Tuesday 15 February 2022 03:51 PM IST : By Thara Nandikkara

ബാഗാന്റെ ആകാശത്ത് ഒരു സ്വപ്നസാഫല്യം; ഹോട്ട് എയർ ബലൂണിൽ പറന്നു പറന്നു പറന്ന്...

bagan-baloon-safari-pagoda-cover പൈലറ്റ് ബാരിയോടൊപ്പം ലേഖിക താരയും ഗൗതമും, ചിത്രങ്ങൾ: ഗൗതം രാജൻ

ആകാശത്തെ പറവകളെപ്പോലെ പറന്നു നടക്കാൻ പറ്റിയിരുന്നെങ്കിൽ എന്നൊരിക്കലെങ്കിലും മോഹിച്ചവരല്ലേ നമ്മളെല്ലാം? ഞങ്ങളും മോഹിച്ചിട്ടുണ്ട്. ആ മോഹത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു മ്യാൻമറിലെ ബാഗനിൽ നടത്തിയ ബലൂൺ സഫാരി. നൂറുകണക്കിനു ബുദ്ധക്ഷേത്രങ്ങളുടെയും പഗോഡകളുടെയും മുകളിലൂടെ സൂര്യൻ ഉദിച്ചുയരുന്ന നേരത്ത്, പല നിറങ്ങളിലുള്ള ബലൂണുകളിൽ പാറി നടന്ന ദിവസം. ഞങ്ങളുടെ യാത്രകളിൽ നിന്നും എന്നെന്നും ഓർമിച്ചിരിക്കാൻ പോന്ന സുന്ദര ദൃശ്യാനുഭവം!

അദ്ഭുതം ബാഗൻ

രണ്ടായിരത്തോളം ക്ഷേത്രങ്ങൾ ഉള്ള അപൂർവ ഗ്രാമമാണ് മ്യാൻമറിലെ ബാഗൻ. ശരിക്കും ലോകാത്ഭുതം! നിലത്തു നിന്നു നോക്കിയാൽ ഇവിടത്തെ ക്ഷേത്രങ്ങളുടെ വിസ്താരം ശരിക്കും അറിയാൻ സാധിക്കില്ല. അതിനു മുകളിൽ ചെല്ലണം. എന്നുവച്ചാൽ പറക്കണം. ഈ സാധ്യത മനസിലാക്കിയ അമേരിക്കൻ സായിപ്പാണ്‌ ബാഗനിൽ ആദ്യമായി ഹോട്ട് എയർ ബലൂണിങ് കൊണ്ടു വന്നത്. തുർക്കിയിലെ കപ്പഡോക്കിയ കഴിഞ്ഞാൽ ലോകത്തേറ്റവും സുന്ദരമായ ബലൂൺ റൈഡ് ബാഗനിലേതാണ്.

സമയം പുലർച്ചെ 5 മണി. ഞങ്ങൾ ഹോട്ടൽ ഗെയ്റ്റിന് വെളിയിലെ ഇരുട്ടിൽ കാത്തിരിപ്പാണ്. ബലൂൺ ഫ്‌ളാഗ് ഓഫ് പോയിന്റിലേക്ക് കൊണ്ടു പോവാൻ ഹോട്ടലിനു മുന്നിൽ വണ്ടി വരുമെന്നായിരുന്നു ഇ-മെയിലിൽ പറഞ്ഞിരുന്നത്. കൃത്യസമയത്ത് ഗെയ്റ്റിനു മുന്നിൽ വണ്ടി വന്നു. ഒരു സാദാ ടൊയോട്ട വാനോ പിക്കപ്പോ മറ്റോ പ്രതീക്ഷിച്ച ഞങ്ങൾ അന്തം വിട്ടു. പുതുക്കി പണിത ബർമീസ് വിന്റേജ് ബസ് ആണ് ഞങ്ങളുടെ രഥം! രണ്ടു സീറ്റ് ഒഴിച്ച് എല്ലാം ഫുൾ ആയിരുന്നു. ഞങ്ങളുടെ ഹോട്ടലാണ് ലാസ്റ്റ് പിക്കപ്പ് പോയിന്റ്. രണ്ടാം ലോക മഹായുദ്ധത്തിനും മുമ്പ് ബാഗനിൽ സർവീസ് നടത്തിയിരുന്ന ബസ് ആണിതെന്ന് ബലൂൺ കമ്പനിയുടെ ഗൈഡ് വിശദീകരിച്ചു തന്നു. ഒന്നും രണ്ടുമല്ല ഇത്തരം 10 ബസുകളാണത്രെ ബലൂൺ കമ്പനി വാങ്ങി പുതുക്കിപ്പണിത് ഓടിക്കുന്നത്. എന്തായാലും തുടക്കം തന്നെ ഉഷാർ.

