Saturday 20 November 2021 03:19 PM IST : By Deepa Puzhakkal

മാലാഖ കുഞ്ഞുങ്ങളുമായി മലക്കപ്പാറയിലേക്ക്... ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കൊപ്പം ഒരു ആനവണ്ടി യാത്രാ വിശേഷം

malakkappara trip1

ആന വണ്ടിയിൽ മഞ്ഞണിഞ്ഞ മലക്കപ്പാറയിലെത്തണം എന്ന ചിന്ത മാത്രമായിരുന്നു ആ യാത്ര പുറപ്പെടാൻ കാരണം. എന്നാല്‍ സ്ഥിരം യാത്രാക്കൂട്ടം ടീം സഫാരിയിലെ സഞ്ചാരികൾ ആറ് മാലാഖ കുഞ്ഞുങ്ങളെ കൂടെ കൂട്ടിയിരിക്കുന്നു.... പട്ടിക്കാട് സ്നേഹാലയത്തിലെ ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങളാണ് ആന വണ്ടിയിൽ മലക്കപ്പാറ യാത്രയ്ക്ക് ടീം സഫാരിയുടെ കൂടെ ചേർന്നത്... ഒരു കൊച്ചു യാത്രയുടെ കൗതുകവും ആനന്ദവും പാർശ്വവൽക്കരിക്കപ്പെട്ട ഏതാനും കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാനായതാണ് ഈ യാത്രയുടെ സാക്ഷാത്കാരം...

അതിരപ്പിള്ളി വെള്ളച്ചാട്ടവും തമിഴ്നാട് അതിർത്തിയിലെ മലയോര ഗ്രാമമായ മലക്കപ്പാറയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. പല തവണ പോയാലും സഞ്ചാരികളെ വീണ്ടും വിളിക്കുന്ന ആകർഷണീയത ഈ സ്ഥലങ്ങൾക്കുണ്ട്. സഫാരി ടീമിന്റെ 45-മത് ഈവന്റ് ആയിരുന്നു. ടീം സഫാരിയിലെ യാത്രികർ

വെറും കാഴ്ചക്കാരല്ല. അവർ അനന്യമായ മാനവികതാബോധത്തിന് ഉടമകളായ സഞ്ചാരികളാണ്. ഇത്തവണ യാത്രയിൽ അതിഥികളായി എത്തിയ കുട്ടികൾ ചിന്നൻ രാജ , രാഹുൽ, നിബിൻ, വിഷ്ണു, ബെൻ ജോർജ്, നെവിൻ എന്നിവരാണ്.

മലക്കപ്പാറ ആനവണ്ടി യാത്രയ്ക്ക് വിളിച്ചത് സുഹൃത്തായ ചന്ദ്രികയാണ്. സഫാരി ടീം അംഗം, ബുള്ളറ്റ് റൈഡർ, ടൂർ കോർഡിനേറ്റർ തുടങ്ങി വിവിധ മേഖലയിൽ സജീവമായ "പെൺപുലി ". നവംബർ 13 ശനിയാഴ്ച യാത്ര നിശ്ചയിക്കുകയും 50 പേർക്ക് ബസ് ബുക്ക് ചെയ്തതും ഭക്ഷണം ഏല്പിച്ചതുമെല്ലാം കോർഡിനേറ്റർമാരായ അഫ്സലും ചന്ദ്രികയും ചേർന്നാണ്.

malakkappara trip4

സ്വപ്നം കണ്ട ട്രിപ് യാഥാർത്ഥ്യമാകുന്ന ദിവസം എത്തി. ദിവസം പുലർന്നതു തന്നെ മഴയുടെ കിലുക്കത്തോടെയായിരുന്നു. മഴ ശക്തമാകുമെന്ന പ്രവചനങ്ങളെല്ലാം മനഃപൂർവം വിസ്മരിച്ച് ഞങ്ങൾ ചാലക്കുടി ഡിപ്പോയിലെത്തി. അവിടെ ഞങ്ങളെ സ്വീകരിച്ചത് മഴയുടെ ഹർഷാരവമായിരുന്നു. മഴത്തുള്ളികൾക്കിടയിലൂടെ സുഹൃത്ത് മഞ്ജു കാത്തു നിൽക്കുന്നതു കണ്ടു. മഴ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുഖത്ത് കാണാം... കണ്ണൂർ, വടകര ഭാഗങ്ങളിൽ നിന്ന് എത്തിയവരിൽ മഴയിലും നഷ്ടപ്പെടാത്ത ഉത്സാഹം കണ്ടു. ഒരു പാട് ദൂരം താണ്ടിയാണ് പലരും എത്തിയത്. കൂടാതെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന യാത്രയാണ്. കോർഡിനേറ്റർ മാരായ ചന്ദ്രികയും അഫ്സലും മഴയെ അവഗണിച്ച് തയാറെടുപ്പിന്റെ തിരക്കിലാണ്.

