Thursday 02 September 2021 03:42 PM IST : By Easwaran seeravally

പ്രകൃതിയെ സ്നേഹിക്കൂ , ടൂറിസത്തിലൂടെ വരുമാനം വീട്ടുമുറ്റത്ത് എത്തും,പ്രകൃതിയോട് സല്ലപിക്കാൻ നൂർ ലേക്ക്

noorlake 2

‘‘തിരൂർക്ക് വരുന്നോ? അവിടെ ലെയ്ക്കും മുളകളും ഒക്കെയുള്ള ഒരു പാർക്ക് ഉണ്ട്.’’ സുഹൃത്ത് അലി കൂട്ടായി തുടങ്ങി വച്ച ഒരു സംഭാഷണത്തിന്റെ അവസാനമാണ് ഞങ്ങളിപ്പോൾ തിരൂർ റയിൽവെ സ്‌റ്റേഷന്റെ മുന്നിൽ നിൽക്കുന്നത്. ആറു മണികഴിഞ്ഞിട്ടേയുള്ളു, വെട്ടം വീണു തുടങ്ങിയിട്ടില്ല. ഓട്ടോ നീങ്ങി തുടങ്ങിയിട്ടും ഡ്രൈവർ ‘‘നൂർ ലെയ്ക്കല്ലേ ങ്ങള് പറഞ്ഞത്?’’ എന്നു വീണ്ടും ചോദിച്ചു. ഗൗരവമൊട്ടും കുറയ്ക്കാതെ തന്നെ അതെ എന്നു മറുപടി പറയുമ്പോൾ ‘‘ഈടെ ഒരു ആറുമണ്യൊക്കെ കഴിയുമ്പോ തുറക്കും. ങ്ങള് സൗകര്യം പോലിങ്ങട്ട് വന്നോ.’’ എന്ന നൂർ മുഹമ്മദിന്റെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിയത്. ഉദ്ദേശം മൂന്നു കിലോമീറ്റർ ഓടിയശേഷം ഓട്ടോ ഒരു മൺവഴിയിലേക്കിറങ്ങി, പിന്നെയൊരു ഗേറ്റിനു മുന്നിൽ നിന്നു. പക്ഷേ, ഗേറ്റ് അടഞ്ഞാണ് കിടക്കുന്നത്, പൂട്ടിയിട്ടില്ല എന്നു മാത്രം. ഗേറ്റിൽ ചില നിർേദശങ്ങളൊക്കെ തൂക്കിയിട്ടുണ്ട്, ‘അനുവാദമില്ലാതെ പ്രവേശിക്കരുത്’, ‘പ്രവേശനം ഫാമിലികൾക്കു മാത്രം’; അടുത്തത് ഞെട്ടിച്ചു കളഞ്ഞു,‘പ്രവർത്തന സമയം 9 മണി മുതൽ 5 മണി വരെ’.

പ്രഭാതം നാട്ടുകാർക്ക്

noorlake 1

ബോർഡ് കണ്ട് ആകെയൊന്ന് അമ്പരന്നു. ഗേറ്റിനകത്ത് സംഭാഷണം കേൾക്കാം, ഫോണെടുത്ത് നൂർ ലേക്ക് എന്നു സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു. ‘‘ഓ, ങ്ങളിവിടെത്തിയാ. ഞാൻ ദാ വരുന്നു.’’ എന്നു മറുപടി കിട്ടി. ചാരി കിടക്കുന്ന ഗേറ്റിനിടയിലൂടെ കയറുമ്പോൾത്തന്നെ വലതുവശത്ത് ഒരു കുളം. കുളത്തിൽ നീന്തിത്തുടിച്ചും മുങ്ങിക്കുളിച്ചും രസിക്കുന്ന നാലഞ്ച് ആളുകൾ. ചുറ്റുപാടും മുളകൾ, മുളകൊണ്ടുള്ള വേലികളും മറ്റു നിർമാണങ്ങളും. താമസിയാതെ തന്നെ നൂർ ഇക്കാ എന്ന നൂർ മുഹമ്മദ് ഓടിഎത്തി ഞങ്ങളെ സ്വാഗതം ചെയ്തു. തൊട്ടുപിന്നാലെ നൂർഇക്കയുടെ ബന്ധുവും ഫൊട്ടോഗ്രാഫറുമായ ഉസ്മാൻ കുട്ടിയും ഞങ്ങൾക്കൊപ്പം ചേർന്നു. നൂർ ലെയ്ക്കിലെ പ്രഭാതം പ്രദേശവാസികൾക്കായി മാറ്റി വച്ചിരിക്കുന്നതാണ്. കുളത്തിൽ കുളിക്കാനെത്തുന്നവരുണ്ട്, ശുദ്ധമായ പ്രാണവായു ശ്വസിച്ച് ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും സംഭരിക്കാനെന്നോണം ഇവിടെ നടക്കാനെത്തുന്നവരുണ്ട്, പ്രകൃതിയിൽ അലിഞ്ഞ് കുറച്ചു സമയം ചെലവഴിക്കാനായി പ്രഭാതത്തിൽതന്നെ എത്തുന്ന അയൽവാസികളുമുണ്ട്. ഇവരുടെയൊന്നും മുന്നിൽ നൂർ ലെയ്ക്കിന്റെ ഗേറ്റ് അടഞ്ഞുകിടക്കാറേ ഇല്ല.