bagan-baloon-safari-baloons-buses ആകാശത്തേയ്ക്ക് ബലൂണുകൾ, താഴെ ബസുകൾ

ചിറക് മുളയ്ക്കുന്നു

ബാഗൻ ഗോൾഫ് ക്ലബ്ബിലെ മൈതാനത്താണ് ബലൂണുകളുടെ ഫ്‌ളാഗ് ഓഫ് പോയിന്റ്. ഞങ്ങളുടെ ബസ് അവിടെ എത്തിയപ്പോഴും വെളിച്ചം വീണിട്ടില്ല. വേറെ ബസുകളും മുമ്പേ എത്തിയിരുന്നു. 10 ബസുകളുടെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ വരുന്നവരെ എല്ലാം ഓരോ ഗ്രൂപ്പുകളായി തിരിച്ച് അവരവരുടെ പൈലറ്റുമാരുടെ അടുത്തേക്ക് പറഞ്ഞു വിടുകയാണ്. അയർലണ്ടുകാരനായ ബാരി ആണ് ഞങ്ങളുടെ പൈലറ്റ്. സുരക്ഷാനിർദേശങ്ങൾ തരലായിരുന്നു ആദ്യം. അത് കഴിഞ്ഞു ചെറുപ്രാതൽ, കേക്കും ചായയും. 16 പേരായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിൽ. നാലു കൊറിയൻ യുവതികൾ, ജപ്പാനിൽ നിന്നും രണ്ടു പേര്, ഇറ്റലിയിൽ നിന്നും 8 പേരുടെ ഒരു ഗ്രൂപ്പ്. ഇന്ത്യയിൽ നിന്ന് ഞങ്ങൾ. നാല് ദമ്പതികൾ ആണ് ഇറ്റാലിയൻ ഗ്രൂപ്പിൽ. 50 വയസു കഴിഞ്ഞവരാണ് എല്ലാവരും. കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളാണ് ഈ 8 പേരും. പക്ഷേ ജോലിയും കുടുംബവുമൊക്കെയായ ശേഷം ഇറ്റലിയുടെ നാലു കോണുകളിലായി. ചങ്ങാത്തം വിട്ടു പോവാതിരിക്കാൻ ഇവർ കണ്ടെത്തിയ വഴിയാണ് എല്ലാ വർഷവും ക്രിസ്മസ് സമയത്ത് എല്ലാവരും കൂടി ലോകത്തെ ഏതെങ്കിലും കോണിലേക്കൊരു യാത്ര പോവുക എന്നത്. ഈ വർഷം മ്യാൻമറിൽ. കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി ഇവരിതു മുടങ്ങാതെ ചെയ്യുന്നു. ആ ഗ്രൂപ്പിനോട് സംസാരിച്ചപ്പോൾ വല്ലാത്ത ഒരു ഊർജം കിട്ടി.

