Thursday 03 February 2022 04:22 PM IST : By Thara Nandikkara

ചെറുതും വലുതുമായി 5 ലക്ഷത്തോളം ബുദ്ധ പ്രതിമകളുള്ള ഗ്രാമം, ലോകത്തിലെ തന്നെ വലിയ മൂന്നാമത്തെ ബുദ്ധ പ്രതിമ സ്ഥിതി ചെയ്യുന്നതും ഇവിടെ

thara 7

മ്യാൻമർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഓങ് സാൻ സൂചിയും രോഹിൻഗ്യകളും പട്ടാളഭരണവുമാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും പഴയ ബർമ നമുക്ക് അത്ര പരിചിതമല്ല. ആ ഒരു കൗതുകമാണ് മ്യാൻമർ കാഴ്ചകൾ തേടിയുള്ള യാത്രയിലെത്തിച്ചത്. മ്യാൻമറിലെ സ്ഥലങ്ങളിൽ കുറച്ചെങ്കിലും കേട്ടു പരിചയം റങ്കൂൺ ആണ്. പഴയ ബർമയുടെ തലസ്ഥാനം. റങ്കൂണിന്റെ ഇന്നത്തെ പേര് യാങ്കോൺ. എന്നാൽ, രാജ്യത്തിന്റെ പേരിനൊപ്പം തലസ്ഥാനവും മാറി. ഇന്ന് മ്യാൻമാറിന്റെ തലസ്ഥാനം നേപായിഡോ (naypayidaw) ആണ്. പക്ഷേ, വലിയ നഗരം ഇന്നും യാങ്കോൺ തന്നെ. എന്നാൽ മ്യാൻമാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ യാങ്കോണിൽ ഒതുങ്ങുന്നില്ല!

thara 3

ഇന്ത്യയിലെ വല്ലഭായി പട്ടേൽ പ്രതിമയും, ചൈനയിലെ വൈരോക്കാന ബുദ്ധനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ എവിടെയാണെന്നറിയുമോ? അത് മ്യാൻമറിലെ ഒരു കുഗ്രാമമായ മോണിവയിലാണ് (monywa). ഗൗതമ ബുദ്ധനോടുള്ള അതിരറ്റ ആരാധനയുടെ കാഴ്ചകളാണ് മോണിവാ ഗ്രാമത്തിലെ പഗോഡകളിലും ക്ഷേത്രങ്ങളിലും കാണാനാവുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ പ്രതിമയായ 'ലേക്കുൻ സെക്യ ബുദ്ധൻ' , തൊട്ട് താഴെ അതിനോളം വലിപ്പം വരുന്ന ശയന രൂപത്തിലുള്ള ബുദ്ധൻ. ഈ രണ്ടും പ്രതിമകളുമുള്ള കുന്നിന് താഴെ നട്ട് വളർത്തുന്ന ആയിരം ബോധി വൃക്ഷ ചെടികൾ. ആ ചെടികളുടെ താഴെ തപസ്സിലിരിക്കുന്ന ആയിരം ബുദ്ധന്മാർ. കുറച്ച് ദൂരെ മാറി തൻബോധയി പഗോഡയും അതിലെ നൂറുകണക്കിന് മിനാരങ്ങളും. പഗോഡക്കുള്ളിൽ ചെറുതും വലുതുമായി 5 ലക്ഷത്തോളം ബുദ്ധ പ്രതിമകൾ. വായിച്ചത് തെറ്റിയിട്ടില്ല. 5 ലക്ഷം ബുദ്ധ പ്രതിമകൾ! വന്നെത്തുന്ന സഞ്ചാരികളെയെല്ലാം അമ്പരപ്പിക്കുന്ന കാഴ്ചകളാണ് മോണിവാ ഗ്രാമത്തിലെ ബുദ്ധക്ഷേത്രങ്ങളിൽ. എന്നിട്ടും ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവർ വിരലിൽ എണ്ണാവുന്നത്ര മാത്രം.

