Thursday 24 June 2021 03:11 PM IST : By Easwaran seeravally

ഹിന്ദുവും ജൈനനും മുസ്‌ലിമും ചേർന്നു നിർമിച്ചു: മോസ്ക് ടോംബ് പിൽക്കാലത്ത് അഹമ്മദാബാദിന്‍റെ അക്രോപോളിസ്’ എന്നറിയപ്പെട്ടു

1 - roza9

ഇന്ത്യയിലെ ആദ്യ ലോകപൈതൃക നഗരം എന്ന ബഹുമതി സ്വന്തമാക്കിയ അഹമ്മദാബാദിന്‍റെ ചരിത്ര, പൈതൃകത്താളുകളിലെ നിര്‍ണായക ഏടുകളുമായി നിലനില്‍ക്കുന്ന ഗ്രാമമാണ് സര്‍ഖേജ്. ശില്‍പ ഭംഗി തികഞ്ഞ മസ്ജിദുകളും കോട്ടവാതിലുകളും പടിക്കിണറുകളും പോള്‍ എന്നു വിളിക്കുന്ന ഹവേലികളും ചന്തം ചാര്‍ത്തുന്ന അഹമ്മദാബാദ് ഓള്‍ഡ് സിറ്റി സെന്‍ററില്‍ നിന്ന് ഏതാനും കിലോ മീറ്ററുകള്‍ അകലെയുള്ള ഈ ഗ്രാമത്തിലാണ് നഗരത്തിലെ ഏറ്റവും പുരാതനവും വലുതുമായ ചരിത്ര സ്മാരകങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്, സര്‍ഖേജ് റോസ. സബര്‍മതി നദിയുടെ തീരത്ത് തന്‍റെ പേരില്‍ തലസ്ഥാന നഗരം നിര്‍മിച്ച് ഭരണം നടത്തിയ അഹമ്മദ് ഷാ ഒന്നാമന്‍റെ കാലത്തോളം പഴക്കമുണ്ട് സര്‍ഖേജ് റോസയ്ക്ക്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ മുസോളിയമായി നിര്‍മാണം തുടങ്ങിയ ഇന്നത്തെ സമുച്ചയം പിന്നീട് ഘട്ടംഘട്ടമായി വികസിക്കുകയായിരുന്നു.

2 - roza9

പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ നെയ്ത്തുകാരും വസ്ത്രങ്ങളില്‍ നീലം തേക്കുന്നവരും വസിച്ചിരുന്ന ഗ്രാമമായിരുന്നു സര്‍ഖേജ്. അഹമ്മദ് ഷാ ഒന്നാമന്‍റെ ആത്മീയ ഗുരുവും സൂഫി സന്യാസിയുമായിരുന്ന ഹസ്രത്ത് ഷെയ്ഖ് അഹമ്മദ് ഖട്ടു തന്‍റെ അവസാനകാലം ചെലവഴിക്കാന്‍ കണ്ടെത്തിയത് ഈ ഗ്രാമമായിരുന്നു. 1445 ല്‍ 111 ആം വയസ്സില്‍ ഷെയ്ഖ് ഖട്ടു മരണമടഞ്ഞപ്പോള്‍ സര്‍ഖേജില്‍ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി മുസോളിയം നിര്‍മിക്കാന്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ ഉത്തരവിട്ടു. ഇന്നും സര്‍ഖേജ് റോസയുടെ കേന്ദ്രബിന്ദു ഈ മുസോളിയം അഥവാ റോസയാണ്. സൂഫി വിശുദ്ധന്‍റെ കബറിടം എന്ന നിലയ്ക്ക് അവിടം ക്രമേണ ആത്മീയമായ കൂട്ടായ്മകള്‍ക്കും അദ്ദേഹത്തോടുള്ള ഭക്തിയും ആദരവും നിമിത്തം രാജകീയമായ ഒത്തുചേരലുകള്‍ക്കുമുള്ള സ്ഥലമായി അതു വളര്‍ന്നു. കൊളോണിയല്‍ കാലത്ത് പൊതുജനങ്ങള്‍ക്ക് ശുദ്ധവായു ശ്വസിച്ച് ശാന്തമായ അന്തരീക്ഷത്തില്‍ അല്‍പനേരം കഴിയാന്‍ സാധിക്കുന്ന പൊതുസ്ഥലമായും മാറി.