ജെംസ് പാക്കറ്റ് പൊട്ടിത്തുറന്ന പോലെ

അപ്പോഴേക്കും ബലൂണുകളുടെ താഴെ തീ കത്തിച്ചു തുടങ്ങിയിരുന്നു. കാറ്റ് പോയി തറയിൽ കിടക്കുന്ന ബലൂണുകളുടെ വായിലേക്ക് ശക്തിയോടെ തീനാളം പായിച്ചു കൊണ്ടിരിക്കും കുറേ നേരം. ആ തീയിൽ ബലൂണിന്റെ ഉള്ളിലെ വായു ചൂടായി ബലൂൺ പതുക്കെപ്പതുക്കെ വീർത്തു പൊങ്ങും. അത്രേയുള്ളൂ ഹോട്ട് എയർ ബലൂണിന്റെ ഗുട്ടൻസ്. എത്തിയത് അവസാനമാണെങ്കിലും ആദ്യം പൊങ്ങിയത് ഞങ്ങളുടെ ഗ്രൂപ്പ് ആയിരുന്നു. ആകാശത്തിന്റെ അറ്റത്ത് വെളിച്ചം വീണു തുടങ്ങുന്ന സമയം. ജെംസ് പാക്കറ്റ് പൊട്ടിത്തുറന്ന പോലെ ആകാശത്തു മുഴുവൻ പല നിറത്തിലുള്ള ബലൂണുകൾ നിറഞ്ഞു. ഒന്നിനു പിറകേ ഒന്നായി ബലൂണുകൾ ഓരോന്നും ബാഗൻ ക്ഷേത്രങ്ങളെ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി. തുടക്കത്തിൽ തോന്നിയ പേടിയൊന്നും പിന്നീടുണ്ടായില്ല. ഒരു ചാട്ടമോ കുലുക്കമോ ഒന്നും ഇല്ലാത്തൊരു സ്മൂത്ത് ഫ്ലൈറ്റ്.

bagan-baloon-safari-view-from-top ബാഗാനിന്റെ ആകാശചിത്രം, നാൻ മൈൻഡ് വാച്ച് ടവർ

ആദ്യം കണ്ണിൽപ്പെട്ടത് നാൻ മൈൻഡ് വാച്ച് ടവർ ആണ്. ബാഗനിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. ബലൂൺ ടിക്കറ്റിന്റെ ചെലവ് ബജറ്റിൽ ഒതുങ്ങാത്തവർക്ക് ബാഗന്റെ ആകാശക്കാഴ്ച കുറച്ചെങ്കിലും കാണാൻ സാധിക്കുന്നത് ഈ ടവറിൽ നിന്നാണ്. പക്ഷേ, പഗോഡകളുടെ മുകളിലൂടെ പറക്കുന്ന ബലൂണുകളിൽ നിന്നുമുള്ള കാഴ്ചയുടെ അടുത്തെങ്ങുമെത്തില്ല ഈ കെട്ടിടത്തിൽ നിന്നുള്ള കാഴ്ച.

