മഴക്കാലത്താണ് പ്രകൃതി ഏറ്റവും സുന്ദരിയാകുന്നത്. മഴ ശമിച്ച് ഉടനെ തന്നെ സഞ്ചരിക്കുകയാണെങ്കിൽ പല മൺസൂൺ ഡെസ്റ്റിനേഷനും അതിന്റെ പൂർണസൗന്ദര്യത്തോടെ തന്നെ കാണാൻ സാധിക്കും. വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങുകളുമൊക്കെ മനോഹരമായ അനുഭൂതിയാകുന്നത് ഇക്കാലത്താണ്. കാഴ്ചയും അനുഭവങ്ങളും ആസ്വാദനവും ഒത്തിണങ്ങുന്ന ചില ഡെസ്റ്റിനേഷനുകൾ
കാപ്പിമല വെള്ളച്ചാട്ടം
കണ്ണൂർ ജില്ലയിലെ അധികം എക്സ്പ്ലോർ ചെയ്യാത്ത ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കാപ്പിമല വെള്ളച്ചാട്ടം. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം പൈതൽമലയിലേക്കു പോകുംവഴിയാണ് ഇത്. പെരുമഴ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും വന്യമായ രീതിയിൽ ജലം ഒഴുകിവീഴുന്ന വെള്ളച്ചാട്ടങ്ങളിലൊന്നായിരിക്കും കാപ്പിമല വെള്ളച്ചാട്ടം. തട്ടുതട്ടായി വെള്ളം ഒഴുകിവീഴുന്ന മനോഹരമായ കാഴ്ച കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ കാണാൻ പറ്റും.
ആലക്കോടിനു സമീപമാണ് കാപ്പിമല. ജനവാസം കുറഞ്ഞ, കാപ്പിത്തോട്ടങ്ങളും വാഴ കൃഷിയുമൊക്കെ ഒട്ടേറെയുള്ള പ്രദേശത്തുകൂടി വേണം ഇവിടെത്താൻ. അവസാനം ഒന്നര കിലോമീറ്ററോളം ട്രെക്കിങ്ങുമുണ്ട്.
മഴക്കാലത്താണ് കാപ്പിമല വെള്ളച്ചാട്ടം അതിന്റെ രൌദ്രത നിറഞ്ഞ സൌന്ദര്യത്തികവിലെത്തുന്നത്. എങ്കിലും ഡിസംബർ വരെയൊക്കെ വെള്ളച്ചാട്ടം നിലനിൽക്കും.
കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററുണ്ട് കാപ്പിമല വെള്ളച്ചാട്ടത്തിലേക്ക്. കണ്ണൂർ-തളിപ്പറമ്പ്-ആലക്കോട് വഴിയാണ് ഇവിടെത്തേണ്ടത്. ആലക്കോട് നിന്ന് 6 കിലോമീറ്റർ, പെതൽമല ട്രെക്കിങ് പോയിന്റിനു സമീപമാണ് കാപ്പിമല.
കൃത്യമായ പ്ലാനിങ്ങോടെ കണ്ണൂരിൽ നിന്ന് പുറപ്പെടുകയാണെങ്കിൽ കാപ്പിമല വെള്ളച്ചാട്ടം കണ്ട് പൈതൽമലയും കയറി ഉദയഗിരിയും കണ്ട് മടങ്ങാം.
പാലൂർക്കോട്ട വെള്ളച്ചാട്ടം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കു സമീപമുള്ള മനോഹരമായ ജലപാതമാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം.
പച്ചപ്പു നിറഞ്ഞ പശ്ചാത്തലത്തിൽ, കോട്ടപോലെ തോന്നിക്കുന്ന ഒരു പ്രദേശത്താണ് വെള്ളച്ചാട്ടം കാണുന്നത്.
ഒഴുകി എത്തുന്ന ജലം ചെറിയ തടാകം പോലെയുള്ള ജലാശയത്തിൽ ശേഖരിച്ചിട്ട് താഴേക്ക് പതിക്കുന്നതാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. രണ്ട് തട്ടുകളിലാണ് ഇവിടെ വെളളം താഴേക്ക് വീഴുന്നത്.
