Tuesday 14 December 2021 02:14 PM IST : By Praveen Elayi

ഗോത്രദ്വീപിലെ പറുദീസാപ്പറവകൾ

b o p-1
Photo : Sabu Kinattukara

പടർന്നും പന്തലിച്ചും മാനംതൊടാൻ മത്സരിച്ചും വളരുന്ന ആ കൊടുങ്കാട്ടിലേക്ക് ഒറ്റയ്ക്കു കയറുമ്പോൾ ആദിവാസി ഗൈഡ് സാബുവിനു മുന്നറിയിപ്പു നൽകി. ‘‘പറുദീസാപ്പറവയെ കണ്ടാൽ ബുദ്ധി മരവിക്കും. നിങ്ങൾക്കു വഴിതെറ്റും. ദുശ്ശകുനങ്ങളാണവ’’. കൂടെ ഒരുപദേശവും. ‘‘വഴിതെറ്റി എന്നു ബോധ്യമായാൽ ഒട്ടും സംശയിച്ചുനിൽക്കരുത്. വേറെ എങ്ങോട്ടും നോക്കാതെ പറുദീസാപ്പക്ഷിയെ കണ്ട സ്ഥലത്തേക്കു തന്നെ തിരികെപ്പോകുക. സമയത്ത് ബേസ് ക്യാംപിൽ നിങ്ങളെത്തിയില്ലെങ്കിൽ കൂട്ടിക്കൊണ്ടു വരാൻ ഞാനെത്തും’’.

എന്തെല്ലാം അന്ധവിശ്വാസങ്ങൾ എന്ന് ഉള്ളിൽ പറഞ്ഞ്, ഗൈഡിനോടു തലയാട്ടി, ക്യാമറയും ട്രൈപോഡും തോളിലേന്തി എറണാകുളം സ്വദേശി സാബു കിണറ്റുകര എന്ന ഫൊട്ടോഗ്രഫർ ഒാസ്ട്രേലിയക്കടുത്തുള്ള ന്യൂഗിനിയ ദ്വീപിലെ വനാന്തരത്തിലേക്കു നടന്നകന്നു. മറ്റൊന്നും അന്നേരം സാബു കിണറ്റുകരയുടെ മനസ്സിലുണ്ടായിരുന്നില്ല. പറുദീസാപ്പറവയുടെ മനം മയക്കുന്ന നടനം ക്യാമറയിലാക്കണം എന്ന ഒറ്റലക്ഷ്യം മാത്രം.

b o p-3

പറുദീസാപ്പറവകൾ

പക്ഷിനീരീക്ഷകരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ബേർഡ്സ് ഓഫ് പാരഡൈസ് എന്ന‍ അത്യപൂർവ പക്ഷികളെ കാണുക എന്നത്. ന്യൂഗിനിയ എന്ന കൊച്ചുദ്വീപിൽ മാത്രം കാണുന്ന സുന്ദരൻ കിളികളാണ് ഇവ.

ഇതിൽ കാട്ടിൽ ‘വെടിയുതിർക്കുന്നവരുണ്ട്’. രത്നങ്ങൾ പോലെ പ്രകാശം വാരിവിതറുന്നവരുണ്ട്. അദ്ഭുത എൻജിനീയർമാരുണ്ട്. ഇന്റീരിയർ ഡെക്കറേഷൻ ചെയ്യുന്നവരുണ്ട്. നർത്തകരുണ്ട്. ഇതൊക്കെക്കൊണ്ടാണിവ പറുദീസാപ്പറവകൾ എന്നറിയപ്പെടുന്നത്. ഭൂരിഭാഗം ഇനങ്ങളെ കാണുന്നതുപോലും അപൂർവം. പടമെടുക്കുക അതീവശ്രമകരം. ഇതിലെല്ലാം കഠിനം ന്യൂഗിനിയയിലൂടെ സഞ്ചരിക്കുകയാണ്.

