Friday 20 May 2022 02:46 PM IST : By സ്വന്തം ലേഖകൻ

‘സർജറി സമയത്താണറിയുന്നത്, അത് അർബുദമല്ല എൻഡോമെട്രിയോട്ടിക് സിസ്റ്റ് ആണെന്ന്’: സ്ത്രീരോഗങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ

gaynacology

തലസ്ഥാനത്തെ ഏറെ പ്രശസ്തമായ സ്വകാര്യ ആശുപത്രി. യൂട്രസിൽ മുഴ ആണ് രോഗിക്ക്. വനിതാ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്ക് രോഗിയെ വിധേയമാക്കി. സർജറി കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞ് കടുത്ത അസ്വാസ്ഥ്യവുമായി രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് അറിയുന്നത് അർബുദമാണെന്ന്. തൊട്ടുമുൻപ് വയറ് തുറന്നു നടത്തിയ സർജറിയിൽ അർബുദമാറ്റങ്ങൾ ഗൈനക്കോളജിസ്റ്റിന് തിരിച്ചറിയാനായില്ല !!!

******************

കേരളത്തിലെ മെട്രോനഗരത്തിൽ നടന്ന സംഭവമാണ്. താലൂക്ക് ആശുപത്രിയിലെ തിരക്കേറിയ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പതിവുചെക്കപ്പിനു വന്നതാണ് മൂന്നു മാസം ഗർഭിണിയായ യുവതി. രോഗി മുൻപിലെത്തിയ ഉടനെ ഡോക്ടർ മരുന്നു കുറിച്ചു നൽകി. കുറിപ്പുനോക്കിയ നഴ്സ് യുവതിയെ വേഷം മാറ്റി ലേബർ റൂമിലേക്കു കയറ്റിയപ്പോൾ യുവതി ഞെട്ടി. അപ്പോഴാണ് ഡോക്ടർ അബോർഷനാണ് കുറിച്ചിരിക്കുന്നത് എന്നു യുവതി അറിയുന്നത്. ഡോക്ടറോട് ചോദിച്ചപ്പോൾ വീട്ടിൽ വ ന്നപ്പോൾ എല്ലാം വിശദീകരിച്ചതല്ലേ എന്ന് ഒച്ചയിട്ടു. ഒടുവിൽ കാര്യം മനസ്സിലായപ്പോൾ രോഗി മാറിപ്പോയതാണെന്നും ആശുപത്രിയിലെ വൻ തിരക്കിൽ സംഭവിച്ച ആശയക്കുഴപ്പമാണെന്നും ഡോക്ടർ സമ്മതിച്ചു.

*************************

ക്രമം തെറ്റിയ, വേദനയുള്ള മാസമുറയും അമിതരക്തസ്രാവവുമായി വന്ന സ്ത്രീയിൽ ഡോക്ടർ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ നടത്തി. സർജറിക്കായി വയറ് തുറന്നപ്പോഴാണ് സെക്കൻഡ് സ്േറ്റജിലുള്ള അർബുദമാണെന്ന് അറിയുന്നത്. ചെയ്യേണ്ട ചികിത്സകളെല്ലാം ചെയ്തു എന്നാണ് ഗൈനക്കോളജിസ്റ്റ് പറയുന്നത്. കീമോതെറപ്പിക്കായി മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അർബുദം മൂർച്ഛിച്ച് രോഗി മരണമടഞ്ഞു.

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒട്ടേറെ കേസുകളിൽ ചിലതു മാത്രമാണിത്. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ഒപിയും പ്രസവം എടുക്കലുകളുമായി തിരക്കിട്ടു പായുമ്പോൾ ആശയക്കുഴപ്പവും ശ്രദ്ധക്കുറവും വരിക; ചികിത്സയുടെ ഭാഗമായി, അർബുദം പോലുള്ള കൂടുതൽ വൈദഗ്ധ്യം വേണ്ട രോഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പിഴവ് സംഭവിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ സ്ത്രീരോഗ ചികിത്സകരുടെ ഇടയിൽ വർധിച്ചുവരികയാണ്.

