Thursday 02 December 2021 11:59 AM IST : By Pranoy Mathew

വിലക്കുകളില്ലാത്ത നഗരം! ഹിപ്പികളുടേയും ‘അരാജകവാദികളുടേയും’ നാട്ടിലേക്ക്; ചിത്രങ്ങൾ

christina
Photo: Pranoy Mathew

2015 ഡിസംബർ 23, ഡൻമാർക്കിലെ കോപൻഹേഗൻ നഗരം. ഒറിസുണ്ട് പാലത്തിലൂടെ പാഞ്ഞുപോകുന്ന കാറിന്റെ മുൻസീറ്റിൽ ഇരുന്ന് ഇരുവശത്തും പരന്നുകിടക്കുന്ന വിശാലമായ സമുദ്രത്തിലേക്കും ഇടയ്ക്കിടെ കാറിന്റെ ജിപിഎസ്സിലേക്കും നോക്കുകയായിരുന്നു ഞാൻ. ബാൾടിക് കടലിനു കുറുകെ, ഡൻമാർക്കിനും സ്വീഡനും ഇടയിൽ പണിതീർത്ത ഒരു എൻജിനീയറിങ് അദ്ഭുതം.

നഗരകേന്ദ്രത്തിലെ ഡൗൺടൗൺ ഹോട്ടലാണ് ഞങ്ങളുടെ ലക്ഷ്യം. സമയം വൈകിട്ട്് ആറുമണി ആകുന്നു. അന്തരീക്ഷത്തിൽ തണുപ്പേറുകയാണ്, ആകാശത്തുനിന്നു മഞ്ഞുതുള്ളികൾ പൊഴിയുന്നു. വഴിയിൽ വാഹനത്തിരക്ക് കൂടിവരികയാണ്. അഖിലിനോട് വണ്ടിയൊന്നു സ്ലോ ചെയ്ത് ഞങ്ങളുടെ തന്നെ രണ്ടാമത്തെ വണ്ടി പിന്നാലെയുണ്ടെന്ന് ഉറപ്പുവരുത്താൻ പറഞ്ഞു.ഇത്തവണ ഞങ്ങൾ എട്ടുപേരുണ്ട്, എല്ലാവരും സാഹസികതയ്ക്കായി കൊതിക്കുന്നവർ.

ക്രിസ്മസ് യാത്ര

സ്വീഡനിലെ ആദ്യക്രിസ്മസ്. അതെങ്ങനെ അടിപൊളിയായി ആഘോഷിക്കാമെന്ന് ചർച്ച ചെയ്തപ്പോഴാണ് കോപൻഹേഗൻ സന്ദർശിക്കാം എന്ന ആശയത്തിലെത്തിയത്. കഴിഞ്ഞവർഷം ഇതേകാലത്ത് അവിടെ സഞ്ചരിച്ച ചില സീനിയർ വിദ്യാർത്ഥികളുടെ പ്രേരണയും ഇതിനു കാരണമായി. മണിക്കൂറുകൾകൊണ്ട് മൂന്നു ദിവസത്തെ സഞ്ചാരപരിപാടി തയാറാക്കി. നാളെത്തന്നെ (ഡിസംബർ23) പുറപ്പെടാം എന്നു നിശ്ചയിക്കുകയും ചെയ്തു.

അന്നുരാത്രി എനിക്കുറക്കം വന്നതേയില്ല. കോപൻഹേഗൻ ‍നഗരത്തിൽ ക്രിസ്റ്റിയാനിയ എന്നൊരു ഫ്രീ ടൗൺ ഉണ്ടെന്ന് ഒരു സീനിയർ സഹപാഠി പറഞ്ഞറിഞ്ഞിരുന്നു. ഹിപ്പികളും സമൂഹത്തിലെ മറ്റു ബഹിഷ്കൃതരും നിയന്ത്രിക്കുന്ന ഒരു പ്രദേശം. ഗവൺമെന്റിന്റെ നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമാകാത്ത പ്രദേശം. ആളുകൾ അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കുന്ന ഒരു ഫ്രീ ടൗൺ.

