Wednesday 25 August 2021 04:19 PM IST : By Shabeer Ahammed KK

സഹ്യന്റെ മടിത്തട്ടിൽ പച്ചപ്പരവതാനി വിരിച്ചത് പോലെ, കുതിരയുടെ മുഖമുള്ള മല

kudremukh 5

കർണാടകയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതമാണ് കുദ്രെമുഖ്. നിത്യഹരിതവനങ്ങളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും അരുവികളും പുൽമേടുകളുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന സുന്ദര ഭൂമി. ട്രെക്കിങ് പ്രേമികളുടെ സ്വർഗമാണ് കുദ്രെമുഖ്. ‘ഇളയ മകളുടെ ഊര്’ എന്നാണ് ചിക്കമഗളൂരു എന്ന വാക്കിന്റെ അർഥം. സക്രേപട്ടണയുടെ തലവൻ രുഗ്‌മാംഗദ രാജാവ് ഇളയമകൾക്ക് സ്‌ത്രീധനമായി കൊടുത്തതാണത്രേ ഈ സ്ഥലം. കാടും കൃഷിയിടങ്ങളും വിശാലമായ മലനിരകളും ചേർന്ന ഒരപൂർവസുന്ദരഭൂമി. കർണാടകയിലെ ഉയരംകൂടിയ ആദ്യത്തെ മൂന്ന് മലകളും ചിക്മഗളൂരു ജില്ലയിലാണ്.

kudremukh 3

കാപ്പിയുടെ നാടും കൂടിയാണ് ചിക്കമഗളൂരു. ഇവിടെ കാപ്പി വന്നതിനു പുറകിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടു പണ്ട്... വളരെ പണ്ട്, ഇന്ത്യൻ സൂഫിവര്യൻ ബാബ ബുദ്ധൻ മക്കയിലോട്ട് തീർഥയാത്ര പോയി. പോകുംവഴി യെമനിലെ പ്രസിദ്ധ തുറമുഖ നഗരമായ മൊച്ചയിൽ താമസിക്കുകയുണ്ടായി. അവിടെ വച്ച് കുടിക്കാൻ കൊടുത്ത കറുത്ത പാനീയം അദ്ദേഹത്തിന് വളരെ ഇഷ്ടമായി. തനിക്ക് ഉന്മേഷം നൽകിയ ആ പാനീയം നാട്ടിലേക്കു കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചു. വറുത്ത കാപ്പിക്കുരു മാത്രമേ മറുനാടുകളിലേക്കു കൊണ്ടുപോകാൻ അനുവദിച്ചിരുന്നുള്ളൂ, അതുകൊണ്ട് വറുക്കാത്ത ഏഴ് കാപ്പിക്കുരു തന്റെ താടിയിൽ ഒളിപ്പിച്ച് അദ്ദേഹം ഇന്ത്യയിലോട്ടു കടത്തി. വീട്ടു മുറ്റത്തെ അടുക്കളത്തോട്ടത്തിൽ വളർന്ന ആ ചെടികൾ ഇന്ത്യയിൽ തന്നെ ആദ്യത്തെ കാപ്പിത്തോട്ടമായി മാറി. ബാബ ബുദ്ധൻ അന്ന് സന്യസിച്ചിരുന്നത് ചിക്കമഗളൂരുവിനടുത്തുള്ള ബാബ ബുദ്ധൻ ഗിരിയിലായിരുന്നു. ഇന്ന് കാപ്പി വലിയൊരു വ്യവസായമാണ്, ഇന്ത്യയിലെ കാപ്പി ഉൽപാദനത്തിൽ മുൻപന്തിയിലുണ്ട് കർണാടക. കലസയാണ് കുദ്രെമുഖ് പീക്കിന്റെ ബേ സ് ക്യാംപ്. മൂടിഖരയിൽ നിന്ന് യാത്ര തുടങ്ങാം. കോടമഞ്ഞിനെ വാരിപ്പുണർന്ന് വളഞ്ഞു പുളഞ്ഞ് പോകുന്ന പാതകളിലൂടെയാണ് ബസ് മുന്നേറുന്നത്. യാത്ര പുരോഗമിക്കും തോറും വലിയ മരങ്ങളും സസ്യങ്ങളും വഴിമാറി പുൽമേടുകൾ ഇടം പിടിക്കുന്നു. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകത കൊണ്ടാണിത്. ഇരുമ്പയിര് കൂടുതലുള്ളതിനാൽ വലിയ സസ്യങ്ങൾക്ക് ഇവിടെ വളരാൻ കഴിയില്ല പുല്ലുകൾ മാത്രമേ കാണാറുള്ളൂ.

