Wednesday 22 December 2021 03:42 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ് വിരുന്ന് അടിപൊളിയാക്കാൻ ബീഫ് സ്റ്റൂവും താറാവ് വറുത്തരച്ചതും: ആരോഗ്യത്തോടെ ക്രിസ്മസ് ആഘോഷിക്കാം

meatxmas4345

ഇത്തവണത്തെ ക്രിസ്മസിന് നല്ല നാടൻ ബീഫ് സ്റ്റൂവും താറാവ് വറുത്തരച്ചതും മട്ടൺ ചോപ്സും ആയാലോ? ഇതാ നിങ്ങളുടെ പ്രിയപ്പെട്ട റെസിപ്പികൾ

1. ബീഫ് സ്റ്റൂ

ചേരുവകൾ – 1. ഇളം ബീഫ് കനം കുറച്ചു സ്ലൈസ് ചെയ്തത് – അരക്കിലോ

2. എണ്ണ – പാകത്തിന്,

3. മൈദ – ഒരു വലിയ സ്പൂൺ,

4. ബീൻസ്, കാരറ്റ്, കോളി‌ഫ്ളവർ, ഉരുളക്കിഴങ്ങ് എന്നിവ ചതുരക്കഷണങ്ങളായി അരിഞ്ഞത് – രണ്ടു കപ്പ്

5.സവാള – ഒന്ന്, ചതുരക്കഷണങ്ങളായി അരിഞ്ഞത്,

6. വെള്ളം – മൂന്നുനാലു കപ്പ്

7. പാലക്ക് – ഒരു കെട്ട്, ചെറുതായി അരിഞ്ഞത് ഒറീഗാനോ – ഒരു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, കുരുമുളകുപൊടി – പാകത്തിന്, സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി ഇറച്ചി ബ്രൗൺ നിറമാകും വരെ വഴറ്റുക. ∙ ഇതിലേക്കു മൈദ ചേർത്തിളക്കി മൊരിഞ്ഞു വരുമ്പോൾ പച്ചക്കറികൾ ചേർത്തു വഴറ്റുക.
∙നന്നായി വഴന്നു വരുമ്പോൾ സവാള ചേർത്തു വഴറ്റിയ ശേഷം വെളളം ചേർത്തു വേവിക്കുക. ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു തിളപ്പിച്ചു
വാങ്ങാം.∙ ബ്രെഡിനൊപ്പം വിളമ്പാം.

2. താറാവ് വറുത്തരച്ചത്

ചേരുവകൾ

1.താറാവ് – അരക്കിലോ

2. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത് പച്ചമുളക് – നാല്, നീളത്തിൽ മുറിച്ചത്, ഇഞ്ചി – ഒരു കഷണം, കനം കുറച്ച് നീളത്തിൽ അരിഞ്ഞത് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ, വിനാഗിരി – ഒരു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്,

3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്, വറ്റൽമുളക് – എട്ട്, മല്ലി – രണ്ടു വലിയ സ്പൂൺ, കുരുമുളക് – രണ്ടു വലിയ സ്പൂൺ, െവളുത്തുള്ളി – മൂന്ന് അല്ലി, കറുവാപ്പട്ട – ഒരു ചെറിയ കഷണം, ഗ്രാമ്പൂ – മൂന്ന്, ഏലയ്ക്ക – രണ്ട്, പെരുംജീരകം – ഒരു ചെറിയ സ്പൂൺ, വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5. ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ , വറ്റൽമുളക് – രണ്ട്, രണ്ടായി മുറിച്ചത്, കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

∙ താറാവ് വൃത്തിയാക്കി കഷണങ്ങളാക്കിയതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം പാകത്തിനു വെള്ളം ചേർത്തു പ്രഷർകുക്കറിൽ വേവിക്കുക.∙ മൂന്നാമത്തെ ചേരുവ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക. ചൂടാറിയ ശേഷം അരച്ചു വയ്ക്കണം.
∙ താറാവു വെന്ത ശേഷം കുക്കർ തുറന്ന് അരപ്പു ചേർത്തിളക്കി നന്നായി തിളപ്പിച്ചു വാങ്ങുക.∙വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി വാങ്ങി കറിയിൽ ചേർക്കുക.