c5

മഞ്ഞ് പുതച്ച കോപൻഹേഗൻ

നഗരഹൃദയത്തിൽതന്നെയായിരുന്നു ഹോട്ടൽ ‍ഡൗൺടൗൺ. ഞങ്ങൾ പോരുമ്പോൾ സ്വീഡനിലെ കാലാവസ്ഥ 6 ഡിഗ്രി സെ ൽഷ്യസ് ആയിരുന്നു. കോപൻഹേഗനിൽ ഞങ്ങളെ സ്വാഗതം ചെയ്തത് മൈനസ് 4 ഡിഗ്രി സെൽഷ്യസും. മഞ്ഞുവീഴ്ച കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ ധരിച്ചിരുന്ന ലതർ ജാക്കറ്റിനും ത ണുപ്പ് ത‍ടയാനാകുന്നില്ല. തൽക്കാലം മുറിയിൽത്തന്നെ ഇരുന്നാൽ മതിയെന്നു തീരുമാനിച്ചു. എന്നാൽ എനിക്ക് ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. ജനാലയ്ക്കരികിൽ ചെന്നുനിന്ന് മഞ്ഞുമൂടിക്കിടക്കുന്ന ആ പാത എന്നെ എവിടെയായിരിക്കും എത്തിക്കുക എന്നു ഞാൻ അദ്ഭുതപ്പെട്ടു. തൊഴിലാളികൾ നിരന്തരം തെരുവുകളിൽക്കൂടി മഞ്ഞ് നീക്കം ചെയ്ത് പോകുന്നുണ്ട്.

ഞാൻ എന്നെപ്പോലെതന്നെ അക്ഷമരായിരിക്കുന്ന എൽവിനെയും ഷെനിലിനെയും നോക്കി. ‘‘പ്രണോയ്, നമുക്കിവിടെനിന്ന് പുറത്തു പോകാം. നേരം വൈകി, ഈ സ്ഥലമത്ര പരിചിതവുമല്ല. പക്ഷേ, എന്റെ കയ്യിൽ അച്ചടിച്ച ഒരു മാപ്പുണ്ട്. നമുക്ക് അതു നോക്കി പോയിവരാം. പറ്റുകയാണെങ്കിൽ ഹിപ്പികളുടെ ടൗണിലേക്കും പോകാം. ക്രിസ്റ്റിയാനിയയിൽ ഉറക്കമില്ലെന്നാണ് കേട്ടിട്ടുള്ളത്.’’ എങ്ങനെയോ മനസ്സു വായിച്ചിട്ടെന്ന പോലെ എൽവിൻ പറഞ്ഞു. ‘‘നമുക്ക് മാപ്പിന്റെ കോപ്പിയുള്ളതു കൂടാതെ ഫോണിൽ വൈഫൈ ഉപയോഗിച്ച് ഓഫ് ലൈൻ മോഡിലേക്ക് മാപ്പ് ഡൗൺലോഡ് ചെയ്തു വയ്ക്കാം. തിരിച്ചിവിടെത്താൻ അതൊക്കെ മതിയാകും.’’ എൽ‌വിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു.

c6

തണുത്തുറയാതെ നഗരം

എൽവിൻ ഞങ്ങൾ രണ്ടുപേർക്കും മുൻപെ നടന്നു, തെരുവുകളിലൂടെ ശ്രദ്ധാപൂർവം ഞങ്ങളെ കൊണ്ടുപോയി. കനത്തമഞ്ഞുവീഴ്ചയും കാറ്റും പക്ഷേ, നഗരജീവിതത്തെ വലിയരീതിയിൽ ബാധിച്ചതായി കണ്ടില്ല. ഡൻമാർക്കുകാർ ഈ കാലാവസ്ഥയോടു പൊരുത്തപ്പെട്ടവരായിരിക്കും. കടകൾ തുറന്നിരിക്കുന്നു. ആളുകൾ കാറുകളിലും സൈക്കിളുകളിലും വീട്ടിലേക്ക് കുതിക്കുന്നു. ഞാൻ വഴിയിൽ നിരന്തരം നിന്നു ഫോട്ടോകളെടുത്തു,

കോപൻഹേഗൻ പ്രതീക്ഷിച്ചതുപോലെതന്നെ, മനോഹരമായൊരു നഗരം. എവിടെയും തടാകങ്ങളും പാലങ്ങളും. എല്ലാം വളരെ കൃത്യമായ ആസൂത്രണമികവോടെ സംവിധാനം ചെയ്തത്. രാജ്യത്തെമ്പാടും ബീച്ചുകളുണ്ട്, എല്ലാ സ്ഥലത്തും ആളുകൾ ധാരാളമായി സൈക്കിളുകൾ ഉപയോഗിക്കുന്നു. ‌

