ADVERTISEMENT

ഡൽഹിയുടെ മുഖം എന്ന് വിളിക്കാവുന്ന ഇന്ത്യാഗേറ്റിൽ നിന്ന് സഞ്ചാരം ആരംഭിക്കാം. ഇതിന്റെ പരിസരത്ത് നിന്നാണ് ഡൽഹിയിലെ പ്രധാന റോഡുകളെല്ലാം തുടങ്ങുന്നത്. ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നാണ് ഇന്ത്യാഗേറ്റിന്റെ യഥാർഥ പേര്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്സൈന്യത്തിന് വേണ്ടി പോരാടി മരിച്ച 70000 സേനാനികളുടെ സ്മരണാർഥമാണ് ഇന്ത്യഗേറ്റ് നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യാഗേറ്റ്. എഡ്വിൻ ല്യൂട്ടൻസ് എന്ന എൻജിനീയർ പാരീസിലെ ആർക്ക് ഡി ട്രയംഫിന്റെ മാതൃകയിൽ നിർമ്മിച്ച സ്മാരകമാണിത്. 1931 ൽ നിർമാണം പൂർത്തിയായ ഇന്ത്യാഗേറ്റിന് 42 മീറ്റർ ഉയരമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻസേനയുടെ യുദ്ധസ്മാരകം അമർ ജവാൻ ജ്യോതി ഇന്ത്യാഗേറ്റിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവൻ, നാഷനൽ മ്യൂസിയം, പാർലമെന്റ് ഹൗസ്, ജന്തർ മന്തർ എന്ന വാനനിരീക്ഷണ കേന്ദ്രം, കോൺനാട്ട് പ്ലേസ് (Connaught place), അഗ്രസേൻ കി ബാവലി, ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം, ലോധി ഗാർഡൻ, ഗാന്ധി സ്മൃതി, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട് എന്നിവയാണ് ഇന്ത്യഗേറ്റിന് അടുത്തുള്ള മറ്റ് കാഴ്ചകൾ.

താജ്മഹൽ പോലൊരു സ്മൃതികുടീരം

Delhiinfo3
ADVERTISEMENT

ഒട്ടേറെ ചരിത്രസ്മാരകങ്ങളുടെ നിർമിതിയ്ക്ക് പ്രചോദനമായി മാറിയ സ്മാരകം, അതാണ് ഹുമയൂണിന്റെ മൃതികുടീരം. മുഗൾവാസ്തുവിദ്യയുടെ സൗന്ദര്യം ആകപ്പാടെ ഉൾക്കൊണ്ട ഈ സ്മൃതിമണ്ഡപം കിഴക്കേ നിസാമുദ്ദീൻ പ്രദേശത്ത് മഥുര റോഡിന് സമീപത്താണ് നിലകൊള്ളുന്നത്. പ്രസിദ്ധമായ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ ഇതിനു സമീപത്താണ്. മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബറിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹുമയൂൺ 1530 ൽ ചക്രവർത്തിയായി അധികാരമേറ്റു. പല പ്രബലയുദ്ധങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നേരിടേണ്ടി വന്നു. ഷേർ മണ്ഡൽ എന്ന അദ്ദേഹത്തിന്റെ ലൈബ്രറി കെട്ടിടത്തിൽ നിന്ന് കാൽതെറ്റി വീണ് 1556 അദ്ദേഹം മരണപ്പെട്ടു. ഹുമയൂണിന്റെ ആദ്യ പത്നി ഹാജി ബേഗമാണ് അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഹുമയൂൺ ടോംബ് പണികഴിപ്പിച്ചത്. 1572 ലാണ് ഇതിന്റെ നിർമാണം പൂർത്തിയാകുന്നത്. പേർഷ്യൻ ശിൽപി മിറാക് മിർസ ഗിയാസയാണ് സ്മൃതികുടീരം രൂപകൽപന ചെയ്തത്. ഇന്ത്യൻ വാസ്തുകലയിൽ പേർഷ്യൻ ശൈലിയുടെ കൂടിച്ചേരൽ കാണാം. സ്മൃതികുടീരത്തിനു ചുറ്റും മനോഹരമായ നടപ്പാതകളും ജലധാരകളും പൂന്തോട്ടങ്ങളുമുണ്ട്.