സ്ത്രീകൾ ഒരു പ്രൈമറി കെയർ ഫിസിഷനു പകരമായിട്ടാണ് ഗൈനക്കോളജിസ്റ്റുകളെ കാണുന്നത്. കാരണം, ഗൈനക്കോളജിസ്റ്റുകളിൽ ഭൂരിഭാഗവും സ്ത്രീ ഡോക്ടർമാരാണ്. ശരീരപരിശോധനയ്ക്കായി സ്ത്രീ ഡോക്ടറെ കാണാനാണ് സ്ത്രീകൾ കൂടുതൽ താൽപര്യപ്പെടുന്നത്. ചിലരാകട്ടെ തങ്ങളുടെ പ്രസവം എടുത്ത ഗൈനക്കോളജിസ്റ്റുമായി രൂപപ്പെട്ട ആത്മബന്ധം കൊണ്ട് ഏതുരോഗത്തിനും ആ ഡോക്ടറെ തന്നെ കാണാൻ താൽപര്യപ്പെടും.

അതുകൊണ്ടാകാം സ്തനത്തിൽ മുഴ കണ്ടാലും ഗ്യാസ്ട്രബിൾ വന്നാലും ഒക്കെ സ്ത്രീകൾ ആദ്യം കാണുന്നത് ഒരു ഗൈനക്കോളജിസ്റ്റിനെയാകും. അതിനാൽതന്നെ അർബുദംഉൾപ്പെടെയുള്ള മാരകപ്രശ്നങ്ങൾ പലതും ആദ്യം കണ്ടുപിടിക്കാൻ കഴിയുന്നതും ഗൈനക്കോളജിസ്റ്റുകൾക്കാണ്. എന്നാൽ പ്രസവചികിത്സയുടെ തിരക്കിൽ മറ്റു സ്ത്രീരോഗങ്ങൾ അവഗണിക്കപ്പെടുന്നതായാണ് പൊതുവെ കാണുന്നത്. പ്രസവശേഷമുള്ള ഫോളോ അപ്പുകളിലും ഗർഭനി രോധനത്തിന്റെ കാര്യത്തിലും ആർത്തവ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുമെല്ലാം ഈ തിരക്കും ഒന്നിൽ മാത്രം ഫോക്കസ് ചെയ്യുന്നതിന്റെ പ്രശ്നവും പ്രതിഫലിക്കുന്നുണ്ട്.

ഗൈനക്കോളജിസ്റ്റുകളുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ? മെഡിക്കൽ പഠനകാലത്ത് പൊതുവായി എല്ലാ മേഖലകളിലും നേടുന്ന അറിവു മതിയോ അർബുദം പോലുള്ള ഗൗരവകരമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ? പ്രത്യേകിച്ചും ഗർഭാശയഗള കാൻസർ പോലുള്ളവ നേരത്തെ കണ്ടെത്തിയാൽ പൂർണരോഗമുക്തിക്കു സാധ്യത കൂടുതലാണെന്നുള്ളപ്പോൾ?

പിഴവുകൾ കൂടുതലായി കാണുന്നതും പിഴവ് മാരകമാകാൻ സാധ്യതയുള്ളതും അർബുദ ചികിത്സയിലാണ് എന്നതിനാൽ അതേക്കുറിച്ച് പരിശോധിക്കാം.

