Thursday 16 September 2021 05:49 PM IST : By സ്വന്തം ലേഖകൻ

ആർത്തവ കാലത്തല്ലാതെയുള്ള രക്തസ്രാവവും ദുർഗന്ധമുള്ള വെള്ളപോക്കും സൂചനകൾ: ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങൾ അിയാം...

Ucancwom

അവൾക്കു കാൻസറായിരുന്നു. ഞങ്ങൾ അറിഞ്ഞപ്പോ... ഒരുപടു താമസിച്ചുപോയി. ഇനി ചികിത്സിച്ചിട്ടും വല്യ കാര്യമൊന്നുമില്ല... അധികനാളില്യ... അത്രതന്നെ. ന്നാലും ചെറിയ പ്രായത്തിൽ ന്റെ കുട്ടിക്കിതു വന്നൂല്ലോ... ഓർക്കുമ്പോ ചങ്കു പൊട്ടിപ്പോണു...’’

കാൻസർ ബാധിച്ച മകളെക്കുറിച്ച് ഒരമ്മയുടെ വാക്കുകൾ ഓർമ്മിച്ചു പോകുന്നു.

കാൻസർ അങ്ങനെയാണ്. അപ്രതീക്ഷിതമായ ഒരു വരവ്. മിക്കപ്പോഴും ലക്ഷണങ്ങൾ മൂർധന്യാവസ്ഥയിലെത്തുമ്പോഴാകും അറിയുക. അപ്പോഴേക്കും ഒരുപാടു വൈകിയിട്ടുണ്ടാകും. അതുകൊണ്ടു കാൻസറിന്റെ ലക്ഷണങ്ങളെ മുമ്പേ അറിയുകയാണു വേണ്ടത്. കഴിയുന്നത്ര വീട്ടിൽ തന്നെ സ്വയം പരിശോധനകളിലൂടെ ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം. സംശയാസ്പദമായി തോന്നിയാൽ വിദഗ്ദ്ധ പരിശോധനകൾ തേടുകയും ചികിത്സ ആരംഭിക്കുകയും ചെയ്യാം.

ഗർഭാശയഗള കാൻസർ (Cervical Cancer)

യോനിയിലേക്കു തള്ളിനിൽക്കുന്ന ഗർഭാശയത്തിന്റെ വായ്ഭാഗമാണു ഗർഭാശയഗളം. ആരംഭ ഘട്ടത്തിൽ തന്നെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ഈ കാൻസർ കൂടുതലും ബാധിക്കുന്നതു മധ്യവയസ്കരെയാണ്. ഈ അർബുദത്തിനുള്ള ഏറ്റവും പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ എന്ന രോഗാണുവാണ്.

സ്വയം പരിശോധിച്ചറിയാം

ആർത്തവകാലത്തല്ലാതെയുണ്ടാകുന്ന രക്തസ്രാവം, ലൈംഗികബന്ധത്തിനുശേഷം ഉണ്ടാകുന്ന രക്തസ്രാവം, ദുർഗന്ധമുള്ള വെള്ളപോക്ക്, അടിവയറിലെ വേദന, മൂത്രക്കടച്ചിൽ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, പുറംവേദന എന്നിവയെല്ലാം ലക്ഷണങ്ങളായി കാണാറുണ്ട്. അസാധാരണമായ രക്തസ്രാവമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം.

വളരെ ലളിതമായ പാപ്സ്മിയർ ടെസ്റ്റ് കൊണ്ട് ഈ അസുഖം തുടക്കത്തിലേ കണ്ടെത്താം. ഗർഭാശയഗളത്തിലെ കോശങ്ങൾ സ്പാറ്റുല ഉപയോഗിച്ചെടുത്തു മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുന്നു.

മറ്റു പരിശോധനകൾ

കൃത്യമായ രോഗലക്ഷണ വിവരണങ്ങളിലൂടെയും വിശദ ശരീര പരിശോധനയിലൂടെയും രോഗം കണ്ടെത്താം. ബയോപ്സി പരിശോധന, രോഗാവസ്ഥ അറിയാനായി അൾട്രാ സൗണ്ട് സ്കാൻ, സിടി സ്കാൻ, എം ആർ ഐ സ്കാൻ എന്നിവയിൽ ഏതെങ്കിലും വേണ്ടിവരും. മൂത്രസഞ്ചിയിലേക്കു രോഗം പടർന്നതിന്റെ ലക്ഷണം അറിയുന്നതിനു സിസ്േറ്റാസ്കോപ്പി (മൂത്രാശയ സഞ്ചിയിലേക്കു കഴിലിട്ടു പരിശോധനയും ചെയ്യാറുണ്ട്.)

ശസ്ത്രക്രിയയും ചികിത്സയും

ശസ്ത്രക്രിയയിൽ ഗർഭാശയത്തോടൊപ്പം യോനിയുടെ വലിയൊരു ഭാഗവും ഗർഭാശയത്തോടു ചേർന്നു കിടക്കുന്ന അനുബന്ധകലയായ പാരമെട്രിയവും അണ്ഡാശയങ്ങളൊടൊപ്പം നീക്കം ചെയ്യുന്നു. റേഡിയേഷൻ ചികിത്സ റേഡിയേഷൻ വികിരണങ്ങൾ കാൻസർ ബാധിത അവയവങ്ങളിലേക്കു നൽകി കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

കീമോതെറാപ്പി–റേഡിയേഷനും കീമോതെറാപ്പിയും ഒരുമിച്ചു നൽകുന്ന ചികിത്സാരീതിയാണ് കൺകറന്റ് കീമോ റേഡിയേഷൻ. ഇത് ഗർഭാശയഗള കാൻസറുകളുടെ സുപ്രധാന ചികിത്സാരീതിയാണിത്.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Health Tips