Thursday 21 October 2021 12:03 PM IST : By Maithri Srikant

സ്രാവുകളുടെ ഹൈവേയിൽ വിനോദസഞ്ചാരികളുടെ ഒരു ഹോട്സ്പോട്

Union main

വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതിയും വന്യമായ സൗന്ദര്യവും ജീവജാലങ്ങളുടെ വൈവിധ്യവും ഒരുമിക്കുന്ന ദ്വീപാണ് റീയൂണിയൻ. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെട്ട മലകളും താഴ്‌വരകളും മാത്രമല്ല ഒട്ടേറെ ജനവിഭാഗങ്ങൾ കൂടിച്ചേർന്ന സംസ്കാരവും ഈ ദ്വീപിനെ സഞ്ചാരികൾക്ക് ആകർഷകമാക്കുന്നു.

ദക്ഷിണാഫ്രിക്കൻ തീരത്തിനും ഓസ്ട്രേലിയൻ തീരത്തിനും ഇടയിൽ സഞ്ചരിക്കുന്ന സ്രാവുകളുടെ ഹൈവേയിൽ വിനോദസഞ്ചാരികളുടെ ഒരു ഹോട്സ്പോട്, അതാണ് റീയൂണിയൻ ഐലൻഡ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് അടുത്ത കാലത്തും വാർത്തകളിൽ നിറഞ്ഞത് ഒരു സ്രാവ് ആക്രമണത്തിന്റെ പേരിലാണ്. ഇക്കാര്യത്തിൽ പേടിപ്പിക്കുന്ന കണക്കുകള്‍ ഉണ്ടെങ്കിലും വിനോദസഞ്ചാര ഭൂപടത്തിൽ ഏറെ പ്രധാനപ്പെട്ട ഒരിടമാണ് റീയൂണിയൻ. എന്താവും കാരണം?

നിങ്ങളെ യാത്രയ്ക്ക് പ്രചോദിപ്പിക്കുന്നത് തീരദേശ ഭംഗിയോ സാഹസികതയോ കായിക വിനോദങ്ങളോ, പ്രകൃതിസ്നേഹമോ ആകട്ടെ അല്ലെങ്കിൽ മധുവിധു ആസ്വദിക്കുന്നവരാകട്ടെ... ഏവർക്കും ഇഷ്ടമാകുന്ന കാഴ്ചകളുടെയും വിനോദങ്ങളുടെയും പറുദീസയാണ് റീയൂണിയൻ ഐലൻഡ്. തടാകങ്ങളും നദികളും വെള്ളച്ചാട്ടങ്ങളും അപകടം പതിയിരിക്കുന്ന മലയിടുക്കുകളും ചേർന്ന് സൗന്ദര്യം നിറയ്ക്കുന്ന ഈ ഫ്രഞ്ചു ദ്വീപിന്റെ കാലാവസ്ഥ പോലും ചുറ്റുപാടുകളിൽനിന്ന് വ്യത്യസ്തവും സവിശേഷവുമാണ്. ഇവിടത്തെ ചില സവിശേഷ ഭൂരൂപങ്ങൾ ഈ ദ്വീപിന് യുനെസ്കോയുടെ ലോകപൈതൃക പദവി നേടിക്കൊടുത്തിട്ടുമുണ്ട്. മലകയറ്റക്കാർ പിടിച്ചു കയറാനോ കയറിടാനോ പർവതത്തിലേക്ക് അടിച്ചു കയറ്റുന്ന ആണിയാണ് പിറ്റോൺ. പർവതത്തിലേക്ക് തുളഞ്ഞു കയറിയ രീതിയിൽ തോന്നിപ്പിക്കുന്ന ചില ഭൗമ പ്രദേശങ്ങൾ റീയൂണിയനിലുണ്ട്, ഇവയാണ് പിറ്റോണുകൾ. പർവതങ്ങളാൽ വലയം ചെയ്ത്, പകുതി തുറന്നു കിടക്കുന്നതുപോലെ തോന്നുന്ന അഗാധമായ താഴ്‌വരകളുണ്ട് ഇവിടെ, അവയെ സിർ‍കി എന്നു വിളിക്കുന്നു.

