Thursday 07 July 2022 04:58 PM IST : By പാറു പ്രദീപ്

ആർത്തവം ഉത്സവമാക്കുന്ന നാട്, യോനീ പൂജ നടത്തുന്ന ക്ഷേത്രം

KAMA TEMPLE 1

ആർത്തവം ഉത്സവമാക്കുന്ന നാട്. യോനീ പൂജ നടത്തുന്ന ക്ഷേത്രം, ദേവി ഋതുമതിയാകുന്ന നാളിൽ ബ്രഹ്മപുത്ര നദി ചുവന്നൊഴുന്നു, സ്ത്രീ ശരീരത്തെ എല്ലാ അർത്ഥത്തിലും ശക്തിയായി കണക്കാക്കി ആരാധിക്കുന്ന ഒരിടം...കാമാഖ്യ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയും തോറും അവിടം സന്ദർശിക്കാനുള്ള ആഗ്രഹം കൂടിവന്നു. ജോലിയുടെ ഭാഗമായി അസമിലെ ഗുവാഹത്തിയിലെത്തിയപ്പോൾ തന്നെ കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തു. ഗുവാഹത്തിയിൽ നിന്ന് ഉദ്ദേശം ഒൻപത് കിലോമീറ്റർ അകലെ നീലാചൽ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവ പത്നിയായ സതീദേവിയുടെ ശക്തി ചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഭാരതത്തിലെ അൻപത്തിയൊന്ന് ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. സ്ത്രീ ശക്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന ക്ഷേത്രത്തിൽ യോനീ പ്രതിഷ്ഠയാണുള്ളത്. ആരെയും അദ്ഭുതപ്പെടുത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളുമാണ് കാമാഖ്യ ക്ഷേത്രത്തെ ഇന്ത്യയിലെ തന്നെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നത്. ആർത്തവം വന്ന സ്ത്രീകൾക്ക് എല്ലാ ക്ഷേത്രങ്ങളും അയിത്തം കൽപിക്കുമ്പോൾ കാമാഖ്യ ക്ഷേത്രത്തിൽ ആർത്തവം ആഘോഷമാക്കുന്നു...

കൽഫലകത്തിൽ യോനി!..

KAMA TEMPLE 6

കാമാഖ്യ ക്ഷേത്രത്തിലെ യോനി പ്രതിഷ്ഠയ്ക്കു പിറകിൽ നിരവധി ഐതിഹ്യകഥകൾ നിലവിലുണ്ട്. അവയിൽ ഏറെ പ്രചാരത്തിലുള്ള ഒരു കഥ ഇങ്ങനെ, ദക്ഷപുത്രയായ സതീദേവി പിതാവിൽ നിന്നുണ്ടായ അപമാനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തപ്പോൾ ആ മൃതശരീരവും വഹിച്ചുകൊണ്ട് ശിവൻ സംഹാരരുദ്രനായി അലഞ്ഞു. ശിവന്റെ ക്രോധാഗ്നിയിൽ എല്ലാം നശിക്കുമെന്നറിയാവുന്ന ദേവന്മാർ പരിഹാരത്തിനായി മഹാവിഷ്ണുവിനെ കാണുന്നു. ദേവന്മാരുടെ അഭ്യർഥന പ്രകാരം മഹാവിഷ്ണു സുദർശനചക്രം കൊണ്ട് ദേവിയുടെ ശരീരം 51 കഷണങ്ങളാക്കി പലഭാഗങ്ങളിലായി ഇട്ടെന്നും അതിൽ ദേവിയുടെ യോനിഭാഗം വീണ സ്ഥലത്താണു കാമാഖ്യക്ഷേത്രം നിൽക്കുന്നത്.

