Wednesday 04 August 2021 03:28 PM IST : By Easwaran Seeravally

ടൈം മെഷിനില്‍ കയറി മറ്റൊരു ലോകത്തു ചെന്ന അനുഭവമാണ് അഹമ്മദാബാദ് പൈതൃക നടത്തം

ahdbd0

രണ്ടു മണിക്കൂർ നടന്നാൽ ഒരാൾക്ക് എത്രദൂരം സഞ്ചരിക്കാനാകും? അഹമ്മദാബാദിലെ പഴയ നഗര പ്രദേശത്താണെങ്കില്‍ കാലങ്ങൾ പിറകിലേക്കെത്താം ഒറ്റ നടപ്പില്‍. ടൈം മെഷിനില്‍ കയറി മറ്റൊരു ലോകത്തു ചെന്ന അനുഭവമാണ് അഹമ്മദാബാദ് പൈതൃക നടത്തം

മന്ദിര്‍ സെ...

ahdbd8

ക്ഷേത്രത്തില്‍ തുടങ്ങി മോസ്‌കില്‍ അവസാനിക്കുന്ന തീര്‍ഥാടനം എന്നാണ് അഹമ്മദാബാദ് ഹെറിറ്റേജ് വാക്കിനെ വിശേഷിപ്പിക്കുന്നത്. കാലുപുരിലെ സ്വാമി നാരായണ്‍ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ജമാ മസ്ജിദില്‍ എത്തുന്നതിനു മുന്‍പ് പോള്‍ എന്നും ഓള്‍ എന്നും അറിയപ്പെടുന്ന സവിശേഷമായ ഒട്ടേറെ പുരാതന ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നു. കോട്ടവാതിലുപോലെയുള്ള പ്രവേശനദ്വാരത്തിലൂടെ സ്വാമി നാരായണ്‍ ക്ഷേത്രമുറ്റത്തേക്കു കടക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് ക്ഷേത്രച്ചുവരിലെ വര്‍ണാഭമായ ശില്‍പങ്ങളാണ്. ശ്രീകോവിലിനു മുന്‍പിലുള്ള മതില്‍ സ്വാമിനാരായണ്‍ വിഭാഗത്തിലെ സന്യാസിമാർക്കുള്ള ഹവേലി കൂടിയാണ്. നൂല്‍ വലിച്ചു കെട്ടി പരമ്പരാഗതമായ രീതിയില്‍ ചായം തേച്ചു പിടിപ്പിക്കുന്നത് കണ്ടുകൊണ്ടാണ് സ്വാമി നാരായണ്‍ ക്ഷേത്രം വിട്ട് പഴയ തെരുവിലേക്കു തിരിഞ്ഞത്.

പോളും ഓളും

600 ല്‍ അധികം വര്‍ഷം പഴക്കമുള്ള അഹമ്മദാബാദ് നഗരത്തിന്റെ ജീവനാഡിയായിരുന്നു പോളുകളും ഓളുകളും ഒരുകാലത്ത്. പാർപ്പിടങ്ങളുടെ കൂട്ടത്തെയാണ് പോള്‍ എന്നു പറയുന്നത്. ജാതിയുടേയോ തൊഴിലിന്റേയോ മതത്തിന്റേയോ അടിസ്ഥാനത്തിലാണു പോളുകളില്‍ ആളുകള്‍ താമസിച്ചിരുന്നത്. ഓരോ പോളിന്റെയും നിര്‍മിതിയും ഘടനയുമൊക്കെ അതിന്റെ നിർമാണ കാലത്തെ ആശ്രയിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്. സമാനതകളുള്ള ആളുകള്‍ പുറത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് പ്രത്യേക ഘടനയും പ്രവര്‍ത്തനരീതകളുമുള്ള കോളനിയായി കഴിഞ്ഞതത്രേ.

