Friday 25 February 2022 11:56 AM IST : By Arun K. Varghese

റഷ്യൻ സൈന്യം പിടിച്ചെടുത്ത ചെർണോബിൽ; മരണമുറങ്ങുന്ന ആണവനഗരം

cher2

യുക്രെയ്ൻ അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യം പിടിച്ചെടുത്ത വാർത്തയുമായാണ് ഇന്നത്തെ പത്രങ്ങൾ എത്തിയത്. അക്രമസ്വഭാവമുള്ള ദേശീയതയുടെ മറവിൽ ഒരു ജനതയുടെ സമാധാനജീവിതത്തിലേക്ക് ബോംബും വെടിയുണ്ടകളുമായി കടന്നു വന്ന പുടിന്റെ റഷ്യൻ സാമ്രാജ്യത്വം യുക്രെയ്ൻ ജനതയെ 36 വർഷം പിന്നിട്ട നടുക്കുന്ന ഓർമകളിലേക്കാവും നയിച്ചിരിക്കുക. അന്ന്, ഏപ്രിൽ 26, 1986 പുലർച്ചെ നടന്ന ചെർണോബിൽ ആണവവികിരണ ചോർച്ച യുക്രെയ്ൻ ജനതയെ ആണവദുരന്തത്തിന്റെ ഇരകളാക്കി. സോവിയേറ്റ് യൂണിയന്റെ ഇരുമ്പു മറയ്ക്കും തടഞ്ഞു നിർത്താൻ കഴിയാത്ത മരണവികിരണങ്ങളെ അതിജീവിച്ച ജനത ഇപ്പോൾ വീണ്ടും ഒരു റഷ്യൻസാമ്രാജ്യത്വ മോഹത്തിന്റെ ബലിയാടുകളാവുകയാണ്.

ആയുധബലത്തിൽ ലോകം കീഴടക്കാം എന്ന ദുരയുടെ വിലയാണ് ചെർണോബിൽ. ആണവദുരന്തത്തെ നേരിട്ട യുക്രെയ്ൻ ചെർണോബിലിനെ ‘ദുരന്ത ടൂറിസ’ത്തിന്റെ കാഴ്ചയാക്കി മാറ്റി. ആ ദുരന്തഭൂമി സന്ദർശിച്ച അരുൺ കെ. വർഗീസ് മനോരമ ട്രാവലറിൽ എഴുതിയ ലേഖനം...

ഏപ്രിൽ 25, 1986 രാത്രി, പ്രിപ്യാറ്റ് നഗരം തണുപ്പിന്റെ കരിമ്പടം പുതച്ച് ഉറക്കത്തിലേക്ക്. സോവിയറ്റ് യൂണിയന്റെ ഇരുമ്പു മറയ്ക്കുള്ളിൽ സുരക്ഷിതരായ അവരുടെ ദുഃസ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന ദുരന്തമായിരുന്നു ഏപ്രിൽ 26 പുലർച്ചെ അവരെ കാത്തിരുന്നത്. പ്രിപ്യാറ്റ് നഗരത്തിനടുത്ത ചെർണോബിൽ ആണവകേന്ദ്രത്തിൽ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ അപകടം (INES - 7 – International Nuclear Event Scale) സംഭവിച്ചു. (ഇന്നേവരെ രണ്ട് മേജർ INES - 7 ന്യൂക്ലിയർ അപകടങ്ങളേ ഉണ്ടായിട്ടുള്ളൂ, രണ്ടാമത്തേത് 2011 ൽ ജപ്പാനിലെ ഫുകുഷിമയിൽ). നാല് ആണവ റിയാക്ടറുകളാണ് ചെർണോബിലിൽ ഉണ്ടായിരുന്നത്. അതിൽ ഏറ്റവും പുതിയ റിയാക്ടറാണ് അപടത്തിൽപെട്ടത്. റിയാക്ടർ 4 ന്റെ താപനില നിയന്ത്രണ സംവിധാനം തകരാറിലായതാണ് അപകട കാരണമായി പറയപ്പെടുന്നത്. ആണവ പദാർത്ഥങ്ങളുടെ അമിതമായ പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. ആദ്യം തീപിടിത്തമെന്ന് പറയപ്പെട്ട അപകടം പിന്നീട്‌ നിയന്ത്രണാതീതമായി. സ്വീഡൻ, നോർവെ തുടങ്ങിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെ ആണവ നിരീക്ഷണ സംവിധാനങ്ങൾ ദുരന്തം കണ്ടുപിടിച്ചതോടെ ചെർണോബിൽ ദുരന്തം ലോകം അറിഞ്ഞു...