കുഞ്ഞുങ്ങളെ സ്വീകരിച്ച് സീറ്റുകളിൽ ഇരുത്തിയിരിക്കുന്നു. ബലൂണും റിബണും കെട്ടി സുന്ദരമാക്കിയ ചുവപ്പും മഞ്ഞയും നിറമുള്ള ആന വണ്ടി മഴ നനഞ്ഞ് മിന്നി തിളങ്ങുന്നു. ബസിലിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. ബ്രേക്ക് ഫസ്റ്റ് ഇഡ്ഡലിയായിരുന്നു. അപ്പോഴേക്കും യാത്ര പുറപ്പെടാൻ സമയമായി...

ഡ്രൈവർ രഞ്ജിത്തും കണ്ടക്ടർ ബിജുവും എത്തി. കെഎസ്ആർടിസി ഡിപ്പോയിലെ മറ്റു ജീവനക്കാർ, ഇൻസ്പെക്ടർ ഡൊമിനിക് സർ, ആന വണ്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ ആശംസകൾ നേർന്നു.

malakkappara trip5

മഴ കൊണ്ട് മുറിവേറ്റിട്ടാണ് ഞങ്ങൾ ബസിൽ കയറിയത്. പക്ഷേ, പുറപ്പെടുന്ന നേരത്ത് ഒരു പ്രാർത്ഥന പോലെ മഴ മാറി... മാനം തെളിഞ്ഞു. സാരഥി രഞ്ജിത് വണ്ടിയെടുത്തു. യാത്രയെപ്പറ്റി ചുറ്റുമുള്ളവരുടെ ഉത്കണ്ഠ അപ്രസക്തമാക്കി വണ്ടി ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി റോഡിലെത്തി. മഴ പൂർണമായും ഒഴിഞ്ഞു പോയിരിക്കുന്നു. തുമ്പൂർമുഴി പിന്നിട്ട് ബസ് മുന്നോട്ട് പോയി

അതിരപ്പിള്ളി വ്യൂ പോയിന്റിലാണ് ആദ്യം നിർത്തിയത്. എല്ലാവരും ഇറങ്ങി അതിരപ്പിള്ളിയുടെ പ്രൗഢഭാവം വീക്ഷിച്ചു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ഇടം. അതിഥികളായ കുഞ്ഞുങ്ങളെ കൂടെക്കൂട്ടി കാഴ്ചയുടെ ഭംഗി അവർക്ക് പങ്കുവെക്കുന്ന സഹയാത്രികർ... ശ്രദ്ധയോടെ അവരെ പരിപാലിക്കുന്ന അഫ്സലും ചങ്ങാതിമാരും....

malakkappara trip2

അത്രമേൽ കരുതലോടെയുള്ള ഇടപെടൽ നടത്തുന്ന ഒരു യാത്രാ സംഘത്തെ ആദ്യമായി പരിചയപ്പെടുകയായിരുന്നു...

പിന്നീട് ബസ് നിറുത്തിയത് ചാർപ്പ വെള്ള ചാട്ടത്തിന്റെ മുന്നിൽ. മഴക്കാലം അവസാനിക്കാത്തതിനാൽ ചാർപ്പ നല്ല സുന്ദരിയായി പതഞ്ഞൊഴുകുന്നു. 10 മിനിട്ട് ചാർപ്പയോട് സല്ലപിച്ച് എല്ലാവരും ബസിലേക്ക്. വീണ്ടും യാത്ര... അപ്പോഴേക്കും ബസിൽ ഗായക സംഘം ഉഷാറായി. പഴയതും പുതിയതുമായ പാട്ടിന്റെ പാലാഴിയിൽ ലയിച്ച് യാത്ര തുടർന്നു.