KAMA TEMPLE 8

കരിങ്കല്ലിൽ തീർത്ത യോനീരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത് ഒരു ഗുഹയിലാണ്. ഒരിക്കലും വറ്റാത്ത ഒരു തെളിനീരുറവ ഈ പ്രതിഷ്ഠക്കു ചുറ്റുമായി ഉണ്ട്. പ്രധാന പ്രതിഷ്ഠ കൂടാതെ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബംഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുരസുന്ദരി, ധൂമവതി, മാതംഗി, കമല എന്നീ പത്ത് ദേവീസ്ഥാനങ്ങൾ കൂടിയുണ്ട്. ഇവിടെ ആദ്യമായി ക്ഷേത്രം പണിതത് കാമദേവനാണെന്ന ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. പരമശിവനെ ധ്യാനത്തിനിടെ ശല്യപ്പെടുത്തിയതിനു പ്രായശ്ചിത്തമായത്രേ കാമദേവൻ ക്ഷേത്രം നിർമിച്ചത്. വിശ്വകർമാവായിരുന്നു പ്രധാനശിൽപി. കാമൻ നിർമിച്ചതുകൊണ്ട് കാമാഖ്യ എന്നു പേരു ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ആർത്തവ സംബന്ധമായ അസുഖങ്ങൾക്കും കുട്ടികൾ ഇല്ലാത്തവർക്കും ഗർഭപാത്ര സംബന്ധമായ അസുഖമുള്ളവർക്കും ഇവിടുത്തെ പ്രാർത്ഥനയിൽ ഫലം കാണാറുണ്ടത്രേ. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും രോഗ ശമനത്തിനും ഇവിടെ ഭജനമിരുന്നാൽ മതിയെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

ഞങ്ങൾ നീലാചലിന് മുകളിലെത്തി. മലയുടെ താഴെ വാഹനം നിർത്തി കാൽ നടയായി പോകുന്ന ഒരു പാട് പേരെ കണ്ടു. വയനാടൻ ചുരം കയറുന്ന പ്രതീതിയായിരുന്നു മലമുകളിലേക്ക് പോകുമ്പോൾ. കോടമഞ്ഞ് പുതച്ചു കിടക്കുന്ന താഴ്‌വരകൾ. ഒരു ഭാഗത്ത് അഗാധമായ കൊക്കയും മറുഭാഗത്ത് വാനോളം ഉയർന്നു നിൽക്കുന്ന മലനിരകളും. ഇടക്കിടെ വ്യൂ പോയിന്റ്. മലമുകളിലേക്ക് പോകാൻ റോപ്പ് വേയും ഉണ്ട്. വഴിയിലുടനീളം ആസാമിയായ ഡ്രൈവറോട് അമ്പലത്തിന്റെ മാഹാത്മ്യം ചോദിച്ചറിഞ്ഞു. അദ്ദേഹമാണ് അമ്പു ബച്ചി ഉത്സവത്തെ കുറിച്ച് സംസാരിച്ചത്.

അമ്പുബച്ചി ഉത്സവം

KAMA TEMPLE 5

ക്ഷേത്രത്തിലെ പ്രധാന ഉത്സവം ദേവി ഋതുമതിയാകുന്നതായി സങ്കൽപിക്കപ്പെട്ടുകൊണ്ടുള്ളതാണ്. സതീദേവി വർഷത്തിലൊരിക്കൽ ഋതുമതിയാവുമത്രേ. രജസ്വലയാകുന്ന ദേവിയുടെ ആ മൂന്നു ദിവസങ്ങൾ ക്ഷേത്രം അടച്ചിടും. നാലാമത്തെ ദിവസം നടതുറക്കുന്നതോടെ ഉത്സവം തുടങ്ങും. ഈ ഉത്സവമാണ് ‘അമ്പുബച്ചി’. അമ്പലം അടച്ചിടുന്ന ദിവസം മുതൽ അവിടം ഉത്സവത്തിന്റെ പ്രതീതിയാണ്. സ്ത്രീത്വത്തിന്റെ പൂർണതയായ ദേവിയുടെ ആർത്തവ നാളുകൾ ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ എത്തുന്നു. ജൂൺമാസത്തിലാണ് ഉത്സവം. അന്നു ദേവിയുടെ യോനീസങ്കൽപത്തിലുള്ള പ്രതിഷ്ഠയ്ക്കരികിൽ നിന്നുവരുന്ന തെളിനീരും രക്തവർണമാകുമെന്ന് പറയപ്പെടുന്നു. മാറാ രോഗങ്ങൾക്ക് പരിഹാരമായി ഈ ജലം വിശ്വാസികൾ ഉപയോഗിക്കുന്നു. ദേവി ഋതുമതിയാകുന്ന ദിനങ്ങളിൽ ക്ഷേത്രത്തിൽ പൂജയില്ല. സമീപ ക്ഷേത്രങ്ങളിലും നാലുദിവസം പൂജകളില്ല. അഞ്ചാം ദിനം മൃഗബലിയോടെ ഉത്സവത്തിനു കൊടിയേറുന്നു. നട തുറന്നാൽ പ്രസാദമായി കിട്ടുന്ന ചുവന്ന തുണിക്കഷണവും ചുവന്ന വെള്ളവും വീടുകളിൽ ഐശ്വര്യവും സുരക്ഷയും രോഗശാന്തിയും കൈവരുത്തുമെന്ന് വിശ്വാസം. ദേവിയുടെ ആർത്തവത്തിന്റെ പ്രതീകമായാണ് ചുവന്ന തുണിയും ചുവന്ന വെള്ളവും പ്രസാദമായി കൊടുക്കുന്നത്.