thara 2

രാജ്യ തലസ്ഥാനമായ യാങ്കോണിൽ നിന്നും 700 കിലോമീറ്ററിലധികം ദൂരമുണ്ട് മോണിവായിലേക്ക്. 100 കിലോമീറ്റർ ദൂരെയുള്ള മൻഡലായ് ആണ് ഏറ്റവും അടുത്തുള്ള ഇന്റർനാഷനൽ എയർപോർട്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത റെയിൽപാളങ്ങൾ ഇനിയും പുതുക്കിപ്പണിഞ്ഞിട്ടില്ലാത്തതിനാൽ മ്യാൻമറിലെ ട്രെയിനുകൾ വളരെ പതുക്കെയാണ് ഒാടുന്നത്. അതുകൊണ്ട് മ്യാൻമാറിലെത്തുന്ന സഞ്ചാരികൾ പൊതുവെ ട്രെയിൻ യാത്ര ഒഴിവാക്കാറാണ് പതിവ്. ബസിൽ പത്ത് മണിക്കൂർ കൊണ്ടെത്തുന്ന സ്ഥലങ്ങൾ പതിനെട്ടും ഇരുപതും മണിക്കൂറൊക്കെ എടുത്താണ് തീവണ്ടികൾ ഓടിത്തീർക്കുന്നത്. മോണിവാ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ ദൂരെയാണ് ബുദ്ധപ്രതിമകൾ നിൽക്കുന്ന സ്ഥലം. ടൂറിസ്റ്റ് മാപ്പുകളിൽ ഒന്നും പെടാത്തതിനാൽ മോണിവായിൽ താമസ സൗകര്യങ്ങൾ പരിമിതമാണ്. രാത്രി തങ്ങുന്നുവെങ്കിൽ മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്ത ശേഷം പോവുന്നതാണ് നല്ലത്. 2000 രൂപ മുതൽ മുകളിലേക്കാണ് റൂം റേറ്റ്. മോണിവാ പട്ടണത്തിൽ നിന്നും ബുദ്ധ പ്രതിമകൾക്കരികിലേക്ക് ഷെയർ ടാക്സി കിട്ടും. അര മണിക്കൂറിൽ അവിടെത്താം.

പോവുന്ന വഴിയിൽ ആദ്യമെത്തുന്ന ബുദ്ധക്ഷേത്രമാണ് തൻബോധയി പഗോഡ. ക്ഷേത്രവളപ്പിലേക്ക് കടക്കുമ്പോൾ തന്നെ ആദ്യം കണ്ണിൽപ്പെടുന്ന നൂറുകണക്കിന് കൂർത്ത മിനാരങ്ങളുള്ള മേൽക്കൂരയാണ്. അത് കഴിഞ്ഞേ മഞ്ഞയും ചുവപ്പും നിർലോഭം തേച്ച് മിനുക്കിയ ക്ഷേത്രചുവരുകൾ കണ്ണിൽപ്പെടൂ. മ്യാൻമറിൽ വേറെങ്ങും കാണാത്തൊരു നിർമിതിയാണ് തൻബോധയി പഗോഡയിലേത്. ചതുരാകൃതിയിലുള്ള താഴെ നിലയിൽ നിന്നും പല തട്ടുകളായി നടുവിലെ സ്തൂപത്തിലേക്ക് ചുരുങ്ങുന്ന മട്ടിലുള്ളൊരു നിർമിതി. നിറങ്ങൾ മാറ്റി നിർത്തിയാൽ ഒറ്റ നോട്ടത്തിൽ ഇൻഡോനേഷ്യയിലെ ബോറോബുദുർ ക്ഷേത്രത്തിന്റെ നിർമിതിയോട് ചെറുതായൊരു സാമ്യം തോന്നാം. കാവൽക്കാരെന്നോണം ഇരിക്കുന്ന നിരവധി സിംഹ പ്രതിമകളുണ്ട് ക്ഷേത്രത്തിന് ചുറ്റും. ഇടയിൽ നാല് കാലിൽ സിംഹങ്ങളുടെ അതെ പോലെ ഇരിക്കുന്ന ചില മനുഷ്യ പ്രതിമകളും. ആദ്യം കാണുമ്പോൾ ചിരിയാണ് വരിക.

