Thursday 19 August 2021 11:26 AM IST

ഹൃദയത്തില്‍ താരാട്ടു പാടിയത് 11 കൊല്ലം, കാത്തിരിപ്പിന്റെ 7-ാം മാസം ഗുരുതരാവസ്ഥയില്‍: അദ്ഭുതമാണ് വിന്‍സിയും ഈ കുരുന്നുകളും

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

vincy-cover

ക്രിസ്‌ലിൻ മരിയയും മെർലിൻ ടെസ്സിയും ജെഫിൻ കോശിയും വിൻസിയുടെ കയ്യിലെത്തിയിട്ട് ഒന്നര വർഷമെ ആയിട്ടുള്ളൂ. എന്നാൽ 11 വർഷങ്ങളായി വിൻസി ഹൃദയത്തിൽ താരാട്ടുപാടിയത് ഈ കുഞ്ഞുങ്ങൾക്കു വേണ്ടിയായിരുന്നു. അമ്മയാകാൻ കൊതിച്ച് എത്ര കാലമാണ് കാത്തിരുന്നത്. എന്നാൽ വിൻസിയുടെ ഹൃദയപ്പാതികളായി മൂന്നു വാവകളെ സമ്മാനിച്ച് കാലം ആ നോവ് മായ്ച്ചു കളഞ്ഞു.

ഛത്തീസ് ഗഡിലെ അംബികാപ്പൂരിലെ 223–ാം നമ്പർ വീട്ടിൽ ക്രിസ്‌ലിൻ എന്ന ‘ക്രിസ്ഫെല്ലോ’യും മെർലിൻ എന്ന ‘മെല്ലിപ്പായോയോ’വും ജെഫിൻ എന്ന ‘ജഫാപ്പു’വും കുഞ്ഞിച്ചിരികൾ കൊണ്ടു മനം മയക്കുമ്പോൾ വിൻസിയുടെ മുഖത്ത് വാൽസല്യത്തിന്റെ മഴവില്ല് വിടരും. അജിത് ആ സ്നേഹവർണങ്ങളോടു ചേർന്നു നിൽക്കും. ഛത്തീസ്ഗഡിലെ ഹോളി ക്രോസ് ആശുപത്രിയിൽ പ്രധാനമന്ത്രി യോജനയുടെ ഭാഗമായ ആയുഷ്മാൻ ഭാരത് പ്രോജക്‌റ്റ് ഒാഫിസറാണ് 38കാരിയായ വിൻസി അജിത്. ബിഎസ് സി നഴ്സിങ്ങാണ് പഠിച്ചത്. ഛത്തീസ് ഗഡിൽ ബാങ്ക് മാനേജറാണ് ഭർത്താവ് അജിത്. മാതൃത്വത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ 2017–ൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അവർ ചികിത്സ ആരംഭിച്ചു.

‘‘ആദ്യ സ്കാനിങ്ങിൽ മൂന്ന് കുഞ്ഞുങ്ങളാണ് എന്നറിഞ്ഞപ്പോൾ പറയാനാകാത്ത സന്തോഷമായിരുന്നു’’. വിൻസിയുടെ വാക്കുകളി ൽ ആഹ്ലാദം നിറയുന്നുണ്ട്. വിൻസിക്കു നല്ല പരിചരണം ലഭിച്ചു. മാതാപിതാക്കൾക്കും സഹോദരന്റെ കുടുംബത്തിനുമൊപ്പം സ്നേഹനിർഭരമായിരുന്നു ആ കാലം. ഗർഭകാലത്ത് പാചകം ചെയ്തും പാട്ടുകൾ കേട്ടും പൊസിറ്റിവിറ്റി നിലനിർത്തി. ആരോഗ്യകരമായ, സംതുലിതമായ ഡയറ്റ് ശീലിച്ചു. ഗർഭത്തിലെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭാരം നിലനിർത്തുന്നതിലും വിൻസി ശ്രദ്ധിച്ചു. മാനസികമായി ഒരുപാടൊരുങ്ങി.

