Monday 20 September 2021 04:32 PM IST : By സ്വന്തം ലേഖകൻ

കറുത്ത എള്ളും കരിഞ്ചീരകവും: ആര്‍ത്തവക്രമക്കേടുകള്‍ക്ക് പരീക്ഷിക്കാം ഈ ആയുര്‍വേദ പരിഹാരങ്ങള്‍

menst565

ഒരു സ്ത്രീയെ പുരുഷനിൽ നിന്നും വ്യത്യസ്ത ആക്കുന്ന ഏറ്റവും പ്രധാന ഘടകം അവളുടെ മാതൃത്വം തന്നെയാണ്. ഇതിലേക്ക് അടിത്തറ പാകുന്ന പ്രധാന ഘടകമാണ് ആർത്തവം. സ്ത്രീകളിലെ പ്രത്യുല്പാദനത്തിന്റെ ഭാഗമായി നടക്കുന്ന സ്വാഭാവിക പ്രക്രിയ ആയ ആർത്തവത്തിൽ പ്രത്യുല്പാദന അവയവങ്ങളായ ഓവറികളും ഗർഭപാത്രവുമാണ് പ്രധാന പങ്ക് വഹിക്കുന്നത്.

ഒരാർത്തവ ദർശനം മുതൽ അടുത്ത ആർത്തവ ദർശനം വരെയുള്ള 28 ദിവസങ്ങളാണ് സാധാരണ ഒരാർത്തവ ചക്രം.ഇതിൽനിന്ന് 7 ദിനം കൂടിയും കുറഞ്ഞും ആർത്തവം ദർശിക്കുന്നത് സ്വാഭാവികമാണ്. സാധാരണയായി 3 മുതൽ 7 ദിവസം വരെ ബ്ലീഡിങ് ഉണ്ടാവാം അതിൽ നിന്ന് ഏകദേശം 35 എംഎൽ ആർത്തവ രക്തം ആണ് ശരീരത്തിൽ നിന്ന് നഷ്ടമാകുന്നത്. ഈ പറഞ്ഞ രീതിയിൽ നിന്ന് വിഭിന്നമായി കാണുന്ന എല്ലാ ആർത്തവ ദർശനത്തെയും ഇറഗുലർ മെൻസ്ട്രേഷൻ അഥവാ അബ്നോർമൽ യൂട്രൈൻ ബ്ലീഡിങ് (AUB) എന്ന്‌ പറയും.

ആധുനിക രീതിയിൽ നോക്കിയാൽ ഹോർമോണ് തകരാറുകൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

കൂടാതെ അമിതമായ വണ്ണം, ശരീരം മെലിച്ചിൽ, ആരോഗ്യകാരമല്ലാത്ത ഭക്ഷണം, സ്ട്രെസ്, തൈറോയ്ഡ് പോലുളള രോഗങ്ങൾ, ചിലതരം മരുന്നുകൾ തുടങ്ങിയവ ഇതിലേക്ക്‌ വഴിയൊരുക്കും.

ഒരു മാസത്തിൽ 2 തവണയും, 3-4 മാസം കൂടുംബോൾ ഒരു തവണയും ,ബ്ലീഡിങ് കൂടിയും,കുറഞ്ഞും ,വേദനയോടും ഇല്ലാതെയും, രക്തകട്ടകൾ ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങൾ ക്രമം തെറ്റിയ ആർത്തവത്തിൽ കാണുവാൻ സാധിക്കും.

വിളർച്ച, ആർത്തവത്തിന്റെ ആദ്യഘട്ടങ്ങളിൽ, എൻഡോമെട്രിയോസിസ്, പിസിഒഡി, ഗർഭാശയത്തിലെ ഫൈബ്രോയിഡ്, ആർത്തവവിരാമം തുടങ്ങിയ അവസ്ഥകളിൽ ഈ ക്രമം തെറ്റിയ ആർത്തവം സംഭവിക്കാം.

ആയുർവ്വേദത്തിൽ പഞ്ച വായുക്കളിൽ ഒന്നായ അപാന വായുവിന്റെ ഗുണമില്ലായ്മയാണ് (വൈഗുണ്യം) ആർത്തവദോഷത്തിന് കാരണം ആകുന്നത് " രോഗാ: സർവ്വേയപി മന്ദാഗ്‌നൗ " എന്ന ആയുർവ്വേദ മതം അനുസരിച്ച് എല്ലാ രോഗങ്ങളുടെ തുടക്കും ദഹനേന്ദ്രിയ വ്യവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനം തന്നെയാണ്‌. അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ജീവിത സാഹചര്യത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഈ ആർത്തവ ദോഷത്തിന് പ്രധാന കാരണം.

ലക്ഷണങ്ങളെ മാത്രം നോക്കാതെ കാരണങ്ങളേയും കൂടി പരിഗണിച്ചാണ് ആയുർവ്വേദ ചികിത്സ നടത്തി വരുന്നത്.

