Thursday 26 August 2021 04:47 PM IST : By T. Sarat Chandran

യൂറേഷ്യയിൽ നിന്നു 4000 കിലോ മീറ്റർ താണ്ടിയെത്തുന്ന പക്ഷികൾക്ക് ഭക്ഷണം വിളമ്പുന്ന രാജസ്ഥാൻ ഗ്രാമം

khichan, phalodi

അടുത്ത കാലത്തു മാത്രം വിനോദസ‍ഞ്ചാരികൾക്കു പരിചിതമായ സ്ഥലമാണ് രാജസ്ഥാനിലെ ഖീചൻ. രാജസ്ഥാൻ എന്നു കേൾക്കുമ്പോൾ സൗന്ദര്യവും ഗാംഭീര്യവും ഒത്തു ചേർന്ന കൊട്ടാരങ്ങളോ കോട്ടകളോ അല്ലെങ്കിൽ മരുഭൂമിയോ ആകും കാഴ്ചയെന്നു കരുതരുത്... കിലോ മീറ്ററുകൾ താണ്ടി നമ്മുടെ നാട്ടിലേക്കു വിരുന്നുകാരായി എത്തുന്ന പക്ഷികൾക്ക് ഗ്രാമീണർ ഭക്ഷണം വിളമ്പുന്നതാണ് ഇവിടുത്തെ പ്രധാന കാഴ്ച.

demoiselle cranes

ഖീചന്റെ സമീപ റെയിൽവേ സ്‌റ്റേഷനായ ഫലോദിയിൽ രാവിലെ 10.30 നു ട്രെയിനിറങ്ങി. സമീപത്തു തന്നെ ഇടത്തരം ഹോട്ടലിൽ മുറി എടുത്തു. വിശ്രമിച്ച് ഉച്ചഭക്ഷണവും കഴിച്ച് 3 മണിയോടെയാണ് ഖീചനിലേക്കു പുറപ്പെട്ടത്. ഓട്ടോറിക്‌ഷയ്ക്കു 100 രൂപ... ഡിസംബർ പകുതിയായിരുന്നതിനാൽ പകലിനു ദൈർഘ്യം കുറയും, സായാഹ്നത്തിനു മുൻപേ ഫൊട്ടോഗ്രഫിക്കുള്ള പ്രകാശം നഷ്ടമായി. അടുത്തു കണ്ട കാപ്പിക്കടയിൽ വഴി ചോദിച്ചറിഞ്ഞ് ഗ്രാമത്തിലെ കുളക്കരയിലേക്കു നടന്നു. അവിടെ വരമ്പു കെട്ടിപ്പടുത്ത് ഏതാനും കസേരകൾ ഇട്ടിരിക്കുന്നു. 20 രൂപയാണ് അവിടെ ഇരിക്കാനുള്ള ചാർജ്. ചേക്കേറും മുൻപ് ദാഹം ശമിപ്പിക്കാനെത്തിയ നൂറുകണക്കിനു ഡിമോയ്സൽ കൊക്കുകളുണ്ടായിരുന്നു കുളക്കരയിൽ.

demoiselle cranes village pond

കുറച്ചു ചിത്രങ്ങൾ പകർത്തിയപ്പോഴേക്ക് പ്രകാശം നഷ്ടമായി. ഹോട്ടലിലേക്കു മടങ്ങും മുൻപ് അടുത്ത ദിവസം പ്രഭാതത്തിൽ പക്ഷികൾക്കു തീറ്റകൊടുക്കുന്ന സമയം തിരക്കാൻ ഗ്രാമത്തിനുള്ളിലേക്കു നടന്നു. കൃത്യമായൊരു സമയമില്ല, എങ്കിലും 8 മണിയോടെ എത്തുന്നതാണ് നല്ലതെന്നു ഗ്രാമീണർ പറഞ്ഞു.

