Friday 21 June 2024 12:01 PM IST : By സ്വന്തം ലേഖകൻ

സിസേറിയന്‍ വേണ്ടതെപ്പോഴൊക്കെ....

ces34324

സിസേറിയനെക്കുറിച്ച് ഒട്ടേറെ തെറ്റിധാരണകൾ നമ്മുടെ ഇടയിലുണ്ട്. ഒരു കാലത്ത് സിസേറിയനെന്നാൽ വയറു കീറിമുറിയ്ക്കലെന്ന പേടിയായിരുന്നു. പിന്നീട് വൈദ്യശാസ്ത്രം പുരോഗമിച്ചപ്പോൾ സിസേറിയൻ സുരക്ഷിതമാണെന്ന ധാരണ കടന്നുകൂടി. പ്രസവവേദന സഹിക്കാൻ വയ്യാത്തതുകൊണ്ട് സിസേറിയൻ മതിയെന്നായി. ഇപ്പോൾ വീണ്ടും കഴിയുന്നത്ര സിസേറിയൻ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഈ അവസരത്തിൽ സിസേറിയനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം. 

ഗർഭിണിയായ അമ്മയുടെ വയർ തുറന്നു ഗർഭപാത്രത്തിന്റെ ഭിത്തിയിൽ  മുറിവ് ഉണ്ടാക്കി കുഞ്ഞിനെ പുറത്ത് എടുക്കുന്ന ശസ്ത്രക്രിയ ആണ്  സിസേറിയൻ.  അമ്മയുടെ ആരോഗ്യം കണക്കിലെടുത്തും, കുഞ്ഞിനു കുഴപ്പങ്ങൾ ഒഴിവാക്കാൻ വേണ്ടിയും സിസേറിയൻ ചെയ്യേണ്ടി വരാറുണ്ട്. സിസേറിയൻ പ്രധാനമായും രണ്ടുതരമുണ്ട്. ഇലക്ടീവ് അഥവാ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും എമർജൻസി സിസേറിയൻ അഥവാ അടിയന്തര ഘട്ടങ്ങളിൽ ചെയ്യുന്നതും.

മുൻകൂട്ടി പ്ലാൻ ചെയ്യുമ്പോൾ

പല കാരണങ്ങളാലും സിസേറിയൻ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടി വരാം.  അമ്മയ്ക്കോ കുഞ്ഞിനോ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ( ഉദാ : അമിത രക്തസമ്മർദം , പ്രമേഹം , 

കുഞ്ഞിന് വളർച്ചക്കുറവ് )   39Ðാം ആഴ്ച ( പ്രസവ തീയതിക്ക് ഒരാഴ്ച ഉള്ളപ്പോൾ) സിസേറിയൻ ചെയ്യുന്നതാണ് അഭികാമ്യം. 

താഴെ പറയുന്ന സാഹചര്യങ്ങളിൽ സിസേറിയൻ വേണ്ടിവരാം. 

 ∙ ഒന്നോ അതിൽ കൂടുതലോ സിസേറിയൻ  കഴിഞ്ഞ അമ്മമാർ ∙ ഗർഭപാത്രത്തിൽ മറ്റു ശസ്ത്രക്രിയകൾ കഴിഞ്ഞവർ ∙ഗർഭപാത്രത്തിൽ മറുപിള്ള ( പ്ലാസന്റ) വളരെ താഴെ സ്ഥിതി ചെയ്യുന്നവർ. ∙ അമ്മയുടെ പ്രായാധിക്യം ∙ ഇടുപ്പെല്ലിനു വികാസം കുറഞ്ഞവർ ∙ കുഞ്ഞിന്റെ തലയും അമ്മയുടെ ഇടുപ്പെല്ലും (പെൽവിസ്‌) ആയി താരതമ്യേന വലുപ്പത്തിൽ ചേർച്ചക്കുറവുള്ളപ്പോൾ∙ അമ്മയ്ക്ക് എച്ച്ഐവി , ഹെർപിസ് മുതലായ അണുബാധകളുള്ളപ്പോൾ. 