‘‘എന്റെയും മക്കളുടെയും ജീവിതം ഒരു മിറക്കിൾ പോലെയാണെന്നു പറയാം. ആദ്യ ഏഴുമാസങ്ങൾ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എന്നാൽ 33–34 ആഴ്ചയായപ്പോൾ ബിപി പെട്ടെന്ന് കൂടി. ഡിസെമിനേറ്റഡ് ഇൻട്രാ വാസ്കുലാർ കൊയാഗുലേഷൻ എന്ന ഗുരുതരാവസ്ഥയിലെത്തി. പെട്ടെന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡി.കോളജിലേക്ക് റഫർ ചെയ്തു. അവിടെ വച്ച് കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങളും ഞാനും വെന്റിലേറ്ററിലായിരുന്നു. 50 ദിവസത്തോളം മെഡിക്കൽ കോളജിൽ അ‍‍ഡ്മി‌റ്റ് ആയിരുന്നു. ഡോ. ബീനാ കുമാരിയായിരുന്നു മെഡിക്കൽ കോളജിൽ എന്റെ ഡോക്ടർ’’– വിൻസി പറയുന്നു.

എല്ലാവരുടെയും പിന്തുണയിലും പ്രാർഥനയിലും വിൻസി ആ വലിയ പ്രതിസന്ധിയെയും അതിജീവിച്ചു. കുഞ്ഞുങ്ങളെ വളർത്തുമ്പോൾ കുടുംബത്തിന്റെ പിന്തുണ വലിയശക്തിയാണെന്നു വിൻസി പറയുന്നു. ഒരു വർഷം കുഞ്ഞുങ്ങൾക്കൊപ്പം ആയിരുന്ന ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. 10– 7 വരെ ആശുപത്രിയിലായിരിക്കും. വീടിന് തൊട്ടടുത്താണ് ആശുപത്രി. ഇടവേളകളിൽ വീട്ടിൽപോകാം. ആറു മാസം വരെ മുലപ്പാലിനൊപ്പം ഫോർമുലാ ഫീഡും നൽകി. ആറു മാസം കഴിഞ്ഞപ്പോൾ സപ്ലിമെന്ററി ഫൂഡ് തുടങ്ങി. കട്ടിയാഹാരങ്ങൾ നൽകി. സാധാരണ ആഹാരങ്ങളൊക്കെ എരിവു കുറച്ച് നൽകുന്നുണ്ട്. മൂന്നു കുഞ്ഞുങ്ങളെയും ഒരേ സമയത്ത് ഉറക്കിയാൽ ബുദ്ധിമുട്ടു കുറയുമെന്നതാണ് പുതിയ കണ്ടെത്തൽ.

ജോലി കഴിഞ്ഞു വരുമ്പോളാണ് കൂടുതൽ സമയം കുട്ടികളുടെ അടുത്ത് വിൻസി ചെലവഴിക്കുന്നത്. ‘‘ശരിക്കും എൻജോയ് ചെയ്യുകയാണ് ആ സമയം. ബാ ബാ ബ്ലാക് ഷീപ് , ട്വിങ്കിൾ ട്വിങ്കിൾ... പോലുള്ള പാട്ടുകൾ പാടിക്കൊടുക്കും. ആക്‌ഷൻ കാണിക്കുന്നത് ഇഷ്ടമാണ്. ഇങ്ങനെയൊക്കെ ശ്രദ്ധ വ്യതിചലിപ്പിച്ച് കഴിപ്പിക്കും’’. കുഞ്ഞുങ്ങളുടെ എണ്ണം കൂടുമ്പോൾ അവർ കെയറിങ് ആൻഡ് ഷെയറിങ് പഠിക്കും. കുഞ്ഞുങ്ങൾ സംസാരിക്കാറായില്ലെങ്കിലും അവരുടേതായ ഭാഷയിൽ പരസ്പരം ആശയവിനിമയം നടത്താറുണ്ട്. ഒരാളെ കണ്ടില്ലെങ്കിൽ അന്വേഷിക്കും. നടക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കളിക്കാനുമിഷ്ടമാണ്. ഒരാളെപ്പോഴും ഏറെ ശ്രദ്ധയോടെ കൂടെ വേണം. നല്ല സ്വഭാവത്തോടെ, ആരോഗ്യത്തോടെ മ ക്കൾ വളരണം എന്നതാണ് വിൻസിയുടെ സ്വപ്‌നം. ‘‘പാട്ടു കേട്ടാലുടൻ മൂന്നുപേരും തുള്ളിച്ചാടി ഡാൻസ് ചെയ്യും. മോൻ നന്നായി ഡ്രം കൊട്ടും. അമ്മമാരുടെ ഉറക്കമൊക്കെ കുറയും... പക്ഷേ എത്ര കഷ്ടപ്പാടുണ്ടായാലും അമ്മമാർ അതെല്ലാം മറന്നു പോകില്ലേ..? വിൻസി വാക്കുകൾ ആർദ്രമാകുന്നു.