3. മട്ടൺ ചോപ്സ്

ചേരുവകൾ

1. മട്ടൺ ചോപ്സ്– ഒരു കിലോ

2. ഗരംമസാലപ്പൊടി–രണ്ടു വലിയ സ്പൂൺ, ജീരകം പൊടി–ഒരു വലിയ സ്പൂൺ കടുക്–ഒരു വലിയ സ്പൂൺ, മഞ്ഞൾപ്പൊടി– ഒരു െചറിയ സ്പൂൺ

3. എണ്ണ – കാൽ കപ്പ്

4. സവാള– രണ്ട്ഇടത്തരം, കനംകുറച്ചരിഞ്ഞത്, വെളുത്തുള്ളി–രണ്ടു വലിയ അല്ലി ചതച്ചത്, വറ്റൽമുളക്–മൂന്ന്, പൊടിയായി അരിഞ്ഞത്, പച്ചമുളക്–രണ്ട്, പൊടിയായി അരിഞ്ഞത്

5. തേങ്ങാപ്പാൽ–ഒന്നരക്കപ്പ് , ബീഫ് സ്റ്റോക്ക്– ഒരു കപ്പ്

6. പീസ്– 200 ഗ്രാം
7. മല്ലിയില അരിഞ്ഞത്– അരക്കപ്പ്

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ ചോപ്സ് എടുത്തു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.∙ ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി, പുരട്ടിവച്ചിരിക്കുന്ന ചോപ്സ് അൽപാൽപം വീതം ചേർത്ത് ബ്രൗൺ നിറത്തിലാക്കിയെടുക്കണം.
∙ അതേ പാനിൽ തന്നെ ബാക്കിയുള്ള എണ്ണയും ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു തുടരെയിളക്കി വഴറ്റുക.∙ സവാള മൃദുവാകുമ്പോൾ വറുത്ത ചോപ്സും ചേർത്തിളക്കണം. ഇതിലേക്കു തേങ്ങാപ്പാലും സ്റ്റോക്കും ചേർത്തു ചെറുതീയിൽ മൂടിവച്ചു േവവിക്കുക.∙ നന്നായി
വെന്തശേഷം അടപ്പു മാറ്റി പീസും ചേർത്തിളക്കി വേവിച്ചു വാങ്ങുക.∙ മല്ലിയില അരിഞ്ഞതു വിതറി വിളമ്പുക.

4. നാടൻ ചിക്കൻ റോസ്റ്റ്

ചേരുവകൾ– 1.മുളകുപൊടി– ഒരു വലിയ സ്പൂൺ , കുരുമുളക്– ഒരു ചെറിയ സ്പൂൺ

കറുവപ്പട്ട– ഒരിഞ്ചു നീളമുള്ള മൂന്നു കഷണം, ഗ്രാമ്പൂ– ഏഴ്

ജീരകം– കാൽ ചെറിയ സ്പൂൺ, മഞ്ഞൾപ്പൊടി– അര ചെറിയ സ്പൂൺ, വെളുത്തുള്ളി– മൂന്ന് അല്ലി, ചുവന്നുള്ളി – എട്ട് ,

2.എണ്ണ– എട്ടു വലിയ സ്പൂൺ, 3. സവാള– രണ്ട്, പൊടിയായി അരിഞ്ഞത്

4. കോഴി – 600 ഗ്രാം ( ആറ്– എട്ട് കഷണങ്ങളാക്കിയത്) ,

5.ഉപ്പ്– പാകത്തിന്, ചൂടുവെള്ളം– ഒരു കപ്പ്

6. വിനാഗിരി– ഒരു വലിയ സ്പൂൺ ,

7. സവാള– നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, ഉരുളക്കിഴങ്ങ് വറുത്തത്– അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിലരയ്ക്കണം. നാലു വലിയ സ്പൂൺ എണ്ണ ചൂടാക്കി, സവാള പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം മസാല അരച്ചതു ചേർത്തു മൂപ്പിച്ച് എണ്ണ തെളിയുമ്പോൾ കോഴിക്കഷണങ്ങൾ ചേർത്തിളക്കുക. വെള്ളം വറ്റുമ്പോൾ പാകത്തിനുപ്പും ഒരു കപ്പ് ചൂടുവെള്ളവും ചേർത്തു കോഴി വേവിക്കണം. ബാക്കിയുള്ള നാലു വലിയ സ്പൂൺ എണ്ണ ചൂടാക്കി വേവിച്ച കോഴിക്കഷണങ്ങളിട്ടു വറുത്തു കോരണം. ബാക്കിയുള്ള ചാറിൽ വിനാഗിരി ചേർത്തിളക്കി വയ്ക്കുക. കോഴി വറുത്ത ബാക്കി എണ്ണയിൽ നീളത്തിൽ അരിഞ്ഞ സവാള ചേർത്തു വറുത്ത ശേഷം ഇതിലേക്ക് ചാറൊഴിച്ച് ഒന്നു തിളപ്പിച്ചു വാങ്ങി വയ്ക്കുക. ഉരുളക്കിഴങ്ങ് കനം കുറച്ചു വട്ടത്തിൽ അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ വറുത്തതോ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്

മിസിസ് കെ. എം. മാത്യുവിന്റെ പാചകക്കുറിപ്പുകൾ

Tags:
  • Manorama Arogyam
  • Diet Tips