Saturday 11 September 2021 04:19 PM IST : By സ്വന്തം ലേഖകൻ

ആർത്തവ സമയത്ത് അമിതരക്തസ്രാവം, അടിവയറ്റിൽ വേദന, കനം: ഗർഭാശയ കാൻസറിന്റെ ലക്ഷണങ്ങളെ കരുതിയിരിക്കാം

aaaa43534

ഗർഭധാരണം, പ്രസവം എന്നീ പാവനമായ പ്രത്യുൽപാദന പ്രക്രിയകൾ വഴി ഭൂമിയിൽ മാനവരാശിയെ നിലനിർത്താൻ െെദവം സ്ത്രീക്ക് കനിഞ്ഞരുളിയിരിക്കുന്ന ശ്രേഷ്ഠമായ അവയവമാണ് ഗർഭപാത്രം. ജനിച്ചു വീണ കുഞ്ഞിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിയോളം മാത്രം വലുപ്പമുള്ള ഈ അവയവം വയറിന്റെ ഏറ്റവും താഴെ ഭാഗത്തു മധ്യത്തിലാണു സ്ഥിതി ചെയ്യുന്നത്.മറ്റേത് അവയവത്തിലുമെന്നതുപോലെ ഗർഭപാത്രത്തിലും അർബുദം വരാം. സ്ത്രീകളെ പിടികൂടുന്ന അർബുദങ്ങളിൽ ഏറ്റവും മുമ്പന്മാർ ഗർഭാശയ/സ്തനകാൻസറുകൾ തന്നെയാണ്.അതു കൊണ്ടു തന്നെ ഗർഭപാത്രത്തെ ബാധിക്കുന്ന അർബുദത്തെക്കുറിച്ച് സ്ത്രീകൾ വിശദമായി അറിയേണ്ടതു പ്രധാനമാണ്.

ഗർഭാശയ കാൻസർ സ്ത്രീസമൂഹത്തെ കാർന്നുതിന്നുന്ന ഒരു രോഗമായി തീർന്നിരിക്കുകയാണ്. തെറ്റായ ജീവിതശൈലി, ദീർഘായുസ്സ്, കൃത്യമായ രോഗനിർണയസൗകര്യങ്ങൾ എന്നിവയാകാം കാൻസർ രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് രോഗം ബാധിക്കുന്നത്. ഒരു മൺപാത്രം കമഴ്ത്തി വച്ചാലെന്നപോലെ ഗർഭപാത്രം താഴേക്ക് തുറന്നാണിരിക്കുന്നത്. ഗർഭപാത്രത്തെ ഫണ്ടസ് അഥവാ (മുകൾഭാഗം), ബോഡി (മധ്യഭാഗം) സെർവിക്സ് (താഴെഭാഗം) എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇതിൽ മുകൾഭാഗത്തും മധ്യഭാഗത്തും വരുന്ന കാൻസറിനെയാണു ഗർഭാശയ കാൻസർ എന്നു വിശേഷിപ്പിക്കുന്നത്.

ലക്ഷണങ്ങൾ

ആർത്തവ സമയത്ത് അമിതരക്തസ്രാവം, വളരെ അടുപ്പിച്ചുള്ള ആർത്തവം, ഏതാനും ആഴ്ചയോ, രണ്ടോ മൂന്നോ മാസങ്ങളോ വരാതിരുന്നശേഷം ഉണ്ടാകുന്ന അമിതരക്തസ്രാവം, ആർത്തവം നിലച്ച് ഒരു വർഷത്തിലേറെയായശേഷം വീണ്ടും ഉണ്ടാകുന്ന രക്തസ്രാവം, രക്തം കലർന്ന വെള്ളപോക്ക്, ദുർഗന്ധമുള്ള സ്രവം, അടിവയറിൽ വേദന, കനം, മലമൂത്രവിസർജനത്തിന് ബുദ്ധിമുട്ട്/തടസ്സം, െെലംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന എന്നിവയാണു മിക്കവാറും കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങൾ ഉള്ളവർക്കെല്ലാം തന്നെ കാൻസർ ഉണ്ടാകണമെന്നില്ല. ഹോർമോൺ വ്യതിയാനം, ഗർഭാശയത്തിലെ അണുബാധ, മൂത്രത്തിൽ പഴുപ്പ്, കാൻസർ അല്ലാത്ത തടിപ്പുകൾ, മുഴകൾ, സാധാരണ മലബന്ധം എന്നിവയ്ക്കുപോലും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടാം. രണ്ടോ മൂന്നോ മാസങ്ങൾ മാത്രം നിരീക്ഷിച്ചശേഷം േമൽപ്പറഞ്ഞ ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ െെഗനക്കോളജിസ്റ്റിനെ നിർബന്ധമായും കാണണം. കാൻസർ രോഗാവസ്ഥ പുരോഗമിക്കുമ്പോൾ അമിതക്ഷീണം, തളർച്ച, ഉറക്കക്കുറവ്, രക്തക്കുറവ്, മെലിച്ചിൽ എന്നിവ ഉണ്ടാകാം.