ക്ഷേത്രത്തിനുള്ളിൽ, ദേവിയെ കാണാൻ

KAMA TEMPLE 3

ക്ഷേത്രത്തിലെത്തിയ ഞങ്ങൾ നീണ്ടൊരു വരിയിലാണ് ചെന്നെത്തിയത്. ആ വരിയിൽ നിന്നാൽ വൈകുന്നേരമായാലും ദർശനം കിട്ടില്ലെന്ന് ഉറപ്പാണ്. അഞ്ഞൂറ്റിയൊന്നു രൂപയുടെ കൂപ്പൺ എടുത്താൽ വി ഐ പി ക്യൂവിൽ ദർശനം കിട്ടും. വലിയ ബുദ്ധിമുട്ടില്ല, ചെറിയ വരിയേ ഉള്ളൂ, ഏസി റൂമിൽ ഇരിക്കാം. കുറച്ചുനേരം ഇരുന്നാൽ അവർ ദർശനത്തിന് കടത്തിവിടും. ഒരു കൂപ്പൺ കരസ്ഥമാക്കി പ്രസ്തുത ഹാളിലേക്ക് നടന്നു.

KAMA TEMPLE 4

ക്ഷേത്രത്തിലെ പ്രധാനമന്ദിരത്തിന് ഏഴു സ്തൂപങ്ങളാണുള്ളത്. അഗ്രം കൂർത്ത താഴികക്കുടങ്ങളോടു കൂടിയതാണ് പ്രധാനമന്ദിരം. ക്ഷേത്രത്തിലെ ചുമരിൽ കുങ്കുമത്തിൽ പൊതിഞ്ഞ ഗണപതി വിഗ്രഹവും ആനയുടെയും നിരവധി ദേവീദേവന്മാരുടെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. പലതരത്തിലുള്ള മണികൾ ഒരുഭാഗത്ത് തൂക്കിയിട്ടിരിക്കുന്നു. കൊത്തുപണികളുള്ള കൂറ്റൻ കരിങ്കൽ തൂണുകള്‍ ക്ഷേത്രത്തിന്റെ ശിൽപചാതുരി എടുത്തുകാണിക്കുന്നു. പ്രധാനമന്ദിരത്തിൽ ദേവീദേവന്മാരുടെ സ്വർണവിഗ്രഹങ്ങളാണുള്ളത്. ദേവീസന്നിധി കരിങ്കൽ പാകിയ ചുമരുകളോടുകൂടിയതാണ്. ഉയർന്ന സ്തൂപത്തിനു താഴെയാണ് ദേവിയുടെ സ്ഥാനം. ഭൂമിയുടെ നിരപ്പിൽ നിന്നും ഉദ്ദേശം പത്തടി താഴ്ചയിലുള്ള ഗുഹയിലാണ് പ്രതിഷ്ഠ. കരിങ്കല്ല് കൊണ്ടുള്ള ചുമരുകൾ. അവിടെ താഴോട്ടിറങ്ങാനുള്ള പടികളും കരിങ്കൽ പാളികളിൽ തീർത്തവയായിരുന്നു. പ്രതിഷ്ഠ മുകളിലുള്ളവർക്ക് കാണാത്ത വിധം ഒരു കരിങ്കൽ ഭിത്തി കൊണ്ട് മറച്ചിരിക്കുന്നു. അടുത്തെത്തിയാൽ മാത്രമേ പ്രതിഷ്ഠ ദൃശ്യമാവുകയുള്ളു. കരിങ്കൽ പീഠത്തിൽ വെളുത്ത തുണിയിട്ട് മൂടിയിരിക്കുന്നു. വിഗ്രഹമില്ല. ചുവന്ന പട്ട്, കുങ്കുമം, പൂക്കൾ തുടങ്ങിയവയും ദേവിയുടെ യോനീഭാഗസങ്കൽപത്തിനടുത്ത് വിളക്കുമുണ്ട്. അതിനടുത്തു കൂടി വരുന്ന തെളിനീർ ഭക്തർ തീർഥമായി കരുതി കൈക്കുമ്പിളിലെടുക്കുന്നു. ദേവിയുടെ പീഠത്തിനടുത്തായി സരസ്വതി, ലക്ഷ്മി എന്നിവരുടെ സങ്കൽപപീഠങ്ങളുണ്ട്.