ഗൈനക്കോളജിസ്റ്റുകളും അർബുദ ചികിത്സയും

‘‘ സാധാരണമല്ലാത്ത രക്തസ്രാവം, ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക്, വയറിനുള്ളിൽ മുഴ, വയർ പെരുക്കം എന്നിങ്ങനെ പ്രത്യുൽപാദന അവയവങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായാണ് ഗൈനക്കോളജി കാൻസറുകൾ സാധാരണഗതിയിൽ പ്രകടമാകുന്നത്. സ്വാഭാവികമായും ഇത്തരം ലക്ഷണങ്ങളുമായി സ്ത്രീകൾ ആദ്യം സമീപിക്കുന്നത് ഗൈനക്കോളജിസ്റ്റിനെ ആയിരിക്കും. അതുകൊണ്ട് സ്ത്രീകളിലെ കാൻസർ ആദ്യം കണ്ടുപിടിക്കാനാകുന്നത് ഗൈനക്കോളജിസ്റ്റിനാണ്. ’’ ഗൈനക്കോളജിസ്റ്റുകൾ അർബുദരോഗനിർണയം നടത്തേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് പറയുകയാണ് തിരുവനന്തപുരം എസ്‌യുറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും മുതിർന്ന സ്ത്രീരോഗവിദഗ്ധയുമായ ഡോ. ലക്ഷ്മി അമ്മാൾ.

‘‘ഗൈനക്കോളജിസ്റ്റിന് അർബുദ ചികിത്സയിൽ രണ്ടു റോളുകളാണുള്ളത്. ഒന്ന്, രോഗിക്ക് അർബുദ സാധ്യതയുണ്ടോ എന്നു സ്ക്രീൻ ചെയ്യുക. സ്ക്രീനിങ്ങുകളെക്കുറിച്ച് ബോധവൽകരിക്കുക. രണ്ട്, അർബുദ ലക്ഷണങ്ങളുമായി വരുന്ന രോഗികളിൽ രോഗമുണ്ടോ എന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിക്കുക. അർബുദമാണെന്നു കണ്ടാൽ അർബുദചികിത്സകന്റെ അടുത്തേക്ക് റഫർ ചെയ്യുകയാണ് സാധാരണ ചെയ്യുന്ന ത്. എന്നിരുന്നാലും മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലാത്ത, ആരംഭദശയിലുള്ള, ഗർഭപാത്രത്തിന് അകത്ത് മാത്രമായുള്ള അർബുദമാണെങ്കിൽ ഗൈനക്കോളജിസ്റ്റുകൾക്ക് തന്നെ ആ സർജറി ചെയ്യാവുന്നതേയുള്ളൂ.

ഏറ്റവും പ്രധാനം, രോഗിയോട് ഈ ചികിത്സയുടെ കാര്യത്തിൽ തനിക്കു നീതി കാണിക്കാനാകുമോ എന്നു സ്വയം ചോദിക്കുകയാണ്. അ ങ്ങനെയില്ലെങ്കിൽ ആ സർജറി ചെയ്യരുത്.’’ ഡോ. ലക്ഷ്മി അമ്മാൾ പറയുന്നു.

കാൻസർ സ്േറ്റജിങ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഗൈനക്കോളജിസ്റ്റുകൾക്ക് അറിവുണ്ടെന്നു പറയുന്നു സ്ത്രീരോഗ ചികിത്സയിൽ കാൽനൂറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ഭവാനി ചന്ദ്രശേഖരൻ (തൊടുപുഴ). ‘‘എങ്കിലും സാധാരണ ഒരു ഗൈനക്കോളജിസ്റ്റ് അർബുദം ചികിത്സിക്കുന്നതിലും നല്ലതായിരിക്കും ഗൈനക് ഒാങ്കോളജിസ്റ്റ് ചികിത്സിക്കുന്നത്. പ്രത്യേകിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിച്ച അർബുദത്തിന്റെ കാര്യത്തിൽ എപ്പോഴും ഒരു അർബുദചികിത്സകന്റെയടുത്തേക്കു റഫർ ചെയ്യണം. ’’

അവഗണിക്കപ്പെടുന്നോ ഗൈനക് ഒാങ്കോളജി?

സ്തനാർബുദം പോലുള്ള അർബുദങ്ങളുടെ കാര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായുള്ള സ്ക്രീനിങ്ങുകൾ ഗൈനക്കോളജിസ്റ്റുകൾ ചെയ്യുന്നത് നല്ലതാണെന്ന അഭിപ്രായമാണ് കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ സർജിക്കൽ & ഗൈനക് ഒാങ്കോളജിസ്റ്റ് ആയ ഡോ. ചിത്രതാരയ്ക്ക്.