നഗരപ്രാന്തങ്ങളെ ഉപേക്ഷിച്ച് മുന്നോട്ടു നടന്നു ഞങ്ങൾ, അതോടെ വഴിയിൽ കണ്ടുമുട്ടുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണം കുറഞ്ഞുവന്നു. കാറുകളുടെയും ട്രക്കുകളുടെയും ശബ്ദം ക്രമേണ നേർത്ത് ഇല്ലാതായി. അരമണിക്കൂറോളം നടന്നു കഴിഞ്ഞപ്പോൾ അവിടെ ഞങ്ങളും മുന്നിൽ നീണ്ടുകിടക്കുന്ന മഞ്ഞിൽ പുതഞ്ഞ, വെളുത്തപാതയും മാത്രമായി. പിന്നെ അവിടെ ഉള്ളത് ഇല പൊഴിച്ചുനിൽക്കുന്ന ഏതാനും മരങ്ങളും മഞ്ഞുറഞ്ഞ ഒരു തടാകവും മാത്രം.

c2

ഇനി എങ്ങോട്ട്?

‘പ്രണോയ്, നിന്റെ ഫോണിങ്ങെടുക്കാമോ? എ ന്റേതിലെ ചാർജ് തീർന്നു. എനിക്കു തോന്നുന്നു, നമ്മൾ ഈ തടാകത്തിനുചുറ്റും വലംവച്ചുകൊണ്ടിരിക്കുകയാണെന്ന്.’ പെട്ടന്നു നടത്തം നിർത്തിയ എൽവിൻ ചോദിച്ചു. രണ്ടുമണിക്കൂർ നടന്നിട്ടും എങ്ങുമെത്തിയില്ല. ഞാൻ എന്റെ ഫോൺ എടുത്തുനോക്കിയപ്പോൾ അതിന്റെ ചാർജും തീർന്നിരിക്കുന്നു. ഷെനിലിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

തുടർച്ചയായ മഞ്ഞും തണുത്ത കാറ്റും കാരണം ഞങ്ങൾ അതിനകം വിറച്ചു തുടങ്ങിയിരുന്നു. ഞാനധികവും മഞ്ഞിൽക്കൂടിത്തന്നെ നടന്നതിനാൽ എന്റെ പഴയ അഡിഡാസ് ഷൂ നനഞ്ഞ് വെള്ളം ഇറ്റുന്ന അവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തിൽ പാദമവിടെയുണ്ടോ എന്ന് അറിയാൻ പോലും വയ്യാത്ത തരത്തിലായി ഞാൻ. മാപ്പിന്റെ പേപ്പർ പുറത്തെടുത്ത് അത് നോക്കി മുന്നോട്ടു നടക്കാവുന്ന ഒരവസ്ഥയിലായിരുന്നില്ല ഞങ്ങളാരും.

ഞാൻ കോപൻഹേഗൻ മാപ്പ് പുറത്തെടുത്ത് വിശദമായി ഒന്നു പഠിച്ചു. നഗരത്തിൽ വിവിധസ്ഥലങ്ങളിലായി നിൽക്കുന്ന പ്രധാനപ്പെട്ട അടയാളസ്ഥാനങ്ങളെല്ലാം വ്യക്തമായി ഇതിൽ വിവരിക്കുന്നുണ്ട്. ഞങ്ങളെ ക്രിസ്റ്റിയാനിയയുടെ അടുത്തെത്തിക്കാവുന്നത് ചർച്ച് ഓഫ് അവർ സേവിയർ ടവർ എന്ന നല്ല ഉയരമുള്ള ഗംഭീരൻ ഗോപുരമാണ് എന്ന് എനിക്കു തോന്നി. ഞാൻ അവിടെ ചുറ്റുപാടും ഗോപുരസമാനമായി എന്തെങ്കിലും കാണാനുണ്ടോ എന്നു പരതി. അങ്ങു ദൂരെ, മ‍ഞ്ഞിനു മുകളിൽ തലയുയർത്തി നിൽക്കുന്ന ശ്രദ്ധേയമായ എന്തോ ഒന്നു കാണാനായി. പിരിയൻ ഡിസൈനുകളുള്ള ഒരു ഗോപുരം. അതിന്റെ സുവർണ വശങ്ങൾ എവിടെനിന്നും നോക്കിയാൽ കാണുംവിധം അതിനെ ദൃശ്യമാക്കി.

