിന്റെ ഭാഗമാക്കാം.
ഇതാ ഇഞ്ചിയും വെളുത്തുള്ളിയും ബ്രോക്ക്‌ലിയും ചേർന്നൊരു സ്പെഷൽ വെജ് സൂപ്പ്. ആരോഗ്യദായകവും രുചികരവുമായ ഈ സൂപ്പ് തയാറാക്കാനും എളുപ്പമാണ്.
ചേരുവകൾ
വെള്ളം – ഒന്നര കപ്പ്
ഒലിവെണ്ണ– ഒരു ടേബിൾസ്പൂൺ
ബ്രോക്ക്‌ലി – ഒന്ന് , വലുത് (വളരെ ചെറിയ കഷണങ്ങളായി മുറിച്ചത്)
ഇഞ്ചി – രണ്ട് ടേബിൾസ്പൂൺ (ചെറിയ കഷണങ്ങൾ)
കുരുമുളകു പൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി, (ചെറിയ കഷണങ്ങൾ)
ഉപ്പ് – പാകത്തിന്
ചെറിയ ഉള്ളി – അഞ്ച് (ചെറിയ കഷണങ്ങളായി മുറിച്ചത് )
തയാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ ഒലിെവണ്ണ ചേർത്ത് ഇടത്തരം തീയിൽ ചൂടാക്കുക. ഉള്ളി, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർക്കുക. ചേരുവകൾ പാകമാകുന്നതുവരെ ഇളക്കുക. ബ്രോക്ക്‌ലി ചേർത്ത് വെള്ളം ഒഴിക്കുക. ഇത് 10 മിനിറ്റ് തിളപ്പിച്ച് ആവിയിൽ വയ്ക്കുക. ബ്രോക്ക്‌ലി അമിതമായി വേവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഒരു മിനിറ്റ് ബ്ലെൻഡറിൽ ഉയർന്ന സ്പീഡിൽ ഒന്ന് അടിച്ചെടുക്കുക അതായത് പൾസ് ചെയ്യുക.
( ഇത് ഓപ്ഷനൽ ആണ്. ബ്ലെൻഡറിൽ പൾസ് ബട്ടൺ ഉണ്ട് ). ഇനി സൂപ്പ് ബൗളിൽ വിളമ്പുക.
ഈ വെജിറ്റബിൾ സൂപ്പിലെ ഒട്ടു മിക്ക ചേരുവകളും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ബലപ്പെടുത്താനും രോഗങ്ങളെ അകറ്റി നിർത്താനും ഏറെ സഹായകമാണ്. ഇവയിൽ വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായുണ്ട്.
റെസിപ്പി തയാറാക്കിയത്
സാന്ദ്രാ മേരി ജോളി
മാസ്‌റ്റർ ഒാഫ് പബ്ലിക് ഹെൽത് ന്യൂട്രിഷൻ (സ്‌റ്റുഡന്റ് )
കവെൻട്രി യൂണിവേഴ്സിറ്റി , ഇംഗ്ലണ്ട് , യുകെ