‘‘ ഗൈനക്കോളജിസ്റ്റുകളുടെയടുത്ത് പരിശോധിക്കുന്നതാണ് സ്ത്രീകൾക്ക് കംഫർട്ടബിൾ. മാത്രമല്ല അർബുദ ചികിത്സകരെ അപേക്ഷിച്ച് ഗൈനക്കോളജിസ്റ്റുകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് താമസമില്ലാതെ അർബുദങ്ങൾ തുടക്കത്തിലേ കണ്ടുപിടിക്കാൻ സാധിക്കും.

ഗൈനക് ഓങ്കോളജി എന്ന സൂപ്പർ സ്പെഷാലിറ്റി നമ്മുടെ നാട്ടിലൊക്കെ പരിചിതമായിട്ട് ഏതാനും വർഷം ആകുന്നതേയുള്ളൂ. ഇതിന്റെ കോഴ്സുകൾ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നിലവിൽ തന്നെ ഏതാണ്ട് മുപ്പതോളം ഗൈനക് ഒാങ്കോളജിസ്റ്റുകൾ കേരളത്തിലുണ്ട് എന്നാണ് കണക്ക്. ഗൈനക് ഒാങ്കോളജി കേരളത്തിൽ വ്യാപകമായി കഴിഞ്ഞാൽ ഗൈനക്കോളജി കാൻസറുകൾ ഗൈനക് ഒാങ്കോളജിസ്റ്റുകൾക്ക് റഫർ ചെയ്യാവുന്നതേയുള്ളൂ’’ ഡോ. ചിത്രതാര പറയുന്നു.

നിലവിൽ കേരളത്തിലെ പ്രധാനപ്പെട്ട ചില ആശുപത്രികളിൽ മാത്രമാണ് ഗൈനക് ഒാങ്കോളജി വിഭാഗങ്ങളുള്ളത്. മിക്ക ആശുപത്രികളും ഈ സ്പെഷാലിറ്റിയെ പ്രൊജക്ട് ചെയ്തു കാണിക്കാൻ താൽപര്യപ്പെടുന്നില്ല. കേരളത്തിലെ അർബുദ കേസുകളിൽ 70 ശതമാനവും ജനറൽ സർജന്മാരാണ് കൈകാര്യം ചെയ്യുന്നത്. അവർ ഗൈനക് ഒാങ്കോളജിസ്റ്റുകളുടെ അടുത്തേക്ക് രോഗികളെ റഫർ ചെയ്ത് വിടുന്നതു കുറവാണ്.

അർബുദചികിത്സകർ പറയുന്നു

ജനറൽ സർജന്മാരും ഗൈനക്കോളജിസ്റ്റുകളും ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ അടുത്തു ചികിത്സിച്ച ഒ രുപാട് ആളുകൾ കൃത്യമല്ലാത്ത ചികിത്സയ്ക്ക് വിധേയരായി തങ്ങളുടെയടുത്തു വരാറുണ്ട് എന്ന് അർബുദചികിത്സകർ പറയുന്നു. കാൻസറിന്റെ കാര്യത്തിൽ ആദ്യം ചെയ്യുന്ന സർജറി കൃത്യമായിരിക്കുക എന്നതു പ്രധാനമാണ്. രണ്ടാമത് ചെയ്യുമ്പോൾ ചെലവ് ഇരട്ടിയാകും എന്നു മാത്രമല്ല സർജറിയുടെ ഫലം മോശമാകാം.

‘‘ കാൻസർ ചികിത്സ (സർജറി, മെഡിക്കൽ ഒാങ്കോളജി, റേഡിയേഷൻ, പതോളജി) ജനറൽ ഡോക്ടർമാരല്ല, അർബുദരോഗ ചികിത്സയിൽ പരിശീലനവും അനുഭവപരിചയവും നേടിയ ആളുകൾ തന്നെ ചെയ്യണം. അതിനു വേണ്ട വിദഗ്ധരുടെ എണ്ണം മതിയാകാതെ വരുന്നിടത്തോളം കാലം കൃത്യമല്ലാത്ത ചികിത്സ ലഭിക്കുന്ന പ്രശ്നം തുടർന്നുകൊണ്ടേയിരിക്കും. ’’ അമേരിക്കയിലെ ക്ലെവ്‌ലാൻഡ് ക്ലിനിക്കിലെ മെഡിക്കൽ ഒാങ്കോളജി വിഭാഗം തലവൻ ഡോ. ജെയിം ഏബ്രഹാം പറയുന്നു.