ahdbd7

ഒരു പോളിലേക്കു കടക്കാന്‍ ഒരു പ്രവേശന കവാടം മാത്രമേ ഉണ്ടാകൂ. പോള്‍ എന്ന പേരിന്റെ ഉദ്ഭവം 'കവാടം' എന്നര്‍ഥമുള്ള 'പ്രതോലി' എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ്. ഇടുങ്ങിയ തെരുവുകളുടെ ഇടയില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന കെട്ടിടങ്ങളുടെ വലയത്തിനകത്ത് അപരിചിതനായ ഒരാള്‍ എത്തിപ്പെട്ടാല്‍ എങ്ങോട്ടു പോകണമെന്നറിയാതെ നട്ടം തിരിയുമെന്നുറപ്പ്. പോള്‍ എന്ന 'സംഭവ'ത്തെക്കുറിച്ചു കേട്ടറിഞ്ഞ് നടക്കുന്നതിനിടെ യാത്ര അതിന്റെ ആദ്യ സ്‌റ്റോപ്പില്‍ എത്തി. കവി ദല്‍പത് റാം ചൗക്ക്. ലംബേശ്വര്‍ നി പോളിനുള്ളില്‍ ഗുജറാത്തി സാഹിത്യത്തിലെ ആദ്യകാല കവിയും നവോത്ഥാന നായകനുമായ ദല്‍പത് റാമിന്റെ വീടിരുന്ന സ്ഥാനം... ലംബേശ്വര്‍ നി പോളിലെ ഇടുങ്ങിയ വഴിത്താരയിലൂടെ നടന്ന് റിലിഫ് റോഡ് വഴി ഹജാ പട്ടേല്‍ നി പോളിലേക്കു കടന്നു. അതിനിടയില്‍ കാലിക്കോ ഡോമിന്റെ സ്ഥാനം കാണാം.

ഛബൂത്തരകളും കറുത്ത ശ്രീരാമനും

ahdbd5

പോളില്‍ നിന്നു പോളിലേക്ക് നടന്നു... ഒട്ടു മിക്ക പോളുകള്‍ക്കും പൊതു കിണറും ഒരു പൊതു ആരാധനാലയവും ഉണ്ടായിരിക്കും. ഏകദേശം മധ്യത്തിലായി തുറസ്സായ മുറ്റവും കാണും. പോളുകളുടെ പേരിടുന്നതിൽ പ്രത്യേകിച്ച് ഒരു സാമ്യമില്ല... നേരത്തെ കടന്നു പോന്ന ലംബേശ്വര്‍ നി പോളിന് ആ പേരു കിട്ടിയത് അതിനുള്ളിലെ ലംബേശ്വര്‍ ദരസര്‍ എന്ന ജൈനക്ഷേത്രത്തില്‍നിന്നാണ്. ഹജാ പട്ടേല്‍ എന്ന വ്യക്തിയുടെ പേരില്‍ പ്രശസ്തമായതാണ് ഹജാ പട്ടേല്‍ നി പോള്‍. പോളുകളുടെ മറ്റൊരു സവിശേഷത ഛബൂത്തരയാണ്. പൊതുവെ മരങ്ങളും ചെടികളും കുറവായ പോള്‍ പ്രദേശത്ത് പ്രാവുകള്‍ക്ക് ഇരുന്നു തിന്നാനും കുടിക്കാനും ഒരു നിര്‍മിതിയുണ്ടായിരിക്കും. മനോഹരമായ കൊത്തു പണികളും വര്‍ണങ്ങളും ഈ ഛബൂത്തരകളെ കൗതുകക്കാഴ്ചയാക്കുന്നു. പ്രവേശനകവാടത്തിനു കാര്യമായ തകരാറുകളോ പരിഷ്‌കാരങ്ങളോ സംഭവിക്കാത്ത ഒരു പോളിലേക്കാണ് പിന്നെ കടന്നത്, ഖാര കുവ നി പോള്‍- ഉപ്പുവെള്ള കിണറുള്ള പോള്‍. എല്ലാ പോളുകളുടെയും ഗെയിറ്റിനു മുകളില്‍ കാവല്‍ക്കാരന് ഒരു മുറിയുണ്ടാകും. കോളോണിയല്‍ നിര്‍മാണശൈലി വ്യക്തമായി കാണാം ഇവിടുത്തെ നിര്‍മിതികളിൽ.

