Tuesday 14 December 2021 02:12 PM IST : By Text, Photo: Devan Nair

175 കിമീ ദൂരം സഞ്ചരിച്ച് 11 ദിവസം നീണ്ട ട്രക്കിങ്; സാഹസികതയും പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ടൂർ ഡു മോണ്ട് ബ്ലാങ്ക് അനുഭവം..

terdd1 Text, Photo: Devan Nair

ആൽപ്സ് പർവതനിരകളിൽ ഏറ്റവും ഉയരം കൂടിയ മോണ്ട് ബ്ലാങ്ക് കൊടുമുടിയെ പ്രദക്ഷിണം ചെയ്ത് ഫ്രാൻസിന്റെയും ഇറ്റലിയുടെയും സ്വിറ്റ്സർലൻഡിന്റെയും പ്രദേശങ്ങളിലൂടെ 175 കി മീ സഞ്ചരിച്ച് 11 ദിവസം നീണ്ട ട്രക്കിങ്. സാഹസികതയും  പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ടൂർ ഡു മോണ്ട് ബ്ലാങ്ക് അനുഭവം...

ഉറങ്ങാൻ കിടന്ന എന്റെ മനസ്സിൽ മുഴുവൻ വായിക്കാൻ വൈകിപ്പോയ ആ ഇ–മെയിലിന്റെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു. ഒരു സ്വപ്നമായി കൊണ്ടുനടന്ന ആൽപ്സ് പർവതനിരയിലെ ട്രക്കിങ്ങിനായി ബന്ധപ്പെട്ടിരുന്ന ഏജൻസിയിൽനിന്നുള്ള സന്ദേശമായിരുന്നു അത്. ‌കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആൽപ്സിലെ പല മലയിടുക്കുകളിലും അതിശക്തമായ മഞ്ഞുവീഴ്ചയാണെന്നും ട്രക്കിങ്ങിനു വരുമ്പോൾ ട്രക്കിങ് പോൾസും ക്രാംപോൺസും (മഞ്ഞിൽ നടക്കുമ്പോൾ ധരിക്കാനുള്ള കൂർത്ത മുനകളുള്ള പ്രത്യക ഷൂ) കരുതിയിരിക്കണമെന്നുമാണ് അവർ അറിയിച്ചിരിക്കുന്നത്. എന്നാൽ എന്റെ ഈ രണ്ട് ഉപകരണങ്ങളും അങ്ങ് കേരളത്തിലിരിക്കുകയാണ്. ജോലിയുമായി അയർലന്റിലെ ഡബ്ലിനിൽ കഴിയുന്ന എനിക്ക്, ഇവിടുത്തെ ചെറിയ ട്രക്കിങ്ങുകൾക്ക് ഇവ ആവശ്യമില്ലാത്തതിനാലും കഴിഞ്ഞ കുറേ കാലമായി എല്ലാവർഷവും ഹിമാലയത്തിൽ ഒരു ട്രക്കിങ് നടത്താറുണ്ട് എന്നതിനാലും അവയൊക്കെ നാട്ടിലാണ് വച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡിലേക്കുള്ള ഫ്ലൈറ്റ് നാളെ വെളുപ്പിനാണ്. നേരം വൈകിയതുകാരണം ഇനി ഇപ്പോൾ ബെയ്സ് ക്യാംപിനടുത്തുചെന്ന് അന്വേഷിക്കാം എന്നു നിശ്ചയിച്ച് കണ്ണുകളടച്ചു.

