Monday 15 November 2021 02:24 PM IST : By സ്വന്തം ലേഖകൻ

കടലിൽ കപ്പലല്ല, കാറോടിക്കാം! കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചിൽ പോയാലോ?

drive_in_beach_at_muzhuppilangad_32 copy

രുചിപ്രേമികളുടെ പ്രിയപ്പെട്ട നാടാണ് കണ്ണൂർ. തലശേരി ബിരിയാണി, ഉന്നക്കായ, നെയ്പത്തല്‍, കലത്തപ്പം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുള്ള ‘തെയ്യത്തിന്റെ’ നാട്. മലബാറിന്റെ തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും ഇവിടത്തുകാർ നഷ്ടപ്പെടാതെ ചേർത്തുപിടിക്കുന്നു. പശ്ചിമഘട്ടത്തിനോടും അറബിക്കടലിനോടും അതിർത്തി പങ്കിടുന്ന കണ്ണൂരിന്റെ ഉള്ളറിഞ്ഞുള്ള യാത്രകളിൽ വർണാഭമായ കാഴ്ചകളും വിനോദങ്ങളും സാംസ്കാരികത്തനിമയുമുണ്ട്.

ബാല്യം മാറാതെ പൈതൽമല

ട്രെക്കിങ് ആരാധകർക്കുള്ള പ്രകൃതിയുടെ സ മ്മാനമാണ് പൈതൽമല. കണ്ണൂർ നഗരത്തിൽ നിന്ന് 65 കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് ഈ പ്രകൃതിവിസ്മയം. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ മുന്നൂറിലേറെ ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പൈതൽമല സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും അപൂർവ കലവറയാണ്. കോടമഞ്ഞും ഇളംകാറ്റും ചിത്രശലഭങ്ങളും മനസ്സു കുളിർപ്പിക്കുന്ന മറ്റനേകം കാഴ്ചകളുമുള്ള പൈതൽമലയിലെത്താൻ ആറു കിലോമീറ്റർ കുന്നു കയറണം. സഞ്ചാരികൾക്കായി കുടിയാൻമലയിൽ ഡോർമിറ്ററി സൗകര്യവും ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രവുമുണ്ട്.

ഡ്രൈവ്–ഇൻ ബീച്ച്

തിരമാലകളെ തൊട്ട് വാഹനമോടിക്കാവുന്ന കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടുള്ളത്. നഗരത്തിൽ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിരമാലകളുടെ നനവറിഞ്ഞ് മണൽ പരപ്പിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം. കടൽക്കാറ്റേറ്റു കുടുംബത്തോടൊപ്പമുള്ള ഡ്രൈവ് വ്യത്യസ്തമായ അനുഭവമാവുമെന്നുറപ്പ്. സുരക്ഷിതമായി കടലിൽ നീന്തിക്കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പാരാഗ്ലൈഡിങ്, പാരാ സെയിലിങ് തുടങ്ങി മറ്റനേകം സാഹസിക വിനോദങ്ങളും മുഴുപ്പിലങ്ങാട് ബീച്ചിന്റെ ഭാഗമാണ്. അവധിക്കാലങ്ങളിൽ നടക്കുന്ന ബീച്ച് ഫെസ്റ്റും മുഴുപ്പിലങ്ങാടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

kannur_fort_1_471പഴമയുടെ കണ്ണൂർക്കഥകൾ

കാസർകോടിനെപ്പോലെ കണ്ണൂരിനും ചരിത്രഗന്ധിയായ കാഴ്ചകളും വിശേഷങ്ങളുമുണ്ട്. കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ടയും തലശേരി കോട്ടയുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ പുരാതനകാലത്തേക്ക് കൈപിടിച്ചു നടത്തുന്നത്. നഗരത്തിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ‘കണ്ണൂർ കോട്ട’ എ ന്നറിയപ്പെടുന്ന ‘സെന്റ് ആഞ്ജലോ ഫോർട്ട്’. 1505 എഡിയിൽ പോർച്ചുഗീസുകാർ നിർമിച്ച ഈ കോട്ട ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാനപ്പെട്ട പട്ടാളത്താവളമായിരുന്നു.
കണ്ണൂരിൽ നിന്ന് 22 കിലോമീറ്റർ ദൂരത്തിലാണ് ‘തലശേരി കോട്ട’. വ്യത്യസ്തമായ മലബാർ രുചിക്കു പ്രശസ്തമായ തലശേരിയുടെ പഴയ കാലത്തേക്കു വെളിച്ചം വീശുന്ന കോട്ട 1708ൽ ബ്രിട്ടീഷുകാരാണ് നിർമിച്ചത്.

ധർമടം തുരുത്ത്

തലശേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിലുള്ള ‘ധർമടം തുരുത്ത്’ കണ്ണൂർ കാഴ്ചയുടെ മറ്റൊരു വിശേഷമാണ്. മൂന്നു വശത്തു പുഴകളും ഒരു വശത്ത് കടലും അതിരിടുന്ന ഈ ദ്വീപിലേക്ക് വേലിയിറക്കത്തിന്റെ സമയങ്ങളിൽ നടന്നുചെല്ലാം. അതു തന്നെയാണ് ധർമടം തുരുത്തിന്റെ പ്രധാന സവിശേഷത.
അപൂർവമായ കാനനക്കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ആറളം വന്യജീവി സങ്കേതം,  അ റയ്ക്കൽ രാജവംശത്തിന്റെ ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന അറയ്ക്കൽ കെട്ട് മ്യൂസിയം, തെയ്യക്കാഴ്ചക്കു പ്രശസ്തമായ പറശ്ശിനിക്കടവ് ക്ഷേത്രം, പയ്യമ്പലം ബീച്ച് തുടങ്ങി മറ്റനേകം ‘കിസ്സകള്‍’ സഞ്ചാരികൾക്കായി കണ്ണൂർ കാത്തുവയ്ക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് - കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) – 0497 2706336,2702515  www.dtpckannur.com