ജൈവവൈവിധ്യകേന്ദ്രം

noorlake 5

ഒരു പുഴപോലെ വളഞ്ഞു കിടക്കുന്ന തടാകത്തിനെ വലം വച്ച് പോകുന്ന നടവഴിയിലൂടെ ഞങ്ങൾ നൂർ ലേക്കിന്റെ ഉള്ളിലേക്കു കടന്നു. നടപ്പാതയ്ക്ക് കൂട ചൂടി നിൽക്കുന്നതുപോലെ ഇരുവശത്തും വളർന്നു പന്തലിച്ചു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ. പൊന്നാനിപ്പുഴയുടെ അതിരുപോലെ കിടക്കുന്ന ചതുപ്പിന്റെ അരികിലെത്തുമ്പോഴേക്കും കണ്ടൽക്കാടുകളുടെ സമൃദ്ധി കാണാം. നടക്കുന്നതിനിടയിൽ ഇരുന്നു വിശ്രമിക്കാൻ മുളങ്കമ്പുകളിൽ പണിതിരിക്കുന്ന കൊച്ചുകൊച്ചു വിശ്രമപ്പുരകൾ. പുലർകാലത്തിന്റെ കുളിരകറ്റാൻ ഇവിടുത്തെ അന്തരീക്ഷമപ്പോൾ ഇളവെയിൽ കൊള്ളുകയായിരുന്നു. തടാകത്തിൽ അവിടവിടെ കാണുന്ന ചെറുദ്വീപുകളിലെ മരത്തലപ്പുകളിൽനിന്ന് കൊറ്റികളും മൈനകളും ഉപ്പുപ്പനും ചിറകടിച്ചുയർന്നു. മുളന്തണ്ടുകളെ തഴുകുന്ന കാറ്റിന്റെ മർമരങ്ങൾ അവിടമാകെ നിറയുന്നു. അപ്പോഴാണ് തടാകക്കരയിൽ ജോഗിങ്ങു നടത്തുന്ന അബ്ദുൾ റഷീദിനെ കണ്ടുമുട്ടിയത്. മൂന്നു ദശാബ്ദത്തിലധികം ലക്ഷദ്വീപിൽ ചിലവിട്ട അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിവസം തുടങ്ങുന്നത് നൂർ ലേക്കിൽ നടന്നും വ്യായാമം ചെയ്തും കുളത്തിൽ മുങ്ങിക്കുളിച്ചുമൊക്കെ ആണ്. ഇവിടത്തെ കുളത്തിൽ ആയിരത്തോളം കുട്ടികൾ ഇതുവരെ നീന്തു പഠിച്ചിട്ടുണ്ടത്രേ.