ദേവീപ്രീതിക്കായി മൃഗബലി

KAMA TEMPLE 10

സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നീലാചൽ മലമുകളിൽ കാമാഖ്യ ക്ഷേത്രം ഇന്നുകാണുന്ന രീതിയിൽ പുതുക്കിപ്പണിതത് 1665 ൽ കൂച്ച് ബിഹാറിലെ നരനാരായണൻ എന്ന രാജാവാണെന്ന് കരുതപ്പെടുന്നു. അതിനു മുൻപ് 1553 ൽ നരകാസുര രാജാവ് പണികഴിപ്പിച്ച ക്ഷേത്രം ഉണ്ടായിരുന്നെന്നും അത് മുസ്‌ലിം അധിനിവേശകാലത്ത് തകർക്കപ്പെട്ടെന്നും പറയപ്പെടുന്നു. നിരവധി കഥകൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്. അമ്പുബച്ചി ഉത്സവത്തിന്റെ സന്ധ്യാപൂജയുടെ സമയത്ത് അടച്ചിട്ട മന്ദിരത്തിനുള്ളിൽ കാമാഖ്യദേവി നഗ്നയായി നൃത്തം വയ്ക്കുെമന്നൊരു സങ്കൽപമുണ്ട്. ഒരിക്കൽ കൂച്ച് ബിഹാർ രാജവംശത്തിലെ രാജാവിന് ദേവിയുടെ നൃത്തം കാണാൻ ആഗ്രഹം തോന്നി. കെന്തുകാലായി എന്ന പുരോഹിതൻ രാജാവിന്റെ ആഗ്രഹം സഫലമാക്കാൻ സഹായിച്ചു. ക്ഷേത്രഭിത്തിയിലെ ഒരു ദ്വാരത്തിൽ കൂടി ഒളിഞ്ഞുനോക്കിക്കൊള്ളുവാൻ അദ്ദേഹം രാജാവിന് നിർദ്ദേശം നൽകി. ഗൂഢാലോചനയറിഞ്ഞ ദേവി കുപിതയായി പുരോഹിതനെ വധിച്ചു. രാജാവും അദ്ദേഹത്തിന്റെ തലമുറകളും നീലാചൽ കുന്നിനു നേരെ നോക്കാൻ പോലും പാടില്ലെന്ന് ദേവി കൽപിച്ചു. ഈ കൽപന കൂച്ച് ബഹാർ രാജവംശം ഇന്നും അനുസരിക്കുന്നു. രാജവംശത്തിൽപ്പെട്ടവരാരെങ്കിലും നീലാചലത്തിനരികെ കൂടി പോകുമ്പോൾ കുട ഉപയോഗിച്ച് സ്വയം മറച്ചുപിടിക്കുന്നു.

ക്ഷേത്രത്തിനു പുറത്തിറങ്ങിയപ്പോൾ ആണ് ബലിപീഠം കണ്ടത്. ബലിപീഠത്തിനു ചുറ്റുമായി ആട്ടിൻകുട്ടികളെ നിരത്തി ക്കെട്ടിയിരിക്കുന്നു. സ്വർണ്ണ നൂലുകൾ കൊണ്ടലങ്കരിച്ച് , ജയ്മാതാ ദീ എന്നെഴുതിയ ചുവന്ന റിബ്ബൺ ആട്ടിൻകുട്ടികളുടെ കഴുത്തിൽ കെട്ടിയിരിക്കുന്നു. ആട്ടിൻ കുട്ടികളുടെ ദേഹമാസകലം കുങ്കുമം വാരിവിതറിയിട്ടുണ്ട്. ചിലർ അവയുടെ അടുത്ത് പോയി കുങ്കുമം ചാർത്തി ആട്ടിൻകുട്ടികളെ തൊട്ടുതൊഴുന്നു. ദേവീപ്രീതിക്കായി പക്ഷിമൃഗാദികളെ ഇവിടെ ബലി നൽകാറുണ്ട്. നരബലി നിരോധിക്കുന്നതു വരെ ഇവിടെ അതും പതിവുണ്ടായിരുന്നു. ആൺമൃഗങ്ങളെ മാത്രമേ ബലികഴിക്കാറുള്ളൂ എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. താന്ത്രികവിദ്യകൾക്കും ദുർമന്ത്രവാദങ്ങൾക്കും ഏറെ പ്രസിദ്ധമാണ് കാമാഖ്യക്ഷേത്രം. ചിലർ ആടുകളെയും കോഴികളെയുമൊക്കെ ഇവിടെ ഉപേക്ഷിച്ചു പോകാറുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവരെ പ്രതീകാത്മകമായി ക്ഷേത്രത്തിൽ ഉപേക്ഷിച്ചു പോകുന്നു എന്നതാണ് ഈ പ്രവൃത്തിയുടെ സങ്കൽപം. അവയെ ബലികഴിക്കാറില്ല. അത്തരം ആടുകളും കോഴികളും ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞു നടക്കുന്നതു കാണാം.