ahdbd4

ഹജാ പട്ടേല്‍ നി പോളിലെ വിശേഷപ്പെട്ട കാഴ്ചയാണ് കാലാ റാംജി മന്ദിര്‍ അഥവാ കറുത്ത ശ്രീരാമന്റെ ക്ഷേത്രം. ഇതൊരു ഹവേലി മന്ദിര്‍ ആണ്, വലിയ മാളികയുടെ താഴത്തെ നിലയിലെ ചെറിയ മുറിയാണ് ക്ഷേത്രം. അപൂര്‍വമായ കറുത്ത മാര്‍ബിള്‍ വിഗ്രഹങ്ങൾ. അങ്ങനെയാണ് 'കാലാ' എന്നു പേരുവന്നത്. 400 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം നടുമിറ്റത്തോടുകൂടിയ കെട്ടിടത്തിന്റെ ഭാഗമാണ്. എണ്‍പതിലധികം അംഗങ്ങളുള്ള ഒരു കൂട്ടുകുടുംബമാണ് ഈ കെട്ടിടത്തിലെ താമസക്കാര്‍.

ahdbd6

രഹസ്യവാതിലുകള്‍

പഴമയുടെ വീര്‍പ്പുമുട്ടൽ ഉണ്ടെങ്കിലും ഇന്നും പോളുകള്‍ വിട്ടുപോകാത്ത ഒരുകൂട്ടം ആളുകളുണ്ട്. കൊത്തുപണികള്‍ നിറയുന്ന മുഖപ്പുകളും കരുത്തും സൗന്ദര്യവും ഒരുമിക്കുന്ന തടി വാതിലുകളും കാലത്തിന്റെ വെല്ലുവിളികളെ മറികടന്ന് ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളായിരുന്നു പോളുകളെന്നു സൂചിപ്പിക്കുന്ന കാഴ്ചകളും ഇവിടെയുണ്ട്. അതിലൊന്നാണ് കെട്ടിടങ്ങളുടെ മുകളില്‍ നിന്നു മഴവെള്ളം ഭൂഗര്‍ഭ ടാങ്കുകളിലേക്ക് ഒഴുക്കി സംഭരിക്കുന്നത്. ചുണ്ണാമ്പുകല്ലും ചെമ്പുകുഴലുകളുമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മറ്റൊന്ന് ഇന്നും നല്ലരീതിയിൽ പ്രവര്‍ത്തിക്കുന്ന അഴുക്കുചാലുകളാണ്. പുറത്തുനിന്നു നോക്കിയാല്‍ കാണാനാകാത്തവിധം മറച്ചിരിക്കുന്ന ഓടകളുടെ സ്ഥാനവും ദിശയും അടയാളപ്പെടുത്താന്‍ ഭൂമിയുടെ മുകളിലേക്ക് അടയാള പൈപ്പുകള്‍ ഉണ്ട്. അതിന്റെ മുകളിലെ അസ്ത്ര ചിഹ്നം ഡ്രെയിനേജിന്റെ ദിശ കാണിക്കുന്നു.

ahdbd3

ലോകത്തിന്റെ നാനാ ഭാഗങ്ങളുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു ഗുജറാത്തികള്‍. അതിന്റെ പ്രതിഫലനം പോളുകളിലും കാണാം. പല കെട്ടിടങ്ങളിലും ബര്‍മയില്‍നിന്നുള്ള തടി സുലഭമായി ഉപയോഗിച്ചിട്ടുണ്ട്. സംഭവ്‌നാഥ് നി ഖഡ്കി എന്ന ജൈനക്ഷേത്രത്തിനു സമീപമുള്ള വീടുകളിലെ ഭിത്തി കെട്ടുന്നതില്‍ ഇഷ്ടികയ്‌ക്കൊപ്പം പലകകളും ഉപയോഗിച്ചിരിക്കുന്നു. ഭൂകമ്പത്തെ പ്രതിരോധിക്കാനാണത്രേ ഇത്.

