Wednesday 20 April 2022 04:39 PM IST : By സ്വന്തം ലേഖകൻ

പേരു ചോദിച്ചാൽ ഈ നാട്ടിൽ എല്ലാവരും പാട്ടുമൂളും. ഇന്ത്യയിലെ വിസിലിങ് വില്ലേജ്

konga5

ഓരോ വ്യക്തിയ്ക്കും സ്വന്തമായി ‘പാട്ടുപേര്’ ഉള്ള നാട്. ചിലപ്പോൾ നീണ്ടും അല്ലെങ്കിൽ കുറുക്കിയും ഈണത്തിൽ വിളിക്കാവുന്ന ഓരോ പേരുകൾ. മേഘാലയയിലെ കോങ്തോങ് ഗ്രാമത്തിലെത്തിയിൽ അവിടെ എല്ലായ്പ്പോഴും മൂളിപ്പാട്ടിന്റെ ചൂളംവിളികളുടെ ബഹളം കേൾക്കാം. പരസ്പരമൊന്ന് ദേഷ്യപ്പെടാനും സ്നേഹിക്കാനും ഈണത്തിൽ ചൊല്ലുന്ന വായ്ത്താരികളെ കൂട്ടുപിടിക്കുന്നവരാണ് കോങ്തോങ് നിവാസികൾ. ഈ നാട്ടിൽ ഉദ്ദേശം എഴുന്നൂറോളം ആളുകളുണ്ട്. അവരോരോരുത്തർക്കും വ്യത്യസ്തമായ പാട്ടുപേരുകളാണുള്ളത്. പേരു ചോദിച്ചാൽ പാട്ട് മൂളും. ഒരാളുടെ പാട്ട് അയാളുടേത് മാത്രമാണ്. ആ ഈണം മറ്റൊരാൾക്ക് കാണില്ല. കുഞ്ഞ് ജനിക്കുമ്പോൾ അമ്മയാണ് ആ കുഞ്ഞിനെ ചൊല്ലി വിളിക്കാനുള്ള ഈണം തയ്യാറാക്കുന്നത്. അമ്മയുടെ ഹൃദയത്തിൽ നിന്ന് രൂപപ്പെടുന്ന ഈണമാണ് അത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പ്രകൃതിയിലെ ശബ്ദങ്ങൾ തന്നെയാണ് പാട്ടുപേരിടാൻ തിരഞ്ഞെടുക്കുന്ന ഈണങ്ങൾ. കാറ്റുമൂളുന്നതും, മഴയുടെ താളവും അരുവിയൊഴുകുന്ന ശബ്ദവും പേരിടൽ ഈണത്തിനായി അമ്മയ്ക്ക് ആശ്രയിക്കാം.

konga4
konga2

ഖാസി വിഭാഗക്കാരാണ് ഈ ആചാരം തുടരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ഈ രീതി തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഇവർ കരുതുന്നത്. ജിംഗ്രവെയ് ലോബെ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗോത്രസ്ത്രീയുടെ സംഗീതം എന്നാണ് വാക്കിനർഥം. ഈണം തിരിച്ചറിഞ്ഞ് ആളുകളെ വിളിക്കുക എന്നത് ഗ്രാമത്തിന് പുറത്തുള്ള ആളുകൾക്ക് വലിയ വെല്ലുവിളി ആയതിനാൽ ഗ്രാമത്തിന് പുറത്തുള്ളവർക്ക് വിളിക്കാനായി എളുപ്പമുള്ള ഒരു പേര് ഗ്രാമീണരിൽ ചിലർക്കുണ്ട്. ഖാസി മലയിടുക്കുകളിലാണ് കോങ്തോങ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങിൽ നിന്ന് ഉദ്ദേശം 54 കിലോമീറ്ററും ചിറാപുഞ്ചിയിൽ നിന്ന് ഉദ്ദേശം 22 കിലോമീറ്ററും ദൂരെയാണ് കോങ്തോങ്. ഇവിടുത്തെ ഭൂപ്രകൃതിയാണ് ഇങ്ങനെയൊരു പാട്ടുസംസ്കാരത്തിന് രൂപംകൊടുത്തത്. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വിശാലമായ കൃഷിഭൂമികളിൽ പേരുവിളിച്ചാൽ കേൾക്കാത്തതിനാലാണത്രേ പേര് പാട്ടിന്റെ രൂപത്തിലേക്ക് മാറിയത്.

konga3
konga1

കാടിനുള്ളിൽ കന്നുകാലി വളർത്തലും കൃഷിയും ആശ്രയിച്ചാണ് ഇവിടുത്തുകാരുടെ ജീവിതം. സ്വത്തവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണന. വിവാഹശേഷം മാത്രമേ പുരുഷന് സ്വത്തിൽ അവകാശം കിട്ടൂ. വിസിലിങ് വില്ലേജ് എന്നാണ് കോങ്തോങ് അറിയപ്പെടുന്നത്. യുനെസ്കോ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഈ ഗ്രാമം.