അദ്ഭുതമായി അഗ്നിപർവതം

Union 1

ഭ്രമാത്മകമായ സൗന്ദര്യമാണ് ദ്വീപിലെ അഗ്നിപർവതം പിറ്റോൺ ഡി ലാ ഫുർനയിസിന്. ലോകത്ത് ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് ഇത്. ഒപ്പം മനോഹരമായ ദൃശ്യവിരുന്നും ആണ്. ലേ പാസ് ഡി ബെലെകോമ്പി എന്ന സ്ഥലത്തുനിന്നാണ് അഗ്നിപർവതത്തിനു സമീപത്തേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. വഴിയിൽ ശിലാരൂപങ്ങളുടെയും ലാവ ഉരുകിയൊലിച്ചതിന്റെയും ഗുഹകളും തുരങ്കങ്ങളും അഗ്നിപർവത മുഖങ്ങളുടെയും ഒക്കെ ഒട്ടേറെ കാഴ്ചകൾ കാണാനുണ്ട്. സിർകി ഡി സിലാവോസ് എന്ന ക്രേറ്റർ തകർന്ന ഒരു അഗ്നിപർവത മുഖമാണ്. ഇവിടത്തെ ഏറ്റവും വലിപ്പമുള്ളവയിൽ ഒന്ന്. ശാരീരികമായി അവശതയൊന്നും ഇല്ലാതിരുന്നതിനാൽ കുറച്ച് സമയമെടുത്ത് സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിലുള്ള പാസ് ഡസ് സേബിൾസ് എന്ന വ്യൂപോയിന്റിൽ എത്തി. ഇരുണ്ട ചുവന്ന നിറത്തിൽ വിശാലമായി കിടക്കുന്ന ഈ ഭൂഭാഗത്ത് നാം ഏതോ അന്യഗ്രഹത്തിൽ എത്തിയതുപോലെ തോന്നും.

Union 5

അഗ്നിപർവതത്തിന്റെ പ്രവർത്തനം തന്നെയാണ് ഇവിടെ ഭൂമിയുടെ സവിശേഷതകളിൽ പ്രധാനം. ഇപ്പോൾ നിർജീവമായ പിറ്റോൺ ഡിസ് നിജെസ് സമുദ്രനിരപ്പിൽനിന്ന് 3000 മീ ഉയരത്തിലാണ്. റീയൂണിയൻ ഐലൻഡിലെ മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് ഇത്. ഈ അഗ്നിപർവതത്തിന്റെ സ്ഫോടനത്തിൽ ദ്വീപിൽ രൂപപ്പെട്ടത് മൂന്ന് സിർകി താഴ്‌വരകളാണ്–സലാസി, സിലാവോസ്, മഫാറ്റെ.

Union 6

കുറേക്കൂടി തെക്കോട്ട് സ‍ഞ്ചരിച്ച ഞങ്ങൾ വൈൽഡ് സൗത്ത് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. സ്ഥലത്തിനു ചേരുന്ന പേരുതന്നെ എന്ന് അവിടെത്തിയപ്പോൾ മനസ്സിലായി. ചുമരുകളിൽ വർണാഭമായ ചായം തേച്ച്, മുറ്റത്ത് പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഉദ്യാനവും ഉള്ള ക്രയോൾ വീടുകളുടെ കാഴ്ച എക്കാലവും മനസ്സിൽ നിറഞ്ഞുനിൽക്കും. ഞങ്ങൾ ഒരു മലകയറി, പുൽമേടുകളിൽ വെയിൽ കാഞ്ഞ് നടന്ന് അവസാനം ലാവ ഉരുകിയൊലിച്ച് ഇറങ്ങുന്ന ലെ ഗ്രാൻഡ് ബ്രുളിൽ എത്തി. കുറച്ചു കാലം മുൻപ് ഞങ്ങൾ സന്ദർശിച്ച ഗ്രീസിലെ സാന്റോറിനി ദ്വീപിലെ അഗ്നിപർവതത്തെ ഓർമിപ്പിക്കുന്നതാണ് ഈ സ്ഥലം. തെക്കൻ റീയൂണിയനിലെ ഏറ്റവും തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രവും ഇതുതന്നെ. അഗ്നിപർവത മുഖത്തുനിന്ന് ഉരുകിയൊലിച്ചിറങ്ങിയശേഷം സമുദ്രത്തിന് അഭിമുഖമായി തണുത്തുറഞ്ഞു കിടക്കുന്ന കറുത്ത ലാവ... ബോളിവുഡ് സ്‌റ്റെലിൽ‍ ഫോട്ടോ എടുക്കാൻ എല്ലാവരും പോസ് ചെയ്തു.