‘ഹേ! അതാ ആ ഗോപുരം കാണുന്നുണ്ടോ? അതിന്റെ അടുത്താണ് നമുക്ക് എത്തേണ്ടത്. ഈ തണുപ്പത്തു നമ്മുടെ കാലുകൾ മരവിച്ചിരിക്കുകയാണെന്നറിയാം. അവിടെയാണ് നാം നമ്മെത്തന്നെ മുന്നോട്ടു കൊണ്ടുപോകണ്ടത്, നമ്മുടെ ലക്ഷ്യത്തിലെത്തേണ്ടത്.’ രണ്ടുപേരും എന്നോട് യോജിച്ച് തലകുലുക്കി.

ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. എന്നാൽ ഈ തവണ ഞങ്ങളുടെ നടപ്പ് പതുക്കെപ്പതുക്കെ ഓട്ടമായിത്തീർന്നു. മഞ്ഞിൽക്കൂടിയും ഐസ് കട്ടകളിൽക്കൂടിയും ഞങ്ങൾ ഓടി. റോഡിലാണോ ഐസ് വീണു തെന്നുന്ന കോൺക്രീറ്റിലാണോ ചവിട്ടുന്നതെന്ന് ഞങ്ങൾ ശ്രദ്ധിച്ചില്ല. ആ ഗോപുരം മാത്രമായിരുന്നു ലക്ഷ്യം. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ മറികടന്നും മ‍ഞ്ഞു കട്ടപിടിച്ച ഒരു തടാകത്തിന്റെ മുകളിലൂടെയുമൊക്കെ ഓടി. പെട്ടന്നുള്ള ഈ കായികാധ്വാനം ഞങ്ങളുടെ ശരീരത്തെ ചൂടുപിടിപ്പിച്ചു. ഇരുപതു മിനിറ്റുകൊണ്ട് ഞങ്ങൾ ആ ഗോപുരത്തിനടുത്തെത്തി. അപ്പോഴേക്കും ക്ഷീണിച്ച്, അണച്ച് ശ്വാസത്തിനായി ബുദ്ധിമുട്ടി എല്ലാവരും.

christina

വഴിതെറ്റിയ ഇന്ത്യക്കാർ

ഞങ്ങളുടെ ഈ പരാക്രമങ്ങളെല്ലാം കണ്ടുകൊണ്ട് ഒരാൾ ആ ഗോപുരത്തിനടുത്ത് നിൽപുണ്ടായിരുന്നു. ആ മനുഷ്യൻ ഞങ്ങളെ നോക്കി ചിരിച്ചു, കൈവീശി. ഞങ്ങൾ തിരിച്ചും കൈവീശി. അടുത്തേക്കുവന്ന അദ്ദേഹം ഞങ്ങളാരാണെന്നും എങ്ങോട്ടാണെന്നുമൊക്കെ അന്വേഷിച്ചു. ഞാൻ കാര്യം മുഴുവൻ അവതരിപ്പിച്ചു.

‘കോപൻഹേഗനിൽ വഴി തെറ്റിയ ഇന്ത്യക്കാർ! ഞാൻ ഇതാദ്യമായിട്ടാണ് കാണുന്നത്. ഏതായാലും നിങ്ങളുടെ കഷ്ടപ്പാട് വെറുതെയായില്ല. നിങ്ങളന്വേഷിക്കുന്ന ഫ്രീടൗണിലേക്ക് ഏതാനും മീറ്ററുകൾ മാത്രമേയുള്ളു ഇനി.’ അദ്ദേഹം ഞങ്ങളെ ക്രിസ്റ്റിയാനിയയുടെ അകത്തേക്ക് കൊണ്ടുപോയി, തുറന്നിരുന്ന ഒരു കഫേയിൽനിന്നും ചൂടു കാപ്പി മേടിച്ചുതന്നു. ഞങ്ങൾ നെരിപ്പോടിനടുത്തേക്ക് നീങ്ങി നിന്നു. ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന മനുഷ്യൻ ലൂക്കാസ് എന്നു സ്വയം പരിചയപ്പെടുത്തി. കോപൻഹേഗനിൽ ജനിച്ചുവളർന്ന അദ്ദേഹം ക്രിസ്റ്റിയാനിയയെക്കുറിച്ച് വിശദീകരിച്ചു പറഞ്ഞുതുടങ്ങി.