കാരണങ്ങളറിയാം

ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരമാണ് 80 ശതമാനം ഗർഭാശയകാൻസറിനും കാരണം. നേരത്തെയുള്ള ആർത്തവാരംഭം, താമസിച്ചുള്ള ആർത്തവവിരാമം, ഗർഭധാരണം നീണ്ടുപോകൽ, മുലയൂട്ടാതിരിക്കൽ, ഗർഭം ധരിക്കാതിരിക്കൽ എന്നീ അവസ്ഥകൾ ശരീരത്തിൽ ദീർഘകാലം ഈസ്ട്രജൻ പ്രവർത്തിക്കാൻ ഇടയാക്കുന്നു. ആർത്തവവിരാമവിഷമങ്ങൾക്ക് നീണ്ടകാലം ഈസ്ട്രജൻ കഴിക്കുന്നതു ശരിയല്ല. പിസിഒഡി, മറ്റു ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭാശയമുഴകൾ, ചില അണ്ഡാശയരോഗങ്ങൾ, അമിതമായ വന്ധ്യതാനിവാരണ ചികിത്സ എന്നിവ ശരീരത്തിൽ ഈസ്ട്രജൻ പ്രവർത്തനം കൂടുതലാക്കുന്നു. സ്തനാർബുദ ചികിത്സയ്ക്ക് ദീർഘകാലം ഈസ്ട്രജൻ നൽകുന്നതും ഗർഭാശയ കാൻസറിന് ഇടയാക്കുന്നു.

അമിതവണ്ണം ആപൽക്കരമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഈസ്ട്രജൻ ഉൽപാദിപ്പിക്കുന്നു. വ്യായാമക്കുറവു കൂടിയായാൽ പ്രശ്നം ഗുരുതരമായതുതന്നെ. പാരമ്പര്യവും ഒരു കാരണമാണ്. ജനിതക കാരണങ്ങളാൽ വൻകുടൽ കാൻസർ കണ്ടുവരുന്ന കുടുംബങ്ങളിൽ ഗർഭാശയ കാൻസർ സാധ്യതയും ഉള്ളതായി കാണാം. പ്രമേഹരോഗികളിൽ ഇതു കൂടുതലായി കാണുന്നു. യുവത്വം നിലനിർത്താൻ പാശ്ചാത്യവനിതകൾ ഈസ്ട്രജൻ ധാരാളമായി ഉപയോഗിച്ചിരുന്നു. ഈ നിലപാടിന് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.