trehbbh

ടൂർ ഡു മോണ്ട് ബ്ലാങ്ക്

‘വെളുത്ത പർവതം’ എന്നർത്ഥമുള്ള മോണ്ട് ബ്ലാങ്ക് ആൽപ്സിലെ ഏറ്റവും ഉയരമുള്ള (4807 മീ) കൊടുമുടിയാണ്. ടൂർ ഡു മോണ്ട് ബ്ലാങ്ക് ആണ് ഈ കൊടുമുടിയെ പ്രദക്ഷിണം ചെയ്യുന്ന ട്രക്കിങ് റൂട്ടുകളിൽ ഔദ്യോഗികമെങ്കിലും നടത്തവഴിയിൽ പുതിയ പാതകൾ ചേർത്തും ട്രക്കിങ് ദിനങ്ങളുടെ എണ്ണം വ്യത്യാസപ്പെടുത്തിയും പല പേരുകളിലും ഇവിടത്തെ ട്രക്കിങ് അറിയപ്പെടുന്നുണ്ട്. അവയിൽ ഏറ്റവും ഉയരത്തിലുള്ള പർവത ഇടുക്കുകളിലൂടെ സഞ്ചരിക്കുന്ന അൾടിമേറ്റ് ടൂർ ഡു മോണ്ട് ബ്ലാങ്ക് ആണ് ഞാൻ തിരഞ്ഞെടുത്തത്. ഇതിന്റെ മറ്റൊരു പ്രത്യേകത കാലാവസ്ഥാമാറ്റങ്ങളാണ്. താഴ്‌വരയിലെ ചൂടിൽ തുടങ്ങി നല്ല തെളിഞ്ഞതും മേഘാവൃതമായതും മഴയും കനത്ത മൂടൽമഞ്ഞും ആലിപ്പഴവർഷവും മഞ്ഞുവീഴ്ചയും ഒക്കെ ഈ യാത്രയ്ക്കിടയിൽ അനുഭവിക്കേണ്ടി വരും.

yfgyrgfhrjo

ഒരു സ്വപ്നം യാഥാർഥ്യമാകുന്നു

ആൽപ്സിലേക്ക് ഇതു മൂന്നാം തവണയാണ് സഞ്ചരിക്കുന്നതെങ്കിലും ട്രക്കിങ് ആദ്യമായിട്ടാണ്. സദാ മഞ്ഞുമൂടി, ഗാംഭീര്യത്തോടെ നിലകൊള്ളുന്ന മോണ്ട് ബ്ലാങ്കിലേക്കുതന്നെ േവണം ആൽപ്സിലെ പ്രഥമ ട്രക്കിങ് എന്നത് ഒരു സ്വപ്നമായിരുന്നു.  ഒരു ബ്രിട്ടിഷ് ട്രക്കിങ് ഏജൻസിയിലൂടെയാണ് ഈ യാത്രയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. ട്രക്കിങ്ങിനുള്ള മീറ്റിങ് പോയിന്റും സ്റ്റാർടിങ് പോയിന്റും ആയ ഷമോനി ഫ്രാൻസിലെ പ്രശസ്തമായൊരു പർവതസുഖവാസ കേന്ദ്രമാണ്. ഒരു ദിവസം അവിടത്തെ കാഴ്ചകൾകൂടി കാണാനാകും വിധമാണ് യാത്ര പ്ലാൻ ചെയ്തത്. സ്വിറ്റ്സർലൻഡിലെ ജനീവയൽ വിമാനമിറങ്ങി, അവിടെനിന്ന് കാറിൽ ഷമോനിയിലേക്ക്. 

bhygfgnj

ഷമോനി

സമുദ്രനിരപ്പിൽനിന്ന് 1035 മീ ഉയരത്തിലാണ് ഷമോനി എന്ന ചെറുപട്ടണം. ‌പാരാ ഗ്ലൈഡിങ്, സ്കീയിങ് തുടങ്ങിയ വിനോദങ്ങൾക്കും പേരു കേട്ടതാണ് ഇവിടം. മോണ്ട് ബ്ലാങ്ക് കൊടുമുടിക്കു സമീപമുള്ള ഒയ്ഗിൽ ഡു മിഡി എന്ന പർവതശിഖരത്തിലേക്ക് ഇവിടെനിന്ന് കേബിൾ കാറിൽ സഞ്ചരിക്കാനും സാധിക്കും. 