b o p-2

നിഗൂഢതയുടെ വശ്യഭാവമാണ് ന്യൂഗിനിയ എന്ന ദ്വീപ്. മനുഷ്യമാംസം കഴിക്കുന്നവരടക്കം ആയിരം ഗോത്രവർഗങ്ങൾ നമ്മുടെ രാജസ്ഥാനെക്കാൾ അൽപം കൂടി വിസ്തൃതിയുള്ള ഈ ദ്വീപിൽ താമസിക്കുന്നു. എണ്ണൂറിലധികം ഭാഷകൾ ഇവിടുണ്ട്. ലോകത്തെ ഏറ്റവും അപ്രാപ്യമായ സ്ഥലങ്ങളിലൊന്നായ ദ്വീപ് മുഴുവൻ സ്വകാര്യസ്ഥലങ്ങളാണ്. ഓരോ ഗോത്രത്തിനും സാമ്രാജ്യമുണ്ട് ഇവിടെ. എന്നാൽ അതിർത്തികൾ വ്യക്തമായി തിരിച്ചിട്ടില്ലാത്തതിനാൽ ഒരു സഞ്ചാരിക്കതു മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പക്ഷികളുടെ പിന്നാലെ പോയി അതിർത്തി ഭേദിച്ചതിന്റെ പേരിൽ അമ്പേറ്റു മരിച്ചവർ ഏറെ. അതിരുകടക്കുന്നവരെ നിഷ്കരുണം വകവരുത്താൻ മടിക്കില്ല ദേശവാസികൾ. കാരണം അതിർത്തിലംഘനമാണ് ഇവിടുത്തെ പൊറുക്കാനാവാത്ത കുറ്റങ്ങളിലൊന്ന്.

ഒരിക്കൽ ഞാൻ ആദിവാസിക്കുടിലിൽ താമസിച്ചു. അവൻ പറഞ്ഞു ‘എന്റെ ഗോത്രം മനുഷ്യമാംസം കഴിക്കുന്നവരല്ല. എന്നാൽ നിങ്ങളുടെ ഗൈഡ് ചെറുപ്പത്തിൽ നരമാംസം കഴിച്ചിട്ടുള്ളവനാണ്.’ പാപ്പുവ ന്യൂഗിനിയ വനാന്തരങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രങ്ങളിൽ ഇപ്പോഴും മനുഷ്യമാംസം കഴിക്കുന്നവരുണ്ടത്രേ. ആ പാപ്പുവന്റെ വാക്കുകളെ വിശ്വസിച്ചാണ് ഊരും പേരും അറിയാത്ത ആ ഗ്രാമത്തിലെ ചെറുകുടിലിൽ ഒരു ദിവസം അന്തിയുറങ്ങിയത്. ഏതായാലും ആദിവാസിയുടെ മെനുവിൽ മനുഷ്യമാംസം ഇല്ലെന്നു പിറ്റേന്നത്തെ സൂര്യോദയം പറഞ്ഞുതന്നു.’’ സാബു ഒാർമകളിലേക്ക് സഞ്ചരിച്ചു.

ആദിമമനുഷ്യന്റെ കുടിയേറ്റം ചെന്നെത്തി വേരുറച്ച മണ്ണാണു ന്യൂഗിനിയ. തദ്ദേശീയരുടെ നീഗ്രോറ്റിക് രൂപഭാവങ്ങൾ ആ കുടിയേറ്റത്തിന്റെ ബാക്കിപത്രം. നാടിന്റെ പേരു തന്നെ അതിനു സാക്ഷ്യം. പതിനഞ്ചാം നൂറ്റാണ്ടിലാണ് സുഗന്ധവ്യഞ്ജനങ്ങൾ തേടിയിറങ്ങിയ യൂറോപ്യൻ കപ്പലോട്ടക്കാർ ആഫ്രിക്കയിലെ ഗിനിയ കണ്ടുപിടിക്കുന്നത്. അവിടുന്ന് വീണ്ടും യാത്ര തിരിച്ച അവർ ഇന്തൊനീഷ്യക്ക് തെക്കു കിഴക്കുള്ള വനനിബിഡമായ ദ്വീപിലെത്തി. അവിടെ തദ്ദേശീയരായ ‘ആഫ്രിക്കക്കാരെ’ കണ്ട് യൂറോപ്പ്യൻമാർ ഞെട്ടിയിട്ടുണ്ടാവണം.