എൻഡോമെട്രിയം

ഗർഭപാത്രത്തിന്റെ ഉൾവശം ആവരണം ചെയ്തിരിക്കുന്ന ഒരു പാടയാണ് എൻഡോമെട്രിയം. ഈ പാടയിലെ കോശങ്ങളെയാണു സാധാരണയായി കാൻസർ ബാധിക്കുന്നത്. അതുകൊണ്ടു ഗർഭാശയ കാൻസർ, എൻഡോമെട്രിയൽ കാൻസർ എന്ന പേരിലും അറിയപ്പെടാറുണ്ട്. അപൂർവമായി ഗർഭപാത്രത്തിന്റെ മറ്റു പേശികളിലും കാൻസർ വരാം. ഇതിനെ സാർക്കോമ എന്നു പറയുന്നു. റേഡിയേഷന്റെ പാർശ്വഫലമായി സാർക്കോമ ഉണ്ടാകാറുണ്ട്. കണ്ടുപിടിക്കാനും ചികിത്സിച്ചു മാറ്റാനും പ്രയാസമായ ഇനമാണിത്. െെഫബ്രോയ്ഡ് എന്ന മുഴകളിൽ അപൂർവമായി കാൻസർ മാറ്റം കാണാറുണ്ട്. കാർസിനോസാർക്കോമാ, കോറിയോ കാർസിനോമ, ഗർഭധാരണത്തോടനുബന്ധിച്ചുള്ള ഒരു കാൻസർ എന്നിവയും അപൂർവമായ ഗർഭാശയകാൻസറുകളാണ്.

എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ

എൻഡോമെട്രിയത്തിലെ കോശങ്ങളിൽ ആർത്തവത്തോടനുബന്ധിച്ച മാറ്റങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളിൽ നിന്നു വ്യത്യസ്തമായി എടിപ്പിക്കൽ എൻഡോമെട്രിയൽ െെഹപ്പർപ്ലാസിയ എന്ന മാറ്റം ചിലപ്പോൾ കാണാം. എൻഡോമെട്രിയത്തിന്റെ കനം വർധിക്കുന്ന രോഗാവസ്ഥയാണിത്. ഈ മാറ്റം പ്രീകാൻസറസ് ആണ്. അഥവാ വിദൂരഭാവിയിൽ കാൻസർ ആയി മാറിയേക്കാവുന്നതിന്റെ ലക്ഷണമാണ്. ആർത്തവത്തിന് മാറ്റം വരുന്നവരിലും ആർത്തവവിരാമത്തിന് ശേഷം രക്തംപോക്ക് വരുന്നവരിലും ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായിട്ടും അല്ലാതെ സ്കാൻ ചെയ്യുമ്പോഴും ഇതു മനസ്സിലാക്കാം.

പരിശോധനകൾ

നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും ഡോക്ടറെ കാണണം. രോഗവിവരങ്ങൾ മുഴുവൻ മനസ്സിലാക്കി ശരീരപരിശോധന, രക്തം, മൂത്രം പരിശോധനകളോടൊപ്പം സ്കാനിങ്ങും ചെയ്യുന്നു. സ്കാനിങ്ങിൽ എൻഡോമെട്രിയത്തിന്റെ കട്ടി (തിക്നെസ്) എത്ര മില്ലിമീറ്റർ ഉണ്ടെന്നു നിരീക്ഷിക്കുന്നു. 10–12 മില്ലിമീറ്റർ കട്ടിയുണ്ടെങ്കിൽ പ്രത്യേകിച്ചും മാസമുറ നിലയ്ക്കാറായവരിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഡി ആൻഡ് സി എന്ന ചെറിയ ശസ്ത്രക്രിയയിലൂടെ എൻഡോമെട്രിയം പരിശോധനയ്ക്കെടുക്കുന്നു. മാസമുറ നിലച്ചവരിലാകട്ടെ നാലു മില്ലിമീറ്ററിൽ കൂടിയ കട്ടി ഉണ്ടെങ്കിൽത്തന്നെ ഡി ആൻഡ് സി നടത്തുന്നു. കാൻസർ അല്ലെങ്കിൽ കാൻസർ ആയി മാറിയേക്കാവുന്ന അവസ്ഥ ഈ പരിശോധനകളിലൂടെ ഏതാണ്ടു കൃത്യമായി മനസ്സിലാക്കാം. ചിലപ്പോൾ ഹിസ്ട്രക്ടമി, കോളോസ്കോപ്പി, സിടി സ്കാൻ, എംആർ െഎ സ്കാൻ, െപറ്റ്സ്കാൻ എന്നിവ
വേണ്ടിവരാറുണ്ട്.