‘1971ൽ ചെറുപ്പക്കാരായ ഒരുകൂട്ടം കയ്യേറ്റക്കാരും കലാകാരന്മാരും ഒക്കെ ചേർന്ന് നഗരപ്രാന്തത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പട്ടാളകേന്ദ്രം കൈവശമാക്കി അരാജകവാദികളുടെ ഒരു പ്രദേശമുണ്ടാക്കി. അവരതിനെ ഡൻമാർക്ക് സർക്കാറിന്റെ നിയമങ്ങൾ ബാധകമല്ലാത്ത ഒരു ‘സ്വതന്ത്രപ്രദേശം’ ആയി പ്രഖ്യാപിച്ചു. ഏകദേശം 900 താമസക്കാരുണ്ടിവിടെ. അതിൽ ചിലർ മൂന്നാമത്തെ തലമുറയിൽ പെടുന്നവരാണ്. ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം കാലം നിലനിന്നതുമായ ഒരു സമൂഹമായിരിക്കും ഇത്. ഇതിലേക്ക് പ്രവേശിച്ചപ്പോൾ‍ നിങ്ങളൊരു ഫലകത്തിനടിയിൽക്കൂടി കടന്നു, ‘‘നിങ്ങൾ യൂറോപ്യൻ യൂണിയന്റെ അതിർത്തി പിന്നിടുന്നു. ക്രിസ്റ്റിയാനിയക്ക് സ്വന്തമായ പതാകയും ചിഹ്നങ്ങളുമുണ്ട്. ക്യാമറയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്ളിൽ പ്രവേശിപ്പിക്കാൻ പാടില്ല. അവ പോക്കറ്റിലോ ഹാൻഡ്ബാഗിനുള്ളിലോ സൂക്ഷിക്കുക.’’

c3

ക്രിസ്റ്റിയാനിയയിൽ

ഞങ്ങളെ ലൂക്ക കഫേയുടെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി ഇരിക്കാൻ ഒരു ബെഞ്ച് സംഘടിപ്പിച്ചു തന്നു. പതിഞ്ഞതാളത്തിൽ ഒരു പാശ്ചാത്യസംഗീതം മുഴങ്ങിയിരുന്നു അവിടെ. ഇരുണ്ട മുടിയും ചെമ്പിച്ച കണ്ണുകളും കൃത്യമായ ആകാരസവിശേഷതകളുമുള്ള നാൽപതുകളിലെത്തിയ ഒരാളായിരുന്നു ലൂക്ക. സംസാരിക്കാൻ ഇഷ്ടപ്പെടുന്ന, ഗൗരവംനിറഞ്ഞ മുഖഭാവത്തോടുകൂടിയ, ആഹ്ലാദവാനായ ഒരാൾ. ഞങ്ങൾക്ക് ചില ക്രിസ്റ്റിയാനിയൻ ബിയറുകൾ കൊണ്ടുവരാൻ പറഞ്ഞിട്ട് ടുബാക്കോ ബോക്സ് തുറന്ന് സിഗരറ്റ് ചുരുട്ടാൻ തുടങ്ങി ലൂക്ക.

‘ഒരു നാൽപത്തഞ്ചു വർഷം പഴയ കഥയാണ്. ആയിരക്കണക്കിന് യുവാക്കളായ ഡൻമാർക്കുകാർ–അവരിൽ കലാകാരന്മാരും ഫെമിനിസ്റ്റുകളും ഹിപ്പികളും അരാജകവാദികളുമൊക്കെയുണ്ട്– പരമ്പരാഗത സമൂഹത്തോട് പുറംതിരിഞ്ഞ് അവർ നഗരത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു, നിയമങ്ങൾക്കതീതരായി ജീവിച്ചു തുടങ്ങി. അവിടെയാണ് നമ്മളിപ്പോൾ ഇരിക്കുന്നത്. സാധാരണ ജീവിതശൈലികൾക്കപ്പുറത്ത്, സ്വമേധയാ നിലനിൽപുള്ള ഒരു സമൂഹം. ക്രിസ്റ്റിയാനിയ രൂപപ്പെടുന്നത് അങ്ങനെയാണ്. ഒരു സമൂഹം എന്നൊക്കെ പറയുന്നതിനെക്കാൾ ഒരു ആഘോഷമെന്നു വിളിക്കുന്നതായിരിക്കും നല്ലത്.’ ലൂക്ക തുടർന്നു.