സൈബീരിയ, മംഗോളിയ, റഷ്യ തുടങ്ങിയ യൂറേഷ്യൻ പ്രദേശങ്ങളിൽ നിന്നു ശൈത്യകാലത്ത് ഇന്ത്യയിലേക്കു പറന്നെത്തുന്നവയാണ് ഡിമോയ്സൽ ക്രെയ്നുകൾ. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഇവ പ്രധാനമായും എത്തുന്നത്. 3 അടി മാത്രം പൊക്കമുള്ള ഇവ കൊക്കുകളിൽ ചെറിയ ഇനമാണ്. അതാകും ഫ്രെഞ്ചിൽ ‘ദുർബല’ എന്നർഥമുള്ള ഡിമോയ്സൽ എന്ന പേരു കിട്ടാൻ കാരണം. നവംബർ മുതൽ മാർച്ച് വരെ ഇവയെ ഇന്ത്യയിൽ കാണാമെങ്കിലും ഡിസംബറിലാണ് ഏറ്റവും കൂടുതൽ ഡിമോയ്സൽ കൊക്കുകളെ കാണപ്പെടുക.

demoiselle crane drinking water

അടുത്ത ദിവസം നന്നേ പുലർച്ചെ ഖീചനിലേക്കു പുറപ്പെട്ടു. ഓട്ടോയിൽ സഞ്ചരിക്കവേ തന്നെ ആകാശത്തു പക്ഷികൾ കൂട്ടമായി പറക്കുന്നതു കണ്ടു. പക്ഷികൾക്കു തീറ്റ വിളമ്പുന്ന മൈതാനത്തേക്കു നടക്കുമ്പോൾ വഴിയിലുടനീളം വലിയ പക്ഷിക്കൂട്ടങ്ങൾ കണ്ടു. അൽപം നടന്നപ്പോൾ സേവറാം മാലി എന്ന വ്യക്തിയെ പരിചയപ്പെട്ടു. സേവാറാം മാലിയാണ് പക്ഷികൾക്ക് തീറ്റ വിളമ്പുന്നത്. അദ്ദേഹം തന്റെ കെട്ടിടത്തിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിൽക്കുമ്പോൾ വേലികെട്ടിയ ഒരു മൈതാനം കാണാം. അതിനുള്ളിൽ ധാന്യങ്ങൾ വിതറിയിരിക്കുന്നു. അദ്ദേഹം ഡയറി പരിശോധിച്ച് മുൻ ദിവസം 11 മണിക്കാണ് പക്ഷികൾ തീറ്റയ്ക്കായി എത്തിയതെന്ന് പറഞ്ഞു. ദിവസവും പക്ഷികൾ തീറ്റയ്ക്ക് എത്തുന്ന സമയം അദ്ദേഹം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. കുറച്ചേറെ നേരം കാത്തിരിക്കേണ്ടി വരും എന്നു പറഞ്ഞ് സേവാറാം ചായ നൽകി സത്കരിച്ചു.

sevaram mali

ഗ്രാമത്തിലേക്കു മടങ്ങിയെത്തിയ കാലം മുതൽ സേവാറാം മാലിക് പക്ഷികൾക്കു തീറ്റ നൽകുന്നതിൽ ഏർപ്പെടുന്നുണ്ട്. അതിനായി പണവും സാധനങ്ങളും നൽകി സഹായിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ജയിൻ വ്യാപാരികൾ കൈഅയച്ചു സഹായിക്കുന്നു. ദിവസേന 500 കി ഗ്രാം ധാന്യമാണ് പക്ഷികൾക്കു നൽകുന്നത്. ലഭിക്കുന്ന സംഭാവന പൂർണമായും പക്ഷികൾക്കായി ഉപയോഗിക്കുന്ന സേവാറാം കൃഷിയിൽനിന്നാണ് തന്റെ ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നത്. റോട്ടറി, എൻജിഒ സംഘടനകൾ സേവറാമിന്റെ നിസ്വാർഥ സേവനത്തെ ആദരിച്ച് പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്.

demoiselle cranes feeding ground

വിദൂര ദേശത്തു നിന്ന് സഞ്ചരിച്ചെത്തുന്ന പക്ഷികൾക്ക് തീറ്റ നൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഒരുവിധ സഹായങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഖീചൻ ഗ്രാമത്തിൽ ഉയർന്ന വോൾടേജ് ലൈനുകൾക്കുള്ള ടവറുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് ശ്രമിച്ചപ്പോൾ അതു പക്ഷികൾക്ക് ഉപദ്രവമാകാത്ത രീതിയിൽ മാറ്റി സ്ഥാപിക്കാൻ അധികാരികൾക്ക് സേവാറാം നിവേദനം നൽകി. അതിനു പ്രതികാരമെന്നോണം വൈദ്യുതി മോഷണം നടത്തി എന്ന് ആരോപിച്ച് സേവാറാമിന്14 ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിക്കുകയാണ് രാജസ്ഥാൻ വൈദ്യുതി വകുപ്പ് ചെയ്തത്. ഒട്ടേറെ പ്രകൃതി സ്നേഹികളുടെ പിന്തുണയിൽ ഹൈക്കോടതി വരെ കേസ് നടത്തിയാണ് സേവാറം കുറ്റവിമുക്തനായത്. അതുമായി ബന്ധപ്പെട്ട പത്രവാർത്തകൾ അദ്ദേഹം എന്നെ കാണിച്ചു.