പറവക്കണ്ണിൽ ബാഗാൻ

കുറച്ചു ദൂരം കൂടി പറന്നപ്പോൾ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കണ്ടു തുടങ്ങി. ആദ്യം കണ്ടത് സ്വെഷിഗോൺ പഗോഡയാണ്. ബാഗനിലെ ക്ഷേത്രങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന സ്വർണ വർണ മകുടം സൂര്യന്റെ ആദ്യ വെട്ടത്തിൽ തിളങ്ങി. കുറച്ചു ദൂരം കൂടി പറന്നപ്പോൾ ആനന്ദ, ധമ്മയാഞ്ചി, ഗോടോപാലിൻ, ശൂലമണി എന്നീ നാലു ക്ഷേത്രങ്ങൾ കണ്ണിൽപ്പെട്ടു. ബാഗനിലെ ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുതും പ്രസിദ്ധവുമായ നാല് ക്ഷേത്രങ്ങളാണിത്. തലേ ദിവസം മുഴുവൻ ഈ ക്ഷേത്രങ്ങളോരോന്നും കയറിയിറങ്ങിയതാണ്. ഉള്ളിൽ നിന്ന് കാണുന്ന പോലെയല്ല മുകളിൽ നിന്നും നോക്കുമ്പോൾ. ക്ഷേത്ര നിർമിതിയുടെ പല വശങ്ങളും അതിന്റെയൊക്കെ പ്രാധാന്യവും മനസിലാവുന്നത് മുകളിൽ നിന്നും മുഴുവനായി കാണാൻ സാധിക്കുമ്പോഴാണ്. കുറച്ചു കാലം മുമ്പു വരെ ഈ പഗോഡകളുടെയും ക്ഷേത്രങ്ങളുടെയും മുകളിൽ കയറി ബാഗൻറെ ആകാശത്തിൽ സൂര്യന്റെയൊപ്പം ബലൂണുകളും പൊങ്ങി വരുന്നത് കാണാൻ ഇരിക്കുന്നത് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇടയിൽ പതിവായിരുന്നു. പക്ഷേ, മൂന്നു വർഷം മുമ്പുണ്ടായ ഭൂകമ്പത്തിൽ ബാഗന്റെ പല പഗോഡകൾക്കും ബലക്ഷയം വന്നതു മൂലം ഇപ്പോൾ ആരെയും ഇവിടത്തെ ഒരുക്ഷേത്രത്തിനു മുകളിലും കയറാൻ അനുവദിക്കാറില്ല. അങ്ങനെ ചെയ്യുന്നവരെ പിടിച്ചു നല്ലൊരു തുക ഫൈൻ അടപ്പിക്കുകയും ചെയ്യും. സദാ സമയവും ലോക്കൽ പൊലീസ് റോന്തു ചുറ്റാറുണ്ട് താഴെ. എന്നാൽ, ബലൂണിൽ നിന്നു നോക്കുമ്പോൾ അവിടവിടെയായി ഒറ്റപ്പെട്ടു കിടക്കുന്ന പഗോഡകളുടെ മുകളിൽ ചിലരെയൊക്കെ കണ്ടു. രണ്ടായിരം ക്ഷേത്രങ്ങളാണ് താഴെ പരന്നു കിടക്കുന്നത്. എവിടെയൊക്കെ പൊലീസിന്റെ കണ്ണെത്തും? പല പഗോഡകളുടെയും ക്ഷേത്രങ്ങളുടെയും ഒന്നും മുകൾ ഭാഗം ഇന്നവിടെയില്ല. ഭൂകമ്പത്തിൽ ഉടഞ്ഞു പോയതാണ്. ഇന്ത്യൻ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ പുനർനിർമാണ ജോലികൾ നടക്കുകയാണ് പല ക്ഷേത്രങ്ങളിലും. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ പേരു വന്നതോടെ പുനർ നിർമാണം കുറേക്കൂടി വേഗത്തിലാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

bagan-baloon-safari-view-from-baloon ആകാശക്കാഴ്ചകൾ: സ്വെഷിഗോൺ പഗോഡ, പഗോഡകൾക്കു പിന്നിൽ ഇരാവാതി നദി, വയലുകൾ