അർബുദമോണോയെന്നു സംശയിക്കുന്ന കേസുകൾ ഗൈനക്കോളജിസ്റ്റുകളുടെ അടുത്തു വരുമ്പോൾ കാൻസർ ചികിത്സകരുടെ അഭിപ്രായമാരാഞ്ഞ് അവരെ കൂടി ഉൾപ്പെടുത്തി സർജറി നടത്തിയാൽ കാൻസർ ചികിത്സയിൽ സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കാനും ചികിത്സ വിജയകരമാക്കാനും സാധിക്കുമെന്നു തിരുവനന്തപുരം ആർസിസിയിലെ സർജിക്കൽ ഒാങ്കോളജി വിഭാഗം അഡീഷനൽ പ്രഫസർ ഡോ. ചന്ദ്രമോഹൻ പറയുന്നു.

‘‘പക്ഷേ അതിന് രണ്ടുകാര്യങ്ങൾ ഗൈനക്കോളജിസ്റ്റുകൾക്ക് ലഭ്യമാകണം. ഒന്ന്, അർബുദ ചികിത്സയിൽ കൃത്യമായ ട്രെയിനിങ് വേണം അതിന് കണ്ടിന്യൂയിങ് മെഡിക്കൽ എജുക്കേഷൻ കോഴ്സുകളും ഫെലോഷിപ്പുകളും അസോസിയേഷനുകളുടെ ട്രെയിനിങ്ങും ഒക്കെ ലഭ്യമാണ്. രണ്ടാമത് ഓങ്കോളജിസ്റ്റുകളുടെ അഭിപ്രായം തേടാനുള്ള സൗകര്യം വേണം. മിക്കവാറും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലെല്ലാം തന്നെ ഇപ്പോൾ സർജിക്കൽ ഒാങ്കോളജിസ്റ്റുകൾ ഉണ്ട്.

അപ്രതീക്ഷിതമായ അർബുദം

ചില കേസുകളിൽ ശസ്ത്രക്രിയാ ടേബിളിൽ വച്ചാകും രോഗിക്ക് അർബുദം ആണെന്നറിയുക. ഗർഭാശയഗള കാൻസറിന്റെ കാര്യത്തിലും യൂട്രസ് –എൻഡോമെട്രിയം കാൻസറുകളുടെ കാര്യത്തിലും ഏതാണ്ട് 90 ശതമാനവും അർബുദങ്ങളും പാപ്സ്മിയറും സ്കാനിങ്ങും പോലുള്ള പരിശോധനകൾ വഴി കണ്ടെത്താം. പക്ഷേ, അണ്ഡാശയ കാൻസറിന്റെ കാര്യത്തിൽ അർബുദമാണോ അല്ലയോ എന്ന് 100 ശതമാനം ഉറപ്പു പറയാൻ പ്രയാസമാണെന്നു പറയുന്നു സ്ത്രീരോഗവിദഗ്ധർ. വെറും സിസ്റ്റ് ആണെന്നു കരുതി സർജറി നടത്താൻ തുറന്നു കഴിയുമ്പോഴാകും അർബുദമാണ് എന്നറിയുക.

ഒരു സംഭവം പറയാം. ഒരു സ്ത്രീയിൽ അർബുദസൂചകമായ ട്യൂമർ മാർക്കർ രക്തപരിശോധന പൊസിറ്റീവായി. പക്ഷേ, സർജറിയുടെ സമയത്താണറിയുന്നത്, അത് എൻഡോമെട്രിയോട്ടിക് സിസ്റ്റ് ആണ്, അർബുദമല്ല എന്ന്. ഇങ്ങനെ അപ്രതീക്ഷിതഞെട്ടലുകൾ തരുന്ന ഒന്നാണ് അണ്ഡാശയ കാൻസർ.