കരുതലോടെ ചികിത്സ

കാൻസർ എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഒാരോ സ്റ്റേജുകളിൽ നിന്നറിയാം. അതനുസരിച്ച് ചികിത്സാരീതി നടത്തുന്നു. സ്റ്റേജ് –1 കാൻസർ ഗർഭപാത്രത്തിൽ മാത്രമേയുള്ളൂ. സ്റ്റേജ്–2 സമീപത്തുള്ള പേശികളിലേക്കു മാത്രം പടർന്നിരിക്കുന്നു. സ്റ്റേജ് –3 കാൻസർ ഗർഭപാത്രത്തിന്റെ പുറത്തേക്കു വ്യാപിച്ചിട്ടുണ്ട്. എന്നാൽ അരക്കൂടിന് വെളിയിൽ പോയിട്ടില്ല. സ്റ്റേജ്– 4 അരക്കൂടിനു വെളിയിൽ, അതായത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെല്ലാം വ്യാപിച്ചുകഴിഞ്ഞു. ഡി ആൻഡ് സി, എൻഡോമെട്രിയം ബയോപ്സി ഇവയുടെ ഫലമനുസരിച്ചു കാൻസറിനെ ഗ്രേഡ് ചെയ്തും ചികിത്സ തീരുമാനിക്കുന്നു

ഒാപ്പറേഷൻ, റേഡിയേഷൻ, കീമോതെറപ്പി, ഹോർമോൺതെറപ്പി, ടാർഗെറ്റഡ് തെറപ്പി, ഇമ്യൂണോതെറപ്പി എന്നിവയാണ് ചികിത്സകൾ. സാധാരണയായി ഒാപ്പറേഷനാണ് ചെയ്യുന്നത്. ഗർഭപാത്രം, ഫലോപ്യൻട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവ നീക്കം ചെയ്യുന്നതോടൊപ്പം കാൻസറിന്റെ സ്റ്റേജ് ഗ്രേഡ് അനുസരിച്ചു ചുറ്റുമുള്ള പേശികളും എടുക്കുന്നു. എടുത്ത ഭാഗങ്ങൾ ബയോപ്സി ചെയ്ത ഫലമനുസരിച്ച് റേഡിയോ, കീമോ തുടങ്ങിയവ നടത്തുന്നു. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, കാൻസറിന്റെ സ്റ്റേജ്/ഗ്രേഡ് എന്നിവ കണക്കിലെടുത്തുകൊണ്ടാണു ചികിത്സ നടത്തുന്നത്. രോഗിയുടെയും അടുത്ത ബന്ധുക്കളുടെയും അഭിപ്രായത്തിനും പ്രാധാന്യം കൊടുക്കാറുണ്ട്. പ്രായം കുറവായ, ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളിൽ അതിനനുസരിച്ച ചികിത്സയാണു ചെയ്യുന്നത്. കാൻസർ എത്ര പടർന്നു പിടിച്ചതായാലും ചികിത്സ കൊണ്ടു കുറേ വർഷങ്ങൾ നന്നായി ജീവിക്കാൻ കഴിയും. തുടക്കത്തിൽ കണ്ടുപിടിച്ചാൽ പരിപൂർണ സുഖം പ്രാപിക്കാം.

