Friday 03 September 2021 04:45 PM IST : By Christy Rodriguez

997 അടി വീതിയിൽ ഒഴുകി എത്തുന്ന വെള്ളം 96 അടി താഴ്ചയിലേക്കു പതിക്കുന്ന ഇന്ത്യയിലെ നയാഗ്ര

Chithrakood Waterfalls1

കൊച്ചിയിൽ നിന്നു തുടങ്ങിയ ബൈക്ക് യാത്ര തമിഴ്നാടും കർണാടകവും ആന്ധ്രയും കടന്ന് നൽഗോണ്ട, കടുവണ്ടി, സൂര്യപേട്ട് തുടങ്ങി തെലങ്കാനയുടെ സമരഭൂമികൾ താണ്ടി ഛത്തീസ്ഗഡിൽ എത്തി. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഈ സംസ്ഥാനത്തിന്റെ 40 ശതമാനവും വനപ്രദേശമാണ്. രാമായണത്തിലൂടെ പ്രശസ്തമായ ദണ്ഡകാരണ്യത്തിന്റെ പ്രധാന ഭാഗമാണ് ഇന്നത്തെ ദന്തേവാഡ വനം എന്നു വിശ്വസിക്കുന്നു ഛത്തിസ്ഗഡിലെ ബസ്തറിൽ എത്തിയപ്പോഴേക്ക് ദന്തേവാഡ വനത്തിലൂടെ 220 കിലോ മീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ഇന്ദ്രാവതി നദിയുടെ കൈവഴികളായ ഒട്ടേറെ നീരൊഴുക്കുകൾ ദന്തേവാഡ വനത്തിന്റെ പല ഭാഗത്തും കണ്ടിരുന്നു. ഇന്ത്യയിൽ മാവോയിസ്റ്റ് സംഘടനകൾക്ക് ഇന്ന് ഏറ്റവുമധികം സ്വാധീനമുള്ള മേഖലയാണ് ഇത്. തണ്ടർ ബോൾട്ട് എന്നു വിളിക്കുന്ന പ്രത്യേക സേനാവിഭാഗവും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടങ്ങൾ പതിവായി നടക്കുന്ന ഇടങ്ങളിലൂടെയായിരുന്നു സഞ്ചാരം. വഴിയിൽ പല സ്ഥലത്തും പാതയോരങ്ങളിൽ പട്ടാളത്തിന്റെയും മാവോയിസ്റ്റുകളുടെയും ബലികുടീരങ്ങൾ കണ്ടു. കേരളത്തിന്റെ പകുതി വലിപ്പമുള്ള കാട് സുന്ദരമായ പ്രകൃതി കാഴ്ചകളാണ് യാത്രയിലുടനീളം നൽകിയത്.

Chithrakood Waterfalls2

ബസ്തർ ജില്ലാ കേന്ദ്രമായ ജഗദൽപുരിൽ നിന്ന് 37 കിലോ മീറ്റർ ദൂരെ വനത്തിനുള്ളിലുള്ള ഗംഭീര കാഴ്ചയാണ് ചിത്രകൂട് വെള്ളച്ചാട്ടം.. ബസ്തറിൽ നിന്ന് ഇന്ദ്രാവതി നദിക്കു സമാന്തരമായി നീങ്ങുന്ന ഒന്നാം ക്ലാസ് റോഡിലൂടെയായിരുന്നു ചിത്രകൂടിലേക്ക് സഞ്ചരിച്ചത്. വഴിയിലൂടനീളം വിശാലമായ പുൽമേടുകളും കരിമ്പച്ച നിറത്തിലുള്ള മുളങ്കാടുകളും. പുൽമൈതാനങ്ങളിലൂടെ ചാലു കീറിയതുപോലെ നടപ്പാതകൾ .... ഈ നടപ്പാതകൾ ചെന്നെത്തുന്നത് കാട്ടിനുള്ളിൽ ഏതെങ്കിലും ആദിവാസി കുടികളിലോ അവരുടെ കൃഷിയിടങ്ങളിലോ ആണത്രേ. കാടിന്റെ പുലർകാല സൗന്ദര്യം ആസ്വദിച്ചും ഇടയ്ക്കു വണ്ടി നിർത്തി ചിത്രങ്ങളെടുത്തുമുള്ള ആ യാത്ര ഉദ്ദേശം ഒരു മണിക്കൂർ എടുത്തു ചിത്രകൂട് എത്താൻ.