ഫ്രീടൗൺ അനുഭവം

ഫ്രീടൗണിലേത് കഞ്ചാവ് സൗഹൃദനിയമങ്ങളാണ്. എവിടെയും ഹാഷിഷിന്റെയും കഞ്ചാവിന്റെയും മണം. കഫേയുടെ ഒരു മൂലയിൽ ആളുകൾ നൃത്തം ചെയ്യുന്നു. മറ്റുള്ളവർ നിശ്ശബ്ദരായിരുന്ന് കഞ്ചാവ് വലിച്ച് ബിയർ നുണയുന്നു.

ലൂക്കയുടെ ഗേൾഫ്രണ്ട് ലൂയിസും താമസിയാതെ ഞങ്ങൾക്കൊപ്പം കൂടി. ആ കഫേയിൽ ജോലിചെയ്യുന്ന അവർ ഷിഫ്റ്റ് പൂർത്തിയായശേഷമാണ് അങ്ങോട്ടുവന്നത്. ലൂക്കാസിനോട് ചേർന്നിരുന്ന് ലൂയിസ് ഞങ്ങളെ പരിചയപ്പെട്ടു. ആകർഷമായ വ്യക്തിത്വമുള്ള സുന്ദരിയായൊരു യുവതി. ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ആളുകളെപ്പറ്റിയുമൊക്കെ സംസാരിക്കാനായിരുന്നു അവർക്ക് ഇഷ്ടം. ലൂക്കയുടെ ചുണ്ടുകളിൽനിന്ന് അവർ കഞ്ചാവ് പുക വലിച്ചെടുത്തു.

ജീവിതത്തിന്റെ സങ്കൽപത്തെപ്പറ്റിയും ക്ഷണികതയെപ്പറ്റിയും ഞങ്ങൾ ചർച്ച ചെയ്തു, ഇടയ്ക്ക് കഞ്ചാവ് ഞങ്ങളുടെ സമീപത്തേക്ക് ലൂക്ക നീക്കി വയ്ക്കുന്നുണ്ടായിരുന്നു. ചർച്ചകൾ ആവേശത്തിലേക്കുയരവെ, ലൂയിസ് എഴുന്നേറ്റ് കൈകൾ മുകളിലേക്ക് ഉയർത്തി നൃത്തം വയ്ക്കാൻ തുടങ്ങി. അത് കഞ്ചാവ് തലയ്ക്കു പിടിച്ചതാണോ അതോ ഒരു ഡാനിഷ് വനിതയുടെ സ്വഭാവികചോദനയാണോ എന്നറിയില്ല. ഏതായാലും അവർ ആ മുറിയിലൂടെ അനായാസം ഒഴുകി നടന്നു.

c4

ഞങ്ങളൊന്ന് ചൂടുപിടിച്ച ശേഷം, ലൂക്കാസ് ഞങ്ങളെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ക്രിസ്റ്റിയാനിയയുടെ അകത്തുള്ള തെരുവുകളിലൂടെയും കടകളുടെ ഭാഗത്തുകൂടെയും തെരുവുകളുടെ ഇടയിലൂടെയും ഞങ്ങൾ നടന്നു,‌ ഈ യാത്രയുടെ ഓർമയ്ക്കായി ഞാൻ ആദ്യത്തെ കടയിൽനിന്ന് ഒരു ക്രിസ്റ്റിയാനിയൻ പതാക–ഒരു ചുവന്ന ചതുരത്തിൽ 3 മഞ്ഞവൃത്തങ്ങൾ– രേഖപ്പെടുത്തിയ കീ ചെയിൻ വാങ്ങി.

അതീവസുരക്ഷാ സംവിധാനമുള്ള ജയിലെന്നപോലെ പടുകൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ടതാണ് ക്രിസ്റ്റിയാനിയ. ആ മതിലുകളിലെല്ലാം അ ത്യന്തം കലാപരമായ ചുമർചിത്രങ്ങളുണ്ട്.