പൊതുവേ പറഞ്ഞാൽ സ്റ്റേജ് 1, സ്റ്റേജ് 2 കാൻസറുകൾ ലോ റിസ്ക് ഇനത്തിലും അതിനു മുകളിലുള്ള െെഹറിസ്ക് ഇനത്തിലുമാണ് പെടുത്തുന്നത്. ഒാേരാ രോഗിയെയും വിശദമായി വിശകലനം ചെയ്തു മതിയായ ചികിത്സ ചെയ്യുകയും ശരിയായ രീതിയിൽ ബോധവൽക്കരിക്കുകയും ചെയ്യുന്നു. തുടർ പരിശോധനകളുടെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്നു. കാൻസർ ചികിത്സാരംഗം നമ്മുടെ നാട്ടിൽ മറ്റേതു വികസിത രാജ്യത്തിലെയും പോലെ ഉന്നതമാണ്. അവിടങ്ങളിലേക്കാൾ വിദഗ്ധരായ ഡോക്ടർമാരും നമുക്കുണ്ട്. ഇതു മനസ്സിലാക്കിയാൽ അനാവശ്യമായി നെട്ടോട്ടമോടേണ്ടതില്ല. ഏതവസ്ഥയിലുള്ള കാൻസറായാലും മേൽപറഞ്ഞ ചികിത്സാവിധികൾ ക്രമമായും വിദഗ്ധമായും നടപ്പാക്കിയാൽ രോഗശമനം ഉണ്ടാകും. വേദനകൾ കുറഞ്ഞ് അധികകാലം സുഗമമായി ജീവിക്കാനാകും. ഗർഭാശയ കാൻസർ ചികിത്സിക്കാതെ വിടേണ്ടതല്ല എന്നു മനസ്സിലായല്ലോ. സർവൈവൽ റേറ്റ് എന്നൊരു കാര്യം കാൻസറിനെപ്പറ്റി പറയാറുണ്ട്. എത്രകാലം രോഗി ജീവിച്ചിരിക്കും എന്ന കണക്കുകൂട്ടലാണിത്. സ്റ്റേജ് 1, സ്റ്റേജ് 2 കാൻസർ കണ്ടുപിടിച്ചു ചികിത്സ ചെയ്യുന്ന രോഗികളിൽ 96 ശതമാനം പേരും അഞ്ചു വർഷത്തിലേറെ ജീവിക്കുന്നു. സ്റ്റേജ് 3 ആണെങ്കിൽ ഇത് 70 ശതമാനം സ്റ്റേജ് 4നു 18 ശതമാനം എന്നിങ്ങനെയാണു കണക്കുകൾ. രോഗിയുടെ പ്രായം, മറ്റ് അസുഖങ്ങൾ, മാനസികാവസ്ഥ എന്നിവ ഈ കണക്കുകളെ തെറ്റിക്കാറുണ്ട്.

വേണം മുൻകരുതലുകൾ

ശരിയായ ജീവിത െെശലിയും ആഹാരരീതിയും പാലിക്കണം. അമിതവണ്ണം ആപത്താണ്. പ്രമേഹം നിയന്ത്രിക്കണം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം കാൻസർ ഉണ്ടെങ്കിൽ കൂടുതൽ കരുതൽ വേണം. വർഷം തോറുമുള്ള ആരോഗ്യപരിശോധനകൾ വളരെ ആവശ്യമാണ്.ഗർഭാശയ സ്കാനിങ് ഇതിൽപ്പെടുന്നു. ലക്ഷണങ്ങളൊന്നുമില്ലാത്തവരിൽ സ്കാനിങ്ങിലൂടെ മാത്രം ചിലപ്പോൾ കാൻസർ സാധ്യത കണ്ടുപിടിക്കാറുണ്ട്.ഗർഭധാരണം മറ്റു സൗകര്യങ്ങൾക്കുവേണ്ടി നീട്ടിവയ്ക്കരുത്. ഗർഭത്തിന്റെ എണ്ണം കൂടുന്നതു കാൻസർ തടയാൻ നല്ലതാണ്. എന്നാൽ ജനപ്പെരുപ്പം മൂലം വീർപ്പു മുട്ടുന്ന നമ്മുടെ നാട്ടിൽ ഇതു പ്രാവർത്തികമാക്കാൻ സാധ്യമല്ല. മുലയൂട്ടൽ ഈസ്ട്രജന്റെ അതിപ്രസരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. കുഞ്ഞുങ്ങളെ പ്രസവിക്കാത്തവർ കൂടുതൽ കരുതലോടെയിരിക്കണം. ഗർഭനിരോധനഗുളികകൾ (കംബയിൻഡ് ഒാറൽ കോൺട്രാസെപ്റ്റീവ് പിൽസ്) ഡോക്ടറുടെ നിർദേശം പാലിച്ചു ദീർഘകാലം കഴിക്കുന്നതു ഗർഭാശയ കാൻസർ തടയാൻ പര്യാപ്തമാണ്.

ഡോ. ഭവാനി ചന്ദ്രശേഖരൻ

സ്ത്രീരോഗവിദഗ്ധ, തൊടുപുഴ

Tags:
  • Manorama Arogyam