b o p-7

ആഫ്രിക്കയിലെ ഗിനിയൻ രീതിയിലുള്ള ജനത. ‘പുതിയ ഗിനിയയ്ക്ക്’ അവർ ന്യൂഗിനിയ എന്നു പേരിട്ടു. കാലക്രമേണ, ഈ ദ്വീപിന്റെ ഓരോ ഭാഗങ്ങൾ ജർമൻകാരും ഇംഗ്ലിഷ്കാരും ഡച്ചുകാരും വെട്ടിപ്പിടിച്ചു. യൂറോപ്യൻമാർ എത്തുന്നതിനു മുമ്പേ ഇന്തൊനീഷ്യയുമായി ദ്വീപിലുള്ളവർക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇവരെ ചുരുണ്ട മുടിക്കാർ എന്നർഥമുള്ള പാപ്പുവ എന്നായിരുന്നു ഇന്തൊനീഷ്യക്കാർ വിളിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകാതിർത്തികൾ മാറ്റിവരയ്ക്കപ്പെട്ടപ്പോൾ ന്യൂഗിനിയ ദ്വീപ് രണ്ടായി. കിഴക്കൻ പാതി പാപ്പുവ ന്യൂഗിനിയ എന്ന സ്വതന്ത്രരാജ്യമായി. മറുപാതി ഇന്തൊനീഷ്യയുടെ കീഴിൽ വെസ്റ്റ് പാപ്പുവ എന്ന സംസ്ഥാനവും.

പന്നികളാണ് ന്യുഗിനിയയിലെ സമ്പത്തിന്റെ അളവുകോൽ. മൂന്നു നല്ല പന്നിക്കുട്ടൻമാർ ഉണ്ടെങ്കിൽ ഒരാൾക്കു പാപ്പുവൻ സുന്ദരിയെ വിവാഹം ചെയ്യാൻ യോഗ്യതയായി. ഉൾനാടുകളിൽ പറുദീസാപ്പറവകളുടെ തൂവലുകൾ നാണയങ്ങളായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവ ക്രൂരമായി വേട്ടയാടപ്പെടുന്നു.

പറവകളുടെ പേരിനു പിന്നിൽ

പറുദീസാപ്പറവകളെപ്പറ്റി യൂറോപ്പ്യൻമാർ ആദ്യം അറിയുന്നത് വിശ്വസഞ്ചാരിയായ മഗല്ലൻ വഴിയാണ്. കിഴക്കൻദേശ സഞ്ചാരം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ മഗല്ലന്റെ കയ്യിൽ ഈ സുന്ദരൻപക്ഷികൾ ഉണ്ടായിരുന്നു. കാലുകളും ആന്തരാവയവങ്ങളും എടുത്തുമാറ്റി മമ്മിഫൈ ചെയ്താണ് പറുദീസാപ്പറവകളെ പാപ്പുവയിലെ മൂപ്പൻമാർ മഗല്ലനു നൽകിയത്. കഥകളുണ്ടാക്കാൻ മിടുക്കരായ യൂറോപ്പ്യൻമാർ ഇവ സ്വർഗത്തിൽനിന്നു വരുന്ന പക്ഷികളാണെന്നും കാലുകൾ ഇല്ലാത്തതിനാൽ ഒരിക്കലും നിലത്തിറങ്ങില്ലെന്നും പറഞ്ഞുപരത്തി. ഇങ്ങനെയാണ് പറുദീസാപ്പറവകൾ എന്ന പേര് വന്നത്.

പറുദീസാപ്പറവകൾ പ്രധാനമായും കാക്കയുടെ വിഭാഗത്തിൽപെടുന്ന ന്യൂഗിനിയ പക്ഷികുടുംബമാണ്. നമുക്കറിയാവുന്ന നാൽപത്തൊന്നിനം പക്ഷികളിൽ മുപ്പത്തേഴെണ്ണവും ദ്വീപിൽ കാണപ്പെടുന്നു. ഒരേ കുടുംബത്തിൽപെട്ടവയാണെങ്കിലും വിവിധ ഇനങ്ങൾ തമ്മിൽ ആകാരത്തിലും ഭക്ഷണക്രമത്തിലും നിറങ്ങളിലും ഇണചേരൽ പ്രക്രിയയിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നു. ഇണയെ ആകർഷിക്കാൻ ആൺപക്ഷികൾ നടത്തുന്ന ചിട്ടയാർന്ന നൃത്തപ്രകടനമാണ് പറുദീസാപ്പക്ഷികളുടെ പ്രധാന സവിശേഷത.