ഇന്ദ്രിയങ്ങളുടെ നാട്ടിൽ

Union 2

തെക്കുഭാഗത്തുള്ള സെന്റ് ലൂയിസാണ് ദ്വീപിലെ കൃഷികേന്ദ്രം. വിശാലമായ കരിമ്പിൻ പാടങ്ങളും ഗോൽ പഞ്ചസാര ഫാക്ടറിയും ഇവിടെത്തന്നെ. പിന്നീട് സെന്റ് ജോസഫിലെ മെയ്സൺ ഡു ലുറിയാനയിൽ ഈ നാട്ടിലെ പ്രശസ്തമായ കാപ്പി ബുർബൺ പോയിന്റു രുചിച്ചു. അതിന്റെ വശ്യമായ ഗന്ധം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നതു പോലെ... പിന്നീട് ഇവിടെ സാഫ്‌റൺ എന്ന് അറിയപ്പെടുന്ന മഞ്ഞൾപ്പൊടി ഉണ്ടാക്കുന്നതു കാണാൻ മെയ്സൺ ഡു കുക്കുർമ സന്ദർശിച്ചു. മഞ്ഞളും മറ്റു മസാലകളും തയ്യാറാക്കുന്നതു കാണുമ്പോൾ എന്നെപ്പോലെയുള്ള വനിതാ സഞ്ചാരികൾ എത്ര ആവേശഭരിതരാകുമെന്ന് പറയേണ്ടതില്ലല്ലോ...

സെന്റ് ഫിലിപ്പി എന്ന ദ്വീപ് വാനിലയുടെ സ്വന്തം നാടാണ്. ലോകത്തുനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മരങ്ങളെല്ലാം ഒരുമിച്ചു കൂടിയതുപോലെയാണ് മാരി ലോഞ്ചിലെ കാടുകൾ. ടകമാക, കരിവീട്ടി, ബോയിസ് ഡി കൂളർ, ആപ്പിൾ വുഡ് തുടങ്ങിയവയൊക്കെ വളരുന്ന ഈ വനപ്രദേശത്തെ ഒരു യുനെസ്കോ പൈതൃകസ്ഥാനമായി ഈ അടുത്ത കാലത്ത് പ്രഖ്യാപിച്ചു. പണ്ടെന്നോ ലാവ ഉരുകിയൊലിച്ചിറങ്ങിയ ഒരു പ്രദേശത്ത് സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉൽപാദിപ്പിക്കുന്ന ഒരു കൃഷിത്തോട്ടം തന്നെ ഇപ്പോൾ വളരുന്നു. പെർഫ്യും സ്പൈസസ് ഗാർഡൻ കൗതുക കാഴ്ച മാത്രമല്ല വിജ്ഞാനം പകരുന്നതുമാണ്.

Union 3

ഉച്ചയ്ക്കു ശേഷം ഞങ്ങൾ ക്യാപ് മെകന്റ് എന്ന സ്ഥലത്തേക്ക് കാൽനടയായി സഞ്ചരിച്ചു. നീലക്കടലിന്റെയും കടലിലേക്ക് ഉന്തിനിൽക്കുന്ന പാറക്കെട്ടുകളുടെയും പശ്ചാത്തലത്തിൽ വകോവ മരങ്ങൾ വളർന്നു നിൽക്കുന്ന മഞ്ഞ ഭൂപ്രകൃതിയാണ് ക്യാപ് മെകന്റ്. റീയൂണിയൻ ദ്വീപിന്റെ തെക്കൻ ഭാഗത്തെ മറ്റൊരു ആകർഷണമാണ് മനാപനി ലെസ് ബെയിൻസ്. ബസാൾട് പാറകൾക്കിടയിൽ രൂപപ്പെട്ട ഒരു വലിയ കുളത്തിന്റെ പരിസരങ്ങൾ ഈ ദ്വീപിലെ വംശനാശ ഭീഷണി നേരിടുന്ന ഗ്രീൻ ലിസാഡിനെപ്പോലെ ഒട്ടേറെ അപൂർവ ജീവികളുടെ ആവാസസ്ഥാനം കൂടിയാണ്.
കൗതുകം ഉണർത്തുന്ന സിർകികളും സംസ്കാരവും

കാറ്റിന്റെയും തിരമാലകളുടെയും ആരവത്തിനിടയില്‍ പ്രകാശം നിറഞ്ഞൊരു പ്രഭാതത്തിലേക്കാണ് ഉണർന്ന് എഴുന്നേറ്റത്. വിഭവ സമൃദ്ധമായൊരു പ്രഭാതഭക്ഷണത്തിനു ശേഷം സലാസിയും കിഴക്കൻ തീരങ്ങളും ലക്ഷ്യമാക്കി യാത്ര തുടങ്ങി. സ്‌റ്റെ സുസാനയിലെ ല വനിലേറി റീയൂണിയൻ ദ്വീപിലെ രത്നങ്ങളിലൊന്നാണ്. ഒരു ദിവസത്തേക്കുവേണ്ട മുഴുവൻ ഊർജവും പകരുന്നതാണ് ഇവിടത്തെ മാധുര്യമാർന്ന സുഗന്ധം.

