Thursday 25 November 2021 05:02 PM IST : By Christy Rodriguez

ഭാൻഗഡ്, ആരാവലിയിലെ പേടിപ്പിക്കുന്ന സൗന്ദര്യം

bhangarh fort00

വിരലിൽ എണ്ണാവുന്ന ദിവസംകൊണ്ട് കണ്ടു തീർക്കാവുന്ന ഒരു സ്ഥലമല്ല ജയ്പുർ പട്ടണം. പിങ്ക് നിറത്തിലുള്ള കോട്ടയുടെ കവാടം മുതൽ തന്നെ നഗരം ആരംഭിക്കുകയായി. പഴയതും പുതിയതുമായ എല്ലാ നിർമിതികൾക്കും ഒരേ നിറം. സമയം നോക്കുമ്പോൾ സന്ധ്യയായി എന്നു പറയാനാകില്ലെങ്കിലും ഇരുട്ടു പരന്നിരിക്കുന്നു. വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. തെരുവു വിളക്കുകളുടെ വെളിച്ചത്തിൽ നഗരത്തിനു പ്രത്യേകമായൊരു ശോഭ... അന്നു വൈകിട്ട് ജയ്പുരിലെ തെരുവുഭക്ഷണം ആസ്വദിച്ച് അത്താഴം സമൃദ്ധമാക്കി.

hawamahal

പുലർച്ചേ 7 മണിക്കു കാഴ്ച കാണാൻ‍ ഇറങ്ങി. നേരേ ഹവാ മഹൽ. പ്രഭാതത്തിൽ തന്നെ അവിടം സഞ്ചാരികളാൽ നിറഞ്ഞിരുന്നു, കൂടുതലും വിദേശ ടൂറിസ്റ്റുകൾ. ഇന്ത്യയിൽ ഏറ്റവും അധികം വിദേശസഞ്ചാരികൾ എത്തുന്ന സ്ഥലം ജയ്പുരാണത്രേ. സഞ്ചാരികളെ സംബന്ധിച്ച് നിത്യജീവിത ചെലവും ഇവിടെ വളരെ കൂടുതലാണ്.

ജാലകങ്ങൾ നിറയും കെട്ടിടം

വണ്ടി ഒരു ഭാഗത്ത് ഒതുക്കി ഹവാ മഹലിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തി. ജയ്പുർ നഗരം സ്ഥാപിച്ച മഹാരാജാ സവായ് ജയ്സിങ്ങിന്റെ ചെറുമകൻ സവായ് പ്രതാപ് സിങ്ങാണ് 1799 ൽ ഹവാ മഹൽ നിർമിച്ചത്. അഞ്ച് നിലകളിലായി 953 ചെറുജാലകങ്ങളാണ് ഈ കെട്ടിടത്തിലുള്ളത്. രാജസ്ഥാൻ സംസ്കാരത്തിൽ സ്ത്രീകൾ മുഖം മറയ്ക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. സാരിയുടെ മുന്താണി കൊണ്ട് തലമൂടി മുഖം മറയും വിധം പിടിക്കുന്നതു ഇന്നും ഇവിടെ കാണാം. പണ്ടു കാലത്ത് മുഖം മറയ്ക്കാതെ പൊതു സ്ഥലത്തു പ്രത്യക്ഷപ്പെടുന്നത് അധികാരികൾ വിലക്കിയിരുന്നു. അക്കാലത്ത് കൊട്ടാരത്തിലെ അന്തപ്പുര വനിതകൾക്ക് തെരുവിൽ നടക്കുന്ന ഉത്സവാഘോഷങ്ങൾ കാണാനായിട്ടാണ് ജാലകങ്ങൾ നിറഞ്ഞ ഈ കെട്ടിടം നിർമിച്ചത്.

hawamahal2

ജയ്പുർ തെരുവുകളിൽ രുചികരമായ പ്രാതൽ കിട്ടുന്ന ചെറുകടകൾ ഒട്ടേറെയുണ്ട്. അതിൽ ഒന്നിൽ നിന്നു രുചികരമായ ചണബട്ടൂര കഴിച്ച് യാത്ര തുടർന്നു. ആരാവലി പർവതത്തിന്റെ ചരിവിലൂടെ വെട്ടിയ പാതയിൽ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി പിങ്ക് നിറത്തിൽ അമർ ഫോർട്ട് കാണാം. അവിടെത്തിയപ്പോൾ സന്ദർശകരുടെ വലിയ തിരക്ക്. അധിക നേരം അവിടെ ചെലവഴിച്ചില്ല, 70 കി മീ അകലെ ആൽവാർ ജില്ലയിലെ ഭാൻഗഡ് കോട്ടയിലേക്കു പോകാം എന്നു നിശ്ചയിച്ചു.