ക്ഷേത്രങ്ങളുടെ പിന്നിലായി ഒഴുകുന്ന ഇരാവാതി നദി കണ്ണിൽപ്പെടാൻ പിന്നെയും കുറച്ചു നേരമെടുത്തു. ഇന്ത്യക്കാർ ഗംഗയെ കാണുന്ന പോലെ മ്യാൻമാറുകാർ ഇരവാതിയെ ആരാധിക്കുന്നത്. അവരുടെ പുരാണങ്ങളിലെ പ്രധാന നദിയാണത്. ബാഗനിലെ ഇത്രയധികം ക്ഷേത്രങ്ങൾ നിർമിക്കാൻ സാധിച്ചത് തൊട്ടടുത്ത് കൂടെ ഒഴുകുന്ന ഇരാവാതിയുടെ അനുഗ്രഹം മൂലമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ക്ഷേത്രനിർമാണത്തിനുള്ള സാധന സാമഗ്രികളൊക്കെ നദി മൂലം എളുപ്പം ബാഗനിൽ എത്തിക്കാൻ സാധിച്ചതായിരിക്കാം ഈ ഒരു വിശ്വാസത്തിന്റെ അടിസ്ഥാനം. ഏതാണ്ട് ഒരു മണിക്കൂറോളം ക്ഷേത്രങ്ങളുടെ മുകളിലൂടെ ബലൂണുകൾ ഒഴുകി നടന്നു.

തിരിച്ചിറങ്ങുന്നതിനു മുമ്പേ പൈലറ്റ് ബാരി ദൂരേക്ക് കൈചൂണ്ടി അങ്ങോട്ട് നോക്കി ചിരിക്കാൻ പറഞ്ഞു. ആദ്യം എന്തിനാണതെന്നു മനസിലായില്ല. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ബലൂണിന്റെ പുറംവശത്തു ഞാത്തിയിട്ട ഒരു ചെറിയ ഗോപ്രോ കാമറ കണ്ടത്. ബലൂൺ ബാസ്കറ്റിലുള്ളരും താഴെയുള്ള കാഴ്ചകളും ഒരുമിച്ച് ഫ്രെയിം കിട്ടുന്ന പോലെയാണ് ദൂരം സെറ്റ് ചെയ്തിരിക്കുന്നത്. റിമോട്ട് കൺട്രോൾ വച്ച് ബാരി ക്ലിക്ക് ചെയ്യും. ഇത് ഞങ്ങൾക്ക് മനസിലായി വന്നപ്പോഴേക്കും നാലഞ്ചു ഫോട്ടോ എടുത്തിരുന്നു. എല്ലാരും അങ്ങോട്ടുമിങ്ങോട്ടും അന്തം വിട്ടു നോക്കുന്ന കുറെ ചിത്രങ്ങൾ. അവസാനത്തെ മൂന്നാലെണ്ണം നന്നായി കിട്ടി.

bagan-baloon-safari-selfi ആകാശ ഗ്രൂപ്പി..

ഭൂമിയിലേക്ക് മടക്കം

പറന്നുയർന്ന ഗോൾഫ് ക്ലബ് മൈതാനത്തല്ല ബലൂൺ ലാൻഡിങ്. ഉഴുതു മറിച്ചിട്ട പാടങ്ങളാണു താഴെ. അതിലെവിടെയെങ്കിലുമാണ് ബലൂണുകൾ ലാൻഡ് ചെയ്യുക. ഓരോ ബലൂണിനും പറഞ്ഞു വച്ച ബസ് ബലൂൺ ലാൻഡ് ചെയ്യുന്ന സ്ഥലം നോക്കി പിന്നാലെ വരും. ബലൂൺ ബാസ്‌ക്കറ്റ് പാടത്തോടടുത്തു തുടങ്ങിയപ്പോൾ എല്ലാവരും കൈകൾ മുന്നിലേക്കു മടക്കി കുനിഞ്ഞിരുന്നു തല കൈകളിൽ ചേർത്തു വച്ചു. ബെല്ലും ബ്രേക്കും ഇല്ലാത്ത വണ്ടി ആയതിനാൽ കാറ്റിന്റെ ശക്തി അനുസരിച്ചു ചിലപ്പോൾ ബാസ്‌ക്കറ്റ് പാടത്തിലൂടെ വലിച്ചിഴക്കപ്പെടാൻ സാധ്യതയുണ്ട്. അതിനുള്ള മുൻകരുതലാണ് ഈ രൂപത്തിലുള്ള ഇരിപ്പ്. പക്ഷേ, അതിന്റെയൊന്നും ആവശ്യം വന്നില്ല. ബാസ്‌ക്കറ്റ് ഒന്നു രണ്ട് തവണ തട്ടിച്ചാടിയെങ്കിലും അവസാനം നേരെ തന്നെ തറയിൽ നിന്നു. കാറ്റു തീർന്ന ബലൂൺ ഞങ്ങളുടെ പിന്നിലായി പാടത്തേക്ക് വീണു. രാവിലെ ഞങ്ങളെ കൊണ്ടു വന്ന ബസ് ദൂരെ നിന്നു പാടവരമ്പൊക്കെ ചാടി മറിഞ്ഞു വരുന്നുണ്ടായിരുന്നു.