kudremukh 4

 

ഇരുമ്പിന്റെ നാട്

കുദ്രെമുഖിന്റെ ഇരുമ്പ് ഖനിയെ കുറിച്ച് രാമായണത്തിൽ വരെ പ്രതിപാദിച്ചിട്ടുണ്ട്. സീതയെ തേടിയിറങ്ങിയ സുഗ്രീവൻ, വാനരസേനയോട് കുദ്രെമുഖിന്റെ ഭാഗമായ 'അയ്യോമുഖ് ' മലനിരകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'അയ്യോമുഖ്' എന്നാൽ ഇരുമ്പയിരാൽ സമ്പന്നം എന്നാണർഥം. രാമായണത്തിലെ പരാമർശത്തെ തുടർന്ന് പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞന്‍ സമ്പത്ത് അയ്യങ്കാർ, ഇരുമ്പയിര് തേടി ഇറങ്ങുകയും ഭദ്ര നദിക്കരയിൽ കുതിരയുടെ ലാടം പാറയിൽ ഒട്ടി പിടിച്ചതിനെ തുടർന്ന് ഇരുമ്പയിര് കണ്ടെത്തിയെന്നുമാണു ചരിത്രം. നാൽപതു വർഷത്തിന്റെ ഇരുമ്പു ഖനനത്തിന്റെ ഓർമകൾ വിളിച്ചുപറയുന്ന മണ്ണു കൂടിയാണ് കുദ്രെമുഖിന്റേത്. KIOCL എന്ന ഇരുമ്പ്കമ്പനി, പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന കമ്പനി അടച്ചുപൂട്ടിയതോടെ അയ്യായിരത്തോളം വരുന്ന ജോലിക്കാരോടൊപ്പം ഈ ഗ്രാമവും മലയിറങ്ങി. ഇന്ന് കുറച്ച് സഞ്ചാരികൾ മാത്രമാണ് കുദ്രെന്റെ സൗന്ദര്യം തേടി മല കയറാറുള്ളത്.

kudremukh 1

ചിക്മംഗളൂരുവിലെ ക്ഷേത്രങ്ങളുടെ നഗരം എന്നാണ് കലാസ അറിയപ്പെടുന്നത്. കലാസയിലാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കല്ലസേക്ഷേര ക്ഷേത്രം. ഇവിടെ വച്ചാണ് ശിവ-പാർവതി വിവാഹം കാണുവാൻ അഗസ്ത്യ മുനിക്ക് ശിവൻ അനുമതി നൽകിയത്. ഭദ്രാ നദിയുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കലസേശ്വരനെയാണ് ആരാധിക്കുന്നത്. മുള്ളോടിയിൽ താമസിച്ച് അതിരാവിലെ ട്രക്കിങ് ആരംഭിക്കുന്നതാണ് അഭികാമ്യം. നാൽപതിനു താഴെ മാത്രം വീടുകളുള്ള ഒരു കൊച്ചു ഗ്രാമാണ് മുള്ളോടി. കലാസയ്ക്കും കുദ്രെമുഖിനുമിടയിലുള്ള ബാലേഗല്ലാണ് മുള്ളോടിക്കടുത്തുള്ള പട്ടണം. ആറ് കിലോമീറ്റർ അകലെയുള്ള അവിടെ നിന്ന് ജീപ്പ് മാർഗമേ മുള്ളോടി എത്താൻ സാധിക്കു. കൂണ്ടും കുഴിയും നിറഞ്ഞ മണ്ണ് റോഡാണ് ഏക ഗതാഗത മാർഗം. മുള്ളോടിയിലോട്ട് യാത്ര തിരിക്കുന്നതിന് ബാലേഗലുള്ള ഫോറസ്റ്റ് ഓഫിസിൽ നിന്ന് പെർമിറ്റെടുക്കണം. ഒരു ദിവസം അൻപത് പെർമിറ്റുകൾ മാത്രമേ നൽക്കാറുള്ളു. തലേദിവസംതന്നെ പെർമിറ്റ് എടുക്കുന്നതാണ് ഉചിതം. പെർമിറ്റ് അനുവദിക്കണമെങ്കിൽ അംഗീകൃത ഗൈഡ് നിർബന്ധമായും കൂടെ വേണം. മറ്റു സഞ്ചാരികളുടെ ഒപ്പം കൂടുകയോ അല്ലെങ്കിൽ ഒരു ഗൈഡിനെ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. അഞ്ഞൂറ് രൂപയാണ് ഗൈഡ് ചാർജ്. സോമാവധി എന്ന വെള്ളച്ചാട്ടമാണ് പ്രധാന കാഴ്ചകളിലൊന്ന്. തിങ്കളാഴ്ചകളിലെ പൗർണമി രാത്രികളിൽ ഇവിടെ പ്രത്യേകം പൂജകൾ ഉണ്ടാവാറുണ്ട്. മനസ്സറിഞ്ഞ് പ്രാർഥിച്ചിട്ട് കുളിച്ചാൽ വിചാരിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.

kudremukh 6

സംസേപർവത

kudremukh 2

മകരമഞ്ഞിനെ പുതച്ച് കുദ്രെമുഖ് ഗാഢനിദ്രയിലാണ്. സംസേപർവത എന്നൊരു പേരും കുദ്രെമുഖിനുണ്ട്. ഈ മലയുടെ മുകളിൽ ഒരു പള്ളിയുണ്ടത്രേ. എല്ലാ ഞായറാഴ്ചയും കുതിരപ്പുറത്തേറി ബ്രിട്ടിഷ് സംഘം ഈ പള്ളിയിൽ പോയി കുർബാന കൂടുമായിരുന്നു. ഈ കുതിരസവാരിയുടെ പേരിലും കുതിരയുടെ മുഖമുള്ള മല ആയതിനാലുമാണ് 'കുദ്രമുഖ് 'എന്ന് പേര് വീണത്. കയറ്റവും ഇറക്കവുമായി കുറെ ദൂരം നടത്തമുണ്ട് കുദ്രെമുഖ് ട്രക്കിങ്ങിന്. സാധാരണ വേഗത്തിൽ നടന്നുകയറിയാൽ അഞ്ച് മണിക്കൂറിനകം മുകളിലെത്താം.കാട്ടിലേക്ക് നീളുന്ന വഴികൾ. കുറച്ചു ദൂരം മുന്നോട്ടു പോയാൽ ഫോറസ്റ്റ് ചെക്ക് പോയിന്റുണ്ട്. പെർമിറ്റും പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണവും റജിസ്റ്ററിൽ രേഖപ്പെടുത്തണം. കുത്തനെയുള്ള കയറ്റമാണ്. വഴി നീളെ മഞ്ഞ നിറത്തിലുള്ള പൂക്കൾ. വിജനമായ വഴികളിലുടെ കുറെ നേരം ഗൈഡിനെ പിന്തുടർന്ന് കാട്ടിൽ പ്രവേശിക്കാം. പിന്നീട് നല്ല കയറ്റമാണ്. തുടർച്ചയായി അരുവികളും വെള്ളച്ചാട്ടങ്ങളും കാണാം. 1987ലാണ് ഇവിടം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവിസംരക്ഷിത മേഖല കൂടിയാണിത്. ഭാഗ്യം കന്നിഞ്ഞാൽ മേച്ചിൽപുറങ്ങൾ തേടി വരുന്ന മാനുകളെയും മലയാടുകളെയും കാണാൻ സാധിക്കും. യാത്രയുടെ അവസാന ഭാഗങ്ങളിൽ കായികക്ഷമത ഏറെ പരീക്ഷിക്കപ്പെടും. ചുറ്റിവളഞ്ഞു പോകുന്ന കുത്തനെയുള്ള കയറ്റങ്ങൾ. ചുറ്റും കുദ്രമുഖ് ദേശീയോദ്യാനത്തിന്റെ പനോരമിക് വ്യൂ. ചിത്രങ്ങൾ പോലെ ഭൂപ്രകൃതി. കോടമഞ്ഞും ഇളംകാറ്റും ചേർന്നതോടെ സ്വപ്ന സമാനമായ അന്തരീക്ഷം..

Tags:
  • Manorama Traveller