സാമുദായിക ലഹള എക്കാലത്തും അഹമ്മദാബാദ് സമൂഹത്തെ ഭയപ്പെടുത്തി. പോളുകളുടെ നിര്‍മാണത്തില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയതും മറ്റൊന്നുംകൊണ്ടായിരിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടാന്‍ ഒന്നിലേറെ രഹസ്യമാര്‍ഗങ്ങള്‍ പോളുകളിൽ ഒളിപ്പിച്ചു വച്ചിരുന്നു. പോളിലെ അന്തേവാസി അല്ലാത്ത ഒരാൾക്ക് അതു തിരിച്ചറിയാനാകില്ല. സമാനമായ ഒരു രഹസ്യപാതയിലൂടെ സഞ്ചരിക്കാനും ഹെറിറ്റേജ് വാക്കില്‍ അവസരമുണ്ട്. പോളു കടന്നാല്‍ ഓള്‍ മറാത്തി, ആഗ്ലോ ഇന്ത്യന്‍ ശൈലികളിലുള്ള കെട്ടിടങ്ങള്‍ പണിത പോളുകള്‍ താണ്ടി മുന്നോട്ടു നടന്നു. ഇടയ്ക്ക് ഹെറിറ്റേജ് ഹോട്ടലുകളാക്കിയ അപൂര്‍വം ഹവേലികളും കാണാം. ഇന്ത്യയില്‍ മറ്റു പല ഭാഗത്തും ക്ഷേത്രങ്ങളും കോട്ടകളും കല്ലില്‍ കൊത്തി എടുത്ത വിസ്മയങ്ങളായിട്ടുണ്ട്. എന്നാല്‍ കേരളത്തിലല്ലാതെ തടികൊണ്ടുള്ള ഇത്രയേറെ ശില്‍പവേലകള്‍ മറ്റെങ്ങും കാണില്ല...

ahdbd2

പ്രധാനപ്പെട്ട ജൈനക്ഷേത്രമായ അഷ്ടപാദ്ജി ദരസര്‍ എത്തി. വെണ്ണക്കല്ലില്‍ ജൈനനിര്‍മാണ കലയുടെ എല്ലാ സാങ്കേതികവശങ്ങളും തികഞ്ഞ കൊച്ചു ക്ഷേത്രം... ഹര്‍കുംവര്‍ സേഥാനി നി ഹവേലി ആയിരുന്നു അടുത്ത കാഴ്ച. ഹഥിസിങ് കുടുംബത്തിലെ ഹര്‍കുംവര്‍ സേഥാനി എന്ന പ്രഭ്വി പണികഴിപ്പിച്ചതാണ് ഈ മാളിക. ചൈനയുമായി വലിയ വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു ഈ കുടുംബം. അതിന്റെ പ്രത്യക്ഷ പ്രമാണമായി വ്യാളീരൂപത്തിലുള്ള താങ്ങുപലകകള്‍ ഈ കെട്ടിടത്തിന്റെ മുഖപ്പില്‍ കാണാം. ഗാന്ധി റോഡിലെ ഫെര്‍ണാണ്ടസ് ബ്രിഡ്ജിനടിയിലൂടെ അടുത്ത ഭാഗത്തേക്കു നടന്നു നീങ്ങി. ഇതുവരെ കണ്ട പോളുകളെല്ലാം താമസസ്ഥലങ്ങള്‍ മാത്രമായിരുന്നു. സ്വതവേ വാണിജ്യ സമൂഹമായി അറിയപ്പെടുന്ന അഹമ്മദാബാദികള്‍ അല്‍പം കച്ചവടം കൂടി വീട്ടിലേക്കു ചേര്‍ത്തു പണിത പോളുകളാണ് അടുത്തത്. രണ്ടോ മൂന്നോ നിലകളുള്ള വീടുകളുടെ താഴത്തെ നില വാണിജ്യസ്ഥാപനങ്ങളായിരിക്കും. മുകളിലുള്ള മുറികളില്‍ ആ കട നടത്തുന്ന കുടുംബം താമസിക്കുന്നു. ഇവയെ ആണ് ഓള്‍ എന്നു വിളിക്കുന്നത്. താഴത്തെ നിലയില്‍ വില്‍ക്കുന്ന സാധനങ്ങള്‍ മിക്കതും മുകളിലത്തെ നിലയില്‍ ഉണ്ടാക്കുന്നവ തന്നെ ആയിരിക്കും. ഒരു ഓളില്‍ ഒരിനം ആയിരിക്കും ഉണ്ടാക്കുന്നതും വില്‍ക്കുന്നതും. ആഭരണവില്‍പന ശാലകളുള്ള ചാന്ദ്‌ല ഓള്‍ ആണ് ഈ പദയാത്രയില്‍ കണ്ടത്.