Union 4

ക്രയോൾ, ഇന്ത്യൻ സംസ്കാരങ്ങളുടെ വൈവിധ്യം കലർന്നതാണ് കിഴക്കൻ ദ്വീപിന്റെ സാംസ്കാരിക വൈവിധ്യം. തിളക്കമാർന്ന വർണങ്ങളുള്ള ക്ഷേത്രങ്ങളും ഇന്ത്യൻ ഉത്സവങ്ങളും ഈ പ്രദേശത്തെ സജീവമാക്കുന്നതിൽ പ്രത്യേക പങ്കുണ്ട്. മെയിസൺ മാർടിൻ വലിയമീ, കോളോസ് ടെംപിൾ, ബ്യൂഫോണ്ട്സിലെ ക്ഷേത്രം, സെന്റ് ആനിലെ പള്ളി, സെന്റ് റോസിലെ മിറാക്കിൾ നോട്രഡാംസ് ഡെസ് ലാവ്സ് പള്ളി തുടങ്ങി ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള ഒരുപാട് കെട്ടിടങ്ങളും ദേവാലയങ്ങളും യാത്രയ്ക്കിടയിൽ വഴിയോര കാഴ്ചകളായി.

ദ്വീപിലെ മൂന്നു സിർകികളിലൊന്നായ സലാസി ആയിരുന്നു അടുത്ത ലക്ഷ്യം. ഫ്രാൻസിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ട്രു ഡി ഫെറും സലാസിയിൽ തന്നെ. ഇരുമ്പ് ദ്വാരം എന്നാണ് ഈ പേരിന്റെ അർഥം. കുതിര ലാടത്തിന്റെ രുപത്തിലുള്ള ഈ വെള്ളച്ചാട്ടം പിറ്റൺ ഡി നിജസിന്റെ ചില ഭാഗങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ രൂപപ്പെട്ടതാണ്. ഒരുപാട് നീരുറവകൾ ഈ ഭീമാകാരൻ ട്രു ഡിഫെറിലേക്ക് വന്നുചേരുന്നുണ്ട്.

Union 7

വോയ്സ് ഡി ലാ മാരീ (വിവാഹ ശിരോവസ്ത്രം) ആണ് യാത്രയിൽ കണ്ട മറ്റൊരു മനോഹരമായ വെള്ളച്ചാട്ടം. കരിമ്പച്ച പുതച്ച്, ഗതകാല പ്രണയത്തിന്റെ ഗൃഹാതുരമായ ഭാവം നിറഞ്ഞു നിൽക്കുന്ന ഇതിന്റെ പരിസരങ്ങൾ ഫോട്ടോഷൂട്ടിനുള്ള ലൊക്കേഷനാണ് എല്ലാവർക്കും... ഫ്രാൻസിലെ ഏറ്റവും മനോഹര ഗ്രാമമായി വിശേഷിപ്പിക്കുന്ന ഹെൽബോഗിലേക്കുള്ള പദയാത്ര കല, നിർമാണം, പാചകം, ജീവിതം തുടങ്ങി എല്ലാ തുറകളിലെയും തനതു ക്രയോൾ ശൈലി പരിചയപ്പെടുത്തി. വ്യത്യസ്തമായ പോസ്റ്റ് ഓഫിസും ഭരണസ്ഥാപനങ്ങളും ഒക്കെ അവിടെ കണ്ടു. യാത്രാ സ്മരണകളായി സൂക്ഷിക്കാൻ കടും നിറങ്ങളുള്ള ക്രയോൾ പെയിന്റിങ്ങുകളും മറ്റും മേടിക്കാനുള്ള അവസരംകൂടിയായി ഹെൽബോഗ് യാത്ര.

ഇന്ത്യ, ആഫ്രിക്ക, യൂറോപ് തുടങ്ങി പല പ്രദേശത്തുനിന്നുള്ള വരുടെ സംസ്കാരങ്ങൾ കൂടിച്ചേർന്നതാണ് ക്രയോൾ ജനത. ട്രോപികൽ സലാഡുകളും മധുരക്കിഴങ്ങ് കേക്കും പഴങ്ങൾകൊണ്ടുള്ള പാൻകേക്കും ഇറച്ചിക്കറികളും അടങ്ങുന്ന രുചികരമായ സസ്യ–സസ്യേതര ഭക്ഷണങ്ങളും ഈ വംശീയ വൈവിധ്യത്തിന്റെ സവിശേഷതകളിൽ പെടുന്നു.