തെരുവുകളുടെ പല മൂലകളിലും നരച്ച കടകൾ, അവിെട ലഭിക്കുന്ന വിവിധതരം മരിജുവാനകളുടെ പേരെഴുതി മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ചില കോണിൽനിന്നു നോക്കുമ്പോൾ അതൊരു ചേരിപ്രദേശമാണെന്നു തോന്നും, പക്ഷേ, അതിനെക്കാൾ വികസിച്ചതും കലാപരവുമാണ് ഇവിടം. അവിടത്തെ പ്രധാന ഹാളിലേക്കാണ് ലൂക്കാസ് ഞങ്ങളെയും കൂട്ടി നടന്നത്. അവിടെ ഒരു സംഗീതപരിപാടി നടക്കുകയാണ്.

വിലക്കുകളില്ലാത്ത നഗരം

പല പ്രായത്തിലും വിഭാഗങ്ങളിലുമുള്ള മനുഷ്യർ അവിടെ ഉണ്ടായിരുന്നു. പലരും കാപ്പിയോ വൈനോ നുണഞ്ഞും പുകവലിച്ചും ഇരിക്കുന്നു. ഞാൻ ചുറ്റുപാടും നോക്കി, ഭിത്തികളിലെല്ലാം പല നിർദേശങ്ങളും മുദ്രാവാക്യങ്ങളും എഴുതിയിട്ടിരിക്കുന്നു. ഭൂരിപക്ഷവും സ്വാതന്ത്ര്യത്തെപ്പറ്റിയാണ്.

ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി തിരഞ്ഞെടുത്ത ഡെൻമാർക്കിൽ ഇങ്ങനെയൊക്കെ നടക്കുമോ? ഇതിനെപ്പറ്റി ഗവൺമെന്റിന് അറിവുണ്ടോ? എൽവിൻ അന്വേഷിച്ചു.

‘‘ഞങ്ങൾ ശാന്തിയോടും സമാധാനത്തോടുംകൂടിയാണ് കഴിയുന്നത്. ആളുകൾക്ക് അവർക്കിഷ്ടമുള്ളതു ചെയ്യാനുള്ള അനുവാദംകൊടുക്കുമ്പോഴേ സമാധാനമുണ്ടാകൂ. എന്തെങ്കിലും ചെയ്യുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ആളുകൾക്ക് സ്വാഭാവികമായും അതിലേക്കു പോകാൻ ഒരു പ്രവണതയുണ്ടാകും. ഞങ്ങൾ പൂർണതയുള്ള ഒരു സമൂഹമൊന്നുമല്ല, പക്ഷേ, ഇവിടെ ആരും ആരെയും ഒന്നും ചെയ്യുന്നതിൽനിന്നു വിലക്കുന്നില്ല. എല്ലാവരും അവരവരുടെ കാര്യം മാത്രം നോക്കുന്നു. പുകവലിക്കണോ ചെയ്തോളൂ. എന്നാൽ ഓർക്കുക, സ്വന്തം ജീവിതത്തിന് ഉത്തരവാദികൾ അവരവർതന്നെയാണ്. ഈ ഓർമ്മ മനസ്സിലുള്ളിടത്തോളം എല്ലാം ശരിയായിരിക്കും.’’ ഇതായിരുന്നു ലൂക്കാസിന്റെ മറുപടി.

അപ്പോഴേക്കും ആ രാത്രി അവസാനിക്കാറായിരുന്നു. ലൂക്കാസും ലൂയിസും അവരുടെ കാറിൽ ഞങ്ങളെ ഹോട്ടലിലെത്തിക്കാമെന്ന് നിർബന്ധം പിടിച്ചു. ഞങ്ങളെ ഹോട്ടലിനു മുന്നിൽ വിട്ടശേഷം അവരുടെ പഴയ ബിഎംഡബ്ല്യു മഞ്ഞിലൂടെ സാവധാനം ഹിപ്പികളുടെ നാട്ടിലേക്കുതന്നെ മടങ്ങി.

മുറിയിലെത്തിയപ്പോൾ രാവിലെ 7 മണി. ബാക്കി സുഹൃത്തുക്കളെല്ലാവരും വാടകയ്ക്കെടുത്ത ജാക്കറ്റും ബൂട്ട്സും ധരിച്ച് ഹോട്ടലുകാർ ഏർപ്പെടുത്തിയ സിറ്റി ടൂറിന് തയാറായി നിൽക്കുന്നുണ്ടായിരുന്നു. .