ചിലപ്പോൾ  കുഞ്ഞിനു കുഴപ്പങ്ങളൊഴിവാക്കാനും സർജറി നിർദേശിക്കാറുണ്ട്. 

∙ വളർച്ചക്കുറവ് ∙ ഇരട്ടക്കുട്ടികൾ

∙ കുഞ്ഞിന്റെ കിടപ്പിൽ വ്യതിയാനങ്ങൾ ( ബ്രീച്ച് നില , ട്രാൻസ്‌വേഴ്സ് നില ) ∙ കുഞ്ഞിനു വലുപ്പക്കൂടുതൽ ∙ കുഞ്ഞിനു സുഖപ്രസവത്തിനെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വൈകല്യങ്ങളുണ്ടാവുക ∙ പ്രസവസമയത്തു കുഞ്ഞിന് ഉണ്ടായേക്കാവുന്ന ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ എന്നിവയൊക്കെ ഉദാഹരണം.

പെട്ടെന്നു വേണ്ടിവന്നാൽ

പ്രസവസമയത്ത് അമ്മയ്ക്കോ , കുഞ്ഞിനോ  ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കാരണം ചെയ്യുന്നതിനാണ് എമർജൻസി സിസേറിയൻ എന്നു പറയുന്നത്. 

∙  പ്രസവവേദന തുടങ്ങിയശേഷം ഗർഭപാത്രമുഖം വികാസം നടക്കാതിരിക്കുക ∙ പ്രസവം സാധാരണഗതിയിൽ പുരോഗമിക്കാതിരിക്കുക∙  പ്രസവ വേദന തുടങ്ങുവാനുള്ള മരുന്നുകൾ ചെയ്തിട്ടും വേദന ആരംഭിക്കാതിരിക്കുക എന്നിങ്ങനെയുള്ള ഘട്ടത്തിൽ സിസേറിയൻ ചെയ്യുന്നു. 

കൂടാതെ ∙  പ്രസവ സമയത്തു കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ അപകടകരമായ  വ്യതിയാനം ∙കുഞ്ഞിന്റെ പൊക്കിൾ കൊടി പുറത്തേക്കു വരിക ( വളരെ അപകടം ആണിത്)∙   മറുപിള്ള നേരത്തെ വിട്ടുപോയി ഉള്ളിൽ രക്തസ്രാവം സംഭവിക്കുക ∙ പ്രസവസമയത്തു കുഞ്ഞിന്റെ തല ഇറങ്ങാതിരിക്കുക ∙ഇരട്ട കുട്ടികളിൽ  രണ്ടാമത്തെ കുഞ്ഞിനു പ്രസവത്തിൽ താമസം എന്നിങ്ങനെയുള്ള സന്നിഗ്ധ ഘട്ടങ്ങളിലും സർജറി തന്നെയാണാശ്രയം. 

മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഉടനടി ചെയ്യുന്നതിനാൽ പെട്ടെന്നുള്ള സിസേറിയനിൽ അപകടസാധ്യത താരതമ്യേന കൂടുതലാണ്. 

സാധാരണ പ്രസവവും സിസേറിയനും 

പൊതുവെ സാധാരണ പ്രസവം ആണ് സിസേറിയനെക്കാൾ അപകടസാധ്യത കുറഞ്ഞത്. പ്രസവവേദനയെ കുറിച്ചുള്ള പേടി കൊണ്ട് ചിലർ സിസേറിയൻ മതിയെന്നു പറയാറുണ്ട്. ഇത്തരം പേടിയുടെ ആവശ്യമില്ല. എല്ലാ ആശുപത്രികളും തന്നെ വേദന കുറഞ്ഞ പ്രസവത്തിനുള്ള മാർഗങ്ങൾ ലഭ്യമാക്കാറുണ്ട്.  മാത്രമല്ല അമ്മയ്ക്കു പെട്ടെന്നു തന്നെ സുഖമാകാനും നല്ലതു സാധാരണ പ്രസവമാണ്. സാധാരണ പ്രസവവുമായി താരതമ്യം ചെയ്യുമ്പോൾ സിസേറിയൻ പ്രസവത്തിൽ സങ്കീർണതകൾ കൂടുതലാണ്. 