ഗർഭപാത്രം നീക്കൽ പോലുള്ള സർജറി ചെയ്യുമ്പോൾ രണ്ടു മൂന്നു കാര്യങ്ങൾ കൂടി ചെയ്താൽ അർബുദ ചികിത്സയായെന്നു പറയുന്നു ഡോ. ചന്ദ്രമോഹൻ. ‘‘സ്കാനിങ്ങി്ന്റെയും ട്യൂമർ മാർക്കർ പരിശോധനയുടെയും അടിസ്ഥാനത്തിൽ റിസ്ക് കൂടിയത്, റിസ്ക് കുറഞ്ഞത് എന്നിങ്ങനെ തിരിക്കുക. റിസ്ക് കുറഞ്ഞ കേസുകളിൽ സാധാരണരീതിയിൽ യൂട്രസ് റിമൂവൽ ചെയ്യാം. പക്ഷേ, ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് സിസ്റ്റ് പൊട്ടാതെ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിൽ ഉള്ള കാൻസർ ആണെങ്കിലും സിസ്റ്റ് പൊട്ടിക്കഴിഞ്ഞാൽ കീമോതെറാപ്പി കൊടുക്കേണ്ടിവരും

കാൻസർ സാധ്യത കൂടുതലുള്ള ആളുകൾക്ക് ഓപ്പൺ സർജറി തന്നെ ചെയ്തു സിസ്റ്റ് പൊട്ടാതെ ശ്രദ്ധയോടെ നീക്കം ചെയ്യണം അതിനുശേഷം അതിന്റെ ഒരു ഭാഗം ഫ്രോസൻ സെക്‌ഷൻ ബയോപ്സി പരിശോധന ചെയ്യണം . സർജറി ടേബിളിൽ വച്ചുതന്നെ ചെയ്യാവുന്ന , ഉടൻ ഫലം അറിയാവുന്ന പരിശോധനയാണിത്. കാൻസറാണോയെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. കാൻസറാണെന്ന് ഉറപ്പാണെങ്കിൽ മൂന്നാമത്തെ സ്െറ്റപ്പ് കൂടി ചെയ്യണം അതായത് ഒമന്റം നീക്കുക. കുറച്ചു ലിംഫ് നോഡുകൾ എടുക്കുക പെരിട്ടോണിയ (ഉദരഭിത്തി) ത്തിലെ കോശങ്ങൾ എടുത്തു കാൻസർ ഉണ്ടോ എന്ന് നോക്കുക. ഇത്രയുംചെയ്താൽ ചികിത്സ കംപ്ലീറ്റ് ആയി. പക്ഷേ, അർബുദചികിത്സകർക്കേ ഇതൊക്കെ അറിയാൻ പറ്റൂ. ’’ ഡോ. ചന്ദ്രമോഹൻ പറയുന്നു.

‘‘ ഏതു ചികിത്സയുടെ കാര്യത്തിലും ഡോക്ടർ രോഗിയോട് വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി രോഗിയെക്കൊണ്ട് സ്വയം തീരുമാനമെടുപ്പിക്കുകയാണ് (Informed choice) വേണ്ടത്. ഈ തിരക്കിൽ അ തൊന്നും സാധിക്കില്ല. ഗൈനക്കോളജി വിഭാഗത്തിൽ കംപാർട്ട്മെന്റലൈസേഷൻ കൊണ്ടുവന്നാൽ നന്നായിരിക്കും എന്നാണ് വ്യക്തിപരമായ അ ഭിപ്രായം.’’ തിരുവനന്തപുരം മെഡി. കോളജിലെ ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. ബി. മായാദേവി പറയുന്നു.