bhangarh amarcot

വറ്റി വരണ്ട നദികളും ചെക്ക് ഡാമുകളും കടന്ന് ഗ്രാമങ്ങൾ താണ്ടിയാണ് യാത്ര. പ്രധാന കവലകളിലും അങ്ങാടികളിലുമൊക്കെ കാണുന്ന രാജസ്ഥാനി നാട്ടിൻപുറത്തുകാർ അണിയുന്നത് പലതരം തലപ്പാവുകളാണ്. ശക്തമായ ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഈ സംസ്ഥാനത്ത് തലപ്പാവും അതിന്റെ നിറവും നോക്കി ഓരോരുത്തരും ഏതു ജാതി, എതു ഗ്രാമം എന്നു മനസ്സിലാക്കാൻ കഴിയുമത്രേ. വഴിയോരത്തെ ഒരു ചെറിയ കടയിൽ നിന്നു രുചികരമായ ചായയും മധുരമുള്ള ജിലേബിയും രുചിച്ചിരിക്കേ എങ്ങുനിന്നോ പറന്നു വന്ന മൈനകൾ കലപില കൂട്ടി ചായക്കടയിലേക്ക് അതിക്രമിച്ചു കയറി പലഹാരങ്ങൾ കൊത്തിത്തിന്നുമ്പോഴും കടക്കാരന് ഒരു ഭാവവ്യത്യാസവുമില്ല. എന്നാൽ തൊട്ടടുത്തു മരത്തിലിരിക്കുന്ന സിംഹവാലൻ കുരങ്ങനെ കടയിലേക്ക് അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്.

മനുഷ്യർ ഉപേക്ഷിച്ച മണ്ണ്

പ്രേതക്കോട്ട എന്നാണ് ഭാൻഗഡ് കോട്ട അറിയപ്പെടുന്നത്. ഇന്ത്യയിലെ മോസ്റ്റ് ഹോണ്ടഡ് സ്ഥലങ്ങൾ എന്നൊക്കെ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പട്ടികയിൽ എപ്പോഴും ആദ്യ സ്ഥാനത്ത് ഈ കോട്ടയുടെ പേരാണ് കാണുക. ഉദ്ദേശം 11 മണിയായി ഭാൻഗഡിൽ എത്തിയപ്പോൾ. വലിയ കവാടത്തിനു മുന്നിൽ‌ വണ്ടി ഒതുക്കി. 25 രൂപ നൽകി ടിക്കറ്റെടുത്ത് കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. സഞ്ചാരികൾ കാര്യമായിട്ടൊന്നും എത്തിയിട്ടില്ല. ഏതോ കാലഘട്ടത്തിൽ മനുഷ്യൻ ഉപേക്ഷിച്ചു പോയ മൺവീടുകളും വ്യാപാര സമുച്ചയങ്ങളും അനാഥമായ ദേവാലയങ്ങളും കരിങ്കൽ കെട്ടുകളും എല്ലാം ചേർന്ന്അസാധാരണമായൊരു അന്തരീക്ഷം. തകർന്ന അവശിഷ്ടങ്ങൾക്കു നടുവിലൂടെ നടന്നു ചെല്ലുമ്പോൾ ആരാവലി പർവതത്തിന്റെ ചെരുവിൽ ചിതറി കിടക്കുന്ന കോട്ടകളും കൊത്തളങ്ങളും പടിക്കെട്ടുകളും കാണാം. ഭാൻഗഡ് കോട്ടയുടെ സമീപം തന്നെ ഗോപിനാഥ് ക്ഷേത്രം, സോമേശ്വർ ക്ഷേത്രം എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങളും കാണാം. അംബറിലെ ഭരണാധികാരിയായിരുന്ന ഭഗവന്ത് സിങ് ഇളയപുത്രനായ മാധോസിങ്ങിനു വേണ്ടി പണിതതാണ് ഈ കോട്ട. മാധോസിങ്ങിന്റെ സഹോദരനാണ് അക്ബറിന്റെ സേനാധിപനായി പ്രശസ്തനായ മാൻസിങ്.

