Monday 25 April 2022 05:10 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കയ്യിലെ തരിപ്പും മരവിപ്പും പുകച്ചിലും ; ഡിസ്ക് പ്രശ്നം മുതൽ വരെ അർബുദം വരെ കാരണങ്ങൾ

fefertre343

ഡോക്ടർ, കൈയിലെ തരിപ്പ് കാരണം ഒരു ജോലിയും ചെയ്യുവാൻ കഴിയുന്നില്ല. ഒരു പാത്രം എടുക്കുവാനോ എന്തിനു ഫോൺ ചെയ്യാനോ പറ്റുന്നില്ല. ആറേഴു മാസം മുൻപ് പെരുവിരലിനു മാത്രമായിരുന്നു പ്രശ്നം. അതു പിന്നീട് ചൂണ്ടുവിരലിലേക്കും ഇപ്പോൾ മോതിരവിരൽ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിനെന്താണ് ഡോക്ടർ ഒരു പ്രതിവിധി. ഇങ്ങനെയൊരു സംശയം നിരവധി പേർക്കുണ്ടാകാം.

കാരണങ്ങൾ ഒട്ടേറെ

ഒരു ഫിസിഷനെ സംബന്ധിച്ച് പൊതുവായി കാണുന്ന ഒരു പ്രശ്നമാണ് തരിപ്പും മരവിപ്പും പുകച്ചിലും. വളരെ ലഘുവായ കാർപൽ ടണൽ സിൻഡ്രം, ഫൈബ്രോമയാൽജിയ തുടങ്ങി ഗൗരവമേറിയ മസ്തിഷ്കാഘാതവും അർബുദവും വരെ ഇതിനു പല കാരണങ്ങളുണ്ട്. നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില വസ്തുതകൾ താഴെ വിവരിക്കുന്നു.

1. കാർപൽ ടണൽ സിൻഡ്രോം

മധ്യവയസ്കരായ സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന ഒരു അസുഖമാണിത്. പ്രമേഹം, തൈറോയ്ഡ് രോ ഗങ്ങളുള്ളവരിലും അമിതവണ്ണമുള്ളവരിലും അധികമായി കണ്ടുവരുന്നു. കൈവിരലുകളിൽ ഉണ്ടാകുന്ന തരിപ്പാണ് പ്രധാന ലക്ഷണം. കൈപ്പത്തിക്കു മുകളിലേക്ക് ഇതു വ്യാപിക്കാറില്ല. പെരുവിരലിൽ തുടങ്ങി മാസങ്ങളെടുത്തു മോതിരവിരൽ വരെ തരിപ്പ് സാവധാനം വ്യാപിക്കുന്നു. ലക്ഷണങ്ങളും ലഘുവായ പരിശോധനയും വഴി എളുപ്പത്തിൽ മനസ്സിലാക്കാം. മരുന്നുകളും, കൈത്തണ്ടയിൽ സ്റ്റിറോയ്‍ഡ് മരുന്നുകളുടെ കുത്തിവയ്പുമാണ് പ്രാഥമിക ചികിത്സ. ഫലപ്രാപ്തി ഇ ല്ലാതെ വരുമ്പോൾ കൈത്തണ്ടയിലെ സമ്മർദ്ദം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ആവശ്യമായി വരുന്നു.

2.ഡ‍ിസ്ക് പ്രൊലാപ്സ്

കൈ കാൽ തരിപ്പിന്റെ മറ്റൊരു പ്രധാന കാരണമാണ് ഡിസ്ക് പ്രൊലാപ്സ്. നട്ടെല്ലിന്റെ മധ്യേയുള്ള ഡിസ്കിന്റെ തേയ്മാനം കൊണ്ട് നാഡികളിൽ സമ്മർദമുണ്ടാവുകയും, തന്മൂലം രോഗികൾക്കു കഴുത്തുവേദന, നടുവേദന എന്നിവയോടൊപ്പം തരിപ്പും അനുഭവപ്പെടാം. വേദനാസംഹാരികളും നീർക്കെട്ടിനുള്ള മരുന്നുകളും കഴിച്ചു ഫലപ്രദമാകുന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടതായി വരുന്നു.