ഏകപത്നീവ്രതക്കാരും കാസിനോവകളും

രണ്ടുതരം പറുദീസാപ്പറവകളുണ്ട്. ഏകപങ്കാളി ഇനങ്ങളും ബഹുപങ്കാളി ഇനങ്ങളും. ഏകപങ്കാളിപ്പക്ഷികളിൽ ആണും പെണ്ണും ഒരുപോലെയിരിക്കും. മിന്നുന്ന തൂവലുകളോ മനംമയക്കുന്ന ആകാരഭംഗിയോ ഇവയ്ക്കുണ്ടാകില്ല. ഗ്ലോസി ബ്ലാക്ക് മനുകോഡ് എന്നയിനം ഉദാഹരണം. നാം കാണുന്ന യഥാർഥ പറുദീസാപ്പക്ഷികൾ കാസനോവകളാണ്. അതായത് ബഹുഭാര്യാത്വമാചരിക്കുന്നവർ. ആട്ടവും പാട്ടവുമായി തിമിർത്തുനടക്കുന്ന പക്ഷികൾ. വളർച്ചയെത്തിയ ആൺപക്ഷികൾ മരത്തിലോ മണ്ണിലോ സ്വന്തമായി ഉണ്ടാക്കുന്ന നൃത്തവേദിയിൽ അതിരാവിലെയും വൈകിട്ടും പെൺപക്ഷികളെ ആകർഷിക്കാനായി തങ്ങളുടെ വർണാഭമായ തൂവലുകൾ വിടർത്തി താളാത്മകമായി നൃത്തങ്ങൾ അവതരിപ്പിക്കും. ഡിസ്പ്ലേ എന്നാണീ വേദി അറിയപ്പെടുന്നത്.

‘‘ഞാൻ ആദ്യം കണ്ട ഡിസ്പ്ലേ പിഎൻജിയുടെ ദേശീയപക്ഷിയായ റജിയാന ബേർഡ് ഓഫ് പാരഡൈസിന്റെതായിരുന്നു. രാവിലെ നാലു മണിയോടെ പിഎൻജിയുടെ തലസ്ഥാനമായ പോർട്ട് മോസർബെയിൽനിന്നു കാട്ടിലേക്കു ഗൈഡുമായി പുറപ്പെട്ടു. ആറു മണിയോടെ വരിരാറ്റ നാഷനൽ പാർക്കിലെത്തി. നേരം പുലർന്നിട്ടില്ല. കാട്ടിനുള്ളിലൂടെ ഒരു കിലോമീറ്റർ നടന്ന് കുന്നിൻചെരുവിലെത്തി. അധികം ഉയരമില്ലാത്ത മരത്തിന്റെ ഇലച്ചാർത്തുകൾക്കു മുകളിലേക്കു തള്ളിനിൽക്കുന്ന ഒരു കൊമ്പ് ഗൈഡ് കാണിച്ചുതന്നു. അതാണ് ഡിസ്പ്ലേ ബ്രാഞ്ച്. ലേക് എന്നാണു നാട്ടുഭാഷയിൽ.

b o p-6

കാടിനുള്ളിൽ വെളിച്ചം തീരെക്കുറവ്. പെട്ടെന്ന് അടിവാരത്തിൽനിന്ന് ഉച്ചത്തിലുള്ള വിളികേട്ടു. നമ്മൾക്കപരിചിതമായ ആ നാദം കേട്ടതോടെ ഗൈഡിന്റെ മുഖം തെളിഞ്ഞു. മിനിറ്റുകൾക്കുള്ളിൽ വിളിക്ക് മറുപടി കേട്ടു. പിന്നീട് നടന്നത് ഒരു ചെറു തൃശൂർ പൂരമായിരുന്നു. എല്ലാ ദിക്കിൽനിന്നും കൂവലുകൾ ഉയർന്നു. ഞങ്ങൾ നോക്കിനിൽക്കേ രണ്ടു പെൺപക്ഷികൾ ലെക്കിൽ വന്നിരുന്നു. അവയ്ക്ക് പ്രത്യേക സൗന്ദര്യമൊന്നുമില്ല. പെൺപക്ഷികൾക്കു പിന്നാലെ ആൺകൂട്ടവും പറന്നെത്തി. തൂവലുകളും വാലും ഉയർത്തി ശക്തമായി വിറപ്പിച്ച് മരച്ചില്ലയിൽ ആട്ടവും പാട്ടുമായി ആൺപക്ഷികളങ്ങനെ തിമിർത്തു. തൊട്ടടുത്ത ചില്ലയിൽ പെൺപക്ഷികൾ ഇതെല്ലാം വീക്ഷിച്ചിരുന്നു. കൂടിപ്പോയാൽ ഒരു മിനിറ്റ്- അതിനുള്ളിൽ എല്ലാവരും തിരികെ പറന്നു പോയി. കാട് വീണ്ടും ശാന്തം. വരിരാറ്റ നാഷനൽ പാർക്കിൽ കാണപ്പെടുന്ന മറ്റു പറുദീസാപ്പറവകൾ- സൂപ്പർബ് ബേഡ് ഓഫ് പാരഡൈസ്, ഗ്രോളിങ് റൈഫിൾ ബേഡ് എന്നിവയാണ്.