താഴ്‌വരയിലെ അർഷോന്റിയെക് എന്ന സ്ഥലത്തായിരുന്നു ഹോട്ടൽ. അവിടെ നിന്നു നോക്കിയാൽ മോണ്ട് ബ്ലാങ്കിന്റെ നോർത്ത് ഫേസ് നന്നായി കാണാൻ സാധിക്കും. അന്നുതന്നെ ട്രക്കിങ് പോൾസും ക്രാംപോൺസും മേടിക്കാമെന്ന് വച്ച് പുറത്തേക്കിറങ്ങി. താമസിക്കുന്ന ഹോട്ടലിൽനിന്നും താഴ്‌വരയിലെവിടേക്കും സഞ്ചരിക്കാനുള്ള സൗജന്യ ബസ് ടിക്കറ്റ് കിട്ടി. താമസവും ഭക്ഷണവുമൊക്കെ ടൂറിസ്റ്റുകളുടെ കൈ പൊള്ളിക്കുമെങ്കിലും ബസ് ടിക്കറ്റ് പോലെ ചില ചെലവുകൾ‍ സൗജന്യമാക്കിയിട്ടുണ്ട് ഫ്രഞ്ചു സർക്കാർ.

ffsa775

അടുത്ത ദിവസം ഒയ്ഗിൽ ഡു മിഡിയിലേക്ക് കേബിൾ കാറിൽ പോയി മോണ്ട് ബ്ലാങ്കിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിച്ചു. 3842 മീ ഉയരത്തിലുള്ള ഈ ഹിൽടോപ്പിൽനിന്നും ഹെൽബ്രോന്നർ എന്ന ഇറ്റാലിയൻ ടൗണിലേക്ക് മറ്റൊരു കേബിൾ കാറുണ്ട്.

അന്നു വൈകുന്നേരം ഹോട്ടലിൽ വച്ച് ഞങ്ങളുടെ ട്രക്കിങ് ടീം ഒന്നിച്ചു കൂടി. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും ഉള്ള ഓരോ ദമ്പതിമാരും കാനഡയിൽനിന്നും അയർലൻഡിൽനിന്നുമുള്ള ഓരോ ട്രക്കർമാരും ആയിരുന്നു സഹയാത്രികർ. സോഫിയ എന്ന ഒരു ഫ്രഞ്ചു വനിത ഗൈഡും. 

tredd2

ഒന്നാം ദിനം

പ്രഭാതഭക്ഷണത്തിനു ശേഷം എട്ടുമണിയോടെ യാത്ര ആരംഭിച്ചു. കേബിൾകാറിൽ ബെൽവ്യൂ എന്ന സ്ഥലത്തെത്തി നടത്തം തുടങ്ങി. ബെൽവ്യൂവിൽനിന്ന് കോൾ ‍ഡി ട്രൈകോട്ട് എന്ന മലയിടുക്ക് വഴി ലെ കോൺടാമിന എന്ന സ്ഥലത്തേക്കാണ് ഇന്നത്തെ യാത്ര. ഏതാണ്ട് 16 കി മീ നടത്തം. 

കുറ്റിക്കാടുകൾ നിറഞ്ഞതും പലതരം സസ്യങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നതുമായ ഒരു പ്രദേശത്തു കൂടി നടന്ന് ബിയോനേസരി ഗ്ലേഷിയറിന്റെ ഭാഗത്തെത്തി. ഹിമാനിഗർത്തങ്ങൾ നിറഞ്ഞ ഇവിടെ ഈ അടുത്തകാലത്തു നിർമ്മിച്ച, ഒരു തൂക്കുപാലം കയറിക്കഴിഞ്ഞാൽ കഠിനമായ മലകയറ്റം തുടങ്ങുകയായി. വഴിക്ക് മലയാടുകളുടെ കൂട്ടത്തെ (ആൽപൈൻ ഐബക്സ്)  വളരെ അടുത്തു കാണാൻ കഴിഞ്ഞു.