ഇവിടെ വെള്ളം ഒഴുകി വീഴുന്നത് മുപ്പതടിയിലേറെ ഉയരത്തിൽ നിന്നാണ്. അതിന്റെ ദൂരക്കാഴ്ച ഏറെ മനോഹരമാണ്.
വെള്ളച്ചാട്ടത്തിനു മുൻപിലെത്തിയാൽ 100 മീറ്ററോളം തോട്ടിലൂടെ നടന്നാൽ ഒഴുകിവീഴുന്ന ജലത്തിൽ കുളിക്കാം. അവിടെ നിന്ന് ട്രെക്ക് ചെയ്ത് വെള്ളച്ചാട്ടത്തിനു മുകളിലേക്ക് കയറാം, എന്നാൽ അത് അത്ര അനായാസമല്ല.
പെരിന്തൽമണ്ണയ്ക്കു സമീപം കടുങ്ങപുരം ഗ്രാമത്തിലാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. പട്ടാമ്പിയിൽ നിന്ന് പുലാമന്തോൾ, പടപ്പറമ്പ്, കടുങ്ങപുരം വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം.
മൺസൂൺ കാലം അവസാനിച്ച ഉടനെയാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലെത്തുന്നത്. മഴക്കാലത്തിനു ശേഷം നീരൊഴുക്ക് കുറഞ്ഞ് വെള്ളച്ചാട്ടം പേരിനു മാത്രമാകും.
അരുവിക്കച്ചാൽ വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് പൂഞ്ഞാറിനു സമീപമുള്ള അരുവിക്കച്ചാൽ. മുതുകോരമലയുടെ ചെരുവിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ് പതാമ്പുഴയിലെ മലയിഞ്ചിപ്പാറയിൽ 82 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്നത്. മഴക്കാലത്തു മാത്രം വെള്ളം നിറയുന്ന ഇവിടം കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പടെ സുരക്ഷിതമായി സന്ദർശിക്കാവുന്ന ഡെസ്റ്റിനേഷനാണ്.
പാലായിൽ നിന്ന് ഈരാറ്റുപേട്ട വഴി പാതാമ്പുഴയ്ക്ക് 22 കിലോമീറ്റർ. മുണ്ടക്കയത്തു നിന്ന് പറത്താനം വഴി 17 കിലോമീറ്റർ സഞ്ചരിച്ചും ഇവിടെത്താം. പാതാമ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.
വെള്ളം ഒഴുകി വീഴുന്ന പാറകളിൽ വഴുക്കലുണ്ടാകാമെന്നതിനാൽ പാറക്കെട്ടുകളിലേക്ക് കയറാതിരിക്കുക.
കതിർമുടി ട്രെക്കിങ്
തിരുവനന്തപുരത്ത് നിന്ന് 33 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന മനോഹരമായ ട്രെക്കിങ് ഡെസ്റ്റിനേഷനാണ് കതിർമുടി. കേരളത്തിന്റെ ഭാഗമായ പശ്ചിമഘട്ടത്തിന്റെ വിശേഷതകളായ സസ്യ, ജന്തു വൈവിധ്യങ്ങളെ കാണാൻ സാധ്യതയുള്ള, അവയുടെ സാന്നിധ്യം അനുഭവിപ്പിക്കുന്ന സുന്ദരമായ ഇടം. കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തോടു ചേർന്നുള്ള വനംവകുപ്പ് ഓഫീസിൽ നിന്നാണ് ഇതിനുള്ള അനുമതി മേടിക്കേണ്ടത്. സംഘമായി പോകുന്നതാണ് നല്ലത്, ഓരോ സംഘത്തിനും പ്രാദേശിക വഴികാട്ടികളുടെ സേവനം വനംവകുപ്പ് വഴി ലഭിക്കും.