നൂർ ലേക്കിലെ പാർക്കിൽ മുളകളുടെ വൈവിധ്യമാണ് നമ്മെ വിസ്മയിപ്പിക്കുന്നത്. അൻപതോളം വ്യത്യസ്തഇനം മുളകൾ ഇവിടെ വളരുന്നു. പച്ച മുളയും മഞ്ഞമുളയും വള്ളിപോലെ പടരുന്നമുളയും ഇതിനുള്ളിലുണ്ട്. മുളകൾ കൂടാതെ ആര്യവേപ്പും ആലിനത്തിൽപെട്ട മരങ്ങളും ഓർക്കിഡുകളും ഒക്കെ ആ പാർക്കിനെ പച്ചപ്പു നിറഞ്ഞതാക്കുന്നു.

മരങ്ങളെ പ്രണയിച്ച നൂർ

noorlake 6

ചെറുപ്പം മുതൽതന്നെ ചെറുതും വലുതുമായ ചെടികൾ വച്ചു പിടിപ്പിക്കുവാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു നൂർ മുഹമ്മദ്. വളർന്നപ്പോൾ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും കാണുന്ന തൈകളോക്കെ ശേഖരിച്ച് നട്ടു പിടിപ്പിക്കുകയുമായി വിനോദം.

തിരൂർ–പൊന്നാനി പുഴയ്ക്ക് അതിരിട്ടുനിൽക്കുന്ന കണ്ടൽചെടികളാൽ‌ സമൃദ്ധമായ ചതുപ്പിനോട് ചേർന്നാണ് നൂർ ഇക്കയുടെ കുടുംബസ്വത്തായ ഭൂമി കിടക്കുന്നത്. പരമ്പരാഗതമായി നെൽകൃഷി ചെയ്തുപോരുന്ന മണ്ണ്. കാലക്രമത്തിൽ കൃഷിപ്പണിക്ക് ആളുകളില്ലാതെ വന്നപ്പോൾ മാറി ചിന്തിക്കേണ്ടി വന്നു. അങ്ങനെയാണ് നൂർ ലേക്ക് എന്ന ജൈവവൈവിധ്യ പാർക്കിന്റെ ആരംഭം.

ഒരു നാൽപതുശതമാനം വരെ വെള്ളം നിലനിർത്തിക്കൊണ്ട് പാടത്തുനിന്നും മണ്ണെടുത്താണ് തടാകം നിർമിച്ചു. കോരിയെടുത്ത മണ്ണ് ഇവിടെത്തന്നെ പലേടത്തായി ഇട്ടാണ് തടാകത്തിനുള്ളിലെ ദ്വീപുകൾ സൃഷ്ടിച്ചത്. ശരാശരി മൂന്ന്–നാല് അടി താഴ്ചയാണ് തടാകത്തിനുള്ളത്. തടാകത്തിനു കുറുകെ ദ്വീപുകൾ തമ്മിൽ ബന്ധിപ്പിച്ച് മുളന്തടികൊണ്ടുള്ള പാലങ്ങളും ഉണ്ട്. ചെടികൾ വെച്ചു പിടിപ്പിക്കാൻ മാത്രം ചില ഇടങ്ങളിൽ പുറത്തുനിന്നുള്ള മേൽമണ്ണ് ഉപയോഗിച്ചിട്ടുണ്ട്.

ഉപ്പുമണ്ണും ചെടികളും

ഉപ്പുവെള്ളം കയറുന്ന ഈ മണ്ണ് എല്ലാ ഇനം ചെടികൾക്കും വൃക്ഷങ്ങൾക്കും വളരാനാകുന്ന ഒന്നല്ല എന്നതു നൂർ തിരിച്ചറിഞ്ഞു. സാധാരണ കടൽത്തീരങ്ങളിലെ പൂഴിമണ്ണിൽ വളരുന്ന പുന്ന ഇവിടെ പിടിക്കുകയേ ഇല്ല. എന്നാൽ മുള ഈ മണ്ണിൽ വളരുന്നുണ്ട്. താൻ സംരക്ഷിച്ചു പരിപാലിക്കേണ്ട മരമേതാണെന്ന് നൂറിന് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. പിന്നെ അതിന്റെ തൈകൾ ശേഖരിച്ചു തുടങ്ങി. ആദ്യം നിലമ്പൂര് കെഎഫ്ആർഐയിലാണ് ബന്ധപ്പെട്ടത്. ഏതാനും മുളകൾ കിട്ടിയപ്പോൾ അതിന്റെ വൈവിധ്യം പരമാവധി ആക്കണമെന്നു തോന്നി. അങ്ങനെ അന്വേഷണം പീച്ചിയിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ നാൽപതിലധികം ഇനത്തിൽപ്പെട്ട മുളകളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാനുള്ളതും ചിലതുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഉപ്പുവെള്ളം കേറുന്ന മണ്ണിൽ വളരുന്ന മുളകളെപ്പറ്റി കാര്യമായ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് തനിക്ക് മനസ്സിലായതെന്നും നൂർഇക്ക പറയുന്നു.