Chithrakood bastar

ഇന്ദ്രാവതി നദിയിലാണ് ചിത്രകൂട് വെള്ളച്ചാട്ടം. ഒഡിഷയിൽ വിന്ധ്യ പർവത നിരകളിൽ പെടുന്ന കാലഹണ്ടിയിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി ഛത്തിസ്ഗഡിൽ പ്രവേശിക്കുന്ന ഈ നദിയെ ബസ്തറിന്റെ പ്രാണവായു എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷകാലത്തിനു ശേഷം ചിത്രകൂട് അതിന്റെ പ്രൗഢിയുടെ പാരമ്യത്തിൽ നിൽക്കുന്ന കാലത്താണ് ഞാൻ അവിടെത്തിയത്. 997 അടി വീതിയിൽ ഒഴുകി എത്തുന്ന വെള്ളം 96 അടി താഴ്ചയിലേക്കു വലിയ ശബ്ദത്തോടെ പതിക്കുന്നു. ജല സമൃദ്ധിയിൽ മദിച്ചെത്തുന്ന ഇന്ദ്രാവതിക്ക് ഇളം മഞ്ഞ നിറമായിരുന്നു അപ്പോൾ. ആകൃതിയിൽ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിനോടു സാമ്യമുള്ളതുകൊണ്ട് ഇന്ത്യയിലെ നയാഗ്ര എന്ന ചെല്ലപ്പേരിലും ചിത്രകൂട് അറിയപ്പെടുന്നു.

Chithrakood Waterfalls6

ജൂൺ മുതൽ നവംബർ വരെയാണ് ഇവിടെ ഏറ്റവും നല്ല കാഴ്ച ലഭിക്കുന്നത്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ജലത്തിന്റെ അളവ് തീരെ കുറയും, വെള്ളച്ചാട്ടം ശുഷ്കമായി മാറും.

ചിത്രകൂട് വെള്ളച്ചാട്ടത്തിനു മുന്നിൽ എത്തുമ്പോൾ പുലർച്ചെ 7 കഴിഞ്ഞതേയുള്ളു. എങ്കിലും ആളുകളുടെ സാമാന്യം തിരക്കുണ്ട്. വെള്ളച്ചാട്ടത്തിന് അക്കരെ നിബിഡ വനമാണ്. അത് ദന്തേവാഡ കാടുകളുടെ മറ്റൊരു ഭാഗം. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള സഞ്ചാരികളെ അവിടെ കണ്ടു.

Chithrakood Waterfalls4

ഒരു മല ഇടുക്കിലൂടെയാണ് ഇന്ദ്രാവതി നദി അവിടെ ഒഴുകുന്നത്. ജലത്തിന്റെ അളവും ഒഴുക്കിന്റെ ശക്തിയും ഏറെ വർധിച്ചിരിക്കുന്ന സമയത്ത് വെള്ളച്ചാട്ടത്തിനു സമീപത്തേക്കു നീങ്ങുന്നത് അപകടമാണ്. അധികൃതരുടെ വിലക്കും മുന്നറിയിപ്പുകളും അവഗണിച്ച് സാഹസികത കാണിക്കുന്നവരെ അവിടെയും കണ്ടു. വെള്ളച്ചാട്ടത്തിനു സമാന്തരമായി ബാരിക്കേഡുകൾ സ്ഥാപിച്ചും നടന്നു കയറാൻ കോൺക്രീറ്റ്‌ പടവുകൾ നിർമിച്ചും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ പകർത്താൻ ഫൊട്ടോ പോയിന്റുകൾ തയാറാക്കിയും വിനോദ സഞ്ചാരികൾക്കു വേണ്ടത് ഒരുക്കാൻ അധികൃതർ മറന്നിട്ടില്ല. ഗ്രൂപ്പ് ഫോട്ടോകൾക്ക് അനുയോജ്യമായി ഒരു സ്‌റ്റേജും ഒരുക്കിയിട്ടുണ്ട്.

Chithrakood Waterfalls5

വെള്ളച്ചാട്ടത്തിനു സമീപം തന്നെ ഒരു ആൽമരവും ചുവട്ടിൽ ശിവലിംഗ പ്രതിഷ്ഠയും കാണാം. പനങ്കള്ളാണ് പ്രധാന പൂജാദ്രവ്യമായി ഉപയോഗിക്കുന്നത്. ചില ഭക്തർ കാഴ്ചകൾ സമർപ്പിച്ച് പ്രസാദം വാങ്ങി പോകുന്നതും കണ്ടു. 10 മണിവരെ ചിത്രകൂട്ടിൽ ചെലവിട്ടിട്ട് വീണ്ടും കാനനപാതയിലേക്ക് ഇറങ്ങി. ചിത്രകൂട് വെള്ളച്ചാട്ടം കണ്ടിറങ്ങുന്ന സഞ്ചാരികളൊക്കെ തൃപ്തരാകും എന്നുറപ്പ്. കാടിന്റെ തനതായ സൗന്ദര്യത്തിനു കോട്ടം തട്ടാതെ, സഞ്ചാരികൾ പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള നല്ല ഡെസ്‌റ്റിനേഷൻ. വെള്ളച്ചാട്ടത്തിനു മുന്നിൽ ചുവന്ന പ്ലാസ്റ്റിക് അക്ഷരങ്ങൾകൊണ്ട് തയാറാക്കിയിരിക്കുന്ന ‘ഐ ലവ് ബസ്തർ’ എന്ന വാചകം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നവർ സ്വയം ഉരുവിടും എന്നുറപ്പ്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India