khichan demoiselle crane

സമയം നീങ്ങവേ പക്ഷികൾ പറന്നിറങ്ങാൻ തുടങ്ങി. ആദ്യം രണ്ടും മൂന്നും കൊക്കുകൾ വീതം വന്നു, പിന്നെ ഒട്ടേറെ പക്ഷികളുടെ വലിയ കൂട്ടങ്ങൾ പറന്നിറങ്ങാൻ തുടങ്ങി. ആദ്യം വന്നവ വേലിക്കെട്ടിനു പുറത്താണ് പറന്നിറങ്ങിയത്. പിന്നെ അവ ധാന്യങ്ങൾ വിതറിയ വേലിക്കെട്ടിനുള്ളിലേക്ക് കയറി. അൽപ നിമിഷങ്ങൾക്കുള്ളിൽ ഉദ്ദേശം 2000 പക്ഷികൾ തീറ്റയ്ക്കായി അവിടെ എത്തി. ഡിമോയ്സൽ ക്രെയ്നുകളുടെ കുറച്ചേറെ ചിത്രങ്ങൾ പകർത്തി. പക്ഷികൾ ചെറിയ കൂട്ടങ്ങളായി വേലിക്കെട്ടിനു പുറത്തേക്ക് പറന്നു തുടങ്ങിയതോടെ ഞാനും പുറപ്പെടാനൊരുങ്ങി. വിശപ്പടങ്ങിയ കൊക്കുകൾ ദാഹശമനത്തിന് കുളക്കരയിലേക്കാണ് പോകുന്നതെന്ന് സേവാറാം പറഞ്ഞു. എന്നൊക്കൊണ്ട് സാധിക്കും വിധം ചെറിയൊരു സംഭാവന നൽകി ഞാനും അവിടെനിന്നു വിടവാങ്ങി.

കുളക്കരയിൽ വെള്ളം കുടിച്ച് ആനന്ദിക്കുന്ന പക്ഷികളുടെ കുറേ നല്ല ചിത്രങ്ങൾ കിട്ടി. ഡിമോയ്സൽ ക്രെയ്നുകൾക്കൊപ്പം നോർതേൺ ഷവലേഴ്സ്, സ്പൂൺ ബില്‍ തുടങ്ങി മറ്റു ചില ഇനത്തിൽപ്പെട്ട പക്ഷികളെയും ജലാശയത്തിനു സമീപം കണ്ടു. അന്നു ഞായറാഴ്ച ആയിരുന്നെങ്കിലും കഷ്ടി 10 പേരാണ് വിനോദസഞ്ചാരികളായി എത്തിയിരുന്നത്.

demoiselle cranes pond

ജോധ്പുർ–ബിക്കനീർ പാതയിൽ ജൈസൽമേറിനു വഴി പിരിയുന്ന ഫലോഡി ജങ്ഷനിൽ നിന്ന് 4 കിലോ മീറ്റർ മാറിയാണ് ഖീചൻ ഗ്രാമം. ജൈസൽമേറിൽ നിന്നുള്ള ട്രെയിനുകളെല്ലാം ഫലോഡി വഴിയാണ് പോകുന്നത്. ഭേദപ്പെട്ട താമസസൗകര്യവും ഇവിടെ ലഭിക്കും. ഖീചൻ ഗ്രാമത്തിനു സമീപം കുർജ എന്ന ചെറിയ റിസോർട് ഉണ്ട്. കുർജ എന്നത് ഡിമോയ്സൽ കൊക്കുകളെ പ്രാദേശികമായി വിളിക്കുന്ന പേരാണ്. താർ മരുഭൂമിയിലെ മൺക്കുന്നുകൾ കാണാനുള്ള യാത്രയ്ക്കിടയിൽ ഒരു പ്രഭാതമോ സായാഹ്നമോ പക്ഷികളെക്കാണാന്‍ അൽപസമയം മാറ്റി വച്ചാൽ ഖീചനിൽ വന്നുപോകാം.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India
  • Wild Destination