സങ്കീർണതകൾ അറിയാം

∙മൂത്രസഞ്ചിക്കോ , മൂത്രക്കുഴലിനോ (Ureter) , കുടലിനും ഒക്കെ  മുറിവുകൾ /ക്ഷതം സംഭവിക്കുക.അമിത  രക്തസ്രാവം ∙ ഗർഭപാത്രത്തിൽ തന്നെ സംഭവിക്കാവുന്ന മുറിവുകൾ/കീറലുകൾ ∙കുഞ്ഞിനു സംഭവിക്കാവുന്ന മുറിവുകൾ, ക്ഷതങ്ങൾ. 

∙ അനസ്‌തീസിയ സംബന്ധിച്ച അപകടസാധ്യത.

 സർജറി കഴിഞ്ഞ് ഉടനെയുള്ള സങ്കീർണതകൾ-

∙ അതിയായ വേദന ,കുഞ്ഞിനെ പാലൂട്ടാൻ ബുദ്ധിമുട്ട് ∙  അമിത  രക്തസ്രാവം (Secondary haemorrhage)∙ മുറിവിൽ അണുബാധ , ഗർഭപാത്രത്തിൽ പഴുപ്പ് , മൂത്രത്തിൽ പഴുപ്പ്, സെപ്‌സിസ് ∙ രക്തക്കുഴലുകളിൽ  രക്തം കട്ട പിടിക്കുന്ന അവസ്ഥ (Thromboembolism ).

ഓപ്പറേഷൻ കഴിഞ്ഞു നാളുകൾ കഴിഞ്ഞുള്ള സങ്കീർണതകൾ- 

∙  അടുത്ത ഗർഭത്തിൽ മറുപിള്ള താഴെ വരിക ( Placenta Previa).

∙ പ്ലാസന്റ ഒട്ടിപ്പിടിച്ച അവസ്ഥ ( Placenta accreta )- വളരെ ഗുരുതരമായ അവസ്ഥ ആണിത്. 

∙  ഗർഭസമയത്തു ഗർഭപാത്രത്തിൽ മുൻപിട്ടിട്ടുള്ള തുന്നൽ വിട്ടു പോവുക (Scar dehiscence). 

∙ സിസേറിയൻ സ്റ്റിച്ചിൽ ഗർഭം പറ്റിപ്പിടിച്ചു വളരുന്ന അവസ്ഥ (Sacr ectopic)

∙ പുറമെയുള്ള സ്റ്റിച്ചിൽ ഹെർണിയ വരിക.

ജനിച്ച ഉടനെ ശ്വാസതടസ്സം വരുന്നതു മുതൽ ഭാവിയിൽ ആസ്മ വരാനുള്ള സാധ്യത വരെയുള്ള ഒട്ടേറെ സങ്കീർണതകൾ സിസേറിയൻ ചെയ്തെടുത്ത കുട്ടികളിൽ താരതമ്യേന കൂടുതലായി കാണുന്നു. 

ശേഷം ശ്രദ്ധിക്കാൻ

സിസേറിയനു ശേഷം ബോധം തെളിയാനും മുലയൂട്ടൽ തുടങ്ങാനും വൈകാം. കുഞ്ഞിന് അതിന്റേതായ ചില പ്രശ്നങ്ങൾ വരാം. അണുബാധകൾക്കു സാധ്യത കൂടുതലാണ്.  അതുകൊണ്ട് ആദ്യനാളുകളിൽ  സന്ദർശകബാഹുല്യം പാടില്ല. അമ്മയ്ക്കും കുഞ്ഞിനും നല്ല വിശ്രമവും സ്വകാര്യതയും ആവശ്യമുണ്ട്. 