thara 1

ക്ഷേത്രവളപ്പിൽ ഒരു അമ്മയും മോളും തനാഖാ അരച്ചുണ്ടാക്കി മുഖത്ത് തേക്കുന്നത് കണ്ടു. നമ്മൾ നെറ്റിയിൽ ചന്ദനം തേക്കുന്നത് പോലെ ഒരു പരിപാടിയാണ് ബർമീസുകാരുടെ തനാഖാ. ഗാൻഗോ എന്ന ഒരു പൂവും, തനാഖാ എന്ന മരത്തിന്റെ വേരും ചേർത്താണ് ഇതുണ്ടാക്കുന്നത്. ചൂടിൽ നിന്നും പൊടിയിൽ നിന്നുമൊക്കെ മുഖം സംരക്ഷിക്കാൻ വേണ്ടിയാണ് പ്രധാനമായും അവർ ഇത് ചെയ്യുന്നത്. സ്ത്രീകൾ കുറച്ച് കൂടി സൗന്ദര്യപരമായി മുഖത്ത് തനാഖാ വരക്കും. ഒരു ആഭരണമെന്ന പോലെ. മ്യാൻമറിൽ ഒരു വിധം എല്ലായിടത്തും കാണാനാവുന്ന സംഗതിയാണ് ഈ തനാഖാ വരക്കൽ. കൗതുകം തോന്നി ഫോട്ടോ എടുക്കാൻ ചെന്ന ഞങ്ങളെ വിളിച്ചിരുത്തി മുഖത്ത് തനാഖാ ഇടീപ്പിച്ചാണ് അവർ വിട്ടത് !

thara 4

താഴെ നിന്നും നോക്കുമ്പോൾ ഈ ക്ഷേത്രത്തിന്റെ ഒരു മുഴുവൻ രൂപം കിട്ടില്ല. ഭാഗ്യത്തിന് തൊട്ടടുത്ത് തന്നെ ഒരു വാച്ച് ടവർ കണ്ടു. സാമാന്യം ഉയരമുണ്ട്. മുകളിൽ നിന്നാൽ മുഴുവൻ ക്ഷേത്രവും വൃത്തിയായി കാണാൻ പറ്റുന്ന ഉയരം. ഞാനും താരയും കയറി. മുകളിൽ എത്താറായപ്പോൾ രണ്ടു പയ്യന്മാർ താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ കണ്ടതും ഒരു നിമിഷം പരസ്പരം നോക്കി ഞങ്ങളോടെന്തോ പറഞ്ഞു. ഭാഷ വശമില്ലാത്തതിനാൽ അവർ പറയുന്നത് ഞങ്ങൾക്കും, ഞങ്ങൾ പറയുന്നത് അവർക്കും മനസ്സിലായില്ല. ഒന്ന് രണ്ട് മിനിറ്റിൽ ആ പരിപാടി നിർത്തി അവർ താഴോട്ടും ഞങ്ങൾ മോളിലോട്ടും പോയി. ഈ പഗോഡയുടെ മുകൾഭാഗം മുഴുവൻ സ്വർണവർണത്തിലുള്ള നൂറുകണക്കിന് കൂർത്തു മൂർത്ത മിനാരങ്ങളാണ്. വാച്ച് ടവറിന്റെ മീതെ നിന്ന് നോക്കിയാലെ അതിന്റെ വ്യാപ്തി മുഴുവനായും മനസ്സിലാവൂ. എല്ലാത്തിനും നടുക്കൊരു നെടുനീളൻ സ്തൂപവുമുണ്ട്. പ്രധാന പ്രതിഷ്ഠ അതിനടിയിലാണെന്ന് തോന്നുന്നു. മ്യാൻമറിൽ വേറെങ്ങുമില്ലാത്തൊരു നിർമിതി. വാച്ച് ടവറിൽ നിന്നും താഴെയിറങ്ങി പുറത്ത് കടക്കുമ്പോഴാണ് ബർമീസ് ഭാഷയിൽ വലുതായും ഇംഗ്ലീഷിൽ ചെറുതായും എഴുതിയ ബോർഡ് ശ്രദ്ധയിൽ പെട്ടത്. 'women restricted from going up'. അപ്പൊ അതായിരുന്നു കോണിപ്പടിയിൽ വെച്ച് ആ പയ്യന്മാർ പറയുന്നുണ്ടായിരുന്നത്. ഇനി ആ ഗോപുരത്തിലെ ആദ്യത്തെ യുവതീപ്രവേശം എങ്ങാൻ ആണോ എന്ന് കൗതുകം തോന്നിയെങ്കിലും അന്വേഷിക്കാൻ ചെന്നില്ല. ഏതായാലും ഭാഷ അറിയാഞ്ഞത് മൂലം മുകളിൽ കേറി കാണാൻ പറ്റി. അത്ര തന്നെ.