ahdbd1

ത്രി ഇൻ വൺ മാർക്കറ്റ്

പൈതൃക നടത്തത്തിന്റെ അവസാന ഘട്ടം. പോളുകളുടെ ഇടുങ്ങിയ തെരുവുകളില്‍നിന്നു വിശാലമായ മാര്‍ക്കറ്റിന്റെ അന്തരീക്ഷത്തിലേക്കു കടന്നു. അഹമ്മദാബാദിലെ ഏറ്റവും ആദ്യത്തേതെന്നു കരുതുന്ന മുഹുരത്ത് പോളാണ് അവസാനം കണ്ട പോൾ. അതിനപ്പുറത്ത് മാനേക് ചൗക്ക്. ഉറക്കമില്ലാത്ത മാര്‍ക്കറ്റാണ് മാനേക്ക് ചൗക്ക്. ഒരു ദിനം മൂന്നു നേരം മൂന്നു തരം കച്ചവടം ഇവിടെ നടക്കുന്നു. പകല്‍ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സ്വര്‍ണ കച്ചവടകേന്ദ്രമാണ്, സന്ധ്യയോടെ ഇവിടെ ഭക്ഷണശാലകള്‍ നിറയും. തട്ടുകടകളെല്ലാം ഒരിടത്തു നിരന്നതുപോലെ... അതു പാതിരാത്രി കഴിയുന്നതു വരെ നീളുമത്രേ... പ്രഭാതത്തില്‍ ഇവിടം പച്ചക്കറി ചന്തയായി മാറും. ചുരുക്കത്തില്‍ 24 മണിക്കൂറും തിരക്കുതന്നെ. മാനേക് ചൗക്കിന്റെ ഒരു മൂലയില്‍ മാനേക് ബാബ സമാധി, ഇദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെയാണത്രേ അഹമ്മദ് ഷാ ഈ നഗരം പടുത്തുയര്‍ത്തിയത്. മാനേക് ചൗക്കിനു സമീപംതന്നെയാണ് റാണി നോ ഹാജിറോ, ബാദ്ഷാ നോ ഹാജിറോ എന്നീ രണ്ടു സ്മാരകങ്ങള്‍. അഹമ്മദ് ഷാ ഒന്നാമന്റെ ശവകുടീരമാണ് ബാദ്ഷാ നോ ഹാജിറോ. അദ്ദേഹത്തിന്റെ പത്‌നിമാരുടേത് റാണി നോ ഹാജിരോ. തുടർന്ന് നടക്കുമ്പോൾ ജമാ മസ്ജിദ് എ ത്തും. 15–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ച ഈ ആരാധനാലയം അക്കാലത്ത് ഇന്ത്യയിൽ നിർമിച്ച മോസ്കുകളിൽ ഏറ്റവും വലുതാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India