വൃത്താകൃതിയിലുള്ള സിലാസ് സിർകിനെ ചുറ്റി നിൽക്കുന്നു പിറ്റൻ ഡി നിജസ്. യുനെസ്കോ പട്ടികയിൽപെട്ട ഇവിടം വിനോദസഞ്ചാരികളുടെ ഇടയിൽ ഒരു സ്പാ ടൗൺ എന്ന രീതിയിലും പ്രശസ്തമാണ്. ധാതുലവണങ്ങൾ അടങ്ങിയ പ്രകൃതി ദത്തമായ ചൂടുനീരുറവകൾ ഉപയോഗിച്ചുള്ള തെർമൽ സ്പാ നഗരജീവിതത്തിലെ ക്ഷീണിച്ച നാഡീഞരമ്പുകൾക്ക് ഉണർവേകാൻ സഹായിക്കുന്നു. അന്നത്തെ ദിവസം ബാക്കി സമയം മുഴുവൻ കാട്ടുതേനും വനില ചായയും നുണഞ്ഞ് വിശ്രമിച്ചു.

കാഴ്ചകൾ മാത്രമല്ല

Union 8

യാത്രയുടെ അവസാനം കാഴ്ചകളെക്കാൾ പ്രവർത്തികൾക്കായിരുന്നു മുൻതൂക്കം. സാഹസികത ഇഷ്ടപ്പെടുന്നവരുടെ ദിനമായിരുന്നു അത്. നദിയിൽ റാഫ്റ്റിങ്ങും കനോയിങ്ങും കഴിഞ്ഞപ്പോഴാണ് ഗൈഡ് പറയുന്നത് ഇന്നത്തെ കാലാവസ്ഥ പാരാഗ്ലൈഡിങ്ങിനും അനുയോജ്യമാണെന്ന്. സഞ്ചാരികൾക്ക് റിയൂണിയൻ ഐലൻഡിന്റെ ഭൂപ്രകൃതി പൂർണ്ണമായി മനസ്സിലാക്കാനും പാരാഗ്ലൈഡിങ് സഹായിക്കും. ഉയർന്നു താണ് കിടക്കുന്ന ഭൂമിയും വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാടുകൾ, തടാകങ്ങൾ, സമുദ്രതീരങ്ങൾ തുടങ്ങിയവയും ചേർന്ന് കാഴ്ചവിരുന്നാണ് ഈ പാരാഗ്ലൈഡിങ്. അഗ്നിപർവത മുഖത്തിന്റെ മുകളിൽനിന്നുള്ള അപൂർവകാഴ്ചയും ഇതിനിടെ കിട്ടി. കുറച്ചു സമയത്തിനുള്ളിൽ തുടങ്ങിയിടത്തുതന്നെ സുരക്ഷിതമായി വന്നിറങ്ങി.

ഗോൾഫ്, കാട്ടിലൂടെയുള്ള നടത്തം, കുതിരസവാരി, മൗണ്ടൻ ബൈക്കിങ് തുടങ്ങി ഒരു നിര വിനോദങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഡൈവിങ്, കയാക്കിങ്, സപ്‍ഫിങ്, ഗ്ലാസ് ബോട്ടം ബോട്ട് റൈഡ് എന്നിങ്ങനെ ജലവിനോദങ്ങൾ വേറെ...

സെന്റ് പിയറിയിലെ തിരക്കുപിടിച്ച ടൗൺ സെന്ററിൽ സന്ധ്യയോടെ ഞങ്ങൾ എത്തിച്ചേർന്നു. മാർക്കറ്റും രാത്രിയിലെ ബീച്ച് പാർട്ടിയുമാണ് ഇവിടെ കാണാനുള്ളത്. ചീസിനും ബോഗറ്റിനുമൊപ്പം റെഡ് വൈൻ നുണഞ്ഞ് ഇന്നാട്ടിലെ മയോല സംഗീതം ആസ്വദിച്ചു. മനുഷ്യരാശിയുടെ സാംസ്കാരിക പൈതൃകമായി യുനെസ്കോ തെരഞ്ഞിടുത്തിട്ടുള്ളതാണ് മയോല സംഗീതത്തെ. റീയൂണിയൻ ഐലൻഡിലെ മറ്റെങ്ങും കാണാനാകാത്ത ഭൂപ്രകൃതി അങ്ങേയറ്റം സ്വാഭാവികവും മനോഹരവും ആരുടെയും മനം മയക്കുന്നതുമാണ്.

Tags:
  • Manorama Traveller