ഗർഭാശയത്തിന് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ, ഗർഭാശയത്തിന്റെ വളർച്ച കുറവാകുക,മാംസ പേശി വൈകല്യങ്ങൾ തുടങ്ങിയവയും കാരണങ്ങളാകാം.

ശരിയായ വ്യായാമം,കൃത്യസമയത് ഉള്ള ഭക്ഷണം, ആവശ്യാനുസരണം കൃത്യ ഇടവേളകളിൽ വെള്ളം കുടിക്കുക ,മാനസിക ഉല്ലാസം നൽകുന്ന കളികൾ തുടങ്ങിയ കാര്യങ്ങൾ ശീലിച്ചാൽ ഇത്തരം അവസ്ഥ ഒഴിവാക്കാൻ പറ്റും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

∙ ഒരു വ്യക്തിയിൽ ഒന്നോ രണ്ടോ ദിവസം മാറി വരുന്ന ആർത്തവത്തെ നമ്മൾ ഭയക്കേണ്ടതില്ല ,എന്നാൽ തുടർച്ചയായി ക്രമം തെറ്റി വരുന്ന ആർത്തവം നമ്മൾ ഗൗരവം മനസ്സിലാക്കി വേണ്ട ചികിത്സ സ്വീകരിക്കണം

∙ ശരിയായ വ്യക്തി ശുചിത്വവും കൃത്യ സമയത്തു മലമൂത്ര വിസർജനവും പാലിക്കേണ്ടതാണ്

∙ അധികം എരിവും, പുളിയും ,എണ്ണയും ഭക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാക്കണം

∙ പഴകിയ ഭക്ഷണം, വീണ്ടും വീണ്ടും ചൂടാക്കിയ ഭക്ഷണം എന്നിവയും, തൈര് ഉഴുന്ന് മൈദ ബേക്കറി പലഹാരങ്ങൾ മുതലായവ ഭക്ഷണത്തിൽ നിന്ന് കഴിവതും ഒഴിവാക്കണം

∙ ഗ്യാസ് ഉണ്ടാക്കുന്ന കിഴങ്ങുവർഗ്ഗങ്ങൾ, പരിപ്പ്, പയറു വർഗ്ഗങ്ങൾ,എന്നിവ ഒഴിവക്കണം.

∙ രാത്രി ഉറക്കമൊഴിപ്പ്, പകലുറക്കം,ഇറുക്കമുള്ള വസ്ത്രങ്ങൾ, എന്നിവ ഒഴിവാക്കണം.

∙ ദഹിക്കാൻ എളുപ്പമുള്ളതും, ശരീരത്തിന് പോഷകം നല്കുന്നതുമായ ഭക്ഷണം ശീലിക്കണം.

∙ കറുത്ത എള്ള്, ഇഞ്ചിയും ശർക്കരയും, കായം ,കരിഞ്ജീരകം തുടങ്ങിയവ ആർത്തവത്തെ ഉത്തേജിപിക്കാനും അതു വഴി ക്രമത്തിൽ ആർത്തവം നടക്കാനും സഹായിക്കുന്നവയാണ്.

ദോഷകോപവും , രോഗകാരണവും ശ്രദ്ധിച്ചു ചെയ്യുന്ന ആയുർവ്വേദ ചികിത്സ എല്ലാ ആർത്തവ ക്രമകേടുകൾക്കും വളരെ ഫലപ്രദമാണ്.

സപ്തസാരം കഷായം, കണാശതാഹ്വാദി കഷായം, ചിരുവിൽല്വാദി കഷായം, സുകുമാരം കഷായം, ഹിങ്കുവാചാദി ചൂർണം, ഷഡ്ധാരണ ചൂർണം, പഞ്ചകോല ചൂർണം, രാജപ്രവർത്തനി വടി, അണ്ണഭേദി സിന്ദൂരം, അശോകാരിഷ്ടം, കുമാര്യാസവം തുടങ്ങി മരുന്നുകൾ ഉപയോഗിച്ചുവരുന്നു. ഒാരോ രോഗിക്കും അവരുെട അവസ്ഥ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക.

സ്വയം ചികിത്സ ഒഴിവാക്കി, വ്യാജവൈദ്യത്തിനു പുറകെ പോകാതെ അംഗീകൃത ആയുർവേദ ചികിത്സകരെ സമീപിക്കുക,

ഡോ. ഋഷികേശ് എൻ.

എംഡി & ചീഫ് ഫിസിഷൻ

അഷ്ടവൈദ്യൻ വയസ്കര കൃഷ്ണൻ മൂസസ് മെമ്മോറിയൽ നാരായണീയം ആര്യ ആയുർവേദം,

വയസ്കരക്കുന്ന്, കോട്ടയം

Email- narayaneeyamaryaayurvedam@gmail.com

Tags:
  • Manorama Arogyam
  • Health Tips