തൻബോധയി പഗോഡയുടെ ഉൾവശത്തും കാഴ്ചയുടെ ധാരാളിത്തമാണ്. ചെറുതും വലുതും ഭീമാകാരവുമായ ബുദ്ധ പ്രതിമകൾ. ചുവരുകളിൽ പണിത തട്ടുകളിൽ നിരനിരയായി ഉണ്ടാക്കി വെച്ചിരിക്കുന്ന മൺ ബുദ്ധന്മാർ. എല്ലാ ചുവരുകളിലും ഇത്തരം തട്ടുകളുണ്ട്. എല്ലാം കൂടി ചേർത്താൽ 5 ലക്ഷത്തോളം പ്രതിമകൾ. ഈ കണക്ക് കിട്ടാൻ ആരെങ്കിലും ഇത് മുഴുവൻ ഇരുന്നെണ്ണിക്കാണുമോ ആവോ. ചിലപ്പോ ചെയ്തിട്ടുണ്ടാവും.

thara 5

പുറം രാജ്യക്കാർക്ക് ഉള്ളിൽ കടക്കാൻ ഏതാണ്ട് 220 രൂപ ഫീസ് ഉണ്ട്. സ്ത്രീകൾക്കും കയറാം. പക്ഷെ കൗണ്ടറിൽ ഇരിക്കുന്നയാൾക്ക് ഫീസ് വാങ്ങാൻ വലിയ താല്പര്യമൊന്നും കണ്ടില്ല. ഫീസ് ഉണ്ടെന്നറിയാത്തവർ നേരെ കയറി പോവുന്നു, ഇറങ്ങി വരുന്നു. ബോർഡ് കാണുന്ന ആരെങ്കിലും അങ്ങോട്ട് പോയി ഫീസ് കൊടുത്താൽ അയാൾ വാങ്ങി വെക്കും. കിട്ടിയാൽ കിട്ടി. പോയാൽ പോയി. ക്ഷേത്രത്തിനുള്ളിലും സ്വർണത്തിന്റെ അതിപ്രസരമാണ്. തൂണുകളിലും ചുവരുകളിലും പ്രതിഷ്ഠകളിലുമെല്ലാം. ഇടയിൽ ചില ബുദ്ധന്മാർക്ക് മാത്രം തിളങ്ങുന്ന കറുപ്പ് നിറവും. പുറത്തെ ചൂടൊന്നും അകത്ത് വരുന്നതേയില്ല. മിക്ക ദേവാലയങ്ങളിലുമെന്ന പോലെ ഉള്ളിൽ നല്ല തണുപ്പും ശാന്തതയുമാണ്. ഒരേ പോലെയുള്ള ഇടനാഴികളും തൂണുകളും പ്രതിമകളുമാണുള്ളിൽ മുഴുവൻ. ഉള്ളിൽ കേറിയവർ വന്ന വഴി തെറ്റി വേറെ ഏതേലും ഭാഗത്തു കൂടി പുറത്തിറങ്ങുന്നത് സാധാരണമാണ്. ഞങ്ങൾക്കും പറ്റി. ഈ നിർമിതി ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാവാം. പക്ഷെ രണ്ട് കൂട്ടർക്കും എളുപ്പം മറക്കാനാവാത്തൊരു ക്ഷേത്രമാണ് തൻബോധയി പഗോഡ.