പിഎൻജിയിലെ മൗണ്ട് ഹേഗൻ ആണ് മറ്റൊരു ലൊക്കേഷൻ. മൂന്നാറിന്റെയത്രയാണ് ഉയരം. മൗണ്ട് ഹേഗൻ പട്ടണത്തിൽനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ കുമുൾ ലോഡ്ജിലെത്താം. വിഖ്യാത പക്ഷി നിരീക്ഷകരുടെയും ഫൊട്ടോഗ്രഫർമാരുടെയും ഇടയിൽ പ്രസിദ്ധമാണ് ഈ കമ്മ്യൂണിറ്റി ലോഡ്ജ്. പക്ഷിനിരീക്ഷകർ ഏറ്റവും കാണണമെന്നാഗ്രഹിക്കുന്ന നീലപ്പറുദീസപ്പറവ (ബ്ലൂബേർഡ് ഓഫ് പാരഡൈസ്) തവിടൻ സിക്കലെബിൽ, ടൈഗർ പാരറ്റ്, ഐലൻഡ് ത്രഷ്, കിങ് സാക്സണി ബേർഡ് ഓഫ് പാരഡൈസ്, ലെസ്സർ ബേഡ് ഓഫ് പാരഡൈസ് എന്നിങ്ങനെ വിചിത്രങ്ങളും അപൂർവങ്ങളുമായ പക്ഷിവർഗങ്ങളുടെ പറുദീസയാണ് കുമൾ ലോഡ്ജും പരിസരപ്രദേശങ്ങളും.

നീലപ്പറുദീസാപ്പറവയെ കാണുകയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ഒരു മണിക്കൂറോളം കുത്തനെ മലകയറണം. പിന്നെ കെട്ടുകണക്കിനു ഭാഗ്യവും കൊണ്ടുപോകണം. ജുറാസിക് പാർക്ക് രീതിയിലുള്ള ഇടതൂർന്നു വളരുന്ന കാടുകളാണ് ന്യൂഗിനിയയിൽ. നീണ്ട കത്തികൊണ്ടു വഴിവെട്ടിത്തെളിച്ചാണ് തദ്ദേശീയരായ ഗൈഡുകൾ നമ്മെ നയിക്കുക. ഇവരുടെ പിന്നാലെ പോകുമ്പോൾ ഒരു കാര്യം മനസ്സിൽ ഓർമവരും. ഈ പാപ്പുവന്റെ പിതാമഹൻമാർ, ഒരുപക്ഷേ ഇവർതന്നെ മനുഷ്യമാംസം രുചിച്ചിട്ടുള്ളവരാണ്. നരമാംസഭോജനം നിയമം മൂലം നിരോധിച്ചിട്ട് വെറും 30 വർഷമേ ആയിട്ടുള്ളൂ. ആ രുചി ഒരിക്കൽ അറിഞ്ഞവരായിരിക്കാം ഈ ഗൈഡുകൾ എന്ന് ഉൾക്കിടിലത്തോടെ മാത്രമേ ആലോചിക്കാൻ കഴിയൂ.

b o p-5

വെടിയൊച്ച ഉതിർക്കും പക്ഷി

ഇങ്ങനെ കരുതലോടെ, പ്രാർഥനയോടെ നടക്കുമ്പോഴാണ് കാട്ടിൽ വെടിയൊച്ച മുഴങ്ങുന്നത്. യന്ത്രത്തോക്കിൽനിന്നുള്ള ഫയറിങ്ങിന്റെ അതേ ശബ്ദം. താമസിയാതെ മറുപക്ഷത്തു നിന്നു വെടിശബ്ദമുയരും. ബ്രൗൺ സിക്കെൽബില്ലിന്റെ വിളിയാണത്. ഒരു തരം ടെറിട്ടോറിയൽ കോൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് ന്യൂഗിനിയ പിടിക്കാൻ വന്ന ജപ്പാൻ പട്ടാളക്കാരെ ഈ പക്ഷി തന്റെ ശബ്ദം കൊണ്ട് ഓടിച്ചിട്ടുണ്ട് എന്നത് ഇവിടങ്ങളിൽ പ്രചരിക്കുന്ന കഥയാണ്.