കരിങ്കല്ലുകൾക്കും പാറക്കെട്ടുകൾക്കും ഇടയിലൂടെയുള്ള നടപ്പാത വ്യക്തമായി തെളിച്ചിട്ടിട്ടുണ്ട്. ഉച്ചയായപ്പോഴേക്കും മലയിടുക്കിൽ എത്തി. ഒരടിയോളം മഞ്ഞു വീണുകിടക്കുന്ന ഇവിടെ നിന്നാൽ മേഘങ്ങളുടെ ഇടയിലൂടെ തല ഉയർത്തി നിൽക്കുന്ന മോണ്ട് ബ്ലാങ്കിനെ കാണാനാകും. വേനൽക്കാലത്ത് ട്രക്കിങ് നടത്തുന്നവർക്കു തങ്ങാൻ പാകത്തിൽ രണ്ടു ഷാലെകൾ (തടികൊണ്ടുള്ള കുടിൽ)  കാണാം. അതിനടുത്ത് ഒരു പുൽത്തകിടിയിൽ ഇരുന്നാണ് കയ്യിലെടുത്തിരുന്ന ഉച്ചഭക്ഷണം കഴിച്ചത്. അതിനുശേഷം ചെറുതായൊന്ന് വിശ്രമിച്ചു, ഒപ്പം സോഫിയയുടെ വക ഒരു യോഗ ക്ലാസും. ഈ റൂട്ടിനെക്കുറിച്ചും ഇതിലെ സസ്യജന്തുജാലങ്ങളെക്കുറിച്ചുമുള്ള അവരുടെ അറിവ് അമ്പരപ്പിക്കുന്നതാണ്. 

പിന്നീട് ഒട്ടേറെ പർവതങ്ങളും മലമടക്കുകളും കയറിയും ഇറങ്ങിയും നടന്നു ലെസ് കൊൺടാമിന വരെ. സ്കീയിങ്ങിനു പേരു കേട്ട ചെറിയൊരു നഗരമാണിത്, അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.

trevnki

രണ്ടാം ദിനം

ഇന്നു പതിനെട്ടു കിലോമീറ്റർ താണ്ടണം‌.  വനത്തിൽകൂടി കടന്നുപോകുന്ന വിശാലമായ പാതയായിരുന്നു ആദ്യം. ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങളും ധാരാളം പൂക്കളുള്ള സസ്യങ്ങളും കണ്ണിനും മനസ്സിനും ഉന്മേഷം പകർന്നു. ആറു കി മീ കഴിഞ്ഞപ്പോൾ അതിമനോഹരമായ ഒരു താഴ്‌വാരഗ്രാമത്തിലെത്തി. ഹിമാലയത്തിലെ മണാലിക്കടുത്തുള്ള ഏതോ ഒരു ഗ്രാമംപോലെയാണ് ഇവിടം അനുഭവപ്പെട്ടത്. അവിടവിടെ തടികൊണ്ടുള്ള വീടുകൾ കാണാം. വലിയ മണികെട്ടിയ ആരോഗ്യവതികളായ പശുക്കള്‍ പുൽമേട്ടിൽ മേഞ്ഞു നടക്കുന്നു. 

പിന്നീട് ലാ ബാമി. അതിനുശേഷം നല്ല കയറ്റമായിരുന്നു. അങ്ങനെ 2469 മീ ഉയരത്തിലുള്ള കോൾ ഡി ബൊഹം എന്ന മലയിടുക്കിലെത്തി. അപ്പോഴേക്കും അതിശക്തമായ ഹെയിൽേസ്റ്റാം ആരംഭിച്ചിരുന്നു. തുടർന്ന് കനത്ത മഞ്ഞുവീഴ്ചയും. ഞങ്ങളെല്ലാവരും ക്രാംപോൺസ് ധരിച്ചാണ് നടക്കുന്നത്. ഇടയ്ക്ക് വച്ച് ഒരു സ്ഥലത്ത് കുറേ അധികം ട്രക്കേഴ്സ് മഞ്ഞുവീഴ്ച കുറയുന്നതും കാത്ത് നിൽക്കുന്നതു കണ്ടു. ഞങ്ങളും അവർക്കൊപ്പം കൂടി, ഒന്നു വിശ്രമിക്കുകയും ചെയ്യാമല്ലോ.

അൽപസമയത്തിനുശേഷം മഞ്ഞു പെയ്യുന്നത് അവസാനിച്ചു.  ഞങ്ങൾ നടത്തം തുടർന്നു. ആറേഴു കിലോ മീറ്റർ ഇറക്കമായിരുന്നു പിന്നീട്. അത് ചെന്നു നിന്നത് ലെസ് ഷാംപെക്സ് എന്നൊരു ഗ്രാമത്തിലായിരുന്നു. മനോഹരമായ ആ ഗ്രാമത്തിൽ വേനൽക്കാലത്തു മാത്രമെ ജനവാസമുള്ളു. ശൈത്യകാലത്ത് ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറും. പശുവളർത്തലാണ് ഇവരുടെ ഉപജീവനമാർഗം. ഇവിടത്തെ ഡയറി ഉൽപന്നങ്ങൾ വളരെ സ്വാദിഷ്ടവും പേരുകേട്ടതുമാണ്. 

