Tuesday 22 June 2021 01:57 PM IST : By സ്വന്തം ലേഖകൻ

ഏറെ പ്രിയപ്പെട്ട ആൾ മനസ്സറിഞ്ഞു നൽകുന്ന സമ്മാനങ്ങളാണ് എന്റെ ഓരോ യാത്രകളും, നടി രാധിക

radhika5

കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് കൊടൈക്കനാലും ഊട്ടിയുമൊക്കെ പോയ ഓർമകളിൽ നിന്നാണ് എന്റെ യാത്രയോടുള്ള ഇഷ്ടം തുടങ്ങുന്നത്. ആലപ്പുഴ ചേർത്തലയിലാണ് എന്റെ സ്വദേശം. 25 തവണയിലധികം പോയ സ്ഥലമാണ് കൊടൈക്കനാൽ. അച്ഛനും അമ്മയ്ക്കും ക്ഷേത്രദർശനം വലിയ ഇഷ്ടമാണ്. അതുകൊണ്ട് കുട്ടിക്കാലത്ത് കുറേ ക്ഷേത്രങ്ങളിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിവാഹശേഷമുള്ള ഓരോ സ്പെഷൽ ദിനങ്ങളിലും ഭർത്താവ് അഭി തരുന്ന സർപ്രൈസ് ഗിഫ്റ്റ് എവിടേക്കെങ്കിലുമുള്ള ഒരു യാത്രയായിരിക്കും. അങ്ങനെ പോയ യാത്രകളെല്ലാം തന്നെ മറക്കാനാവാത്ത അനുഭവങ്ങളാണ്.

radhika1

എന്റെ പിറന്നാളിന് അഭി തന്ന സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു തുർക്കി, കപ്പഡോഷ്യ യാത്ര. നടത്തിയ യാത്രകളെല്ലാം തന്നെ സ്പെഷൽ ആണെനിക്ക്. പക്ഷേ ഈ യാത്ര ഏറെ ഇഷ്ടപ്പെട്ട ലിസ്റ്റിലാണ്. ഇസ്താംബൂൾ നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് കപ്പഡോഷ്യ. ഓരോ നിമിഷവും വിസ്മയിപ്പിച്ച നാടാണ് അത്. അഗ്നിപർവതങ്ങൾ പൊട്ടി ഒഴുകിയ ലാവ ഇവിടെ മലനിരകളായി രൂപംകൊണ്ടിരിക്കുന്നു. മൂന്ന് ദിവസത്തെ യാത്രയായിരുന്നു കപ്പഡോഷ്യയിൽ. ഗുഹയിലാണ് ഒരുവിധം ആളുകളെല്ലാം താമസിക്കുന്നത്. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയുമെല്ലാം നിർമിതി ഗുഹ പോലെയാണ്. ഹോട്ട് എയർ ബലൂൺ ആണ് കപ്പഡോഷ്യയിലെ പ്രധാന ആകർഷണം.

radhika4

േസ്റ്റജ് ഷോകൾ, സിനിമ തുടങ്ങിയവയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ ഏതാണ്ട് പൂർണമായി സന്ദർശിച്ചിട്ടുണ്ട്. നാടു ചുറ്റികാണാനുള്ള അവസരം കിട്ടാറുണ്ടായിരുന്നില്ല. കിട്ടിയ അവസരം വിനിയോഗിച്ചിട്ടുണ്ട്. അതിൽ ദുബായ് ആണ് അന്നും ഇന്നും ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ. അമേരിക്ക, ചൈന, ജോർജിയ, തുർക്കി, ശ്രീലങ്ക തുടങ്ങിയവയാണ് യാത്ര പോയ മറ്റ് രാജ്യങ്ങൾ കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ യാത്ര മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു. അവിടുത്തെ മലനിരകളുടെ ഭംഗി ആസ്വദിച്ച് 40 മിനിട്ടോളം നീണ്ടുനിന്നു ബലൂൺ യാത്ര.

radhika2

കാഴ്ചകളിൽ വിസ്മയിപ്പിച്ചത് ചൈന മതിലാണ്. ചൈന യാത്രയിൽ ചൈനീസ് ഭക്ഷണവും ഭാഷയുമൊഴികെ ബാക്കിയെല്ലാം ശരിക്കും ആസ്വദിച്ചു. ന്യൂയോർക്കിലെ നയാഗ്ര വെള്ളച്ചാട്ടമാണ് കണ്ടതിൽ വച്ച് വേറിട്ട അനുഭവം സമ്മാനിച്ച മറ്റൊരു കാഴ്ച. ലോകം മുഴുവൻ യാത്ര ചെയ്യാനാണ് ആഗ്രഹം. ബക്കറ്റ് ലിസ്റ്റിൽ കുറേയധികം ഡ്രീം ഡെസ്റ്റിനേഷനുകളുണ്ട്. അതിൽ ആദ്യത്തേത് ജപ്പാനും പാരിസുമാണ്.

Tags:
  • Manorama Traveller