ചാർബാഗ് എന്ന ഉദ്യാനത്തിനു നടുവിലാണ് ഹുമയൂൺ ടോംബ് നിലകൊള്ളുന്നത്. 1993 ൽ ഇവിടെ യുനെസ്കോ പൈതൃകപട്ടികയിൽ ഇടംനേടി. ഹുമയൂൺ ടോംബിന് താജ്മഹലിനോട് രൂപസാദൃശ്യം തോന്നും എന്നത് സഞ്ചാരികളിൽ കൗതുകമുണർത്തും.

ADVERTISEMENT

പ്രവേശനസമയം– രാവിലെ മുതൽ രാത്രി 7.30 വരെ എല്ലാ ദിവസവും തുറക്കുന്നു. അടുത്ത മെട്രോ– ജാൻഗ്പുര (Jangpura)- (വയലറ്റ് ലൈൻ), പ്രവേശനനിരക്ക് – ₨35

ലോട്ടസ് ടെംപിളും കുത്തബ്മിനാറും

delhiinfor
ADVERTISEMENT

വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാത്ത ക്ഷേത്രം, ലോട്ടസ് ടെംപിളാണ് അടുത്ത കാഴ്ച. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നാണ് ഈ ബഹായി ആരാധനാലയം അറിയപ്പെടുന്നത്. ഇറാനിയൻ ആർകിടെക്റ്റ് ഫാരി ബോർസ് സാബയാണ് താമരയുടെ ആകൃതിയിലുള്ള ഈ നിർമിതിയ്ക്ക് പിന്നിൽ. ഒൻപത് വശങ്ങൾ, മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങള്‍ ചേർന്നതാണ് ഈ ക്ഷേത്രം. ഒൻപത് വാതിലുകളും അകത്തെ പ്രധാന പ്രാർഥനാമുറിയിലേക്കാണ് നയിക്കുന്നത്.

പ്രവേശനസമയം – 9.00 AM – 5.30 PM, തിങ്കൾ അവധി, പ്രവേശനം സൗജന്യം, അടുത്ത മെട്രോ– കാൽകജി മന്ദിർ (Kalkaji Mandir), (വയലറ്റ് ലൈൻ)

ഡൽഹി എന്ന പേരിനോട് ചേർത്ത് പറയുന്ന കുത്തബ് മിനാർ. ഇഷ്ടികകൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരമാണിത്. 72.5 മീറ്ററാണ് ഈ ഗോപുരത്തിന്റെ നീളം. ഇന്തോ– ഇസ്‌ലാമിക് വാസ്തുശൈലിയിലാണ് നിർമാണം. മുഗൾ വാസ്തുശൈലിയിൽ നിർമിച്ചിട്ടുള്ള താഴികക്കുടമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. അടിമവംശസ്ഥാപകനായ കുത്തബ്ദീൻ ഐബക്കാണ് ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ. കുത്തബ് മിനാറിന്റെ നിർമാണത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. കുത്തബ് കോംപ്ലക്സിൽ നിലകൊള്ളുന്ന തുരുമ്പെടുക്കാത്ത ഇരുമ്പ് സ്തൂപം ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഏഴുമീറ്റർ ഉയരമുള്ള ഈ തൂൺ എഡി 400 ൽ ചന്ദ്രഗുപ്ത വിക്രമാദിത്യൻ രണ്ടാമന്റെ കാലത്ത് പണിതീർത്തതാണ്. അഞ്ച് നിലകളുള്ള കുത്തബ് മിനാറിന് മുകളിലേക്ക് കയറാൻ 379 പടികളുണ്ട്. പക്ഷേ, സുരക്ഷാപ്രശ്നം കണക്കിലെടുത്ത് വർഷങ്ങളായി ആരെയും കടത്തിവിടുന്നില്ല.

