Saturday 14 May 2022 03:36 PM IST : By സ്വന്തം ലേഖകൻ

‘പണ്ടൊക്കെ സെക്സ് വേണ്ടാ എന്നുപറയാൻ നടുവേദനയെ കൂട്ടുപിടിക്കുമായിരുന്ന പെണ്ണ്’: പുതിയ കാലത്തെ മാറ്റങ്ങൾ ഇങ്ങനെ...

women-sex-survey

അവാഹിതയായ സ്ത്രീക്ക് കുട്ടികൾ ഉണ്ടാകുക എന്നതിനപ്പുറം മറ്റെന്ത് വലിയ ആഗ്രഹം (ലൈംഗികാഗ്രഹം) ഉണ്ടാകാനാണ്’ എന്ന് നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സ്േറ്റാറീസ് എന്ന വെബ് സീരിസിൽ അമ്മായിഅമ്മ മരുമകളോട് ചോദിക്കുന്നുണ്ട്. നമ്മുടെ സമൂഹവും മതവും സംസ്കാരവും എല്ലാം വർഷങ്ങളായി പറഞ്ഞുവച്ചിരുന്നതും ഇതുതന്നെയായിരുന്നു. ലൈംഗികത എന്നത് പൊതുവെ പ്രോക്രിയേഷൻ അഥവാ കുഞ്ഞുങ്ങൾ പിറക്കാൻ വേണ്ടിയുള്ളതാണ് എന്ന്. പുരുഷന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ചില ഇളവുകളൊക്കെയുണ്ടായിരുന്നു. പുരുഷകേന്ദ്രീകൃതമായി സകലതും ചിട്ടപ്പെടുത്തിയിരുന്ന ഒരു സമൂഹത്തിൽ അതിന്റെ നായകസ്ഥാനത്ത് നിൽക്കുന്നയാൾക്കു സുഖം തേടലൊക്കെയാകാം, അതൊക്കെയങ്ങുകണ്ണടച്ചു വിട്ടേക്ക് എന്നൊരു മട്ട്.

പണ്ട്, സ്ത്രീകൾ ലൈംഗികതയേക്കുറിച്ചു തുറന്നു സംസാരിക്കുന്നതു പോയിട്ട്, സെക്സ് വേണ്ട എന്നു പറയാൻ പോലും തലവേദനയുടെയോ നടുവേദനയുടെയോ കൂട്ടുപിടിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാൻ വല്ലാതെ താമസിച്ച് വന്ധ്യതചികിത്സയ്ക്ക് എത്തുമ്പോൾ മാത്രമാണ് സ്ത്രീകൾ ലൈംഗികതയെക്കുറിച്ചു തൊട്ടും തൊടാതെയും എന്തെങ്കിലുമൊക്കെ സൂചിപ്പിച്ചിരുന്നതുതന്നെ. എന്നാൽ, പുരുഷനെ സംബന്ധിച്ച് ലൈംഗികത ഒരു ആവശ്യം (Bionlogical Need) ആയിരുന്നു. അതുകൊണ്ടുതന്നെ ലൈംഗികത സംബന്ധിച്ച പരാതികളുമായി സെക്സോളജിസ്റ്റുകളെ തേടിപ്പോയിരുന്നതും പുരുഷന്മാരായിരുന്നു. അതും പങ്കാളിക്ക് ലൈംഗിക കാര്യങ്ങളിൽ തീരെ താൽപര്യമില്ല, എന്നു പറയാൻ.

