Monday 04 April 2022 02:23 PM IST : By സ്വന്തം ലേഖകൻ

ഈ യാത്രകളിൽ പട്ടുസാരി വാങ്ങാൻ മറക്കണ്ട; ഇന്ത്യയിലെ സിൽക്ക് ഡെസ്റ്റിനേഷനുകൾ ഇതാ...

slk1

ഒട്ടുമിക്ക യാത്രകളുടെയും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഷോപ്പിങ്. ഡെസ്റ്റിനേഷന്റെ ഓർമ എന്നെന്നും നിലനിർത്താൻ യാത്രാനുഭവത്തിനൊപ്പം ചില സ്മരണികകൾ മേടിക്കുന്നത് സാധാരണം. പലപ്പോഴും ആ സ്ഥലത്തോ സമീപ പ്രദേശങ്ങളിലോ നിർമിക്കുന്ന കരകൗശല വസ്തുക്കളോ ഭക്ഷണ പദാർഥങ്ങളോ തുണിത്തരങ്ങളോ സുഗന്ധ ദ്രവ്യങ്ങളോ വീട്ടുപകരണങ്ങളോ ആയിരിക്കും സുവനീർ ആയി കൂടെ കൂട്ടുക. ഇന്ത്യയിലെ പ്രശസ്തമായ പല ഡെസ്റ്റിനേഷനുകൾക്കും അതാതിടങ്ങളെ അടയാളപ്പെടുത്തുന്ന വസ്തുക്കൾ ഉണ്ട്. കൊൽക്കത്തയിലെ രസഗുളയും കശ്മീരിലെ പഷ്തൂൺ ഷാളും മഹാരാഷ്ട്രയിലെ കോലപൂരി ചെരിപ്പുകളും മൈസൂരിലെ ചന്ദനതൈലവും ഒക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സുവനീറുകളാണ്. ‌ഇക്കൂട്ടത്തിൽ ചില ഡെസ്റ്റിനേഷനുകളുടെ പേരിൽ പ്രശസ്തമായ പട്ടുസാരികളുമുണ്ട്. അവിടേക്കാണ് യാത്രയെങ്കിൽ അതിന്റെ ഓർമ്മയ്ക്കു വാങ്ങാൻ മറ്റൊന്നും പരതി നടക്കേണ്ടതില്ല.

ആത്മീയ തലസ്ഥാനത്തിന്റെ പട്ടുസാരി

ലോക നഗരങ്ങളിൽ ഏറ്റവും പഴക്കമുള്ളത് എന്നു വിശേഷിപ്പിക്കുന്ന കാശി അഥവാ ബനാറസ് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ഗംഗയുടെ തീരത്തെ ഘാട്ടുകളും നിരന്തരം എരിയുന്ന ശ്മശാനങ്ങളും സാധുസംഘങ്ങളും കാലകാലനായ മഹാദേവന്റെ ക്ഷേത്രവും ഗംഗാ നദിയുമൊക്കെ ബനാറസിന് ഒരു മിസ്റ്റിക് അനുഭൂതി നൽകുന്നു. രണ്ടോ മൂന്നോ ദിവസം നടന്നു കണ്ടാലും പൂർണമായും കണ്ടു തീർക്കാനാകാത്തത്ര കാഴ്ചകളുണ്ട് ഇവിടെ. മടങ്ങുമ്പോൾ ഒരു പാത്രം ഗംഗാജലം എടുക്കാത്ത സഞ്ചാരികൾ കാണില്ല; പ്രത്യേകിച്ച് ഇന്ത്യൻ യാത്രികരിൽ. അതുപോലെ തന്നെ ബനാറസിൽ നിന്നു മടങ്ങുന്നവർ സ്വന്തമാക്കുന്ന ഒന്നാണ് ബനാറസ് സിൽക്ക്.

slk2

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പട്ടു സാരികളിൽ ഒന്നാണ് ബനാറസിൽ ഉൽപാദിപ്പിക്കുന്നത്. ഇലകളും പൂവുകളും ജാലികളും പ്രധാന ഡിസൈൻ രുപങ്ങളായി പ്രത്യക്ഷപ്പെടുന്ന ഈ സാരി അസാധാരണമായ ഇഴയടുപ്പം ഉള്ളതും അൽപം ഭാരമുള്ളതുമാണ്. ഉത്തർപ്രദേശിലെ 6 ജില്ലകളിൽ നിർമ്മിക്കുന്ന സാരികളെയാണ് ബനാറസ് സിൽക്ക് എന്നു വിളിക്കുന്നത്. ഇവയ്ക്കു ജിയോഗ്രഫിക്കൽ ടാഗിങ്ങും കിട്ടിയിട്ടുണ്ട്.

