Thursday 30 June 2022 04:47 PM IST : By സ്വന്തം ലേഖകൻ

ലൈംഗികബന്ധം വേദനാജനകമാകുന്നത് രോഗലക്ഷണമാണോ?: എന്താണ് പരിഹാരം... ഡോക്ടറുടെ മറുപടി

menstrual-precautions

ആർത്തവം ഏഴിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുകയും ദിവസവും പലവട്ടം പാഡുകൾ മാറേണ്ടിയും വരുന്നു. ഇതിനു ഡോക്ടറെ കാണണോ ?

സാധാരണ ആർത്തവ ദിനങ്ങൾ രണ്ടു മുതൽ ഏഴുവരെയാണ്. ഇതിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ, കടുത്ത ബ്ലീഡിങ് ഉള്ളതോ ആയ ആർത്തവം കരുതലെടുക്കേണ്ടതാണ്. ആർത്തവ വിരാമകാലത്ത് ചിലരിൽ ഈ അവസ്ഥ ഉണ്ടാകാം.

പത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവം മെനോറേജിയ എന്ന അവസ്ഥ കൊണ്ടാകാം. തൈറോയ്ഡ്, ഫൈബ്രോയ്ഡ്, പോളിസിസ്റ്റിക് ഓവറി തുടങ്ങി പല കാരണം ആകാം ഇതിന്.

ആർത്തവചക്രം 21 ദിവസത്തിൽ താഴെ വരികയാണെങ്കിലോ, ആർത്തവം ഏഴു ദിവസത്തിൽ കൂടുതൽ നീളുന്നുണ്ടെങ്കിലോ, തുടർച്ചയായി മൂന്നു മാസമെങ്കിലും ഈ അവസ്ഥ കണ്ടാൽ ഡോക്ടറെ കാണണം.

ആർത്തവരക്തത്തിന്റെ നിറവും ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധമുണ്ടോ ?

കടുംചുവപ്പു നിറത്തിലാണ് സാധാരണയായി ആർത്തവരക്തം കാണപ്പെടുന്നത്. എന്നാൽ നിറവ്യത്യാസത്തോടെയോ കൃത്യമല്ലാതെയോ വരുന്ന ആർത്തവം അണ്ഡോൽപാദന പ്രക്രിയയിലെ തകരാറുകളുടെ സൂചനയാകാം. ഇതിനു ഡോക്ടറെ കാണാൻ മടിക്കരുത്. മറ്റു രോഗങ്ങളുടെ ലക്ഷണമാണോ എന്നത് വിദഗ്ധ ഡോക്ടറുടെ പരിശോധനയിലൂടെയേ മനസ്സിലാക്കാനാകൂ.

ആർത്തവരക്തം കട്ട പിടിച്ചതു (ക്ലോട്ട്) പോലെ കാണുന്നത് രോഗമാണോ ?

ആർത്തവരക്തത്തിൽ കട്ടപിടിച്ചതു പോലെ (ക്ലോട്ടുകൾ) കാണുന്നത് സാധാരണയാണ്. ര ക്തസ്രാവം കൂടുതലുള്ള ആദ്യ ദിവസങ്ങളിലാണ് ഇതുണ്ടാകുക. ഗർഭാശയ പാളിയുടെ അവശിഷ്ടങ്ങളാണ് ഇ ങ്ങനെ വരുന്നത്.

എന്നിരുന്നാലും ക്ലോട്ടുകളുടെ എണ്ണവും വലുപ്പവും കൂടുതലാണെങ്കിൽ ശ്രദ്ധിക്കണം. ഹോർമോൺ തകരാറുകളുടെയോ അണുബാധയുടെയോ ഗർഭം അലസലിന്റെ യോ ലക്ഷണമാകാം ഇത്.

ആർത്തവ ദിനങ്ങൾ കഴിഞ്ഞും രക്തക്കറ കാണുന്നു. എന്തുകൊണ്ടാണ് ഇത് ?

ചിലർക്ക് ആർത്തവത്തിന്റെ അവസാന ദിനങ്ങളിലും അതിനു ശേഷവും രക്തക്കറ പോലെ (സ്പോട്ടിങ്) കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. മറ്റു രോഗങ്ങൾക്കു കഴിക്കുന്ന ഗുളികകളാകും ചിലപ്പോഴെങ്കിലും കാരണം.

ഹോർമോൺ വ്യതിയാനങ്ങളും ചിലരിൽ സ്പോട്ടിങ്ങിനു കാരണമാകാം. ഫൈബ്രോയ്ഡ്, ഗർഭാശയ കാൻസർ തുടങ്ങിയവയുടെ ലക്ഷണങ്ങളിൽ ഒന്നാണ് സ്പോട്ടിങ്. അതിനാൽ തുടർച്ചയായി സ്പോട്ടിങ് ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.

ആർത്തവകാലത്ത് എന്തൊക്കെ കരുതലെടുക്കണം ?