പിന്നീട് വാഴച്ചാലിന്റെ മനോഹര ദൃശ്യം മനസിൽ ആവാഹിച്ച് വീണ്ടും മലക്കപ്പാറ ലക്ഷ്യത്തിലേയ്ക്ക് യാത്ര. പെരിങ്ങൽ കുത്ത് ഡാം റിസർവോയർ വ്യൂ പോയിന്റിലെ പ്രകൃതി ഭംഗി നുകർന്ന് ആനക്കയം പാലം കടന്ന് ഷോളയാർ ഹൈഡ്രോ ഇലക്ടിക് പ്രൊജക്റ്റ് വാൽവ് ഹൗസിനടുത്ത് ഇറങ്ങി. പെൻ സ്‌റ്റോക്കിന്റെ വലിയ പൈപ്പുകൾ താഴേയ്ക്ക് സമാന്തരമായി നിൽക്കുന്നത് കാണാൻ കൗതുകമാണ്.

malakkappara trip3

കാടിനെയും കാനന യാത്രകളെയും പറ്റി വാചാലനായ ബിജു തന്റെ കണ്ടക്ടറുടെ യൂണിഫോമിൽ നിന്ന് ഒരു ഗൈഡിന്റെ രൂപത്തിലേയ്ക്ക് പരിണമിച്ചു. യാത്രയിൽ അദ്ദേഹം കണ്ടിട്ടുള്ള വന്യജീവികളെ കുറിച്ചും അവിടെയുള്ള ആദിവാസി സമൂഹത്തിന്റെ ജീവിതത്തെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. ഔദ്യോഗികമായ എല്ലാ പരിവേഷവും മാറ്റി എത്ര വേഗമാണ് അദ്ദേഹം ഞങ്ങളുടെ സംഘത്തിലെ അംഗമായി മാറിയത്. ഇത്തരം കാനനയാത്രയിൽ വണ്ടിയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിച്ചിട്ടുള്ള അനുഭവ ജ്ഞാനം യാത്രികർക്ക് ളരെ പ്രയോജനകരമാണ്. മലക്കപ്പാറയിലേക്കുള്ള റോഡ് വീതി കുറഞ്ഞ കയറ്റങ്ങളും വളവുകളും നിറഞ്ഞതാണ്. ആ വഴിയിലൂടെ താരതമ്യേന വലിയ വണ്ടി തെളിച്ചു കൊണ്ടുപോകുന്നതിന് നല്ല വൈദഗ്ധ്യം ആവശ്യമാണ്. രഞ്ജിത് (ഡ്രൈവർ) അത്രമാത്രം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് വണ്ടി ഓടിച്ചത്.

ഉച്ച ഭക്ഷണ സമയമായി. ഇനിയും മലക്കപ്പാറയ്ക്ക് 1 മണിക്കൂർ കൂടി വരും. ഒരു നീർചോലയ്ക്കരികൽ ബസ് നിർത്തി. ഭക്ഷണം ബസിൽ നിന്നെടുത്തു. വഴിയരികിൽ കല്ലിൽ വെച്ച് ചങ്ങാതിമാർ വിതരണം ചെയ്യാൻ തുടങ്ങി ... ചൂടുമാറാത്ത ചോറ്, സാമ്പാർ, കാളൻ, സലാഡ്, പപ്പടം, മീൻ വറുത്തത് , കാബേജ് തോരൻ... അതിഥി യാത്രികരും ഭക്ഷണം കഴിച്ചു. കാനന സദ്യ അതീവ രുചികരമായിരുന്നു....

ചുറ്റും പച്ചയാർന്ന കാട്, ശുദ്ധമായ വായു പകരുന്ന ഉന്മേഷം... നനവാർന്ന പച്ചയിലകൾക്കിടയിലൂടെ ഇറങ്ങി വരുന്ന പ്രകാശത്തിന്റെ സ്പർശം. കാടിന്റെ മണം, ശബ്ദം എല്ലാം അനുഭവിക്കാം. ഭക്ഷണ അവശിഷ്ടവും പ്ലേറ്റുമെല്ലാം കാർഡ് ബേർഡ് ബോക്സിൽ വണ്ടിയിൽ തന്നെ വെച്ചു. ഒരു വേസ്റ്റ് പേപ്പർ പോലും അവിടെയിടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചു. ഉത്തരവാദിത്ത ടൂറിസം എല്ലാവരും നെഞ്ചിലേറ്റി കഴിഞ്ഞു.

