Thursday 02 September 2021 11:40 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

യോഗയും പ്ലാങ്ക്സും പിന്നെ തറതുടയ്ക്കലും അടിച്ചുവാരലും: 93ൽ നിന്നും 69ലെത്തിയ ഖുഷ്ബുവിന്റെ വ്യായാമ പദ്ധതി

khushboo-wl

ഗ്രാമീണ തനിമയുള്ള ശാലീനസുന്ദരിയായും പച്ചപ്പരിഷ്കാരിയായ നാഗരികയുവതിയായും ഒരേപോലെ തിളങ്ങിയ നടിയാണ് ഖുശ്ബി. കടുത്ത ആരാധന മൂലം ഖുശ്ബുവിന്റെ പേരിൽ ഒരു ക്ഷേത്രം തന്നെ പണിതിരുന്നു തമിഴ് ആരാധകർ. ഇപ്പോൾ ഖുശ്ബു വീണ്ടും ചർച്ചാവിഷയമാകുന്നത് ടൺ കണക്കിന് ഭാരം കുറഞ്ഞ്, നന്നേ മെലിഞ്ഞ് ഒരു കോളജ് കുമാരിയെ പോലെയുള്ള മേക്ക് ഒാവർ കൊണ്ടാണ്. കഠിനാധ്വാനം ഫലം കണ്ടപ്പോൾ എന്ന ക്യാപ്ഷനിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. യോഗയും പ്ലാങ്ക്സും ഉൾപ്പെട്ട വ്യായാമപദ്ധതിയാണ് ഭാരം കുറയ്ക്കാൻ സഹായിച്ചതെന്നു ഖുശ്ബു പറഞ്ഞിരുന്നു. എന്താണ് ഖുശ്ബുവിന്റെ ഭാരം കുറയ്ക്കാൻ സഹായിച്ച പ്ലാങ്ക് വ്യായാമത്തിന്റെ പ്രത്യേകത എന്നറിയണ്ടേ?

എന്താണ് പ്ലാങ്ക്?

planks3e4324 പ്ലാങ്ക് ശരിയായി ചെയ്യുന്ന വിധം

ശരീരത്തിന്റെ കോർ സ്ട്രെങ്ത് വർധിപ്പിക്കാൻ സഹായകമായ വ്യായാമമാണ് പ്ലാങ്ക്സ്. വയറ്, കൈകൾ, കാലുകൾ, തോൾ എന്നിവിടങ്ങളിലെയെല്ലാം പേശികൾക്കുള്ള മികച്ച വർക് ഔട്ട് ആണിത്. പ്ലാങ്ക്സ് ചെയ്യുന്ന സമയത്ത് വയർ ഉള്ളിലേക്ക് വലിച്ചുപിടിക്കാറുണ്ട്. ഇത് ഉദരപേശികളുടെ കരുത്തുവർധിക്കാനും വയറ് ഒതുങ്ങാനും സഹായിക്കും. നട്ടെല്ലിന് സമ്മർദം ഉണ്ടാകാത്ത ശരീരനിലയായതുകൊണ്ട് സിറ്റ് അപ് ചെയ്യുമ്പോഴുള്ളതുപോലെ നടുവേദന ഉണ്ടാകാറില്ല എന്നതും വലിയ മെച്ചമാണ്.

സൈഡ് പ്ലാങ്ക് , റിവേഴ്സ് പ്ലാങ്ക്, ട്വിസ്റ്റഡ് എന്നിങ്ങനെ പ്ലാങ്ക് പല രീതിയിൽ ചെയ്യാം. ആദ്യമൊക്കെ ഏതാനും സെക്കൻഡ് മാത്രമേ പ്ലാങ്ക് നിലയിൽ തുടരാനാകൂ. എന്നാൽ സ്ഥിരമായ പരിശീലനം കൊണ്ട് മൂന്നു മുതൽ ഏഴു മിനിറ്റ് വരെയൊക്കെ പ്ലാങ്ക് പൊസിഷനിൽ നിൽക്കാനാകും. ഒരു മിനിറ്റ് നേരമെങ്കിലും പ്ലാങ്ക് പൊസിഷനിൽ തുടരാനായാലേ പ്ലാങ്കിന്റെ ശരിയായ ഗുണം ലഭിക്കൂ.

93 കിലോയിൽ നിന്ന് 79–ലേക്ക്

യോഗയും പ്ലാങ്ക്സും കൂടാതെ ലോക്‌ഡൗണാണ് തന്റെ ഭാരം കുറയാനുള്ള പ്രധാനകാരണം എന്നാണ് ഖുശ്ബു പറയുന്നത്. 70 ലേറെ ദിവസങ്ങളായി തറ തുടയ്ക്കലും അടിച്ചുവാരലും ടോയ്‌ലറ്റ് കഴുകലും ഉൾപ്പെടെയുള്ള എല്ലാ വീട്ടുപണികളും താൻ തന്നെയാണ് ചെയ്യുന്നതെന്നു ം അത് ഭാരം കുറയാൻ സഹായിച്ചുവെന്നും ഖുശ്ബു പറയുന്നു.

2020 നവംബർ മുതൽ ഭാരം കുറയ്ക്കലിനായുള്ള ശ്രമത്തിലായിരുന്നുവത്രെ ഖുശ്ബു. 2021 മേയ് മുതലാണ് പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയത്. 93 കിലോയായിരുന്ന താരത്തിന്റെ ശരീരഭാരം ഇപ്പോൾ 79 കിലോ ആയി. ശരീരഭാരം 69 കിലോയിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നു ഖുശ്ബു പറയുന്നു.

Tags:
  • Fitness Tips
  • Manorama Arogyam