സിസേറിയൻ കഴിഞ്ഞ് 4-5 മാസമെടുക്കും ഉള്ളിലെ തുന്നലുകളെല്ലാം ഉണങ്ങാൻ. ഈ സമയത്തു ചെറിയ ജോലികൾ ചെയ്യാമെങ്കിലും ഭാരമെടുക്കുന്നതു പോലെയുള്ള ആയാസപ്പെട്ട ജോലികൾ ചെയ്യരുത്. തുന്നലിൽ ഹെർണിയ വരാം. അടുത്ത ഗർഭം  ഒന്നു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാകുന്നതാണു നല്ലത്. ഒാരോ സിസേറിയൻ കഴിയുന്തോറും അപകടസാധ്യതകൾ കൂടുകയാണെന്നു മറക്കരുത്. 

രണ്ടു തരം അനസ്തീസിയ

 സിസേറിയനു രണ്ടുതരം അനസ്തീസിയ നൽകുന്നു. ജനറൽ അനസ്തീസിയയും റീജനൽ അനസ്തീസിയയും.∙ ജനറൽ അനസ്തീസിയ സമയത്ത് രോഗിക്ക് ഒന്നുമറിയാനാകില്ല. ∙ റീജനൽ അനസ്തീസിയയിൽ നട്ടെല്ലിൽ കശേരുക്കളുടെ ഇടയിൽ മരുന്നു നൽകുന്നു. ഇതിൽ  സിസേറിയൻ ചെയ്യുന്ന ഭാഗം മാത്രമാണു  മരവിപ്പിക്കുന്നത്. റീജനൽ അനസ്തീസിയ രണ്ടു തരമുണ്ട്. നട്ടെല്ലിലെ സെറിബ്രോസ്പൈനൽ ഫ്ളൂയിഡ് അടങ്ങിയ ആവരണത്തിൽ നൽകുന്ന സ്പൈനൽ അനസ്തീസിയയും നട്ടെല്ലിലെ എപ്പിഡ്യൂറൽ ഭാഗത്തു നൽകുന്ന എപ്പിഡ്യൂറലും. രണ്ടും ഒരുമിച്ചും നൽകാറുണ്ട്.  ചില സാഹചര്യങ്ങളിൽ രോഗിക്ക് റീജനൽ അനസ്തീസിയ നൽകാനാകില്ല. അപ്പോഴും അടിയന്തരമായി സിസേറിയൻ വേണ്ടപ്പോഴും ജനറൽ അനസ്തീസിയ നൽകുന്നു. ∙ കൂടുതലും  റീജനൽ അനസ്തീസിയയാണു നൽകാറ്.  എപ്പിഡ്യൂറൽ ആണെങ്കിൽ പ്രസവം കഴിഞ്ഞും അനസ്തീസിയ നൽകിയ ട്യൂബ് വഴി വേദനാസംഹാരികൾ നൽകാം. പ്രസവം കഴിഞ്ഞ് ഉടനെയുള്ള വേദനകൾ മരുന്നു നൽകി ഇങ്ങനെ നിയന്ത്രിക്കാം. 

കുഞ്ഞിന്റെയും അമ്മയുടെയും അവസ്ഥ, അമ്മ കഴിക്കുന്ന മരുന്നുകൾ എല്ലാം കണക്കിലെടുത്ത് അനസ്തീസിയ ഡോക്ടറാണ്  ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.  

ഡോ. രശ്മി സി. ആർ

പ്രഫസർ  

ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം,

ഗവ. മെഡി. കോളജ്, തൃശൂർ

Tags:
  • Manorama Arogyam