ദുരന്തഭൂമിയിലേക്ക് ടൂറിസം

cher3

2011 മുതലാണ് യുക്രെയ്ൻ സർക്കാർ ആണവദുരന്തമേഖലയായ ചെർണോബിലിൽ കർശന നിയന്ത്രണങ്ങളോടെ ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. ഓരോ ദിവസവും നിശ്ചിത എണ്ണം യാത്രികർക്ക് ടൂർ ഓപ്പറേറ്റർമാരുടെ സഹായത്തോടെ പ്രവേശിക്കാം. സ്വന്തമായി യാത്ര ചെയ്യാൻ അനുവാദമില്ല. ഒരു ദിവസം മുതൽ മൂന്നു ദിവസം വരെയുള്ള പാക്കേജുകൾ ലഭ്യമാണ്. പ്രിപ്യാറ്റ് നഗരം, ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ, ദുഗ റഡാർ എന്നിയവയാണ് കാണാൻ പറ്റുക. ആണവ വികിരണത്തിന്റെ വ്യാപ്തി അനുസരിച്ചു പല സോണുകളായി ചെർണോബിലിനെ തിരിച്ചിട്ടുണ്ട്. ദുരന്തഭൂമിയുടെ 30 കിലോമീറ്റർ പരിധിക്കുള്ളിൽ ആണവാവശിഷ്ടങ്ങൾ കിടങ്ങുകളിലാക്കി കുഴിച്ചിടുകയായിരുന്നു ഭരണകൂടം ചെയ്തത്. ദുരന്തം നടന്നു മുപ്പതിലേറെ വർഷം കഴിഞ്ഞിട്ടും ചെർണോബിൽ പ്രദേശം വാസയോഗ്യമല്ലാതാകാൻ കാരണം ഇതാണെന്ന് കരുതുന്നു.

ചരിത്രം പറഞ്ഞ് ബസ് പുറപ്പെടുന്നു

cher6

കീവിൽ നിന്ന് ഒന്നര മണിക്കൂർ ബസ് യാത്രയിൽ ചെർണോബിൽ ദുരന്തത്തിന്റെ പല വിഡിയോകൾ കാണിക്കുന്നുണ്ടായിരുന്നു. ഒരു വനഭൂമി ആണവകേന്ദ്രമായതും ഗ്രാമങ്ങൾക്കു മേൽ നിഴൽ വിരിച്ച് പ്രിപ്യാറ്റ് നഗരം ഉയർന്നതും സോവിയറ്റ് സാമ്രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായി ചെർണോബിൽ മാറിയതും വിവരിച്ചു. ‘ലെസർ ഈവിൾ’ എന്ന ഒാമനപ്പേരിൽ ശീതയുദ്ധകാല ലോകം ആണവശക്തിയെ താലോലിക്കുന്ന കാലം. 1970കളിലാണ് സോവിയറ്റ്‌ യൂണിയൻ അവരുടെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിക്കാൻ ചെർണൊബിൽ വനപ്രദേശം തിരഞ്ഞെടുക്കുന്നത്. ന്യൂക്ലിയർ പ്ലാന്റിനോട്‌ ചേർന്ന് ഒരു അത്യാധുനിക നഗരം- പ്രിപ്യാറ്റ് – 1975 ൽ സൃഷ്ടിക്കപ്പെട്ടു. ആദ്യ റിയാക്ടർ 1977ൽ കമ്മിഷൻ ചെയ്തു. പിന്നീട് 2, 3 റിയാക്ടറുകളും. 1983ൽ റിയാക്ടർ 4 നിലവിൽ വന്നു. റിയാക്ടറുകളോടൊപ്പം സോവിയറ്റ്‌ യൂണിയന്റെ രഹസ്യ സൈനിക മേഖല കൂടെയായിരുന്നു ചെർണോബിൽ.