malakkappara trip6

ഇനി മലക്കപ്പാറയാണ് .... ഇന്നത്തെ സ്വപ്ന താവളം. 3 മണിക്ക് ഞങ്ങൾ മലക്കപ്പാറയിലെത്തി... പോലീസ് സ്‌റ്റേഷന് സമീപം വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി ... അവിടെ wash room & toilet സൗകര്യം ഉണ്ടായിരുന്നു. ഹിൽ സ്‌റ്റേഷനുകളുടെ സൗന്ദര്യം കുന്നിൽ ചരുവുകളിലെ പച്ച പിടിച്ച തേയില തോട്ടവും അതിനു മുകളിലൂടെ കടന്നു പോകുന്ന കോട മഞ്ഞുമാണ്... മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മലക്കപ്പാറ ഒരു കൊച്ചു സ്വർഗം പോലെ സുന്ദരമാണ്. വെൺമയാർന്ന മൂടൽ മഞ്ഞ് പുതച്ചു കിടന്ന മലക്കപ്പാറയ്ക്ക് വിശുദ്ധ സൗന്ദര്യം ... മലക്കപ്പാറ പള്ളി, ഗവ യു പി സ്കൂൾ, ടാറ്റയുടെ തേയില ഫാക്ടറി... എല്ലാം ബിജു പരിചയപ്പെടുത്തി. സമയം പോയതറിഞ്ഞില്ല തിരിച്ചിറങ്ങണം. വന്ന വഴിയെല്ലാം ഇരുട്ടിലായി തുടങ്ങി.. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ പോയി ബസ് തിരിച്ചു വന്നു. അപ്പുറം തമിഴ് നാടിന്റെ ഭാഗമാണ്.

ഓരോ ചായ കുടിച്ച് എല്ലാവരും ബസിലേയ്ക്ക്. 6 മണി കഴിഞ്ഞു. മടക്ക യാത്ര തുടങ്ങി. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. ഷോളയാർ കെഎസ്ഇബി ഓഫീസിനടുത്ത് നിർത്തി. അവിടെ ചായ ചെറിയ സ്നാക്ക് എല്ലാവരും കഴിച്ചു. പെട്ടെന്നൊരു അഭിനന്ദന യോഗം വഴിയരികിൽ. ടീം സഫാരിയുടെ 45 മത് ഇവന്റ് യാത്ര വിജയകരമാക്കിയതിൽ കെഎസ്ആർടിസി കണ്ടക്ടർ ബിജുവിനും ഡ്രൈവർ രഞ്ജിത്തിനും നന്ദി പ്രകടിപ്പിച്ചു.

malakkappara trip7

കാട്ടിലൂടെയുള്ള രാത്രി യാത്രയിൽ എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. സഞ്ചാരമെന്ന അദൃശ്യനൂൽ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടവർ... സ്നേഹഭവനിൽ നിന്ന് അതിഥികളായി വന്ന ഭിന്നശേഷ വിഭാഗത്തിലെ കുട്ടി ചിന്നൻ പാടി " അമ്മ മറന്നു പോയോ

സ്വന്തക്കാർ അകന്നുവോ

കൂടെയില്ലേ നിങ്ങളെല്ലാം ....??"

malakkappara trip8

രാത്രിയിൽ കാട്ടിലൂടെയുള്ള യാത്ര ഒരു അനുഭവമാണ്. പച്ചനിറം ഇരുട്ടിന് വഴി മാറി. മരക്കൊമ്പിലെ കരിങ്കുരങ്ങും മലയണ്ണാനും കുരങ്ങുകളുമെല്ലാം സ്വന്തം താവളങ്ങളിൽ സുരക്ഷിതരായി മറഞ്ഞു. ചുറ്റും കാടിന്റെ ദുരൂഹത. രാപ്പാടികളുടെ കരച്ചിൽ. കാടിന് മാത്രം പകർന്നു തരാവുന്ന വന്യഗന്ധം പകർന്ന വഴിയിലൂടെ ഞങ്ങൾ തിരിച്ചിറങ്ങി .. ചാലക്കുടിയിൽ ബസ് ഡിപ്പോയിൽ എത്തി സമയം രാത്രി 10.30. സഞ്ചാരികൾ പരസ്പരം അഭിവാദ്യം ചെയ്തു പിരിഞ്ഞു. പട്ടിക്കാട് സ്നേഹഭവനിലെ കുഞ്ഞുങ്ങളേയും കൊണ്ട് ബിജു സർ തൃശൂരിലേക്ക് പുറപ്പെട്ടു.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories
  • Wild Destination