ട്രെക്കിങ് തുടങ്ങുന്നത് ഈറ്റക്കാടുകളിലൂടെയാണ്. അതിനുശേഷം ചോലമരങ്ങൾ വളരുന്ന വനത്തിലൂടെയും. കാട്ടുപോത്തുകളുടെ ചാണകത്തിലൂടെയും ആനപ്പിണ്ടത്തിലൂടെയും ആനക്കൂട്ടങ്ങൾ ചവിട്ടി മെതിച്ച ചെടികളിലൂടെയുമൊക്കെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം എപ്പോഴും ഓർമിപ്പിക്കുന്നതാണ് ഈ നടപ്പാത. മ്ലാവ്, കരടി എന്നിവയും ഈ പ്രദേശത്തുണ്ട്.
നീണ്ടകയറ്റം കയറി നിരപ്പായ സ്ഥലമെത്തുന്നതോടെ ചെറുപാറകളും കുറേക്കൂടി നിബിഡ വനവും കണ്ടുതുടങ്ങും. പിന്നീട് മുകളിലെത്തുന്നതോടെ കാറ്റും അതിശക്തമാകും. കതിർമുടിയുടെ മുകളിലെത്തുമ്പോൾ ലഭിക്കുന്ന പേപ്പാറ ഡാം ഉൾപ്പടെയുള്ള വലിയ പ്രദേശത്തിന്റെ ദൂരക്കാഴ്ച ഏറെക്കാലം മനസ്സിൽ ഇടംപിടിക്കും.
ഏതാണ്ട് 10 കിലോമീറ്ററാണ് മുഴുവൻ ട്രെക്കിങ്ങിൽ സഞ്ചരിക്കുന്നത്, ഉദ്ദേശം പത്ത് മണിക്കൂറോളം സമയം ആവശ്യമാണ്. കോട്ടൂർ കാപ്പുകാട് നിന്ന് വനംവകുപ്പിന്റെ അനുമതി മേടിച്ച് മുൻപോട്ട് ചോന്നാംപാറ വരെ സ്വന്തം വാഹനത്തിൽ എത്താം. അഞ്ച് പേരുടെ സംഘത്തിന് 2500 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്.
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം
അഗസ്ത്യമലയുടെ അടിവാരത്ത് വനത്തിനുള്ളിലെ ജലപാതമാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടം. കാലവർഷത്തിനും തുലാവർഷത്തിനും ഇടയിലുള്ള സമയമാണ് വാഴ്‌വന്തോൾ വെള്ളച്ചാട്ടത്തെ മനോഹരിയായി കാണാനുള്ള സമയം. കാടിന്റെ തനതായ അനുഭൂതി നൽകുന്ന ട്രക്കിങ്ങും പല തട്ടുകളായുള്ള വെള്ളച്ചാട്ടവും അനുഭവിക്കാം. കാണിത്തടം ചെക്ക്ചെക്ക്പോസ്‍റ്റിൽനിന്ന് കാട്ടിലൂടെ നാലു കി മീ നടന്നു പോകണം ജലപാതത്തിനരികിലേക്ക്. മഴക്കാലത്ത് കാടിന്റെ എല്ലാഭാഗത്തുനിന്നും നീരൊഴുക്കു വന്ന് രൗദ്രഭാവമാകും ജലപാതത്തിന്. വെള്ളച്ചാട്ടത്തോട് ചേർന്നു കിടക്കുന്ന പലഭാഗങ്ങളും ചുഴികളും ഗർത്തങ്ങളും രൂപപ്പെടുന്നതിനാൽ അപകട സാധ്യതയും ഇരട്ടിയാകുന്നു. മാത്രമല്ല കരിമ്പാറക്കെട്ടുകൾ നിറഞ്ഞ വഴി മുഴുവൻ പായലു പിടിച്ച് വഴുക്കലുള്ളതാകും. കണ്ണട്ടയുടെ ശല്യവും രൂക്ഷമാണ് മഴക്കാലത്ത്. വലിയ മഴക്കാലത്ത് സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറുമില്ല