പ്രവേശനം – 9.00 AM – 5.00 PM, എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നു.അടുത്ത മെട്രോ– കുത്തബ് മിനാർ, യെല്ലോ ലൈൻ

ചുവന്ന കോട്ടയും ജുമാ മസ്ജിദും

ഹുമയൂണിന്റെ പുത്രനായ അക്ബറിന്റെ മകൻ ഷാജഹാൻ തന്റെ പേരിനോട് ചേർത്ത് ഷാജഹാനാബാദ് (പുരാനാ ദില്ലി) എന്നൊരു പട്ടണവും ചുവപ്പ് കോട്ടയും ജുമാ മസ്ജിദും ഡൽഹിയിൽ പണിതു. മുഗൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരവും അതിശയിപ്പിക്കുന്നതുമായ നിർമ്മിതികളിലൊന്നാണ് ചെങ്കോട്ട. 1639–48 വരെ പത്തുവർഷമെടുത്ത് ചെങ്കോട്ട നിർമിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോയിരുടെ നേതൃത്വത്തിൽ ചുവന്നകല്ലിൽ നിർമ്മിച്ചതാണ് ഈ കോട്ട. 255 ഏക്കറിലാണ് കോട്ട നിലകൊള്ളുന്നത്. രണ്ടു പ്രധാനകവാടങ്ങളാണുള്ളത്, ലാഹോറി ഗേറ്റ്, ഡൽഹി ഗേറ്റ്. ഒരുപാട് കെട്ടിടങ്ങളും കൊട്ടാരങ്ങളും ഉൾപ്പെടെ നിരവധി കാഴ്ചകൾ ഇതിനുള്ളിലുണ്ട്. ഛത്ത ചൗക്ക് മാർക്കറ്റ്, ഷാ ബുർജ്, ദിവാൻ ഇ ഈം, ഹമ്മം, ഹീരാ മഹൽ, മുംതാസ് മഹൽ, ഖാസ് മഹൽ, രംഗ് മഹൽ, മോത്തി മസ്ജിദ്....തുടങ്ങിയവ ഇതിൽ ചിലതുമാത്രം. റെഡ് ഫോർട്ട് സന്ദർശകർക്ക് കോട്ടയുടെ ചരിത്രം വിശദമാക്കുന്ന ടൂർ നൽകുന്നുണ്ട്.

പ്രവേശനസമയം – 9.30 AM – 4.30 PM, തിങ്കൾ അവധി, പ്രവേശനം സൗജന്യം, അടുത്ത മെട്രോ– ചാന്ദ്നിചൗക്ക്, യെല്ലോ ലൈൻ/ ലാൽ ക്വില, വയലറ്റ് ലൈൻ, പ്രവേശനനിരക്ക് – ₨35

dlhiinfm

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ പുത്രി റോഷ്നാരാ പണികഴിപ്പിച്ചതാണ് ഡൽഹിയിലെ പ്രശസ്ത വാണിജ്യകേന്ദ്രമായ ചാന്ദ്നി ചൗക്ക്. ഷോപ്പിങ് പ്രേമികളുടെയും സ്ട്രീറ്റ് ഫൂഡ് ആസ്വാദകരുടെയും പ്രിയപ്പെട്ട കേന്ദ്രമാണ് ഇന്ന് ചാന്ദ്നി ചൗക്ക്. ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയമായ ഡൽഹി ജുമാ മസ്ജിദ്. മസ്ജിദ് ഇ ജഹൻ നുമ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുപ്രവേശന കവാടങ്ങളും നാലുമിനാരങ്ങളും ഖുബ്ബകളും കൂടിയതാണ് ഈ മസ്ജിദ്. ഇന്തോ– ഇസ്‌ലാമിക്– മുഗൾ വാസ്തുവിദ്യ സങ്കലനമായ പള്ളിയിൽ മനോഹരങ്ങളായ മൂന്ന് താഴികക്കുടങ്ങളാണ് ഉള്ളത്. പള്ളിയുടെ ഉൾഭാഗം കറുപ്പും വെളുപ്പും ചേർന്ന മാർബിളുകളിൽ പണിതതാണ്. ചെങ്കല്ലും വെളുത്ത മാർബിളുമാണ് നിർമിതിയ്ക്കായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. രാവിലെ ഏഴുമുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 6.30 വരെയുമാണ് പ്രവേശനം. ആഴ്ചയിൽ എല്ലാ ദിവസവും പ്രവേശനം അനുവദിക്കും. അടുത്ത മെട്രോ–ചാന്ദ്നിചൗക്ക്, യെല്ലോ ലൈൻ

