Wednesday 13 April 2022 02:48 PM IST

ലോക്ഡൗണിനു മുമ്പ് 45 കിലോ, ചെന്നെത്തിയത് 60 കിലോയിൽ: പിസിഒസും പിടിതരാത്ത കാരണങ്ങളും

Shyama

Sub Editor

pcos-in-woman

മുഖത്ത് പുരുഷന്മാരുടേതുപോലെ രോമം വളരുന്നു. ഒപ്പം ആർത്തവം ക്രമം തെറ്റി ഒന്നര – രണ്ടു മാസം കൂടുമ്പോൾ വരുന്നു. അമിതവണ്ണവും അടിക്കടി മൂഡ് സ്വിങ്സും ഉണ്ട്. ഇതെല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞാൽ ‘ഇനി പിസിഒഡി ആയിരിക്കുമോ’ എന്നാകും മറു ചോദ്യം. ‘ആഹ്, പിസിഒഡി. ഞാൻ കേട്ടിട്ടുണ്ട്’ എന്ന് നമ്മൾ മറുപടി പറഞ്ഞേക്കാം. പക്ഷേ, പിസിഒഡി, പിസിഒഎസ് എന്നൊക്കെ വിളിക്കുന്ന അവസ്ഥ എന്താണെന്ന് ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ?

ഹോർമോണുകളുടെ വ്യതിയാനം കാരണം വരുന്ന സങ്കീർണതകളെയാണ് പിസിഒഡി എന്നും പിസിഒഎസ് എന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. പിസിഒഎസ് (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം) എന്ന അവസ്ഥ 10 മുതൽ 45 വയസ്സ് വരെയുള്ള ആർത്തവമുള്ള സ്ത്രീകൾക്കും ട്രാൻസ്‌വ്യക്തികൾക്കും വരാം.

ഏറ്റവും കൂടുതലായി ഈ അവസ്ഥ കണ്ടുവരുന്നത് 20 മുതൽ 35 വയസ്സുവരെയുള്ള പ്രത്യുൽപാദന കാലഘട്ടത്തിലാണെങ്കിലും ഇപ്പോൾ പല കാരണങ്ങൾ കൊണ്ടും 10 മുതൽ 19 വയസ്സു വരെയുള്ളവരിൽ പിസിഒഎസ് കൂടുന്നതായി കാണുന്നു. കൃത്യമല്ലാത്ത ആഹാരരീതി, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലീ മാറ്റങ്ങൾ ഒക്കെ ഉയരുന്ന കണക്കുകളെ സ്വാധീനിക്കുന്നുണ്ട്.

ശരീരത്തിന് പൂർണമായും വളർച്ചയെത്താത്ത 10 മുതൽ 19 വരെയുള്ള പ്രായത്തിൽ (ശരീരഘടന, ഹോർമോണൽ പ്രവർത്തനങ്ങൾ പക്വമായിട്ടില്ല) പിസിഒഎസ് വരുന്നത് വലിയ ആശങ്കയുണ്ടാക്കും. എന്നാൽ കൃത്യമായ ഭക്ഷണരീതിയും വ്യായാമവും തുടർന്നാൽ വലിയ പ്രതിസന്ധികളില്ലാതെ പിസിഒഎസ് നിയന്ത്രിച്ചു നിർത്താം.

pcod-new

എന്താണ് പിസിഒഎസ്?

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) എന്നതിനെ കുറച്ചു കൂടി നന്നായി വിശേഷിപ്പിക്കാൻ

ഉപയോഗിക്കുന്ന പദമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം എന്നത്. പിസിഒഡി എന്നു പറയുമ്പോൾ അതൊരു അസുഖമാണ്, മരുന്ന് കഴിച്ചാൽ മാറുമെന്നുള്ള ധാരണ വരുന്നു.

എന്നാൽ മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും മാത്രം മാറ്റിയെടുക്കാവുന്ന ‘അസുഖമല്ല’ ഇത്. അതുകൊണ്ട് പിസിഒഎസ് എന്നത് തന്നെയാണ് ശരിയായ ഉപയോഗം.

എല്ലാ മനുഷ്യരിലും ഹോർമോണുകളുടെ ഉൽപാദനവും പ്രവർത്തനവും നടക്കുന്നുണ്ട്. പക്ഷേ, ഇത് ഒരുപോലെയല്ലെന്നു മാത്രം. പലരിലും സ്ത്രീ പുരുഷ ഹോർമോണുകൾ ഉണ്ടാകുന്ന അളവിൽ വ്യത്യാസങ്ങളുണ്ടാകും. പെൺശരീരം പൊതുവേ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ‌ എന്നിവയ്ക്കൊപ്പം ടെസ്റ്റോസ്റ്റിറോണും ഉണ്ടാക്കാറുണ്ട്. ഇവ ആർത്തവചക്രത്തെ സ്വാധീനിക്കുന്നവയാണ്.