മലമുകളിൽ എപ്പോഴും തണുത്ത കാറ്റ് വീശിക്കൊണ്ടേയിരിക്കുന്നു. കുങ്കുമത്തിൽ സ്നാനം ചെയ്ത പ്രാവുകൾ ക്ഷേത്രത്തിന്റെ പുറംചുമരിലുള്ള മടക്കുകളിൽ ഭയമേതുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. പ്രാവുകളും ആടുകളും അവിടെ ഒരുമിച്ചിരിക്കുന്ന കാഴ്ച. പ്രാവിന്റെ അടുത്ത് പോയാലും പിടിക്കാൻ ശ്രമിച്ചാലും അതിനൊരു കൂസലുമില്ല. ആ പ്രാവുകളെയും ബലി കൊടുക്കാനുള്ളതാണെന്ന് അവിടെ കൂടിയിരുന്നവരിൽ ആരോ പറയുന്നത് കേട്ടു. ഇവിടുത്തെ പൂജാരിയെ പണ്ഡിറ്റെന്നാണ് പറയുന്നത്. അവിടവിടങ്ങളിലായി ചുവന്ന വസ്ത്രമണിഞ്ഞ പണ്ഡിറ്റുമാർ ഇരിക്കുന്നുണ്ടായിരുന്നു. അവർ അവിടെ വരുന്ന ഭക്തർക്ക് മന്ത്രം ചൊല്ലിക്കൊടുക്കുകയും പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

സൃഷ്ടിയുടെ അടിസ്ഥാനം, സ്ത്രീ

KAMA TEMPLE 9

ക്ഷേത്രത്തിലെ കാഴ്ചകൾക്കു ശേഷം പിറകിലായിയുള്ള മ്യൂസിയത്തിനകത്തേക്ക് കടന്നു. പഴയ കാലത്തെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും അവിടെ ഭംഗിയായി പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിനടുത്തായി ഒരു കുളമുണ്ട്. കുളം നിറയെ താറാവുകൾ. ബലി കൊടുക്കാനുള്ളവയാണ് അവയും. താടിയും മുടിയും നീണ്ടു വളർന്ന് തന്റെ ജീവിതം കാമാഖ്യദേവിയുടെ മടിത്തട്ടിൽ അർപ്പിച്ച ചില സന്യാസിമാരെ അവിടെ കണ്ടു. ജഡപിടിച്ച മുടിയിൽ ശിവനെ കണ്ട് കഴുത്തിലണിഞ്ഞ രുദ്രാക്ഷത്തിൽ ദൈവത്തിന്റെ പ്രതിപുരുഷനെന്ന് ആശ്വാസം കൊണ്ട്, ജനിച്ചാൽ ഒരു ദിവസം മരിക്കണമെന്നും അതുവരെ ജീവിച്ചു തീർക്കണമെന്നും കരുതുന്നവർ... ബന്ധങ്ങളും ബന്ധനങ്ങളുമില്ലാതെ ഉറ്റവരും ഉടയരും ഇല്ലാതെ. അവർക്ക് കരുതാനൊന്നുമില്ല.. കുത്തിനടക്കാനൊരു വടിയും കോണോട് കോൺ ചേർത്ത് കൂട്ടിക്കെട്ടിയ കാവിമുണ്ടിന്റെ തോൾസഞ്ചിയും സഞ്ചിയിലൊരു വക്ക് പൊട്ടിയ പ്ലേറ്റും വെള്ളം കുടിക്കാൻ ചുളുങ്ങിയ ഒരു അലുമിനിയം ഗ്ലാസും മാത്രം. വായ കീറിയ ദൈവം ജീവൻ നിലനിർത്താനുള്ള അന്നം കൊടുക്കുന്നുണ്ടവർക്ക്. ഭക്തർക്കായി സമയബന്ധിതമായി നൽകി വരുന്ന അന്നദാനം.