ഇവിടെ മനസ്സർപ്പിക്കാം

Delhiinfo2

മഹാത്മാഗാന്ധിയുടെ സ്മരണകളുറങ്ങുന്ന രാജ്ഘട്ട്.യമുനാനദിയുടെ തീരത്ത് ഗാന്ധിമാർഗിലാണ് രാജ്ഘട്ട്. ഗാന്ധി മാത്രമല്ല ജവഹർലാൽ നെഹ്റു ഉൾപ്പെടെ നിരവധി പ്രമുഖർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഹേയ് റാം എന്ന് ആലേഖനം ചെയ്തിരിക്കുന്ന മഹാത്മാഗാന്ധിയുടെ സ്മൃതികുടീരത്തിന് മുന്നിൽ ഒരു കൊടാവിളക്ക് സൂക്ഷിച്ചിട്ടുണ്ട്. വാനു ജി ഭൂട്ടാ എന്ന ശിൽപിയാണ് ഈ സ്മൃതികുടീരം രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാർഥനകൾ നടക്കുന്നതിനാൽ ആ ദിവസം സന്ദർശിക്കുന്നതായിരിക്കും ഉചിതം. പ്രവേശനം സൗജന്യമാണ്. തൊട്ടടുത്തായി ഗാന്ധിമെമ്മോറിയൽ മ്യൂസിയവും നിലകൊള്ളുന്നുണ്ട്.

പ്രവേശനസമയം – 6.00 AM – 7.00 PM, എല്ലാ ദിവസവും പ്രവേശനമുണ്ട്, പ്രവേശനം സൗജന്യം,

ഏറ്റവും അടുത്തുള്ള മെട്രോ േസ്റ്റഷൻ– ഡൽഹി ഗേറ്റ്, വയലറ്റ് ലൈൻ / ITO, വയലറ്റ് ലൈൻ

സ്വാമി നാരായൺ അക്ഷർധാം മന്ദിർ നിർമിതി കൊണ്ടും ശിൽപചാരുതയാലും അതിശയിപ്പിക്കുന്ന ക്ഷേത്രമാണ്. യമുനാതീരത്ത് നിലകൊള്ളുന്ന ക്ഷേത്രത്തിൽ ഹൈന്ദവസംസ്കാരത്തിന്റെ പാരമ്പര്യവും ആചാരങ്ങളും ആത്മീയതയും പരിചയപ്പെടാം. അഞ്ച് ഭാഗങ്ങളാണ് അക്ഷർധാം ക്ഷേത്രത്തിനുള്ളത്. കൊത്തുപണികളോടു കൂടിയ 234 തൂണുകൾ, ഒൻപത് കുംഭ ഗോപുരങ്ങൾ, 20000 ത്തിലധികം മൂർത്തീ ശിൽപങ്ങൾ,അടിത്തറയായി 148 ആനകളുടെ പ്രതിമകൾ അടങ്ങുന്ന ഗജേന്ദ്രപീഠം തുടങ്ങിയവയാൽ സവിശേഷമാണ് അക്ഷർധാം ക്ഷേത്രം.

delhiinfor2

ഗെയിംസ് വില്ലേജിന് സമീപമാണ് അക്ഷർധാം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിൽ സഞ്ചാരികൾക്കായി ബോട്ട്സവാരി ഷോകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

പ്രവേശനസമയം – 9.30 AM – 6.30 PM, തിങ്കൾ അവധി, ദർശനത്തിന് പ്രവേശനം സൗജന്യം,

അടുത്ത മെട്രോ– അക്ഷർധാം (ബ്ലൂ ലൈൻ)

ADVERTISEMENT