ഇവിടെ നിന്നും 15 മിനിറ്റ് ഡ്രൈവ് ചെയ്‌താൽ ആയിരം ബോധിവൃക്ഷ ചെടികൾ നട്ട് വളർത്തുന്ന തോട്ടം കാണാം. 1000 ബോധിവൃക്ഷങ്ങളും അവയുടെ തണലിൽ മഞ്ഞപ്പട്ടുടുത്ത് തപസ്സിരിക്കുന്ന 1000 ബുദ്ധന്മാരും. തൻബോധയി ക്ഷേത്രം വിഭാവനം ചെയ്ത വ്യക്തി തന്നെയാണിതും നിർമിച്ചിരിക്കുന്നത്. ഒട്ടും തിരക്കില്ലാത്ത ആരുടേയും ബഹളമില്ലാതെ അവിടെല്ലാം നടക്കാം. അധികം അറിയപ്പെടാത്ത നാടുകളിലൂടെ യാത്ര ചെയ്യുമ്പോഴുള്ള ഗുണമാണത്. ഈ വൃക്ഷചെടികളെല്ലാം വളർന്ന് വലിയ മരങ്ങളാവുമ്പോൾ ഈ സ്ഥലം എങ്ങനെയുണ്ടാവുമെന്നാണ് മനസ്സിലോർത്തത്!

അടുത്ത ലക്ഷ്യം ലേക്കുൻ സെക്യ പ്രതിമകളാണ്. ലോകത്തെ മൂന്നാമത്തെ വലിയ പ്രതിമ. അധികം ദൂരം പോവുന്നതിന് മുമ്പ് തന്നെ 425 അടി പൊക്കമുള്ള ആ പ്രതിമയുടെ തലഭാഗം മരക്കൂട്ടങ്ങൾക്ക് മുകളിലായി കണ്ട് തുടങ്ങി. ദൂരെ നിന്ന് കാണാനുള്ള സൗകര്യത്തിന് വേണ്ടി ഞങ്ങളുടെ ഡ്രൈവർ ഖിൻസോ, വാനിന്റെ സൺറൂഫ് ഉയർത്തി. വാനിൽ അങ്ങനൊരു സംഭവം ഉണ്ടെന്ന് ശ്രദ്ധിക്കുന്നത് അപ്പോഴാണ്. പഴയൊരു 'ടൊയോട്ട സൂപ്പർ കസ്റ്റം' വാൻ ആണ്. മ്യാൻമർ റോഡുകളിലെ സ്ഥിര സാന്നിധ്യം. പിന്നൊന്നും നോക്കിയില്ല, ക്യാമറയുമെടുത്ത് സൺറൂഫിലൂടെ നിന്ന് കാറ്റും കൊണ്ടായിരുന്നു ബാക്കി യാത്ര.

thara 6

അസാമാന്യ വലിപ്പമുള്ള മൂന്ന് പ്രതിമകളാണ് ഒറ്റ നോട്ടത്തിൽ കണ്ണിൽപ്പെടുക. മേഘം മുട്ടെ ഉയർന്ന് നിൽക്കുന്ന ലേക്കുൻ സെക്യ ബുദ്ധനും, അത്രത്തോളം നീളത്തിൽ ശയനരൂപത്തിൽ കിടക്കുന്ന ബുദ്ധനും, ഇത്തിരി ദൂരെ മാറി പണി നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു ബുദ്ധനും. ആ ബുധൻ ആസനസ്ഥനാണ്. നിൽക്കുന്ന, കിടക്കുന്ന, ഇരിക്കുന്ന ബുദ്ധന്മാർ. ഇതും, 1000 ബോധി ബുദ്ധന്മാരും, തൻബോധയി ക്ഷേത്രത്തിലെ 5 ലക്ഷം ബുദ്ധന്മാരുമൊക്കെ ചേർത്ത് നോക്കുമ്പോൾ മനസ്സിലാവുന്നത് മോണിവായിലെ ആചാര്യന്മാരും വിശ്വാസികളും അവരുടെ ഭക്തിയെ മൂർത്തമാക്കി വെക്കുന്നതിൽ ഒരു ലോഭവും കാണിക്കുന്നില്ലെന്നതാണ്.

Tags:
  • Manorama Traveller