വളരെ പരിശുദ്ധമായി നാം കണക്കാക്കുന്ന രുദ്രാക്ഷം അവിടെ യഥേഷ്ടം കിട്ടുന്ന കാഴ്ച വഴിവക്കിലെ കച്ചവടക്കാരുടെ അടുത്തെത്തിച്ചു. വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ പാത്രത്തിൽ നിന്ന് നെല്ലിക്കയോളം വരുന്ന ഒരു കായെടുത്ത് അതിന്റെ മാംസളമായ ഭാഗങ്ങൾ ചെത്തിക്കളഞ്ഞ് ഒരു വലിയ ബ്രഷ് കൊണ്ട് ഉരച്ചുരച്ച് രുദ്രാക്ഷം വൃത്തിയാക്കുന്നു. രുദ്രാക്ഷത്തിന്റെ ഒരു പച്ചക്കായ എടുത്ത് കച്ചവടക്കാരനു കൊടുത്തു. അതിന് അഞ്ചു മുഖമായിരുന്നു. രുദ്രാക്ഷം പലവിധമുണ്ടെന്നത് പുതിയ അറിവായിരുന്നു. ഒന്നുമുതൽ 21 വരെ മുഖങ്ങളുള്ള ര്യദ്രാക്ഷങ്ങളിൽ മൂന്നു നാല് അഞ്ച് ആറ് മുഖങ്ങളുള്ളവയാണ് സാധാരണയായി കിട്ടുന്നത്. പത്ത് രൂപയാണ് ഒരു രുദ്രാക്ഷത്തിന്റെ ഇവിടുത്തെ വില. അതിനി ഉണക്കിയെടുത്ത് ആറുമാസം എണ്ണയിലിട്ടു വയ്ക്കണം. ആ എണ്ണ വേദന സംഹാരിയായി ഉപയോഗിക്കാമെന്ന് കടക്കാരൻ പറഞ്ഞു. ശിവന്റെ കണ്ണ് എന്ന അർത്ഥം വരുന്ന രുദ്രാക്ഷം അതിന്റെ വിധിപ്രകാരം ധരിച്ചാൽ ദോഷങ്ങൾ നീങ്ങി ദൈവത്തിന്റെ സാമീപ്യവും അനുഗ്രഹവും ഉണ്ടാവുമെന്ന് പറയുന്നു. വിധിപ്രകാരമല്ലാതെയുള്ള ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. രുദ്രാക്ഷം ഒരു ജൈവ രത്നമായി കണക്കാക്കുന്നുവെന്നും അത്രമാത്രം പ്രത്യേകത രുദ്രാക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു തന്നു. അവിടെ നിന്നും വീണ്ടും നടക്കാൻ തുടങ്ങി. ക്ഷേത്രത്തിൽ നേരത്തെയിരുന്ന ഹാളിനടുത്തായി ഭക്തർ നെയ് വിളക്കുകൾ കത്തിക്കുന്നു. മനസ്സിലെ ഇരുട്ട് വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്നു... തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കുന്ന തിരിനാളം.

KAMA TEMPLE 2

സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനമെന്ന് വിളിച്ചോതുന്ന പുണ്യസ്ഥലമാണ് കാമാഖ്യ ക്ഷേത്രം. ആർത്തവം ആഘോഷമാക്കുന്ന ക്ഷേത്രം. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളേറുന്ന ഈ കാലഘട്ടത്തിൽ ആർത്തവവും സൃഷ്ടി സങ്കല്പവും പുണ്യമായി പൂജിക്കപ്പെടുന്ന ഇത്തരം പുണ്യസ്ഥലങ്ങളുടെ ഖ്യാതി നാടൊട്ടുക്കും ഉയരണം. ഒരു തവണ വന്നാൽ മൂന്നുതവണ ഈ ക്ഷേത്രത്തിൽ വരാൻ സാധിക്കും എന്നാണ് വിശ്വാസം. അതു സത്യമാവട്ടെ. സാധിക്കുമെങ്കിൽ ഇനിയും പോകണം. ദേവിയുടെ അനുഗ്രഹങ്ങളേറ്റുവാങ്ങി ആ പുണ്യ ഭൂമിയിലിരുന്ന് പ്രാർത്ഥിക്കണം.


Tags:
  • Manorama Traveller