നനയ്ക്കുന്തോറും തിളക്കമേറും മുഗ പട്ട്

slk3

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് അസമിന്റെ തലസ്ഥാനമായ ഗുവാഹത്തി. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ഈ നഗരത്തിലെ കാമാഖ്യ ക്ഷേത്രം ഏറെ പ്രശസ്തമാണ്. ഇവിടെത്തുന്ന സഞ്ചാരികൾക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പലതും വാങ്ങാൻ സാധിക്കുമെങ്കിലും ഗുവാഹത്തിയുടെ തനതു സുവനീറായി മുഗ പട്ടുസാരി മേടിക്കുന്നതാണ് ഉചിതം. ബ്രഹ്മപുത്ര നദീതീരത്തു വളരുന്ന വിശേഷപ്പെട്ട ഗന്ധമുള്ള ചില സസ്യങ്ങൾ തിന്നു വളരുന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നാണ് മുഗ പട്ട് എടുക്കുന്നത്. തിളക്കമുള്ള ഉപരിതലവും ഏറെക്കാലം ഈടു നിൽക്കുന്നതും ഇതിന്റെ സവിശേഷതയാണ്. പണ്ടുകാലത്ത് രാജകുടുംബങ്ങളുടെ ഉപയോഗത്തിനു മാത്രമായിരുന്നത്രേ ഇത് ഉപയോഗിച്ചിരുന്നത്. ഇളം മഞ്ഞ നിറമുള്ള പട്ടു വസ്ത്രത്തിന്റെ തിളക്കം കാലപ്പഴക്കം കൂടുന്തോറും അഥവാ നനയ്ക്കുന്തോറും കൂടി വരുന്നതായി കാണാം. മുഗപട്ടിനും ജിയോഗ്രഫിക്കൽ ടാഗിങ് ലഭിച്ചിട്ടുണ്ട്.

ധാക്കയിൽ നിന്നു വന്ന ബാലുചർ സാരി

കൊൽക്കത്ത കാഴ്ചകളുടെയും അനുഭവങ്ങളുടെയും പറുദീസയാണ്. കൊളോണിയൽ കെട്ടിടങ്ങളും നവോത്ഥാന നായകരുടെ സ്മാരകങ്ങളും സാഹിത്യ സാംസ്കാരിക ചരിത്ര പശ്ചാത്തലങ്ങളും ഈ നഗരത്തിലേക്കു സഞ്ചാകളെ ആകർഷിക്കുന്നു. ടാഗോറും സ്വാമി വിവേകാനന്ദനും മദർ തെരേസയും വസിച്ച കെട്ടിടങ്ങളും ഹൗറ പാലവും ബൊട്ടാണിക്കൽ ഗാർഡനിലെ വമ്പൻ ആൽമരവും കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരപ്രിയർ കാണില്ല. സന്ദേശും രസഗുളയും രുചിക്കാൻ ഇഷ്ടപ്പെടാത്തവരും ഉണ്ടാകില്ല. അതുപോലെ ബംഗാളിനെ അടയാളപ്പെടുത്തുന്ന ഒന്നാണ് ബാലുചർ സാരി.