3 - roza9

സര്‍ഖേജ് റോസയ്ക്ക് ഇന്ത്യയുടെ ആര്‍കിടെക്ചറല്‍ ചരിത്രത്തില്‍ വിശേഷമായ സ്ഥാനമുണ്ട്. പേര്‍ഷ്യന്‍ ശൈലിയിലുള്ള ഇസ് ലാമിക വാസ്തു ശൈലിയും കൊത്തുപണികള്‍ക്കു പ്രാധാന്യമേറിയ ഇന്ത്യന്‍ നിര്‍മാണ ശൈലികളും ഒരുമിച്ച് ഇന്തോ-സാരസനിക് നിര്‍മാണ ശൈലിയുടെ ആദ്യകാല മാതൃകകളിലൊന്നാണ് സര്‍ഖോജ് റോസ. അടിസ്ഥാനപരമായി ഇസ് ലാമിക വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു നിര്‍മിതി എന്നത് അതിന്‍റെ എല്ലാ ചട്ടക്കൂടുകളും പാലിച്ചു തന്നെ നിലനിര്‍ത്തുന്നുണ്ട് അവിടുത്തെ കെട്ടിടങ്ങളെല്ലാം തന്നെ. എന്നാല്‍ 1400 കളുടെ അവസാനത്തിലും 1500 കളുടെ തുടക്കത്തിലും പേര്‍ഷ്യന്‍ ശൈലിയിലുള്ള നിര്‍മിതികള്‍ പരിചിതമല്ലാത്ത ഗുജറാത്തി കൊത്തുപണിക്കാര്‍ തങ്ങള്‍ക്കു വൈദഗ്ധ്യമുള്ള സൂക്ഷ്മമായ കൊത്തുപണികള്‍ ആ നിര്‍മിതികളില്‍ ഉള്‍ച്ചേര്‍ക്കാന്‍ വിട്ടുപോയതുമില്ല. 1445ൽ മൊഹമ്മദ്‌ ഷാ രണ്ടാമന്റെ കാലത്തു നിർമാണം ആരംഭിച്ചെങ്കിലും 1451 ൽ അഹമ്മദ് ഷാ രണ്ടാമന്റെ ഭരണത്തിലാണ് പൂർത്തീകരിച്ചത്. അതിനു ശേഷം ഭരണത്തിലെത്തിയ മുഹമ്മദ് ബേഗഡ മുസ്സോളിയത്തിനു സമീപം സർഖേജ് തടാകം നിർമിച്ചു. തീരത്തു കൽപടവു കെട്ടുകയും ബാൽക്കണികളോടു കൂടിയ കൊട്ടാരം നിർമിക്കുകയും ചെയ്തു. തുടർന്ന് മുഗൾ ഭരണാധികാരികൾ സമീപത്ത് പല നിർമിതികളും ഉയർത്തി മനോഹരമാക്കി. 72 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചിരുന്ന ചരിത്ര സമുച്ചയം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ 32 ഏക്കറിലേക്കു ചുരുങ്ങി. എങ്കിലും അതിന്‍റെ ഗാംഭീര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു.

4 - roza9

ഏറെ ഇടുങ്ങിയ കവാടത്തിനുളളിലേക്കു കടന്നാല്‍ വലിയൊരു വേപ്പ് മരം നിൽക്കുന്ന വിശാലമായ മുറ്റത്താണ് എത്തുന്നത്. നീണ്ട വരാന്തയോടുകൂടിയ കെട്ടിടം ഇടതു വശത്തും വലതു വശത്ത് മുന്‍പില്‍ ശിലാമണ്ഡപത്തോടുകൂടിയ മുസോളിയവും സമീപത്തു തന്നെ മോസ്കിന്‍റെ കവാടവും കാണാം. ഇടതു വശത്ത് രാജകീയ കുടുംബാംഗങ്ങളുടെ മുസോളിയങ്ങളാണ്. സുൽത്താൻ മെഹമ്മുദ് ബേഗഡ , സുൽത്താൻ മുസഫർ രണ്ടാമൻ, സുൽത്താൻ മെഹമ്മൂദ് മൂന്നാമൻ എന്നിവരുടേയും അവരുടെ പത്നിമാരുടേയും മുസോളിയങ്ങൾ കാണാം.

സൂക്ഷ്മമായ ജാലികളാണ് മുസോളിയങ്ങൾ അടങ്ങിയ കെട്ടിടത്തിന്റെ വിശേഷത. 4300 ചതുരശ്ര അടി വിസ്തീർണമുള്ള മോസ്കിന്റെ മേൽക്കൂര 5 താഴികക്കുടങ്ങളുണ്ട്. 120 കൽത്തൂണുകളാണ് മേൽക്കൂര താങ്ങി നിർത്തുന്നത്. എന്നാൽ മിനാരങ്ങൾ ഈ മോസ്കിനില്ല.

5 - roza9

പ്രാചീന ഗ്രീക്കിൽ ജനപദങ്ങളുടെ കേന്ദ്ര സ്ഥാനമായ അക്രോപോളിസിനു സമാനമാണ് സർഖേജ് റോസയുടെ ശൈലി. വിശേഷിച്ച് ശിലാ മണ്ഡപം. അതിനാലാണ് ആധുനിക ലോകത്തെ ആർകിടെക്റ്റുകളിൽ പ്രധാനിയും ചണ്ഡിഗഡ് അടക്കം പല നഗരങ്ങളുടെയും നിർമാതാവുമായ സ്വിസ് ഫ്രഞ്ച് നഗരാസൂത്രകൻ ലെ കർബൂസിയർ സർഖേജിനെ അഹമദബാദിന്റെ അക്രോപോളിസ് എന്നു വിളിച്ചത്.