Friday 06 May 2022 05:25 PM IST : By മനോരമ ആരോഗ്യം ആർകൈവ്

വേദനയറിയാതെ പ്രസവിക്കാൻ വഴിയുണ്ടോ?

dewr345r4

എന്റെ മോൾക്ക് 23 വയസ്സ്. മൂന്നുമാസം ഗർഭിണിയാണ്. സിസേറിയനു താൽപര്യമില്ല. പ്രസവവേദന സഹിക്കാനും വയ്യ. പെയിൻലെസ് ഡെലിവറിക്ക് കുഴപ്പമുണ്ടോ?

പ്രസവവേദന പലർക്കും പല തീവ്രതയിലായിരിക്കും. ഒരാൾക്ക് മണിക്കൂറുകളോളം വേദന സഹിക്കേണ്ടി വന്നു എന്നു കരുതി എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് വേദനയെക്കുറിച്ചുള്ള മുൻവിധികൾ വേണ്ട.

ചിലർക്ക് പ്രസവവേദനയുടെ തുടക്കത്തിൽ മയങ്ങാനുള്ള കുത്തിവയ്പ് നൽകും. ഈ കുത്തിവയ്പ് കൊണ്ടും ആശ്വാസമില്ലെങ്കിൽ എപ്പിഡ്യൂറൽ അനസ്തീസിയ പരീക്ഷിക്കാം. ഈ രീതിയിൽ നട്ടെല്ലിലെ എപ്പിഡ്യൂറൽ ഭാഗത്ത് അനസ്തീസിയ നൽകിയാണ് പ്രസവം വേദനാരഹിതമാക്കുന്നത്. ചിലരിൽ വേദന കുറയ്ക്കാൻ ലാഫിങ് ഗ്യാസ് നൽകുന്ന രീതിയുമുണ്ട്. ഒാരോന്നിനും അതിന്റേതായ ചില പ്രശ്നങ്ങളുണ്ടാകാം. ഏതു മാർഗ്ഗമാണ് വേണ്ടതെന്നു ഡോക്ടറെ കണ്ട് വിശദമായി സംസാരിച്ച് തീർച്ചപ്പെടുത്തുക. പലപ്പോഴും അനാവശ്യ മരുന്നുകൾ കൊണ്ടു സാധാരണ രീതിയിൽ പ്രസവം നടക്കാതെ സിസേറിയനെ ആശ്രയിക്കാനുമിടയുണ്ട്. ആദ്യം മനസ്സിനെ സാധാരണ പ്രസവത്തിലേക്കു പാകപ്പെടുത്താൻ ശ്രമിക്കുക. കഴിയുന്നില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും കുഴപ്പം വരാതെ മരുന്നു കുത്തിവച്ച് പ്രസവം സുഖകരമാക്കുക.

ഉത്തരം നൽകിയത്:

ഡോ. സുഭദ്രാനായർ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips