Wednesday 12 January 2022 04:52 PM IST : By Easwaran Seeravally

‘ഹെൽമറ്റ് ഊരി മാറ്റിയപ്പോൾ നരച്ചമുടി കണ്ട് ആളുകൾക്ക് അദ്ഭുതം’; 67-ാം വയസ്സിൽ ലഡാക്കിലേക്ക് നടത്തിയ സോളോ റൈഡ് അനുഭവങ്ങൾ!

madhu13
Photo: P. Madhusoodanan

അൻപത്– അറുപത് വയസൊക്കെ ആയാൽ പലരും ബൈക്ക് ഉപേക്ഷിക്കുന്നതു കാണാം. എന്നാൽ 67– ാം വയസ്സിൽ ലഡാക്കിലേക്ക് യാത്ര പോയതിന്റെ ത്രിൽ ഒന്നു വേറെ തന്നെ എന്ന് തിരുവനന്തപുരം സ്വദേശി പി. മധുസൂദനൻ. വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർകൂടിയായ മധുസൂദനൻ തന്റെ രണ്ടാമത്തെ ഇന്ത്യൻ പര്യടനത്തിൽ ആകെ റൈഡ് ചെയ്തത് 8951 കി മീ.  2012 ൽ ആയിരുന്നു ആദ്യയാത്ര, കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഒരു സോളോ റൈഡ്. ഏഴു വർഷം കഴിഞ്ഞ് ആയിരുന്നു അടുത്ത യാത്ര.   

ആ യാത്ര, തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് തിരുനെൽവേലി, ബംഗളൂരു, ഹൈദരാബാദ്, നാഗ്പുർ, ഝാൻസി, ഡൽഹി, പാനിപ്പത്ത്, സോനിപ്പത്ത്, ചണ്ഡിഗഡ് വഴി അഞ്ചാം ദിവസം മണാലി എത്തി. അവിടെനിന്ന് റോഹ്തങ് പാസിലേക്കുള്ള പെർമിറ്റ് നേടി യാത്ര തുടർന്നു. ലഡാക്ക് യാത്രയ്ക്കും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിക്കുമുള്ള അനുവാദങ്ങൾ ഓൺലൈനായി നേടിയിരുന്നു. 

manali-roads-snow-coverd

കാലാവസ്ഥയുടെ ചതി

ഹെമിസ് ദേശീയോദ്യാനത്തിൽ ട്രെക്കിങ്ങ് നടത്തുന്നതിനിടെ ആണ് ഹിമാചൽ പ്രദേശിലെ പെട്ടന്നുള്ള കാലാവസ്ഥാ മാറ്റത്തെപ്പറ്റി അറിയുന്നത്.  മഞ്ഞുവീഴ്ചയുടെ സാധ്യത കണക്കിലെടുത്താണ് ബുള്ളറ്റ് ഒഴിവാക്കി കരിഷ്മ ബൈക്ക് യാത്രയ്ക്ക് എടുത്തത്. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ശക്തമായതോടെ പാങ്ഗോങ് യാത്ര റദ്ദാക്കി. മണാലിയിലേക്ക് മടങ്ങി. 

ഓഗസ്‌റ്റ് പൊതുവെ ലഡാക്കിൽ ബൈക്ക് സഞ്ചാരികളുടെ സീസനാണ്. ജൂലൈയിൽ മഞ്ഞുരുകി അരുവികളും പുഴകളും നിറഞ്ഞൊഴുകുന്ന സമയം, ഓഗസ്‌റ്റ് ആകുമ്പോൾ മഞ്ഞുവെള്ളം തീരും, മഴക്കാല അരുവികൾ രൂപപ്പെടും. 2019ൽ ഹിമാലയത്തിലെ കാലാവസ്ഥ തീർത്തും മോശമായിരുന്നു. മഞ്ഞുവീഴ്ച പതിവിലും നീണ്ടു, പിന്നെ കാലം തെറ്റി എത്തിയ മഴ. അങ്ങനെ മഞ്ഞുരുകിയും മഴപെയ്തും വെള്ളം വളരെ അധികമായി. മഴ തുടർന്നപ്പോൾ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സഞ്ചാരികൾക്ക് ദുരിതം സമ്മാനിച്ചു. 

rajasthan-peasant-folks

ഘോശാലിലെ കർഷകർ

മണാലിയിലേക്കുള്ള യാത്രയിൽ പലേടത്തും ചെറുതും വലുതുമായ മാർഗതടസങ്ങൾ ഉണ്ടായിരുന്നു. ഹൻസർ എന്ന സ്ഥലത്ത് ബ്ലോക്ക് ആയപ്പോഴാണ് ഘോശാൽ എന്ന ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നത്. യാത്രകളിൽ ഓരോ സ്ഥലത്തിന്റെയും ഗന്ധം പ്രത്യേകം തിരിച്ചറിയുന്നത് ഒരു ശീലമാണ്. കാടിന്റെ മണമല്ല നാടിന്, നാട്ടിൽതന്നെ ഗ്രാമങ്ങളുടെ ഗന്ധമല്ല നഗരത്തിന്, കൃഷിസ്ഥലങ്ങൾക്ക്. ഘോശാലിൽ എത്തിയപ്പോൾ നല്ലൊരു സുഗന്ധമാണ് സ്വീകരിക്കുന്നത്, വഴിയോരത്ത് വളരുന്ന ഒരു പൂച്ചെടി പൊഴിക്കുന്ന വാസനയാണത്രേ. ആ ചെടി ഗ്രാമീണർക്ക് ഔഷധവുമാണ്. അവരുടെ ആദ്യ ചോദ്യം ഞങ്ങളുടെ നാട് എങ്ങനെയുണ്ട് എന്നായിരുന്നു. ഗംഭീരം, സ്വർഗംപോലെ എന്നൊക്കെ പറഞ്ഞപ്പോൾ, നിങ്ങളെ സന്തോഷിപ്പിക്കുന്ന മഞ്ഞ് പലപ്പോഴും ഞങ്ങളുടെ പച്ചക്കറി വിളകളിൽ വീണ് അവ ചീഞ്ഞ് പോകാൻ ഇടവരാറുണ്ട് എന്നായിരുന്നു അവരുടെ ആശങ്ക.  

അവരുടെ ക്ഷണം സ്വീകരിച്ച് രണ്ട് കുടുംബങ്ങൾ സന്ദർശിച്ചു. പരമ്പരാഗതരീതിയിൽ, ആചാരപരമായി അഞ്ച് വ്യത്യസ്ത രുചികളുള്ള ആപ്പിളുകൾ ഒരു താലത്തിൽ വച്ച് നൽകിക്കൊണ്ടാണ് അവർ സ്വീകരിച്ചിരുത്തിയത്. സംസാരത്തിൽ മനസിലായ ഒരു കാര്യം ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ആ ഗ്രാമീണ കർഷകർ ഇങ്ങു തെക്കേ അറ്റത്തെ കേരളത്തെക്കുറിച്ചും ദക്ഷിണേന്ത്യയിലെ ജനജീവിതത്തെപ്പറ്റിയും വളരെ നന്നായി പഠിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇവരുടെ ജീവിതം സമൃദ്ധിയും സന്തോഷവും നിറഞ്ഞതാണ്. 

manali

ബിയാസ് നദിക്കരയിലെ സാഹസം

മണാലിയിലേക്കുള്ള ദേശീയ പാതയിൽ പലേടത്തും ബിയാസ് നദി കരകവിഞ്ഞ് റോഡ് ഒഴുകിപ്പോയിരുന്നു. മണ്ണിടിച്ചിൽ ഹിമാചൽ പ്രദേശിൽ അസാധാരണമല്ലെങ്കിലും ഇത്ര ഭീഷണമാകാറില്ല. പല സ്ഥലങ്ങളിലും റോഡ് ശരിയാക്കാൻ ജവാൻമാർ കഠിനമായി പരിശ്രമിച്ചു. ലച്ചാങ്‌ലാച്ച എന്ന സ്ഥലത്ത് അൽപം സാഹസികമായാണ് മുട്ടോളം ചെളിയിൽ താഴാതെ കടന്നു വന്നത്. റോഹ്തങ് പാസിൽ എത്തിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിര, അതിൽ നൂറുകണക്കിനു ബൈക്കുകൾ. ഒരു പെൺകുട്ടി ഉൾപ്പടെ നാലുപേർ അടങ്ങുന്ന മലയാളി സംഘത്തെയും കണ്ടു മുട്ടി അവിടെ. ഒരു ടാങ്കർ ലോറിയുടെ മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് വഴി ബ്ലോക്ക് ആയതാണ്. ഹെൽമറ്റ് ഊരി മാറ്റിയപ്പോൾ നരച്ച മുടിയൊക്കെ കണ്ട് ഒരുപാട് ആളുകൾ പരിചയപ്പെട്ടു. കേരളത്തിൽനിന്നു റൈഡ് ചെയ്തു വരികയാണെന്നു പറഞ്ഞപ്പോൾ എല്ലാവർക്കും അദ്ഭുതം... 

രാവിലെ എത്തിയിട്ട് വെകിട്ട് 4.30 ഓടെ താത്കാലിക പാതയിലൂടെ വഴി തുറന്നു. നദിക്കു കുറുകെ പാറക്കല്ലുകൾ പെറുക്കി ഇട്ടതാണ് പുതിയ പാത. ആദ്യം വിദേശിയായ ഒരു റൈഡർ വണ്ടി സ്‌റ്റാർട് ചെയ്തു. പകുതി എത്തിയപ്പോഴേക്കും ആ വണ്ടി മറിഞ്ഞു. അടുത്ത ഊഴത്തിൽ മധുസൂദനൻ വണ്ടിയുമായി ഇറങ്ങി. അൽപം ചെന്നപ്പോഴേക്കും മുകളിൽനിന്ന് പാറ പൊടിഞ്ഞ് വീഴാൻ തുടങ്ങി, ഷൂട്ടിങ് സ്‌റ്റോൺ... വണ്ടി മറിയാതെയും പാറക്കഷ്ണങ്ങൾ ദേഹത്തു തട്ടാതെയും വെട്ടിച്ച് മറുകര എത്തിയപ്പോൾ അക്കരെനിന്ന് നിർത്താതെ കരഘോഷം മുഴങ്ങി...  

koondankulam

മനം നിറച്ച പാങ്ഗോങ് 

ഷഷ്ഠിപൂർത്തിക്കു മുൻപായിരുന്നു ആദ്യ കശ്മീർ റൈഡ്. കന്യാകുമാരിയിൽനിന്ന് നാഗപുർ വരെ ദേശിയ പാതയിലൂടെ സഞ്ചരിച്ചശേഷം അവിടെനിന്ന് കട്നി, പന്ന, ഖജുരഹോ വഴി ഓഫ് റോഡ് മാർഗത്തിലൂടെ യാത്ര തുടർന്നു.  ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ് ഖജുരഹോ. പാറ തുരന്ന് സൗന്ദര്യം തുളുമ്പുന്ന, ജീവസ്സുറ്റ ശിൽപങ്ങൾ കൊത്തി എടുത്ത കരവിരുതിനു മുന്നിൽ നമിക്കാതെ ഒരു സഞ്ചാരിയും കടന്നുപോകില്ല.

കശ്മിരിലെ പാങ്ഗോങ് തടാകം സ്വർഗസമാനമാണ്. പ്രകൃതിയുടെ സൗന്ദര്യം വർണനാതീതം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം, പരിസരങ്ങളിലെ കല്ലുകളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം തടാകത്തിന്റെ നിറം അനുനിമിഷം മാറ്റി മറിക്കുന്നു. മടക്കം രാജസ്ഥാൻ വഴി. ദേശാടനക്കാരായ കൃഷിതൊഴിലാളികളാണ് രാജസ്ഥാൻ ഗ്രാമക്കാഴ്ചകളിൽ മറക്കാനാകാത്തത്. പരമ്പരാഗതമായ വേഷത്തിൽ ഇവർ ഓരോ കുടുംബത്തിനും വേണ്ട മുഴുവൻ സാധനങ്ങളും ഒട്ടകപ്പുറത്തേറ്റി നാടു ചുറ്റുന്നു. ഒരു സ്ഥലത്തെത്തി അവിടത്തെ കൃഷിജോലികൾ മുഴുവൻ ചെയ്യുന്നു. ആ ഭാഗത്തെ കൃഷി അവസാനിച്ചാൽ മറ്റൊരിടത്തേക്ക് പുറപ്പെടുകയായി...  കശ്മീരിലും സമാനമായ ഒരു സംഘത്തെ പിന്നീടൊരിക്കൽ കണ്ടുമുട്ടി. 

khoshal-cabbages-under-snow

പ്രിയം ഗ്രാമീണയാത്രകൾ

ആദ്യ ബൈക്ക് യാത്ര 1974ൽ ആയിരുന്നു. ബൈക്ക് ഓടിക്കാൻ പഠിച്ച ശേഷം ഒരു ജാവ ബൈക്ക് സ്വന്തമാക്കിയ സമയത്ത് ജ്യേഷ്ഠനെയും കൂട്ടി തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെടുകയായിരുന്നു. അക്കാലത്ത് നിർമാണ ഘട്ടത്തിലിരുന്ന ഇടുക്കി ഡാം കയറിക്കണ്ടശേഷമേ വീട്ടിൽ തിരച്ചെത്തിയുള്ളു. പിന്നീട് യാത്രകൾ പതിവാക്കി. ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളായിരുന്നു പലപ്പോഴും ഡെസ്റ്റിനേഷൻ. തമിഴ്നാട്ടിലെ കൂന്ദൻകുളവും കർണാടകത്തിലെ ഹുബ്ലിക്കടുത്ത് മുണ്ടുകോടും ഒക്കെ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്ന സ്ഥലങ്ങളാണ്. 

Pangong-lake

പറവൈ ശരണാലയം

‘ആന്‌ഡ്രിൽ പറവൈ പോൽ ഇൻട്രുപോൽ എന്റും പല്ലാണ്ട് വാഴ്ക’ എന്നാണ് തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിക്കടുത്ത് ഒരു ഗ്രാമത്തിൽ നവദമ്പതികളെ ആശിർവദിക്കാറുള്ളത്. ആന്ഡ്രിൽ പറവ എന്നാൽ ഐബിസ് (ക്രൗഞ്ച) പക്ഷി. ജീവിതം മുഴുവൻ ഒരു ഇണയെ മാത്രം കൂട്ടുന്നവയാണ് ഈ പക്ഷികൾ. അതുപോലെയാകണം നവദമ്പതികളുടെ ജീവിതവും എന്നത്രേ അനുഗ്രഹിക്കുന്നത്. അത്രമാത്രം പക്ഷികളുമായി ചേർന്നു ജീവിക്കുന്നവയാണ് പറവൈ ശരണാലയം എന്നറിയപ്പെടുന്ന കൂന്തൻകുളം. പല തവണ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള കൂന്തൻകുളം കാഴ്ചകളുടെയും അനുഭവങ്ങളുടെയും പറുദീസയാണ്.

Jog-waterfalls

പാസ്പോർട് വേണ്ടാത്ത സഞ്ചാരി

വൈദ്യുതി വകുപ്പിൽ നിന്നു വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർ അഞ്ചുതവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു മുൻ ഗുസ്തി ചാംപ്യൻകൂടിയാണ്. പാസ്പോർട്ട് എടുക്കുന്നില്ലേ, വിദേശത്ത് എവിടെ പോകാനാണ് ഇഷ്ടം എന്നൊക്കെ ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു. ഞാൻ എന്റെ നാടുതന്നെ കണ്ടു തീർന്നിട്ടില്ല. ഇന്ത്യയിൽ ഇനിയും എത്രയോ സ്ഥലങ്ങൾ കാണാനുണ്ട്, കേരളം തന്നെ മുഴുവനായിട്ടുണ്ടോ എന്ന് സംശയമാണ്. ഈ നാട് കണ്ടുതീരാതെ വിദേശത്തേക്ക് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു...

madhu5
Tags:
  • Manorama Traveller