3. ഡയബറ്റിക് ന്യൂറോപ്പതി

അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ നാഡികളെ ബാധിക്കുന്ന അ സുഖമാണ് ഡയബറ്റിക് ന്യൂറോപ്പതി. രണ്ടു കാൽപ്പാദങ്ങളിലും സമാസമം ആരംഭിക്കുന്നതും മെല്ലെ കാൽമുട്ടുകളിലേക്കും പിന്നെ കൈവിരലുകളിലേക്കും വ്യാപിക്കുന്നതുമായ തരിപ്പും മരവിപ്പുമാണ് പ്രധാന ലക്ഷണം. കാലിൽ സംവേദനം കുറയുന്നതുകൊണ്ടു കാലിലുണ്ടാകുന്ന മുറിവുകളും മറ്റും ശ്രദ്ധയിൽ പെടാതെ പോകുകയും അണുബാധ വ്യാപിച്ച് വിരലുകൾ മുറിച്ചു മാറ്റുന്നതിലേക്കു വരെ ഇത് നീളാനും സാധ്യതയുണ്ട്. അതിനാൽ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും, ഡോക്ടർ നിർദേശിക്കുന്ന പ്രത്യേക പാദരക്ഷകൾ ധരിക്കുകയും വേണം. മരുന്നുകൾ രോഗലക്ഷണങ്ങൾ ശമിപ്പിക്കുമെങ്കിലും പ്രമേഹം നിയന്ത്രണത്തിലാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.

4. മസ്തിഷ്കാഘാതം (സ്ട്രോക്ക്)

മസ്തിഷ്കത്തിലെ രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന സുസ്ഥിരമായ ക്ഷതത്തെയാണ് മസ്തിഷ്കാഘാതം എന്ന് വിളിക്കുന്നത്. ശരീരത്തിന്റെയോ മുഖത്തിന്റെയോ ഒരു വശത്തുണ്ടാകുന്ന പെട്ടെന്നുള്ള തളർച്ചയോ ശക്തമായ മരവിപ്പോ ഇതിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന രോഗികൾ അതിവേഗം വൈദ്യസഹായം തേടേണ്ടതാണ്. പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ എന്നീ അസുഖങ്ങൾ ഉള്ളവരിൽ മസ്തിഷ്കാഘാതം കൂടുതലായി കാണപ്പെടുന്നു.

5. വൈറ്റമിൻ ബിÐ12, കാത്സ്യം എന്നിവയിലെ വ്യതിയാനങ്ങൾ

വൈറ്റമിൻ ബിÐ12; കാത്സ്യം എന്നിങ്ങനെ നാഡ‍ികളുടെ പ്രവർത്തനത്തിനാവശ്യമായ അനേകം ഘടകങ്ങളുണ്ട്. ഇതിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തരിപ്പും മരവിപ്പുമായി രോഗികൾക്കനുഭവപ്പെടുന്നു. ഡയബറ്റിക് ന്യൂറോപ്പതി പോലെ കാലുകളിൽ തുടങ്ങി മുകളിലേക്കു വ്യാപിക്കുന്ന രീതിയിലാണ് പൊതുവെ രോഗികൾക്കു ലക്ഷണങ്ങൾ അനുഭവപ്പെടുക. രക്തപരിശോധനകളിലൂടെ എളുപ്പം മനസ്സിലാക്കാനും ചികിത്സിച്ചു മാറ്റിയെടുക്കാനും സാധിക്കുന്ന രോഗങ്ങളാണിവ.

6. അണുബാധ മൂലമുണ്ടാകുന്ന തരിപ്പും പുകച്ചിലും

കൈകാലുകളിലെ സംവേദനക്കുറവും വെളുത്ത പാടുകളുമാണ് കുഷ്ഠരോഗത്തിന്റെ (Hansen’s disease) ലക്ഷണം. ശരീരത്തിന്റെ ഒരു ഭാഗത്ത്, പ്രത്യേകിച്ച് നെഞ്ചിലോ വയറ്റിലോ ഉ ണ്ടാകുന്ന തരിപ്പും, ശേഷം തരിപ്പുണ്ടായ ഭാഗത്തുണ്ടാകുന്ന സ്രവം നിറഞ്ഞ കുരുക്കളുമാണ് വിസർപ്പത്തിന്റെ (Herpes zoster) ലക്ഷണം. ഇതിന് പുറമെ എച്ച്ÐഐÐവി, ലൈംസ് ഡിസീസ്, EBV തുടങ്ങിയവും നാഡികളെ ബാധിക്കാറുണ്ട്.

7. മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മറ്റു ‍നാഡീരോഗങ്ങൾ

ഏതു പ്രായക്കാരെയും, പൊതുവെ 16-നും 55Ðനും ഇടയിൽ, ബാധിക്കാവുന്ന ഒരു ‘ഓട്ടോ ഇമ്യൂൺ’ (രോഗപ്രതിരോധശക്തി താളം തെറ്റുന്ന അവസ്ഥ) അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. പെട്ടെന്നുണ്ടാകുന്ന കാഴ്ചക്കുറവോ , ശരീരഭാഗങ്ങളിലോ മുഖത്തോ ശക്തമായ തരിപ്പോ ആണ് രോഗലക്ഷണങ്ങൾ. ദീർഘനാളത്തെ ചികിത്സ ആവശ്യമായി വരുന്ന അസുഖമാണിത്. ഗില്ലൻ ബാരെ സിൻഡ്രോം എന്ന മറ്റൊരു മാരകരോഗത്തിന്റെ ആദ്യ ലക്ഷണവും പൊടുന്നനെ രണ്ടു കാലുകളിലും ഉണ്ടാകുന്ന ശക്തമായ തരിപ്പും മരവിപ്പുമാണ്. തലച്ചോറിലും സുഷുമ്നാ നാഡിയിലുമുണ്ടാകുന്ന അർബുദം തരിപ്പും മരവിപ്പുമുണ്ടാക്കാവുന്നതാണ്. അത്ര സാധാരണമല്ലെങ്കിലും.

8. സന്ധിവാതവും ബന്ധപ്പെട്ട അസുഖങ്ങളും

സന്ധിവാതവും അനുബന്ധ രോഗങ്ങളായ ലൂപ്പസ്, ഷോഗ്രൻസ് എന്നിവയും വാസ്കുലൈറ്റിസ് (Vasculitis) ഗണത്തിൽപ്പെട്ട രോഗങ്ങളും തരിപ്പും മരവിപ്പും ഉണ്ടാക്കാറുണ്ട്. തരിപ്പിനും മരവിപ്പിനുമൊപ്പം തന്നെ സന്ധിവേദന, വീട്ടുമാറാത്ത പനി, നീർക്കെട്ട്, ചർമത്തിലെ പാടുകൾ എന്നിവയാണു മറ്റ് ലക്ഷണങ്ങൾ. നാൽപ്പതു വയസ്സിനോടടുത്ത സ്ത്രീകളിലാണ് ഈ അസുഖങ്ങൾ കൂടുതൽ കാണാറുള്ളത്. വൈദ്യസഹായം വേണ്ടതും ദീർഘകാല ചികിത്സ വേണ്ടതുമായ രോഗങ്ങളാണിവ.

9.ഫൈബ്രോമയാൽജിയ

ഗൗരവമില്ലാത്തതെങ്കിലും രോഗിക്കു നല്ല അസ്വാസ്ഥ്യം ഉണ്ടാക്കാവുന്ന രോഗമാണിത്. ശരീരമാസകലം വേദനകളും തരിപ്പുമാണ് ലക്ഷണം. ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവയും കാണപ്പെടുന്നു. മരുന്നുകളോടൊപ്പം വ്യായാമം, യോഗ എന്നിവ ചേർന്നുള്ള ചികിത്സ ഫലപ്രദമായി കാണപ്പെടുന്നു.

തരിപ്പും മരവിപ്പും സാധാരണയായി ഉണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. പെട്ടെന്നുണ്ടാകുന്ന മരവിപ്പ് അടിയന്തരമായി വൈദ്യസഹായം തേടേണ്ട ഒന്നാണ്. വളരെ നാളുകളായി വിട്ടുമാറാതെ നി ൽക്കുന്ന തരിപ്പും മരവിപ്പും ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുള്ളതിനാൽ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

ഡോ. എബിൻ ജെ. കുളങ്ങര

കൺസൽറ്റന്റ് ഫിസിഷൻ

മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , എറണാകുളം

info@medicaltrusthospital.org

Tags:
  • Daily Life
  • Manorama Arogyam