buggdsghri

മൂന്നാം ദിനം

കോൾ ഡി ലാ സൈൻ എന്ന ഹിമാവൃതമായ മലയിടുക്കിലൂടെ ആണ് ഇന്നത്തെ യാത്ര. ഒരു പകൽ മുഴുവൻ നീണ്ട ദുഷ്കരമായ യാത്രയ്ക്കു ശേഷം ഈ മലയിടുക്കിൽ, ഫ്രാൻസ്–ഇറ്റലി അതിർത്തിയോടു ചേർന്നായിരുന്നു രാത്രി താമസം. റഫ്യൂജ് എന്നു വിളിക്കുന്ന, പതിനഞ്ചു പേർക്കു തങ്ങാവുന്ന ഒരു കുടിൽ ആയിരുന്നു അഭയസ്ഥാനം. അവിടെ നിന്നു നോക്കിയാൽ മോണ്ട് ബ്ലാങ്കിന്റെ ബെൻവാ ഫെയ്സ് കാണാം. ഷമോനിയിൽനിന്നു കാണുന്നതുപോലെ അല്ല മോണ്ട് ബ്ലാങ്ക് ഇവിടെ.  രാത്രി അസഹ്യമായ തണുപ്പായിരുന്നു കുടിലിൽ, എങ്കിൽപോലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്. രാത്രി മോണ്ട് ബ്ലാങ്കിനു മുകളിലൂടെ  വിമാനങ്ങൾ പറന്നു പോകുന്ന കാഴ്ച കണ്ടാലും കണ്ടാലും മതിവരില്ല.

ഇറ്റലി–ഫ്രാൻസ് അതിർത്തി അടയാളപ്പെടുത്തുന്നത് മൈൽക്കുറ്റി പോലൊരു കല്ലാണ്. അതിന്റെ ഒരുവശത്ത് ഇറ്റലിയുടെ ‘ഐ’യും മറുവശത്ത് ഫ്രാൻസിന്റെ ‘എഫ്’ ഉം. പണ്ടത്തെ കൊച്ചി തിരുവിതാംകൂർ അതിർത്തിയിലെ ‘കൊതിക്കല്ലു’ പോലെ. കാലുകൾ രണ്ടു രാജ്യങ്ങളിലാക്കി നിന്നു ഫോട്ടോക്കു പോസു ചെയ്യുമ്പോൾ എന്റെ മനസ്സിലേക്കു വന്ന ചിത്രം മുള്ളുവേലികെട്ടിത്തിരിച്ച് പട്ടാളം കാവൽ നിൽക്കുന്ന ഇന്തോപാക് അതിർത്തികളുടേതായിരുന്നു.

uygfgegf7

നാലാം ദിനം

നാലാം ദിവസം യാത്ര തുടങ്ങിയത് മുന്നൂറു മീറ്ററോളം കുത്തനെ താഴേക്ക് മഞ്ഞിൽ സ്ലൈഡ് ചെയ്ത് ഇറങ്ങിക്കൊണ്ടായിരുന്നു. അപൂർവമായി കിട്ടുന്ന ഇത്തരം വന്യമായ വിനോദങ്ങൾ ട്രക്കിങ്ങിനെ പരിപോഷിപ്പിക്കുന്നവയാണ്. പിന്നീട് കോർമെയ്ർ എന്ന ഇറ്റാലിയൻ പട്ടണത്തിന് അടുത്തുകിടക്കുന്ന ഒരു താഴ്‌വരയിലൂടെ ആയിരുന്നു നടത്തം. മോണ്ട് ബ്ലാങ്ക് അടിവാരത്തെ ഹിമാനികളിൽ നിന്ന് ഉദ്ഭവിച്ചെത്തുന്ന ജലപ്രവാഹങ്ങൾ സൃഷ്ടിക്കുന്ന അരുവികളും ചെറിയ തടാകങ്ങളും കൊച്ചു വെള്ളച്ചാട്ടങ്ങളും പൂത്തുല്ലസിച്ചു നിൽക്കുന്ന പൂച്ചെടികളും.  മനസ്സിനെ അസാധാരണമായൊരു ആനന്ദത്തിലേക്കുയർത്തുന്നു ആൽപ്സിലെ ഈ പൂക്കളുടെ താഴ്‌വര.