ആർത്തവ കാലത്ത് ശുദ്ധിയായിരിക്കുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും വേണം.

എത്ര കുറച്ചു രക്തസ്രാവമാണെങ്കിലും ആറ് – എട്ടു മണിക്കൂറിനപ്പുറം പാഡ് ഉപയോഗിക്കരുത്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ കപ്പ് നിറഞ്ഞാൽ അല്ലെങ്കിൽ 12 മണിക്കൂറിൽ ഒരിക്കൽ (ഏതാണോ നേരത്തേ) വൃത്തിയാക്കണം. കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കാനും മാസത്തിലൊരിക്കൽ സ്വകാര്യഭാഗങ്ങളിലെ രോമങ്ങൾ നീക്കാനും ശ്രദ്ധിക്കണം. പാഡിനു പകരം കോട്ടൺ തുണി ഉപയോഗിക്കുന്നവർ അതു നന്നായി കഴുകി വെയിലത്തിട്ട് ഉണക്കിയ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ

യോനിയിൽ നനവും ദുർഗന്ധവും അനുഭവപ്പെടുന്നു. ഇതു രോഗമാണോ ?

യോനീഭാഗത്തെ കോശങ്ങൾ വരണ്ടുപോകാ തെ സംരക്ഷിക്കാൻ ചെറിയ അളവിൽ യോനീസ്രവങ്ങൾ വേണം. മുട്ടവെള്ള പോലെ തെളിഞ്ഞാണ് ഇത് സാധാരണ കാണുക, പ്രത്യേക ഗന്ധം ഉണ്ടാകില്ല. ഗർഭാവസ്ഥയിലും ലൈംഗികബന്ധ സമയത്തും വൈകാരിക സമ്മർദം ഉണ്ടാകുമ്പോഴും ഈ സ്രവത്തിന്റെ ഉൽപാദനം കൂടാം.

അടിവസ്ത്രം നനയുന്ന തരത്തിൽ യോനീസ്രവം ഉ ണ്ടാകുക, ദുർഗന്ധം അനുഭവപ്പെടുക എന്നിവ കണ്ടാൽ അണുബാധ സംശയിക്കാം. യോനീസ്രവങ്ങളുടെ അളവിലും നിറത്തിലും വ്യത്യാസം ഉണ്ടെങ്കിൽ അണുബാധയുടെ ലക്ഷണമായി കരുതാം. ഇതിനു ചികിത്സ വേണ്ടിവരും.

യോനീഭാഗത്തെ ചൊറിച്ചിലും കുരു ക്കളും ഗർഭാശയ രോഗലക്ഷണമാണോ ?

അങ്ങനെ കരുതാനാകില്ല. ചില സോപ്പുകൾ, ഡിറ്റർജന്റുകൾ, ടോയ്‌ലറ്റ് ഉൽപന്നങ്ങൾ തുടങ്ങി കോണ്ടം ഉപയോഗിച്ചുള്ള ശാരീരികബന്ധം വരെ അലർജിയുണ്ടാക്കാം. ആർത്തവകാല ശുചിത്വക്കുറവും ഫംഗൽ അണുബാധയും നൂൽവിരകളുടെയോ പേനിന്റെയോ സാന്നിധ്യവും ചൊറിച്ചിൽ വരുത്തും. അമിതമായ ചൊറിച്ചിൽ, കുരുക്കളോ അരിമ്പാറകളോ, യോനീസ്രവത്തിൽ നിറവ്യത്യാസം, ചുവപ്പ്, തടിപ്പ്, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്.

ഗർഭപാത്രം, ഗർഭാശയഗളം, അണ്ഡവാഹിനിക്കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കുന്ന അണുബാധയാണ് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസസ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. അബോർഷൻ, പ്രസവം, പ്രസവം നിർത്തൽ എന്നിവയെ തുടർന്നും ഇതു വരാം. ജനിറ്റൽ ട്യൂബർകുലോസിസ് ഉള്ളവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും ഈ അണുബാധ വരാം.

menstrual-period-stops

ലൈംഗികബന്ധം വേദനാജനകമാകുന്നത് രോഗലക്ഷണമാണോ ?

യോനീസ്രവങ്ങൾ ഇല്ലാതെ വരുന്നതു മുതൽ പല കാരണങ്ങൾ കൊണ്ട് ഇതു സംഭ വിക്കാം. അണുബാധ കൊണ്ടാണ് നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നത്. യോനിയുടെ പ്രവേശന കവാടത്തിലെ പേശികൾ ചുരുങ്ങുന്ന അവസ്ഥയാണ് യോനീസങ്കോചം (വജൈനിസ്മിസ്)‌. കുട്ടിക്കാലത്തെ ലൈംഗികചൂഷണം മുതൽ യോനീവീക്കം വരെ യോനീസങ്കോചത്തിനു കാരണമാകാം. ലൈംഗിക ബന്ധം വേദനാജനകമാക്കുന്ന മറ്റൊരു അവസ്ഥയാണ് ഡിസ്പെറുണിയ. ഹോർമോൺ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന വരൾച്ചയാണിത്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം പോലുള്ള രോഗങ്ങളുള്ളവർക്കും ലൈംഗിക താത്പര്യക്കുറവുണ്ടാകാം. ഇതും ബന്ധപ്പെടുമ്പോൾ വേദനയുണ്ടാക്കും.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂ ത്രം പോകുന്നതു രോഗമാണോ ?