bhangarh fort2

കാലങ്ങൾക്കു മുൻപ് പ്രേതബാധ മൂലം മനുഷ്യർ ഉപേക്ഷിച്ചുപോയ സ്ഥലമായിട്ടാണ് ഭാൻഗഡ് അറിയപ്പെടുന്നത്. ഇന്നും ഈ കോട്ടയിലും പരിസരങ്ങളിലും പ്രേതബാധയുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. ചില ധൈര്യശാലികൾ ഇതു പരീക്ഷിച്ചറിയാൻ രാത്രി കോട്ടയ്ക്കുള്ളിൽ ചെലവഴിക്കാൻ വരികയും പേടിപ്പെടുത്തുന്ന ശബ്ദങ്ങളും ചില പ്രകാശങ്ങളും കണ്ട് അവർ പുറത്തേക്ക് ഓടി രക്ഷപെട്ടുവെന്നും മറ്റും കഥകൾ പ്രചാരത്തിലുണ്ട്. ഏതായാലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള കോട്ടയിലേക്ക് സന്ധ്യക്കു ശേഷം ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല.

bhangarh fort0

ശാപമോ ആക്രമണമോ

പരമ്പരാഗതമായി പ്രചരിച്ചു വരുന്ന ഐതിഹ്യം അനുസരിച്ച് ബാബ ബാലക്നാഥ് എന്ന സന്യാസി ഈ കോട്ടയിലാണ് താമസിച്ചിരുന്നത്. കോട്ടയിലും പരിസരങ്ങളിലും നിർമിക്കുന്ന വീടുകൾക്ക് തന്റെ

bhangarh fort3

വീടിനെക്കാൾ ഉയരത്തിൽ ആകരുതെന്ന് ഒരു നിബനന്ധനയിലാണ് സന്യാസി അവിടെ വസിച്ചത്. തന്റെ ആശ്രമത്തിനു മുകളിലേക്ക് ഏതെങ്കിലും കെട്ടിടത്തിന്റെ നിഴൽ പതിച്ചാൽ അതോടെ കോട്ടയും ഗ്രാമവും നശിക്കുമെന്നും ബാബ ബാലക്നാഥ് അറിയിച്ചിരുന്നു. പിൽക്കാലത്ത് പുതിയ എടുപ്പുകൾ കൂട്ടിച്ചേർത്തപ്പോൾ ഇക്കാര്യം മറക്കുകയും ഒരു സ്തംഭത്തിന്റെ നിഴൽ ആശ്രമകുടീരത്തിൽ പതിക്കുകയും ചെയ്തത്രേ...

bhangarh fort1

മാധോസിങ്ങിന്റെ മകൻ ഛത്രസിങ്ങിന്റെ മകൾ രത്നാവതിയെ ഒരു ദുർമാന്ത്രികൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നും അത് നിറവേറാതെ കൊല്ലപ്പെട്ട മാന്ത്രികൻ മരിക്കും മുൻപ് ആ കോട്ടയിലുള്ളവരെ മുഴുവൻ ശപിച്ച് ദുരാത്മാക്കളാക്കി മാറ്റി എന്നൊരു കഥയും പ്രചരിക്കുന്നുണ്ട്. ഏതോ കാലഘട്ടത്തിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ ഗ്രാമീണർ ഒന്നടങ്കം അവിടം വിട്ടു പോയതാണെന്നു കരുതുന്നവരും ഉണ്ട്.

ഭാൻഗഡ് കോട്ടയുടെ പടിക്കെട്ടിൽ നിന്നാൽ മനുഷ്യർ ഉപേക്ഷിച്ചു പോയ ഗ്രാമങ്ങളുടെ പേടിപ്പെടുത്തുന്ന കാഴ്ച കാണാം. ഒരു വശത്ത് ആരാവലി പർവതത്തിനു മുകളിലേക്ക് കോട്ടമതിലും പടവുകളും പടർന്നു കയറുന്നു...

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India