വിഷുപ്പക്ഷിയല്ലിത് വിഷപ്പക്ഷി

ലോകത്തിലെ ഏറ്റവും വലിയതും തലയെടുപ്പുളളതുമായ പ്രാവായ ക്രൌൺ പിജിയൻ, പോപ്പിൻസ് നിറങ്ങൾ ചിറകിലുള്ള പഴപ്രാവുകൾ തുടങ്ങി പല രൂപത്തിലുള്ള ഒട്ടേറെ തത്തകളും ഉള്ള നാടാണ് പാപ്പുവ ന്യൂഗിനിയ. ഇതിൽ അപകടകാരിയായ ഒരിനമാണു വിഷപ്പക്ഷി. ഹുഡഡ് പിറ്റഹായ്. ഇതിനെ കൈകൊണ്ടെടുത്താൽ മതി ശരീരം മുഴുവൻ മരച്ച് നീരുവരും.. ശ്വാസം വലിക്കാൻ പോലും ബുദ്ധിമുട്ടാകും. ഒരിക്കൽ ഒരു കുട്ടി മരിച്ചിട്ടുണ്ടെന്നു ഗൈഡ് പറഞ്ഞു. കാഴ്ചയ്ക്ക് അത്ര ഭീകരനല്ല. നമ്മുടെ മൈനയുടെ വലുപ്പമേയുള്ളു. ഈ പക്ഷി കഴിക്കുന്ന ചില വണ്ടുകളിൽനിന്നാണത്രേ വിഷം ലഭിക്കുന്നത്.

വെസ്റ്റ് പാപ്പുവയിലേക്ക്...

പറുദീസപ്പറവകളിൽ ഏറ്റവും സുന്ദരനാണ് വിൽസൺസ് ബേഡ് ഓഫ് പാരഡൈസ്. കാസനോവകളുടെ ഇടയിലെ രാജാവായ ഇവനെ കാണാൻ വെസ്റ്റ് പാപ്പുവയിൽ എത്തണം. പിഎൻജിയിൽ യാത്ര ചെയ്യുന്നതിലും ദുർഘടം പിടിച്ചതാണ് വെസ്റ്റ് പാപ്പുവയിലൂടെയുള്ള സഞ്ചാരം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നുതന്നെ പറയാം. സിംഗപ്പൂർ വഴി ഇന്തൊനീഷ്യയിലെ മക്കസാറിലെത്തി. അടുത്ത ദിവസം തുറമുഖപട്ടണമായ സെറോങ്ങിലെത്താം.

സെറോങ്ങിൽ നിന്നു ചെറുയാത്രകൾ ചെയ്താൽ പന്ത്രണ്ടുവാലൻ പറുദീസാപ്പക്ഷിയെയും കിങ് ബേഡ് ഓഫ് പാരഡൈസിനെയും കാണാനൊക്കും. വാലിൽ പന്ത്രണ്ടു ‘പൂച്ചമീശ’കൾ കാണപ്പെടുന്നതിനാലാണ് ഇപ്പേര്. ഫാഷൻ രാജാവായ ഇവനെ ഒരു നോക്കു കാണാൻ കൊതുകു കടി കൊണ്ട് രണ്ടു മണിക്കൂറോളം മുട്ടൊപ്പം ചെളിയിൽ നിൽക്കേണ്ടി വന്നു. ചുവന്ന മേൽവസ്ത്രമിട്ടതുപോലുള്ള രൂപമുള്ളതുകൊണ്ടാണ് കിങ് എന്നു വിളിക്കുന്നത്.

സെറോങ്ങിൽ നിന്നു കടൽമാർഗം നാലു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ആൾത്താമസമില്ലാത്ത ദ്വീപാണ് വാജിയോ. 80 കിലോമീറ്ററാണ് കടൽ ദൂരം. പിന്നീട് ഒരു മണിക്കൂർ പുഴ താണ്ടണം. ഗൈഡും രണ്ടു പാചകക്കാരും കൂട്ടിനുണ്ട്. ഒരാഴ്ച ഞങ്ങൾ ആ ദ്വീപി ൽ താമസിച്ചു. നദിക്കരയിൽ നിന്നു മാറി ഒഴിഞ്ഞൊരു പ്രദേശത്ത് ക്യാംപ് സെറ്റ് ചെയ്തു. മനുഷ്യസ്പർശം ഏൽക്കാത്ത മണ്ണും മരങ്ങളുമാസ്വദിച്ച ദിനങ്ങൾ. വിൽസൺസ് ബേഡ് ഓഫ് പാരഡൈസിനെ കാണുകയാണു ഞങ്ങളുടെ ലക്ഷ്യം.