ഇടയ്ക്കിടെ ചെറിയ വനങ്ങൾ പിന്നിട്ട് നടപ്പ് തുടർന്നു. സായാഹ്നത്തോടെ ഒരു പാർക്കിനു സമീപമെത്തി. ഇവിടെ നിന്നും ഇനിയുള്ള പാത നഗരത്തിലേക്കുള്ള റോഡിലൂടെയാണ്.  ആ ദൂരം ബസിൽ സഞ്ചരിക്കാം. സമയലാഭവും ചെറിയൊരു വിശ്രമവും. ബസിൽ 17 കി മീ സഞ്ചരിച്ച് ലാ പലൂദ് എന്ന സ്ഥലത്തെത്തി. രാത്രി ഇവിടെ തങ്ങി, നാളെ ട്രക്കിങ് പുനരാരംഭിക്കും. ഇവിടത്തെ ഹോട്ടൽ റൂമിൽ നിന്ന് മോണ്ട് ബ്ലാങ്ക് കാണാൻ സാധിക്കും. അവിടെ കണ്ട അസ്തമയം ജീവിതത്തിലൊരിക്കലും മറക്കാനാകാത്തതാണ്.

udsgyt7yyjo6

അഞ്ചാം ദിനം

ഇന്ന് പുല്ലുകളും പൂക്കളും മൂടിക്കിടക്കുന്ന മലമ്പാതയിലൂടെ മോണ്ട് ഡി ലാ സെക്സി റിഡ്ജ് എന്ന പർവത ഇടുക്കിലേക്ക്. ഗ്രാൻഡിസ് ജോറാസിസ് എന്ന ഹിമാനിയും ഈ റൂട്ടിലുണ്ട്. അവിടെ നിന്ന് ഒരു ആയിരം മീറ്റർ ഉയരത്തിലേക്ക് കയറി കോൾ ഡിസ് ഡിക്സ് എന്ന ഭാഗത്ത് ചെന്നു. ഈ മലയിടുക്ക് മറികടന്നാൽ കുത്തനെ ഇറക്കമാണ്. രണ്ട് അടിയോളം മഞ്ഞുവീണു കിടക്കുന്ന ഇറക്കത്തിൽ അതീവ സൂക്ഷ്മതയോടെ ഓരോ ചുവടും വച്ച് വളരെ സാവധാനമാണ് ഇറങ്ങിയത്. ആ താഴ്‌വരയിലായിരുന്നു അന്നു രാത്രി ക്യാമ്പും. 

ആറാം ദിനം

2530 അടി ഉയരത്തിലുള്ള കോൾ ഡു ഗ്രാൻഡ് ഫെറേറ്റ് എന്ന പർവത ഇടുക്കാണ് ഇന്നത്തെ ആദ്യ ലക്ഷ്യസ്ഥാനം. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഒരു കയറ്റം അതിസാഹസികമായി കയറിവേണം അവിടെ എത്താൻ. പോകുന്ന വഴിയിൽ മോണ്ട് ടോളന്റ് എന്ന കൊടുമുടി കാണാം. ഈ പർവതത്തിന്മേൽ സ്വിറ്റ്സർലൻഡിനും ഫ്രാൻസിനും ഇറ്റലിക്കും തുല്യ അവകാശമാണുള്ളത്.  പർവത ഇടുക്കിലെത്തിക്കഴിഞ്ഞപ്പോൾ മറുവശത്തേക്ക് ഇനി ഇറങ്ങണം, അതു കയറ്റത്തെക്കാൾ കഠിനമായിരുന്നു. രണ്ടര അടി മഞ്ഞുവീണു കിടക്കുന്ന ഇടങ്ങളായിരുന്നു അവിടമൊക്കെ. 