സ്ത്രീരോഗ വിദഗ്ധരുടെ സമർപ്പണവും ചികിത്സയിലെ മിടുക്കും ചോദ്യം ചെയ്യപ്പെടേണ്ടതില്ല. പല ഗൈനക്കോളജിസ്റ്റുകളും ഒന്നാന്തരം സർജന്മാരുമാണ്. പക്ഷേ, പ്രസവചികിത്സയുടെ തിരക്കിൽ ഈ വിഭാഗം മുങ്ങിപ്പോകുമ്പോൾ പ്രത്യുൽപാദനപരമല്ലാത്ത സ്ത്രീരോഗങ്ങൾ അവഗണിക്കപ്പെട്ടുപോവുകയാണ്.

ഗൈനക്കോളജിയും ഒബ്സ്ട്രിക്സും

1847 ലാണ് ഗൈനക്കോളജി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ആർത്തവ തകരാറുകൾ, ഗർഭാശയ പ്രശ്നങ്ങൾ, ഇടുപ്പിലെ വേദന എന്നിവയൊക്കെയാണ് ഗൈനക്കോളജിസ്റ്റുകൾ ചികിത്സിച്ചിരുന്നത്. ആദ്യകാലത്ത് പ്രസവം എടുത്തിരുന്നത് മിഡ്‌വൈഫുകൾ ആയിരുന്നു. 20–ാം നൂറ്റാണ്ട് ആയപ്പോഴാണ് മിഡ്‌വൈഫുകളിൽ നിന്നു പ്രസവമെടുപ്പ് ഒബ്സ്‌റ്റട്രിക്സ് വിദഗ്ധരിലേക്കെത്തിയത്. മിഡ്‌വൈഫ് എന്ന അർഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഒബ്സ്‌റ്റട്രിക്സ് എന്ന പേര് രൂപം കൊണ്ടത് തന്നെ. ഇപ്പോൾ ഗൈനക്/ഒബ്സ്‌റ്റട്രിക്സ് എന്നാണ് അറിയപ്പെടുന്നത്. എല്ലാ ഗൈനക്കോളജിസ്റ്റുകളും പ്രസവചികിത്സകരാണ്. ചില ഗൈനക്കോളജിസ്റ്റുകൾ വന്ധ്യത, കാൻസർ ചികിത്സ, സ്കാനിങ് എന്നിങ്ങനെ ഫോക്കസ് ചെയ്ത് അതിൽ വിദഗ്ധരാകും, പ്രസവമെടുക്കില്ല.

1847 ലാണ് ഗൈനക്കോളജി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ആർത്തവ തകരാറുകൾ, ഗർഭാശയ പ്രശ്നങ്ങൾ, ഇടുപ്പിലെ വേദന എന്നിവയൊക്കെയാണ് ഗൈനക്കോളജിസ്റ്റുകൾ ചികിത്സിച്ചിരുന്നത്. ആദ്യകാലത്ത് പ്രസവം എടുത്തിരുന്നത് മിഡ്‌വൈഫുകൾ ആയിരുന്നു. 20–ാം നൂറ്റാണ്ട് ആയപ്പോഴാണ് മിഡ്‌വൈഫുകളിൽ നിന്നു പ്രസവമെടുപ്പ് ഒബ്സ്‌റ്റട്രിക്സ് വിദഗ്ധരിലേക്കെത്തിയത്. മിഡ്‌വൈഫ് എന്ന അർഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഒബ്സ്‌റ്റട്രിക്സ് എന്ന പേര് രൂപം കൊണ്ടത് തന്നെ. ഇപ്പോൾ ഗൈനക്/ഒബ്സ്‌റ്റട്രിക്സ് എന്നാണ് അറിയപ്പെടുന്നത്. എല്ലാ ഗൈനക്കോളജിസ്റ്റുകളും പ്രസവചികിത്സകരാണ്. ചില ഗൈനക്കോളജിസ്റ്റുകൾ വന്ധ്യത, കാൻസർ ചികിത്സ, സ്കാനിങ് എന്നിങ്ങനെ ഫോക്കസ് ചെയ്ത് അതിൽ വിദഗ്ധരാകും, പ്രസവമെടുക്കില്ല.

ആശാ തോമസ്