സെക്‌ഷ്വൽ ഫാന്റസി

അടുക്കളപ്പണിയും കുട്ടികളുടെ കാര്യവും കഴിഞ്ഞ് ഭർത്താവിന്റെ സന്തോഷത്തിനായി മാത്രം കിടപ്പറയിൽ വഴങ്ങുന്ന സ്ത്രീകളുടെ കാലം മാറുകയാണ്. കുട്ടികളുണ്ടാകാൻ മാത്രമുള്ളതല്ല രതി, അതു പരസ്പരമുള്ള ഇഴയടുപ്പത്തിന്റെ പ്രകാശനമാണെന്നും ആനന്ദത്തിന്റെ മാർഗ്ഗമാണെന്നും സ്ത്രീകൾ തിരിച്ചറിയുന്നുണ്ട്. പുരുഷനെപ്പോലെ തന്നെ കോർപറേറ്റ് ജോലികളിലും ബിസിനസ്സിലും സാഹസികപ്രവർത്തന മേഖലകളിലും വിമാനം പറത്തലിലും ഒക്കെ സ്ത്രീകളും സജീവമാണ്. അവിടൊക്കെ സ്വയം തീരുമാനമെടുക്കുകയും ആത്മവിശ്വാസത്തോടെ ന ടപ്പാക്കുകയും ചെയ്യുന്നതു പോലെ സ്വന്തം ലൈംഗിക സന്തോഷത്തിന്റെ പൂർത്തീകരണത്തിനായി നിശ്ചയദാ ർഢ്യത്തോടെ നിലകൊള്ളാനും ഒട്ടേറെ സ്ത്രീകൾ ഇന്നു ശ്രമിക്കുന്നുണ്ട്.

ഇതൊരു വലിയ വിപ്ലവമാണ്. പ ക്ഷേ, അത്ര നിശ്ശബ്ദമല്ല. ഒന്നു ചുറ്റും നോക്കൂ ‘‘. ഇതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, ഇതാണ് ആഗ്രഹിക്കുന്നത്, ഇതാണ് ഞങ്ങൾക്ക് ആവശ്യം’’ എന്നു ലൈംഗികതയെക്കുറിച്ച് ഉറക്കെ പറയാൻ ധൈര്യപ്പെട്ട് സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട് എന്നാണ് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യ വിദ ഗ്ധരും സെക്സോളജിസ്റ്റുകളും ഒ രുപോലെ ചൂണ്ടിക്കാണിച്ചത്.

നിർബന്ധാപൂർവമായ രതിയോടു മിക്ക സ്ത്രീകളും താൽപര്യം കാണിക്കുന്നില്ല. സ്ത്രീകളുടെയിടയിൽ സെക്‌ഷ്വൽ ഫാന്റസികൾ പരീക്ഷിച്ചു നോക്കാൻ തയാറാകുന്നവരുടെയും സ്വയംഭോഗം വഴി സ്വന്തം ആനന്ദമേഖലകൾ തിരിച്ചറിയുന്നവരുടെയും എണ്ണവും വ ർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഒരു ബന്ധം അവസാനിച്ചാൽ അ തിൽ മനസ്സു തകർന്നു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നു. താ ൽപര്യമുള്ള മറ്റൊരു ബന്ധം ഉണ്ടായാ ൽ അതിലേക്കു പോകുവാൻ മനസ്സുകാണിക്കുന്നുണ്ട് പെൺകുട്ടികൾ.

‘‘ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമെന്നു പറയുന്നത് ചെറിയ ഒ ന്നല്ല. പണ്ട് സ്ത്രീയുടെ സംതൃപ്തിക്ക് പ്രാധാന്യമില്ല എന്നൊരു ചിന്തയായിരുന്നു സ്ത്രീക്കും പുരുഷനും. ഇന്ന് ആ പ്രവണത മാറി.’’ തൃശൂർ അൻസാർ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് അനിൽകുമാർ സ്ത്രീയുടെ ലൈംഗികതയുടെ കാര്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പല തലങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

‘‘ സ്വന്തം തൃപ്തിയും താൽപര്യങ്ങളും കുറച്ചുകൂടി പ്രകടമായി തുറ ന്നു പറയുന്നുണ്ട് സ്ത്രീകൾ. മുൻപ് ആണുങ്ങൾ സെക്സിനേക്കുറിച്ച് ‘ഞങ്ങളുടെ ആവശ്യങ്ങളൊക്കെ നടക്കണ്ടേ ’ എന്നു പറയുമായിരുന്നു. അതായത് സെക്സ് എന്നത് ജൈവപരമായ ഒരു ആവശ്യം മാത്രമായാണ് കണ്ടിരുന്നത്. അത് അമ്പേ മാറി. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ അനുഭൂതിദായകമായ വിനിമയമായി സെക്സിനെ കാണാനാകുന്നുണ്ട് ഇപ്പോൾ പുരുഷന്. അതിനനുസരിച്ച്, സ്ത്രീകൾ അവരുടെ ഭാഗത്തുനിന്ന് ആ അനുഭൂതിയെ കണക്കിലെടുക്കാനും തുടങ്ങി.