slk4

രണ്ടു നൂറ്റാണ്ടു മുൻപ് മൂർഷിദാബാദിലെ നവാബുമാർ ധാക്കയിൽ നിന്നു തങ്ങളുടെ സാമ്രാജ്യത്തിൽ എത്തിച്ച നെയ്ത്തുകാരിൽ നിന്നാണ് ബാലുചർ സാരിയുടെ ചരിത്രം ആരംഭിക്കുന്നത്. പിൽക്കാലത്ത് ബിഷ്ണുപുര ആസ്ഥാനമായ മല്ല രാജവംശത്തിൻ കീഴിൽ മറ്റൊരു ശാഖയും ഈ പട്ടുസാരി കൾക്ക് ഉണ്ടായി. ബ്രിട്ടിഷ് ഭരണത്തിൽ ഏറെക്കുറെ നാമാവശേഷമായ ബാലുചർ സാരി ഇപ്പോൾ പുനരുജ്ജീവനം തേടുകയാണ്. ബംഗാൾ കോട്ടൺ എന്നറിയപ്പെടുന്ന കോട്ടൺ സാരികളും ഏറെ പ്രശസ്തമാണ്. തന്ത് സാരികൾ എന്നറിയപ്പെടുന്ന ഇവ ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായവയാണത്രേ .

പട്ടാനിലെ പടോല

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പട്ടുസാരികളിലൊന്നാണ് പടോല സാരി, ഇരട്ട ഇക്കത്ത് സാരികളാണ് ഇവ. ഇന്ത്യയിലും ജപ്പാനിലും ഇന്തൊനീഷ്യയിലും മാത്രമാണ് ഇത്തരത്തിലുള്ള നിർമാണ രീതിനിലവിലുള്ളു. അതിൽതന്നെ ഏറ്റവും സങ്കീർണമായതാണ് പടോല സാരികൾ. ഗുജറാത്തിലെ യുനെസ്കോ പൈതൃക സ്ഥാനമായ റാണി കി വാവ് പടവു കിണറിനു സമീപമാണ് പടോല സാരികളുടെ കേന്ദ്രം. ഇവിടം സന്ദർശിക്കുന്നവർക്ക് എല്ലാവർക്കും പടോല സാരി വാങ്ങാനാകില്ലെങ്കിലും മനോഹരമായ ഒരു മ്യൂസിയം സന്ദർശിച്ച് പടോല സാരിയുടെ ചരിത്രവും തറിയുടെ മാതൃകയും സാരി നെയ്തെടുക്കുന്ന രീതികളും മറ്റും മനസ്സിലാക്കാം. മറ്റു രാജ്യങ്ങളിലെ ഇക്കത്ത് സാരികളുടെ മാതൃക കാണാനും ഇവിടെ അവസരമുണ്ട്.

slk5

കാഞ്ചീപുരം പട്ട്

ക്ഷേത്രനഗരിയെന്നാണ് കാഞ്ചീപുരം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. ശൈവ, വൈഷ്ണവ ഭക്തരുടെ തീർഥാടന കേന്ദ്രമായ കാഞ്ചീപുരത്ത് പല്ലവകാലത്തെ ശിൽപകലാവിരുത് കണ്ടറിയാനും സാധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ പട്ടുസാരി അതിന്റെ എല്ലാ തനിമയോടുംകൂടി സ്വന്തമാക്കാൻ സാധിക്കുന്നതും കാഞ്ചി യാത്രയിലാണ്. ദേശസൂചകപദവി ലഭിച്ചിട്ടുള്ള പട്ടുസാരിയാണ് കാഞ്ചീപുരത്തേതും.

ഇന്ത്യയിൽ ഒട്ടേറെ സ്ഥലങ്ങളിൽ അന്നാട്ടിന്റേതായി പ്രത്യേക വസ്ത്രങ്ങൾ പരമ്പരാഗതമായി നിർമിച്ചു വരുന്നുണ്ട്. അതിൽ പലതും പട്ടുവസ്ത്രങ്ങളാണ്, ചിലതു കോട്ടണും. യാത്രകളിൽ സുവനീറുകളായി വാങ്ങാൻ നല്ലതും ഇത്തരം വസ്തുക്കൾ തന്നെ. അതിനാല്‍ ഇനിയുള്ള യാത്രകളിൽ മൈസൂർ സിൽക്കും പോച്ചംപള്ളി സാരിയും (ആന്ധ്രപ്രദേശ്) മഹേശ്വരി സാരിയും (ഉജ്ജയിൻ) ചന്ദേരി സാരി (മധ്യപ്രദേശ്) പൈത്താനി സാരിയുമൊക്കെ യാത്രകളോടൊപ്പം ഓർത്തിരിക്കുന്ന പേരുകളാകട്ടെ.

Tags:
  • Manorama Traveller