മുളകളിൽത്തന്നെ ആനമുള എന്ന ഇനം പ്രത്യേകം ശ്രദ്ധിക്കപ്പെടും. അസാധാരണമായ വണ്ണത്തിൽ വളരുന്ന ഒരിനമാണ് ആനമുള. പണ്ടുകാലത്ത് കേരളത്തിലെ കാടുകളിലും കണ്ടുവന്നിരുന്ന ഇനമായിരുന്നു അത്രേ. കുറച്ചു വർഷം മുൻപ് നിലമ്പൂരിലെ കെഎഫ്ആർഐയിൽ ഒരു പരിസ്ഥിതി ക്യാമ്പിൽ പങ്കെടുത്തവർക്ക് സമ്മാനിക്കാൻ വച്ചിരുന്ന ഇതിന്റെ തൈകളിൽനിന്നും വളരെ കഷ്ടപ്പെട്ടു സംഘടിപ്പിച്ച പത്തെണ്ണം ഇവിടെ കൊണ്ടുവന്ന് നട്ടു. ഇപ്പോൾ ഇവിടെ ധാരാളമായി എന്നുമാത്രമല്ല, ആവശ്യക്കാർക്ക് ഇവിടെനിന്നും അതിന്റെ തൈ വിൽക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ ഈ മണ്ണിൽ വേരുപിടിക്കുമെന്നു കണ്ടെത്തിയ ആൽ വർഗത്തിൽപ്പെട്ട ഒൻപതു മരങ്ങൾ, ആര്യവേപ്പ്, നാഗഗന്ധി തുടങ്ങി പേരറിയുന്നതും അറിയാത്തുമായ പല ചെടികളും ഇവിടെ വേരുറച്ചു. 2000 മുതൽ നൂർ ലേക്കിന്റെ പ്രാരംഭജോലികൾ ആരംഭിച്ചു. 2002ൽ ആണ് ഒരു പാർക്ക് എന്ന നിലയ്ക്ക് പ്രവർത്തനം ആരംഭിച്ചത്.

പാഴല്ല മുളന്തണ്ട്

noorlake 7

കാട്ടിലെ പാഴ്മുളന്തണ്ട് എന്ന കാവ്യഭാവനയോട് യോജിക്കുന്നില്ല നൂർ മുഹമ്മദ്. അൽപം ശ്രദ്ധിച്ചാൽ വളരെയധികം സാധ്യതയുള്ള ഒരു ചെടിയാണത്രേ മുള. നട്ടുപിടിപ്പിച്ച് അഞ്ചുവർഷം പൂർത്തിയാകുമ്പോൾത്തന്നെ വരുമാനം ലഭിച്ചു തുടങ്ങും. വെട്ടി എടുത്താലും വീണ്ടും ഉത്പാദനക്ഷമവുമാണ്. നൂർ ലേക്കിലെ ആവശ്യങ്ങൾക്കൊന്നും പുറത്തുനിന്ന് മുള വാങ്ങിക്കുന്നില്ലെന്നു മാത്രമല്ല, അത്യാവശ്യം പുറത്തേക്ക് വിതരണത്തിനുപോലും ചില സന്ദർഭത്തിൽ ഉപയോഗപ്പെട്ടിട്ടുണ്ട്.