ആസ്വാദനതലത്തിൽ കാണാൻ തുടങ്ങിയതോടെ സ്ത്രീകളും ദാമ്പത്യത്തിൽ സെക്സ് ആവശ്യപ്പെടുന്ന തലത്തിലേക്കു വന്നിട്ടുണ്ട്. ഭർത്താവിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ അവർ മടിക്കുന്നില്ല. പണ്ട് ലൈംഗികജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ഭാര്യയെ ഉപേക്ഷിക്കാൻ ഭർത്താക്കന്മാർ മടിച്ചിരുന്നില്ല. ഇപ്പോൾ വ്യാപകമായല്ലെങ്കിലും സ്ത്രീകളിലും ആ രീതി കാണുന്നുണ്ട്. ലൈംഗികമായ അസംതൃപ്തി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വിവാഹബന്ധം വേർപെടുത്തുന്ന ഒരു ട്രെൻഡുണ്ട്. സെക്സിൽ ഇഷ്ടമില്ലാത്ത രീതികൾ എതിർക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുമുള്ള തന്റേടവും കാണിച്ചുതുടങ്ങിയിട്ടുണ്ട് സ്ത്രീകൾ ’’. അനിൽകുമാർ പറയുന്നു.

പൊസിറ്റീവായ മാറ്റങ്ങൾ

സ്ത്രീലൈംഗികതയുടെ തലത്തിൽ പൊസിറ്റീവായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും സെക്സ് ഡിമാൻഡ് ചെയ്യാനും മറ്റുമുള്ള ആർജവത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നു പറയാനാവില്ല എന്നു പറയുന്നു കൊച്ചി ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മായ നായർ. ‘‘സെക്സിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നവരെന്ന് പ്രായഭേദത്തിന്റെ അടിസ്ഥാനത്തിൽ പറയാനാവില്ല. പുരോഗമനചിന്തയുള്ള, തുറന്ന സാഹചര്യങ്ങളിൽ സമപ്രായക്കാരുമായി ധാരാളം ഇടപഴകി ജീവിക്കാൻ സാധിക്കുന്നവരിലാണ് ഇങ്ങനെ തുറന്നുപറയാൻ തക്ക ആർജവം ഉണ്ടാകുന്നത്.

ലൈംഗികതയെക്കുറിച്ച് സോഷ്യ ൽ മീഡിയയിലും മറ്റും തുറന്നുപറച്ചിലുകൾ നടക്കുന്നുണ്ടെന്നതു ശരി തന്നെ. പക്ഷേ, ചെറിയൊരു ശതമാനം പേരാണ് ഇങ്ങനെയൊക്കെ മുന്നോട്ടുവരുന്നത്. അടിസ്ഥാനപരമായി നമ്മുടെ സമൂഹം ഇപ്പോഴും പുരുഷനായകത്വത്തിൽ ആണെന്നതാണ് ഇതിനൊരു കാരണം.

പുരുഷമേധാവിത്വത്തിന്റെയും താത്പര്യങ്ങളുടെയും മേഖലയാണ് സെക്സ് എന്ന് നിരന്തരം കേട്ടും കണ്ടും വളരുന്ന പെൺകുട്ടി, വിവാഹിതയായാൽ പോലും ആ മനോഭാവത്തിൽ നിന്നും മുക്തയാവണമെന്നില്ല . അതുകൊണ്ടുതന്നെ ഭൂരിഭാഗം സ്ത്രീകളും സെക്സ് തന്റെ അവകാശമായി ഉന്നയിക്കാമോ എന്നു സംശയവും ഭയവും പേറുന്നവരാണ്. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ചിന്തയിൽ ഒതുങ്ങിനിൽക്കുന്നവർ. പക്ഷേ, 10 വർഷം മുൻപുള്ള സ്ഥിതി വച്ച് നോക്കിയാൽ ഒരുപാട് പൊസിറ്റീവായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു സമ്മതിക്കാതെ തരമില്ല. ’’ മായ പറയുന്നു.

തയാറാക്കിയത്

സ്റ്റാഫ് പ്രതിനിധി