Saturday 07 August 2021 01:47 PM IST : By Staff Reporter

അയോധ്യയിലെ ക്ഷേത്രം രണ്ടു വർഷത്തിനുള്ളിൽ തുറക്കും: ശ്രീരാമചരിതം കണ്ടറിയാൻ രണ്ടു ദിവസത്തെ ടൂർ പാക്കേജ്

1 - ayodya

ഇന്ത്യ സന്ദർശിക്കുന്നവർക്കു ശ്രീരാമ കഥ കണ്ടു മനസ്സിലാക്കായാൻ ഏറെ വൈകാതെ അവസരമൊരുങ്ങും. അയോധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നു റിപ്പോർട്ട്. 2023ൽ പ്രവേശനം അനുവദിക്കാൻ കഴിയുമെന്നാണു ക്ഷേത്രഭരണ സമിതിയുടെ പ്രതീക്ഷ.

അയോധ്യയിൽ തീർഥാടകരുടെ വരവു വർധിക്കുമെന്നു പ്രതീക്ഷിക്കുമ്പോൾത്തന്നെ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളുടെ വരവും വർധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭരണകൂടം. ആത്മീയ, തീർഥാടന യാത്രകളാണ് ഇന്ത്യയുടെ ടൂറിസം രംഗത്തിന് ഏറ്റവും വരുമാനം നൽകുന്നത്.

സഞ്ചാരികളെ വരവേൽക്കാൻ രാം മന്ദിർ പദ്ധതിയോടൊപ്പം രാജ്യാന്തര വിമാനത്താവളം, പഞ്ചനക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ ഒരുക്കങ്ങളും നടക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് നഗരം കാണാൻ കഴിയുന്ന 2-3 ദിവസത്തെ വിപുലമായ ടൂറുകളും പാക്കേജുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പല ടൂർ ഓപ്പറേറ്റർമാരും. നിലവിൽ ഹോട്ടലുകളുടെ അഭാവം കാരണം, ഒരു ദിവസത്തിൽ കൂടുതൽ വിനോദ സഞ്ചാരികൾക്ക് അയോധ്യയിൽ തങ്ങാനാകുന്നില്ല. പഞ്ചനക്ഷത്ര ഹോട്ടലുകൾ വരുന്നതോടെ അതിന് മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് (20201 ഓഗസ്റ്റ് 5) ക്ഷേത്രനിർമാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വർഷം പൂർത്തിയാവുകയാണ്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി കണക്കുകൂട്ടുന്നത്.

2 - ayodya

ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും അയോധ്യ. നിർമാണ പ്രവർത്തനങ്ങളും മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്പോഴേക്കും അവസാനിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണമാണ് 2023 അവസാനത്തോടെ പൂർത്തിയാകുക. ഒന്നാംനിലയുടെ ശിലാസ്ഥാപനവും ഇതിനൊപ്പം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. ക്ഷേത്ര നിർമാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്.