Monday 24 January 2022 04:45 PM IST : By Christy Rodriguez

രാത്രി നഗര ശുചീകരണത്തിനു നഗരവാസികൾ പുറത്തിറങ്ങുന്ന നാട്, ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പട്ടണം സീച്ഛേവാല

sihchewala1.jpg

പഞ്ചാബിലെ കാലാവെയ്ൻ നദിക്കരയിലെ ചെറു പട്ടണമാണ് സീച്ഛേവാൽ. നഗരമാലിന്യങ്ങൾ വലിച്ചെറിഞ്ഞ് വിഷജലമൊഴുകുന്ന നദിയായി മരണമണി മുഴങ്ങിയ കാലാവെയ്ൻ നദിയുടെ പുനരുജ്ജീവനം കണ്ട, നഗരശുചീകരണത്തിൽ പ്രദേശവാസികൾ ഒന്നടങ്കം ചേരുന്ന അപൂർവതകളുടെ നാടാണ് ഇത്. അതിനെല്ലാം കാരണക്കാരൻ ‘ഇക്കോ ബാബ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ആധ്യാത്മിക ഗുരുവായ സീച്ഛേവാലയും. പ്രകൃതിയിലെ അദ്ഭുത കാഴ്ചകൾപോലെ അവിസ്മരണീയമായൊരു അനുഭവമായിരുന്നു ആ നാടും സീച്ഛേവാല എന്ന മനുഷ്യനും.

പഞ്ചാബിലൂടെ മോട്ടർബൈക്ക് യാത്ര ചെയ്യുന്ന സമയം. സുഹൃത്ത് കാലു പാജുവയ്ക്കൊപ്പം ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി ഗ്രാമങ്ങളും സഡ്കി അതിർത്തിയും സന്ദർശിച്ച് അമൃത്‌സറിലേക്കാണ് യാത്ര. മോഖ ഗ്രാമത്തിൽ നിന്ന് ഉദയ്ഭാഗി എന്ന സുഹൃത്തുകൂടി ഞങ്ങൾക്കൊപ്പം കൂടി.

സായാഹ്നത്തോടെ ഞങ്ങൾ കാലാവെയിൻ നദിക്കരയിലെ സീച്ഛേവാൽ എന്ന സ്ഥലത്തെത്തി. ഉചിതമായ നേതൃത്വവും വ്യക്തമായ ലക്ഷ്യബോധവും ഉണ്ടെങ്കിൽ നടപ്പാക്കാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് കാണിച്ചു തന്ന ഗ്രാമമാണ് ഇത്.

sihchewala2

ബിയാസ് നദിയുടെ പോഷകനദിയായ കാലാവെയ്ൻ ഒരു കാലത്ത് നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും എത്തിച്ചേർന്നിരുന്ന കുപ്പത്തൊട്ടിയായിരുന്നു. കറുത്തിരുണ്ട് വിഷമയമായ ജലം . 2000–01 കാലത്ത് സിഖ് ആത്മീയ ഗുരുവായ ബൽവീർ സിങ് സീച്ഛേവാല കാലാവെയിൻ തീരത്ത് തന്റെ ആശ്രമം സ്ഥാപിച്ചു. 100 കിലോ മീറ്ററിലധികം നദിക്കരയിലൂടെ കാൽനടയായി സഞ്ചരിച്ച് ജനങ്ങളെ ബോധവത്കരിച്ചു. നദിയിലെ മാലിന്യങ്ങൾ ഒറ്റയ്ക്കു നീക്കം ചെയ്തു തുടങ്ങിയ ആ മനുഷ്യന്റെ കൂടെ സാവധാനം ഗ്രാമവാസികളും കൂടാൻ തുടങ്ങി. ഒരു ദശാബ്ദത്തിലധികം നീണ്ട പ്രയത്നത്തിനൊടുവിൽ നദി പുനരുജ്ജീവിച്ചു.

ഇന്ന് കാലാവെയിനിലെ നിർമലമായ ജലം 50ൽ അധികം ഗ്രാമങ്ങൾക്ക് കുടിവെള്ളവും 100ൽ അധികം ഗ്രാമങ്ങൾക്ക് കൃഷി ആവശ്യങ്ങൾക്കുള്ള ജലവും നൽകുന്നു. രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തുന്ന കുട്ടികൾക്ക് ഈ നദിയിൽ കയാക്കിങ് പരിശീലനം നൽകുന്നു.

sihchewala3

നദീശുദ്ധീകരണത്തിൽ ഉപരി ഒരു ഗ്രാമത്തെ മുഴുവൻ ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും ശ്രദ്ധിക്കുന്ന തരത്തിൽ ഗുരു ബൽവീർ സിങ് സീച്ഛേവാല ബോധവത്കരിച്ചു. ആദ്യം രാഷ്ട്രീയ നേതൃത്വങ്ങളോ ഭരണകർത്താക്കളോ സീച്ഛേവാലയെ പരിഗണിച്ചിരുന്നില്ല. പിന്നീട് ഐക്യരാഷ്ട്ര സഭ സെക്രട്ടറിയും അന്ന് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുൾ കലാമും സീച്ഛേവാലയുടെ പരിസ്ഥിതി പ്രവർത്തികളും ഗ്രാമവും തേടി എത്തി. പിന്നീട് പദ്മശ്രീ ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു.

sihchewala4

അമൃത്‌സറിലേക്കുള്ള വഴിയിൽ അന്നത്തെ രാത്രി ഗുരു ബൽവീർ സിങ് സീച്ഛേവാലയ്ക്കൊപ്പം ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്റെ അതിഥിയായി ആശ്രമത്തിൽ ഞങ്ങൾ താമസിച്ചു. സീച്ഛേവാല പട്ടണത്തിലെ ജനങ്ങൾ മുഴുവൻ രാത്രി ചൂലും ബക്കറ്റും എടുത്ത് ഒരേ മനസ്സോടെ നഗരശുചീകരണത്തിന് ഇറങ്ങുന്ന അപൂർവ ദൃശ്യവും അന്നു കാണാൻ ഇടയായി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പട്ടണം സീച്ഛേവാല നഗരമാണ്. അടുത്ത പ്രഭാതത്തിൽ ഗുരുവിനോട് യാത്ര പറഞ്ഞ് ആശ്രമത്തിൽ നിന്ന് ഇറങ്ങി. സീച്ഛേവാല പട്ടണത്തിൽ കാലുപാജുവയോടും ഉദയ്ഭാഗിയോടും യാത്ര പറഞ്ഞ് അമൃത്‌സറിലെ സുവർണക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടർന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India