നാലര മണിക്ക് എഴുന്നേറ്റ് രണ്ടര മണിക്കൂർ കുത്തുകയറ്റം നടന്നുകയറി ഇവന്റെ ഡിസ്പ്ലേ നിലത്തെത്തി. വെയിലെത്തുന്നതിനു മുൻപ് അവിടെ മറയുണ്ടാക്കി ക്യാമറ സെറ്റ് ചെയ്യണം. കിഴക്ക് വെള്ളകീറുമ്പോൾ ആൺപക്ഷി നിലത്ത് പറന്നിറങ്ങും. അന്നേരം നൃത്തവേദിയിൽ തലേന്നു പെയ്ത മഴയിൽ വീണ കമ്പുകളും ഇലകളുമൊക്കെ കൊക്കുകൊണ്ടെടുത്ത് പുറത്തേക്ക് എറിയും. സ്റ്റേജ് വൃത്തിയായിരിക്കണം എന്നത് എല്ലാ പറുദീസാപ്പക്ഷികൾക്കും നിർബന്ധമാണ്. വിൽസൺസ് ബേർഡ് ഓഫ് പാരഡൈസ്- ലോകത്തെ ഏറ്റവും സുന്ദരനായ പക്ഷിയാണ്. ഒരിക്കലും ഒരു ഫ്രെയിമിലും ഇവന്റെ നിറങ്ങൾ മുഴുവൻ കിട്ടില്ല. സൂര്യന്റെ ആദ്യകിരണം പതിക്കുമ്പോൾ ഒരു രത്നത്തിനകത്തുകൂടെ പ്രകാശം പോകുന്നതുപോലെ അല്ലെങ്കിൽ ഒരു അമിട്ട് പൊട്ടുന്നതുപോലെ ഇവന്റെ ശരീരം തിളങ്ങും. ഒരാഴ്ചയോളം ഞങ്ങൾ ആ ഏകാന്തദ്വീപിൽ കഴിച്ചുകൂട്ടി. ഫോണില്ല, വൈദ്യുതിയില്ല, പുറംലോകത്ത് എന്തുനടക്കുന്നു എന്നറിവില്ല. സുന്ദരമായ വാരം. ഇതിനിടയിൽ ഗൈഡിനു പാമ്പുകടിയേറ്റു. ഒരിക്കൽ ശക്തമായ രാത്രിമഴയിലും കാറ്റിലും ടെന്റ് പറന്നുപോയി. വാജിയോ ദ്വീപിലെ ഏകാന്തവാസത്തിനുശേഷം അതിലും ദുർഘടമായ അർഫക് മലനിരകളിലേക്കായിരുന്നു യാത്ര.

പരോട്ടിയ എന്ന മൈക്കിൾ ജാക്സൺ

പറുദീസാപ്പറവകളുടെ ഇടയിലെ മൈക്കൾ ജാക്സൺ ആണ് പരോട്ടിയ. ചിറകുകൾ വളച്ച് പാവാട പോലാക്കി കഴുത്തുവെട്ടിച്ച് അവൻ നിലത്ത് മൂൺവോക്ക് നടത്തുന്നത് ജീവിതത്തിലെ മറക്കാനാവാത്തൊരു കാഴ്ചയാണ്. ആദ്യസൂര്യകിരണത്തിൽ നൃത്തം ചെയ്യുന്ന കറുത്തപക്ഷിയായ പരോട്ടിയയെ ക്യാമറയിൽ പകർത്തുക അതികഠിനം. മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വെസ്റ്റേൺ പരോട്ടിയയുടെ ഒരു നടനം കിട്ടുന്നത്. ഞങ്ങൾ അതിരാവിലെ മലകയറി വേദിക്കരുകിൽ ചെല്ലും. രാവിലെ നൃത്തവേദിയിലെത്തിയില്ലെങ്കിൽ വൈകിട്ടുവരെ അവിടെത്തന്നെ കാത്തിരിക്കും. കൊച്ചിക്കാർക്കുപോലും പിടിച്ചുനിൽക്കാനാകാത്തവിധം കൊതുകുകടിയും സഹിച്ചാണ് കാട്ടിലെ മൈക്കിൾ ജാക്സണെ പകർത്തിയത്.