നാലാം റിയാക്ടറായിരുന്നു അപകട കാരണമായത്. റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന അയ്യായിരം ടണ്ണോളം ബോറോൺ, ഡോളോമൈറ്റ്, മണൽ, ലെഡ് സംയുക്തങ്ങൾ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താൽ റിയാക്റ്ററിനു മുകളിലേക്ക് ഒഴിച്ചു. റേഡിയേഷൻ തോത് അതി ഭീകരമായ അളവിൽ വർധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

cher1

ചെർണോബിൽ റിയാക്ടർ അപകടം കൊണ്ട് ആകെ 31 മരണവും പരിണിത ഫലങ്ങളായി കാൻസ൪ പോലുള്ള അസുഖങ്ങളുമാണുണ്ടായതെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ അവകാശവാദം. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം യുക്രെയ്ൻ സർക്കാർ നടത്തിയ അന്വേഷണത്തിൽ സ്ഫോടനത്തിൽ 8000 പേരും തുടർന്ന് ചെർണോബിൽ നിന്നുള്ള അണുവികിരണം കാരണം 30,000 മുതൽ 60,000 പേർ വരെയും കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി. ആറ്റമിക് എനർജി ലെസർ ഈവിൾ ആണെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാൽ, തിന്മ ചെറുതെന്നോ വലുതെന്നോ ഇല്ല എന്ന യാഥാർഥ്യമാണ് ഈ ചെർണോബിൽ ഡോക്യുമെന്ററികൾ വരച്ചിടുന്നത്. ബസ് ചെർണോബിൽ എത്തി.

ദുരന്ത ഭൂമിയിലേക്ക്

എസ്ക്ലൂഷൻ സോണിനു മുൻപ് യുക്രെയ്ൻ സൈന്യത്തിന്റെ ചെക്ക് പോസ്റ്റ്. പാസ്സ്പോർട്ടും രേഖകളും പരിശോധിച്ച് റേഡിയേഷൻ ടെസ്റ്റും കഴിഞ്ഞാണ് പട്ടാളക്കാർ തുടർ സഞ്ചാരത്തിന് അനുമതി നൽകിയത്. ചെർണോബിൽ എസ്ക്ലൂഷൻ സോണിലെ മുപ്പത് കിലോമീറ്റർ പരിധിയിൽ ഗ്രാമങ്ങളാണ്. തടി കൊണ്ടുള്ള പല വീടുകളും നശിച്ചു കഴിഞ്ഞു. നൂറോളം ഗ്രാമങ്ങളുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. പലതും കാടുകേറി. അണുവികിരണമേറ്റ മേൽമണ്ണ് പോലും സംസ്കരിക്കപ്പെട്ട നാട്. നിറമോ മണമോ ഇല്ലാത്ത അണുവികിരണങ്ങളുടെ തരംഗങ്ങൾ റേഡിയേഷൻ മീറ്ററിൽ ഇപ്പോഴും ശബ്ദമായി പുറത്തു വരുന്നു. മൂന്നു പതിറ്റാണ്ടു മുൻപ് കീവിനെക്കാളും പ്രാധാന്യമുണ്ടായിരുന്ന നഗരത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