നിർമാണമേഖലയിൽ പ്രകൃതിയുടെയും മനുഷ്യന്റെയും നല്ല ഭാവിക്ക് ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ നല്ലൊരു അസംസ്കൃതവസ്തുവാണ് മുളയെന്ന് നൂർഇക്ക ചൂണ്ടിക്കാണിക്കുന്നു. പാർക്കിനുള്ളിൽ പാലങ്ങളും പുരകളും ബെഞ്ചുകളുമൊക്കെ നിർമിക്കാൻ ധാരാളമായി ഉപയോഗിച്ചിരിക്കുന്നതു മുള തന്നെ. തടികൊണ്ടു നിർമിച്ച തന്റെ വീട്ടിലും മുളയുടെ ഉപയോഗം കുറച്ചിട്ടില്ല നൂർഇക്ക.

പരിസ്ഥിതിതന്നെ പ്രധാനം

noorlake 9

മരങ്ങളോടുള്ള പ്രണയംപോലെതന്നെ പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം വേണമെന്ന തിരിച്ചറിവുകൂടിയാണ് നൂർ ലേക്കിന്റെ ജനനത്തിനു കാരണം. ഒരു കാടിന്റെ അന്തരീക്ഷം അനുഭവപ്പെടുന്ന പാർക്ക് എന്ന ചിന്ത തുടക്കത്തിൽതന്നെ ഉണ്ട്. അതുകൊണ്ട് മരങ്ങളും മുളകളും വച്ചപ്പോൾ വണ്ടി എത്താനുള്ള സൗകര്യം കൂടി മനസ്സിൽ കണ്ടാണ് ചെയ്തത്. എന്നാൽ പരിസ്ഥിതിക്കു ദോഷകരമായ പ്ലാസ്റ്റിക്കോ ഒന്നും ഉപയോഗിച്ചിട്ടില്ല. മരങ്ങളിൽനിന്നു വീഴുന്ന ഉണക്ക ഇലപോലും പെറുക്കി കളയാറില്ല, അതു പ്രകൃതിയിൽ, മണ്ണിൽ അലിഞ്ഞു ചേരുകതന്നെ വേണം. അതുകൊണ്ട് നടപ്പാതകൾ തറയോടോ ഗ്രാനൈറ്റോ പാകി മോടിപിടിപ്പിച്ചിട്ടുമില്ല. പ്രകൃതിയോടിണങ്ങി കഴിയുന്നതിനാലാകും ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ ഇവിടെയും വെള്ളം വന്നുവെന്നല്ലാതെ കാര്യമായ നാശനഷ്ടങ്ങളൊന്നും തന്നെ ഉണ്ടാക്കിയില്ല.

തിരൂർ–പൊന്നാനിപ്പുഴയിലെ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഈ ഭാഗത്തെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥകളെയും സാരമായി ബാധിക്കുമോയെന്ന് നൂർ മുഹമ്മദിന് ആശങ്കയുണ്ട്. ഈ റഗുലേറ്റർ പൂർണമായും പ്രവർത്തനക്ഷമമായാൽ ഉപ്പുവെള്ളം കേറി ഇറങ്ങാതെയാകും. അത് ഓരുവെള്ളത്തെ ആശ്രയിക്കുന്ന ഇവിടത്തെ പരിസ്ഥിതിയെ കാര്യമായി ബാധിക്കും. അതിന്റെ ആദ്യ ലക്ഷണമായി നൂർ ലേക്കിലെ തടാകക്കരയിൽ മൂന്നടിയോളം വളർന്ന് മനോഹരമായി നിന്ന കണ്ടൽ ചെടികൾ ഒന്നാകെ നശിച്ചിരുന്നു.

മനശ്ശാന്തി നൽകും പാർക്ക്

noorlake 8

നൂർഇക്കയുടെയും നൂർലേക്കിന്റെയും വിശേഷങ്ങൾ കേട്ടിരിക്കവെ പാർക്കിലേക്കു സന്ദർശകർ എത്തിത്തുടങ്ങി. കുടുംബമായി വരുന്നവർക്കു മാത്രമേ പ്രവേശനമുള്ളു, അത് അനുഭവത്തിന്റെ വെളിച്ചത്തിലെടുത്ത തീരുമാനമാണത്രേ. പലവിധം ലഹരിക്കടിമകളായവർ വരുമ്പോൾ അത് പരിസ്ഥിതിയെയും മനുഷ്യനെയും ജീവനെയും ഏറെ പാവനമായി കരുതുന്ന ഒരാൾക്ക് സഹിക്കാനാകാത്തവിധം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു തുടങ്ങി. അങ്ങനെയാണ്, കുടുംബത്തോടൊപ്പം വന്നുചേരുന്നവർ ഒരിക്കലും ഒരു പരിധിവിട്ട് മദ്യപിക്കുകയില്ലെന്ന ചിന്തയിൽ ഇത്തരമൊരു നിയന്ത്രണം വച്ചത്.

കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ള സ്കൂളുകളിൽനിന്നും കുട്ടികളെയുംകൊണ്ട് അധ്യാപകർ വരാറുണ്ട്. പ്രകൃതിയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ ഇണങ്ങി ഒരു ദിനം ചെലവിടാൻ എത്തുന്ന സാധാരണക്കാരും ധാരാളം. എന്നാൽ അടിച്ചുപൊളി പാർക്ക് പ്രതീക്ഷിച്ചെത്തുന്നവർ അധികസമയം ഇവിടെ നിൽക്കില്ല. എല്ലാമാസവുമെന്നോണം വരുന്ന ചില കൂട്ടരുണ്ട് നൂർ മുഹമ്മദ് ഓർത്തു. പ്രത്യേകിച്ചും കോഴിക്കോട് നിന്നുള്ള ഒരു സംഘം. ജോലികളിൽനിന്നും വിരമിച്ചവരുടെ ഈ കൂട്ടായ്മ ഭക്ഷണമൊക്കെ പൊതികെട്ടി, ഒരു വണ്ടി വിളിച്ച് പാർക്കിലെത്തും. ഒരു പകൽ ഇവിടെ ചെലവിട്ടേ അവർ മടങ്ങൂ.

കേവലസന്ദർശനങ്ങൾക്കപ്പുറത്ത് ഒട്ടേറെ സൗഹൃദക്കൂട്ടായ്മകൾക്കും സാംസ്കാരികയോഗങ്ങൾക്കും നൂർ ലേക്ക് വേദിയാകാറുണ്ട്. അതിനൊക്കെ അനുയോജ്യമാകുംവിധം ഒരു തുറന്ന വേദിയും മുൻഭാഗത്ത് ഒരുക്കിയിട്ടുണ്ട്. നൂറോ ഇരുന്നൂറോ ആളുകൾ പങ്കെടുത്താലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നല്ല കാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് സുഖകരമായ അന്തരീക്ഷത്തിൽ യോഗം നടക്കും.

നൂർഇക്ക ഒഴിവുവേളകളിൽ മുളന്തടിയിൽ തന്റെ കരകൗശല വാസന പരീക്ഷിക്കാറുണ്ട്. കെഎഫ്ആർഐയുടെ സഹായത്തോടെ ഇവിടെ പ്രവർത്തിക്കുന്ന കരകൗശല വിൽപന സ്റ്റാളിൽ അവ വിൽപനയ്ക്ക് വച്ചിട്ടുമുണ്ട്.

പ്രകൃതിയുടെ തലോടൽ

noorlake 3

നൂർ ലേക്കിന്റെ സുഖം എന്താണെന്ന് അറിഞ്ഞത് പാർക്കിനു പുറത്തിറങ്ങി തിരൂർ ടൗണിലേക്ക് മടങ്ങവേയാണ്, കത്തുന്ന ഉച്ചവെയിലിന്റെ ചൂട് സഹിക്കാതെ തളർന്നു. എന്നാൽ അന്നു സൂര്യോദയം മുതൽ നട്ടുച്ച വരെ നൂർ ലേക്കിൽ ചെലവിട്ട നേരത്തൊന്നും ചൂട് അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല സുഖകരമായ തണുപ്പ് നിറഞ്ഞൊരു അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞത്. ഒരു തരം എയർ കണ്ടീഷനിലെന്നപോലെ. മരങ്ങളുടെ തണലും തണുപ്പും നൽകുന്ന ആഹ്ലാദമുള്ളൊരു ഉൻമേഷമായിരുന്നു അവിടെ നിൽക്കുമ്പോൾ. പ്രകൃതി തന്റെ കരതലങ്ങളാൽ വാത്സല്യത്തോടെ തലോടുന്ന അനുഭവം.

Tags:
  • Manorama Traveller