പക്ഷികളിലെ സ്വയംവരം

പാട്ടും കൂത്തും പുറംമോടിയുമൊന്നും ബോവർ പെൺ പക്ഷികളെ ആകർഷിക്കില്ല. അവർ വളരെ പ്രായോഗികമതികളാണ്. ഇണചേരുന്നകാലത്ത് ആൺപക്ഷികൾ വീടുണ്ടാക്കാൻ തുടങ്ങും. ഒരേ നീളവും വീതിയുമുള്ള മരച്ചില്ലകൾ കൊണ്ടുവന്ന് ആദ്യം നമ്മുടെ വീടു പോലെ മേൽക്കൂരയുള്ള കൂട് മണ്ണിലുണ്ടാക്കും. ഒരു കൺസ്ട്രക്ടർ എന്ന നിലയ്ക്ക് എന്നെ അമ്പരപ്പിച്ചത് അതിന്റെ നിലനിൽപ് ആയിരുന്നു. ഒരു ചുള്ളിക്കമ്പ് പോലും കുത്തിനിർത്താതെയാണ് ആ മേൽക്കൂര തയാറാക്കുന്നത്. പിന്നെയാണു രസം. വീടു മാത്രം പോരല്ലോ. അലങ്കാരങ്ങളും വേണ്ടേ..?

ഇതിനുവേണ്ടി കാടായ കാടും മേടും അലഞ്ഞുനടന്ന് ഒരേ നിറത്തിലും വലുപ്പത്തിലും രൂപത്തിലുമുള്ള പൂക്കൾ, ഫലങ്ങളുടെ തോടുകൾ, വണ്ടുകളുടെ പുറംതോടുകൾ എന്നിവ കൊണ്ടുവന്ന് വീടിന്റെ പരിസരം അലങ്കരിക്കും. അടുത്തടുത്തുതന്നെ ഇത്തരം വീടുകൾ ഉണ്ടാകും. പെൺകിളികൾ വീടിനു ചുറ്റും നടന്നു പരിശോധനകൾ നടത്തും. ഇഷ്ടമായില്ലെങ്കിൽ അവ സ്ഥലം കാലിയാക്കും. ഈ പരിശോധന നടക്കുമ്പോൾ ആൺകിളി നെഞ്ചിടിപ്പോടെ അടുത്തൊരു ചില്ലയിൽ ഇരിക്കുന്നതു കൗതുകമുള്ള കാഴ്ചയാണ്. വീട് ഇഷ്ടമായാൽ വീട്ടുകാരനെ ഇഷ്ടപ്പെട്ടു എന്നാണർഥം. പിന്നെ പെൺകിളി കൂടിനകത്തേക്കു കയറും. പക്ഷിലോകത്തെ സ്വയംവരം. ഇവർ ബേർഡ് ഓഫ് പാരഡൈസിൽ പെട്ടയിനങ്ങളല്ല എന്നാണു പുതുപഠനങ്ങൾ.

പിഎൻജി തലസ്ഥാനമായ പോർട്ട് മോസർബൈയിൽ ആലപ്പുഴ സ്വദേശിയെക്കണ്ടു. പറുദീസാപ്പറവകളെ പടമെടുക്കാൻ ഞാൻ പോയ സ്ഥലങ്ങൾ കേട്ടപ്പോൾ അദ്ദേഹം അന്തംവിട്ടു. ഒാഫിസും വീടുമല്ലാതെ അവരാരും പുറത്തു പോവാറെയില്ല. കാരണം സുരക്ഷാഭീഷണി. വിദേശികളെ തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ചോദിക്കുകയും അവിടത്തെ ഗുണ്ടാസംഘങ്ങളുടെ പറുദീസയാണ് പാപ്പുവ ന്യുഗിനിയ. തിരിച്ച് എയർപോർട്ടിലെത്തി വിമാനം പറന്നുയരുമ്പോൾ ആ വിമാനത്താവളത്തിനു ചുറ്റുമുള്ള കമ്പിവേലിയും സായുധരായ കാവൽക്കാരും അതു ശരിവച്ചു; പിഎൻജി പറുദീസയല്ല. പക്ഷേ, ഫൊട്ടോഗ്രഫേഴ്സിനും പക്ഷിനിരീക്ഷകർക്കും ആ ദ്വീപ് പറുദീസയാണ്.