cher4

വിജനമായ തെരുവുകൾ. ജനവും ജീവനും ഒഴിഞ്ഞു പോയ മണ്ണിലേക്ക് കാട് കയറിയിരിക്കുന്നു. അപകടത്തെ തുടർന്ന് റേഡിയോ ആക്ടീവായി മാറിയ മണ്ണും മരങ്ങളും കെട്ടിടങ്ങളും. വളർത്തു മൃഗങ്ങളെയും വന്യമൃഗങ്ങളെയും വരെ കൊന്നു മൂടി ആണവവികിരണത്തിനെതിരെ പ്രതിരേധം തീർത്തു എന്നാണ് ടൂർ ഗൈഡ് പറഞ്ഞത്. ഉടുത്ത വസ്ത്രങ്ങളും അൽപം ഭക്ഷണവും അത്യാവശ്യം പേപ്പർ രേഖകളും മാത്രമെടുത്ത് അൻപതിനായിരത്തിലധികം ജനം താൽക്കാലികം എന്നു കരുതി പാലായനം ചെയ്ത നഗരം ഇന്ന് ഒരു പ്രേതനഗരമാണ്. കെട്ടിടങ്ങൾ പലതും തകർന്നു കിടക്കുന്നു. കിന്റർ ഗാർഡനിലും ആശുപത്രികളിലും കണ്ട പാവകൾ, വായിച്ചു തീരാത്ത തുറന്നു വച്ച പുസ്തകങ്ങൾ, പാർക്ക്, അസ്ഥിപഞ്ജരമായ ജയന്റ്‌ വീൽ... ഇപ്പോഴും ലെസർ ഈവിളിന്റെ റേഡിയോ ആക്ടീവ് അണുക്കൾ അവയിലുണ്ടാവും... ഉള്ളതെല്ലാം ജനം ഉപേക്ഷിച്ചോടി എന്ന് അധികാരികൾ അവകാശപ്പെടുന്ന നഗരാവശിഷ്ടങ്ങളിൽ വിലപിടിപ്പുള്ള ഒന്നും തന്നെയില്ല. എല്ലാം അധികാരികൾ ശേഖരിച്ച് കുഴിച്ചു മൂടി എന്നാണ് ടൂർ ഗൈഡ് പറഞ്ഞത്.

റിയാക്ടറുകളുടെ അടുത്തേക്ക്

മരണം വിതച്ച റിയാക്ടറിന്റെ സമീപത്തേക്ക് തിരിച്ചു. ഈ ഭാഗത്തേക്ക് എത്തിയപ്പോൾ തന്നെ ബസിനുള്ളിൽ റേഡിയേഷൻ വികിരണങ്ങൾ അളക്കുന്ന ഗീഗർ കൗന്ററുകൾ ഒച്ചവയ്ക്കാൻ തുടങ്ങി. ദൂരെ നിന്നേ റിയാക്ടർ 4 ന്റെ ഭീമാകാരമായ ആർച്ച് കണ്ടു. പല രീതിയിൽ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാൻ ശ്രമങ്ങൾ നടന്നെങ്കിലും ഇന്നുവരെ കണ്ടെത്തിയ സംവിധാനങ്ങൾ കൊണ്ട് അത് അസാധ്യമാണ്.

cher7

2017ൽ ലോകരാജ്യങ്ങളുടെ സഹകരണത്തോടെ നിർമിച്ച സ്റ്റീൽ ആർച്ച് കവചം കൊണ്ട് റിയാക്ടർ 4 മൂടി. ലോകത്തെ ഏറ്റവും വലിയ, നിരക്കി നീക്കാവുന്ന ലോഹ നിർമിതിയാണ് ഇത്. ഇതുവഴി അടുത്ത 100 വർഷത്തേക്ക് അണുവികിരണവും റിയാക്ടറിൽ ഇപ്പോഴും നടക്കുന്ന റേഡിയോ ആക്ടീവ് റിയാക്‌ഷൻ അവശിഷ്ടങ്ങളും സുരക്ഷിതമായിരിക്കും. സന്ദർശകർക്ക് റിയാക്ടർ 4 ന്റെ 300 മീറ്റർ അടുത്ത് വരെ പോകാം. പല റിയാക്ടറുകളും അപകടത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഡീകമ്മിഷൻ ചെയ്തത്‌. അവസാനമായി റിയാക്ടർ-3 2000 ൽ പ്രവർത്തനം നിർത്തി. 2015 ൽ ഡീകമ്മിഷൻ ചെയ്തു.