ഇത്തരം പ്രത്യുൽപാദന ഹോർമോണുകളിൽ വരുന്ന ക്രമം തെറ്റലാണ് പിസിഒഎസ്സിനു കാരണം. ഇതു മൂലം ആർത്തവസംബന്ധമായ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആര്‍ത്തവ പ്രശ്നങ്ങൾ കൂടാതെ ഉപാപചയ വൈകല്യങ്ങളായ അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയും ഒപ്പം വരാം. പ്രത്യുൽപാദന ഹോർമോണുകളുടെ ക്രമം തെറ്റൽ കാരണം അണ്ഡാശയത്തിന് ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ പറ്റാതാകുന്നു.

ഗർഭപാത്രത്തിന് ഇരുവശത്തുമായി രണ്ട് അണ്ഡാശയങ്ങളാണ് ഉള്ളത്. ഓരോ മാസവും ആർത്തവം കഴിഞ്ഞ് അണ്ഡോൽപാദനം നടക്കുന്നത് ഈ രണ്ട് ഓവറികളിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ്. ഹോർമോണൽ പ്രശ്നങ്ങൾ കാരണം അണ്ഡോൽപാദനം തടസ്സപ്പെടുന്നു. പകരം ചെറിയ മാംസക്കെട്ടുകൾ അണ്ഡാശയത്തിന് ചുറ്റും രൂപം കൊള്ളും. അണ്ഡാശയത്തിന് പുറമെ കാണുന്ന ഇത്തരം മാംസക്കെട്ടുകളെയാണ് സിസ്റ്റുകൾ എന്ന് പറയുന്നത്. കൃത്യമായ പരിചരണമില്ലെങ്കിൽ ഇവ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സ്ത്രീ ഹോർമോണുകൾക്ക് പകരമായി സിസ്റ്റുകൾ പുരുഷ ഹോർമോണുകൾ കൂടുതലായി പുറപ്പെടുവിക്കും. ഇത് ആവർത്തനമായി മാറും.

പിടികിട്ടാത്ത കാരണങ്ങൾ

എന്ത് കാരണം കൊണ്ടാണ് പിസിഒഎസ് വരുന്നത് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം ലഭ്യമല്ല. പല ഘടകങ്ങൾ ഇതിന് കാരണമാകുന്നു എന്നാണ് അനുമാനിക്കുന്നത്. അമിതവണ്ണം, ജനിതകഘടകങ്ങൾ, അമിതമായ ഇൻസുലിൻ ഉൽപാദനം, ജീവിതശൈലീ മാറ്റം തുടങ്ങി പല കാര്യങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട്.

ലോക്ഡൗൺ സമയത്ത്, വ്യായാമമില്ലായ്മ കൊണ്ടും തെറ്റായ ഭക്ഷണക്രമം കൊണ്ടും വലിയൊരു ശതമാനം പേർക്കും വണ്ണം കൂടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ലോക്ഡൗണിനു മുൻപ് 45 കിലോ ഉണ്ടായിരുന്ന കുട്ടി ലോക്ഡൗൺ കഴിഞ്ഞപ്പോൾ 10–15 കിലോയോളം ഭാരം കൂടി 55– 60ൽ ഒക്കെ എത്തുന്നതും സംഭവിച്ചു.

വീട്ടിലിരിക്കുന്ന മുതിർന്നവരോട് ‘വ്യായാമം ചെയ്യൂ’ എന്ന് പ്രചോദനം നൽകുമ്പോൾ പോലും കുട്ടികളോട് പലരും അത് പറയാറില്ല. കുട്ടികൾ വീട്ടിലിരിക്കുമ്പോൾ പ്രധാന ഭക്ഷണം കൂടാതെ ഇടയ്ക്കൊക്കെ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നതും, ഓർഡർ ചെയ്ത് ഫാസ്റ്റ് ഫൂഡ് കഴിക്കുന്നതും കൂടിയിട്ടുണ്ട്. ഇതൊക്കെ പൊതുവായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

9–15 ശതമാനം കൗമാരപ്രായക്കാർക്ക് പിസിഒഎസ് ഉ ണ്ട് എന്നാണ് നിലവിലെ മെഡിക്കൽ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. നിത്യ ചെറുകാവിൽ,
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ആൻഡ് ഒബ്സ്റ്റട്രീഷൻ,
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി,
കടവന്ത്ര, കൊച്ചി.