യൂറിനറി ഇൻകോന്റിനൻസ് അഥവാ മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥയുടെ കാരണം. ചെറുപ്പക്കാരിലെ അനിയന്ത്രിത മൂത്രംപോക്കിനെ സ്ട്രെസ് ഇൻകോന്റിനൻസ് എ ന്നാണ് വിളിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല, നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം മൂത്രം പോകാം.

മൂത്രം പൂർണമായി പുറത്തുപോകാത്ത ഓവർഫ്ലോ ഇ ൻകോന്റിനൻസും ഉണ്ട്. മൂത്രമൊഴിച്ചു കഴിഞ്ഞാലും ചെറുതുള്ളികളായി ഇടവിട്ടു മൂത്രം പോകാം. ആർത്തവ വിരാമത്തോട് അനുബന്ധിച്ചും ഇതു കാണാം. ഇടയ്ക്കിടെ മൂത്രം പോകുന്നതിനു പുറമേ അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ഉറക്കത്തിൽ മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം.

menstrual-period-sex

മൂത്രമൊഴിക്കാൻ തോന്നിയാലും പിടിച്ചുനിർത്തി സമയം നീട്ടിക്കൊണ്ടുപോകുന്ന ബ്ലാഡർ ട്രെയ്നിങ് ആണ് ഫ ലപ്രദമായ ഒരു ചികിത്സ. രോഗകാരണം അനുസരിച്ച് മരുന്നുകളോ സർജറിയോ വേണ്ടി വരും.

മൂത്രനാളിയിലെ അണുബാധ കൊണ്ടും അറിയാതെ മൂത്രം പോകാം. മൂത്രമൊഴിക്കുമ്പോൾ ശക്തമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, ചെറിയ പനി എന്നിവ ഈ അണുബാധയുടെ ലക്ഷണമാണ്. ഇതിന് ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ബയോട്ടിക്കുക ൾ വേണ്ടിവരും.

മൂത്രമൊഴിക്കുമ്പോഴും മറ്റും ഗർഭാശയം താഴേക്കിറങ്ങുന്നു. ഇതിനു പരിഹാരമുണ്ടോ ?

പ്രസവസമയത്തു ഗർഭാശയത്തെ താങ്ങിനിർത്തുന്ന പേശികൾക്കു ക്ഷതം സംഭവിക്കാം. പ്രസവാനന്തരം ശരിയായി വിശ്രമം ലഭിക്കാതെ ഭാരമുള്ള ജോലികൾ ചെയ്യേണ്ടി വന്നാൽ ബലക്ഷയം വന്ന പേശികൾക്കു വീണ്ടും ബലക്കുറവ് ഉണ്ടാകുകയും ഗർഭാശയം താഴേക്ക് തള്ളപ്പെടുകയും ചിലപ്പോൾ യോനിയിലൂടെ പുറത്തേക്ക് വരുകയും ചെയ്യും. പ്രൊലാപ്സ് എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്.

സ്ഥിരമായി കുത്തിയിരുന്നു ജോലി ചെയ്യുന്നവരിലും ഭാരമുയർത്തിയുള്ള ജോലികൾ ഉള്ളവരിലും പെൽവിക് മസിൽ അയഞ്ഞു പോകുന്നതു കൊണ്ട് ഗർഭാശയം താഴേക്കിറങ്ങുന്നത് കൂടുതലായി കണ്ടുവരാറുണ്ട്. സ്ഥിരമായി ചുമ, മലബന്ധം എന്നിവ ഉള്ളവരിലും ഇതു വരാം.

പ്രസവാനന്തരം കാണുന്ന പ്രൊലാപ്സ് തുടക്കത്തിൽ തന്നെ ഗർഭാശയത്തെ താങ്ങുന്ന പേശികൾക്കുള്ള വ്യായാമം നൽകി നിയന്ത്രിക്കാം. താല്‍കാലിക നിയന്ത്രണത്തിന് ഗർഭാശയത്തെ താങ്ങുന്ന വളയം പോലുള്ള പെസറി ഉപയോഗിക്കാം. എന്നിട്ടും പരിഹാരം കാണാനായില്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്യേണ്ടി വരും.

സ്പെഷൽ വിഭാഗം തയാറാക്കിയത്: രൂപാ ദയാബ്ജി