മരണവയലിലെ വീരൻമാർ

സന്ധ്യയോടെ എക്സ്ക്ലുഷൻ സോണിൽ ദുരന്തമേഖലയിൽ ജോലി ചെയ്തവരുടെ സ്മാരകത്തിൽ എത്തി. ആണവഅപകടത്തെ തുടർന്ന് ദുരന്തനിവാരണ ദൗത്യത്തിന് അനേകായിരം തൊഴിലാളികളെ സോവിയറ്റിന്റെ പല ഭാഗങ്ങളിൽ നിന്നും അധികൃതർ എത്തിച്ചു. അവരെ റിയാക്ടറിന്റെ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിയമിച്ചു. ഏതാനും മിനിറ്റ് മാത്രമേ ഒരാൾക്ക്‌ ജോലി ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. പ്രത്യേക സോവിയറ്റ് ബാഡ്ജും അന്നത്തെ ഏറ്റവും വലിയ ശമ്പളവുമായിരുന്നു വാഗ്ദാനം. ഇങ്ങനെ എത്തിയ പല ജോലിക്കാരും പിന്നീട്‌ കാൻസർ വന്ന് മരിച്ചു. തന്റെ രാജ്യത്തിനു വേണ്ടി അറിഞ്ഞു കൊണ്ട് മരണത്തിന്റെ വയലിലേക്ക് പോയ വീരൻമാർക്ക് പ്രണാമം അർപ്പിച്ച് തിരികെ സൈനിക ഗേറ്റിലെത്തി.

cher8

ചെർണോബിൽ സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ഘട്ടം ഇവിടെയാണ്. സന്ദർശകരോരുത്തരുടെയും ശരീരത്തിലെ റേഡിയേഷൻ ഇവിടെ അളക്കും. റേഡിയേഷൻ ഡോസേജ് അളക്കുന്നത് ഗീഗർ കൗന്റർ എന്ന ഉപകരണം കൊണ്ടാണ്. അതിന്റെ യൂണിറ്റാണ് സീവേർറ്റ് (Sievert - 1000 Millisieverts (mSv) = 1 Sievert ).

നമ്മൾ ഒരു ചെസ്റ്റ്‌ എക്സറേ എടുക്കുമ്പോൾ ലഭിക്കുന്ന റേഡിയേഷൻ 0.10mSv ആണ്. ഫുൾ ബോഡി സിടി സ്കാൻ ചെയ്യുമ്പോൾ 10mSv. ചെർണോബിലിൽ ജനങ്ങൾക്ക്‌ കിട്ടിയ റേഡിയേഷന്റെ ഏറ്റവും കുറഞ്ഞ അളവ് 100mSv ആണ്. അപകടം ഉണ്ടായ സമയത്ത് ആ പ്രദേശത്തുണ്ടായ റേഡിയേഷൻ 30,000 mSv/hr ആയിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

cher5

ചെർണോബിലിൽ നിന്ന് യാതോരുവിധ സാധനങ്ങളും പുറത്തേക്കു കൊണ്ടു പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ സൈന്യം ദേഹപരിശോധന നടത്തും. റേഡിയേഷൻ പരിശോധനകൾ തുടങ്ങി. ഇതിൽ അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാൽ ധരിച്ച വസ്ത്രങ്ങൾ വൃത്തിയാക്കി വീണ്ടും ടെസ്റ്റ് ചെയ്യും. തുടർന്ന് റേഡിയേഷൻ അളവ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും നൽകും. ഞങ്ങളുടെ യാത്രയിൽ ഗീഗർ കൗന്ററിൽ കണ്ട ഏറ്റവും കൂടുതൽ റേഡിയേഷൻ 0.3mSv ആയിരുന്നു. ഈ യാത്ര എനിക്ക് സമ്മാനിച്ച റേഡിയേഷൻ 0.002mSv. നമ്മൾ ഒന്നും എടുത്തില്ലെങ്കിൽ പോലും ചെർണോബിൽ കിട്ടിയതിലൊരംശം സന്ദർശകർക്ക് സമ്മാനിക്കും. തിൻമ വലുതെന്നോ ചെറുതെന്നോ ഇല്ല എന്ന് ഒാർമപ്പെടുത്താൻ... .

ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തെക്കാൾ 400 മടങ്ങ് റേഡിയോ ആക്ടിവ് പദാർഥങ്ങളെ സൃഷ്ടിച്ച ചെർണോബിൽ ഇപ്പോൾ ലോക സഞ്ചാരികൾക്ക് വലിയൊരു കാഴ്ചയാണ്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ യുക്രെയ്ൻ സർക്കാർ ചെർണോബിലിന് ലോക പൈതൃപ പദവി നൽകണമെന്ന് യുനെസ്കോ സമിതിയോട് അപേക്ഷിച്ചിരിക്കുന്നു.