bagan-baloon-safari-good-bye-gathering ഗുഡ്ബൈ ഗാതറിങ്, ബലൂണിൽ ചൂടു കാറ്റ് നിറയ്ക്കുന്നു

അവസാനത്തെ പരിപാടി ഒരു ഗുഡ്‌ബൈ ഗാതറിങ് ആണ്. ബസിൽ കൊണ്ടു വന്ന ടേബിളും പലഹാരങ്ങളും ഡ്രിങ്ക്സുമെല്ലാം റെഡി ആക്കി. ഓരോ ഗ്ലാസ്സ് ഷാമ്പെയിനും ഓരോ ക്രോസാന്റും ബനാന കേക്കും. വീണ്ടും ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി. ഈ സമയം കൊണ്ട് ഒരു സ്‌കൂട്ടറിൽ മൂന്നു പയ്യന്മാർ അവിടെ എത്തിയിരുന്നു. ഞങ്ങളുടെ ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അവരുടെ കയ്യിലും തോളത്തും ഒക്കെ മാലകളും മ്യാൻമാറിന്റെ മാപ്പും ചെറിയ തുണിത്തരങ്ങളുമൊക്കെ നിറഞ്ഞു. വിദേശത്തു നിന്ന് വന്ന ടൂറിസ്റ്റുകളെ തപ്പിപ്പിടിച്ചു സാധനങ്ങൾ വിൽക്കാൻ നടക്കുന്ന പയ്യന്മാരാണ്. അവരുടെ സാമർഥ്യം ഇഷ്ടപ്പെട്ടു. റോഡ് സൈഡിൽ ഒക്കെ ഒരുപാട് പേരുണ്ടാവും സാധനങ്ങൾ വിൽക്കാൻ. ഇവിടെയാകുമ്പോൾ ഇവർക്ക് മാത്രമായി ബിസിനസ് കിട്ടുമല്ലോ. എന്തായാലും കച്ചവടം പൊടി പിടിക്കുന്നതിന് മുമ്പേ ബാരി ബർമീസ് ഭാഷയിൽ എന്തോ പറഞ്ഞു അവരെ അവിടെ നിന്നും ഓടിച്ചു. അവർ അടുത്ത ബലൂൺ തപ്പി വണ്ടിയോടിച്ചു പോയി. ലോകത്തെ ഏറ്റവും മനോഹരമായ ബലൂൺ ഫ്ലൈറ്റുകളിൽ ഒന്നാണ് ബാഗൻ ബലൂണിങ്. അതു കൊണ്ട് തന്നെ നല്ല ചാർജാണ് സീറ്റ് ബുക്ക് ചെയ്യാൻ. 350 ഡോളർ ആയിരുന്നു അന്നു ടിക്കറ്റ് നിരക്ക്. ഒരാൾക്ക് ഏതാണ്ട് 25000 രൂപ. ഒരു നിശ്ചിത പ്രൈസ് ടാഗ് തൂക്കാനാവാത്ത അനുഭവങ്ങൾ തേടിപോകുന്നതും ജീവിതത്തിന്റെ പുതുമ നിലനിർത്തുന്നതിന്റെ ഭാഗമാണല്ലോ..