ആ ഇറക്കമവസാനിച്ചത് സ്വിറ്റ്സർലൻഡിലെ ലാ ഫോളി എന്ന രമണീയമായൊരു ഗ്രാമത്തിലായിരുന്നു. നടത്തത്തിനിടയിൽ മറ്റൊരു പൂക്കളുടെ താഴ്‌വരയും ഹിമാനിയിൽനിന്നൊഴുകുന്ന തെളിഞ്ഞ ഒരു അരുവിയും കണ്ടു. ലാ ഫോളി സ്കീയിങ്ങിനു പേരുകേട്ട സ്ഥലമാണ്. തടികൊണ്ടുള്ള ഇവിടത്തെ വീടുകൾക്കും ഒരു പ്രത്യേക ആകർഷണീയത തോന്നും.  ഈ ഗ്രാമത്തിലായിരുന്നു അന്നത്തെ രാത്രിവിശ്രമം. 

hfgt7ryjuk

ഏഴാം  ദിനം

ഏകദേശം പതിനേഴു കി മീ കയറ്റിറക്കങ്ങൾ കാൽനടയായി താണ്ടി ലാ ഷാംപെക്സിലേക്കാണ് ഇന്ന് സഞ്ചരിക്കേണ്ടത്. സ്വിസ്സിന്റെ സൗന്ദര്യം എല്ലാ അർത്ഥത്തിലും വഴിനീളെ കാണാം. എവിടെ നോക്കിയാലും പച്ചപ്പും പൂക്കളും അരുവികളും അവയോട് യോജിക്കുന്ന വിധം തടികൊണ്ടുള്ള കൊച്ചു വീടുകളും. വഴിയിൽ ചോക്ലേറ്റ് ബോക്സ് എന്ന ഗ്രാമത്തിൽനിന്നും സ്വിറ്റ്സർലൻഡിലെ തനതു ചോക്ലേറ്റിന്റെ രുചി നുണഞ്ഞു.

സ്വിറ്റ്സർലൻഡിലെ പ്രശസ്തമായൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഷാംപെക്സ്. ധാരാളം ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളുമുള്ള ഈ പട്ടണത്തിന്റെ ഒത്ത  നടുക്കുതന്നെ ഒരു തടാകവും കാണാം. ടൂറിസത്തെ എങ്ങനെയൊക്കെ പരിപോഷിപ്പിക്കാമെന്നു ചിന്തിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ.  അതേസമയം പരിസ്ഥിതിക്കു നാശമുണ്ടാക്കുന്ന ഒന്നിനും ഇവർ തയാറാവുകയുമില്ല.

yfg7ergji

എട്ടാം ദിനം

ഇന്നത്തെ ലക്ഷ്യസ്ഥാനം ട്രയന്റ് ഗ്രാമമാണ്. ബൊവൈൻ എന്ന മനോഹരമായ പാതയിലൂടെയാണ്  യാത്ര. ഉയർന്ന പുൽമേടുകളിലൂടെയുള്ള വഴികളിൽ കഴുത്തിൽ മണിയൊക്കെ കെട്ടി മേഞ്ഞു നടക്കുന്ന, ലക്ഷണമൊത്ത സ്വിസ് പോരുകാളകളെ കാണാം.  ട്രയന്റ് ചെറിയൊരു ഗ്രാമമാണ്. അങ്ങുദൂരെ ഒരു കുന്നിൻ മുകളിൽ ഒരു പള്ളി സ്ഥിതി ചെയ്യുന്നു. വേനൽക്കാല ട്രക്കേഴ്സിനുവേണ്ടി ഒന്നു രണ്ട് ചെറിയ ഹോട്ടലുകളും കടകളും ഉണ്ട്. റോഡിന്റെ അരികിലൂടെ ഒഴുകുന്ന കണ്ണുനീരുപോലെ തെളിഞ്ഞ നദി. ഈ ഗ്രാമത്തിലും ശൈത്യകാലത്ത് അധികം ആൾപാർപ്പില്ല.

ഒൻപതാം ദിനം

ഇന്ന് സ്വിറ്റ്സർലൻഡിനോട് വിടപറഞ്ഞ് വീണ്ടും ഫ്രാൻസിലേക്ക് പ്രവേശിക്കും. കോൾ ഡി ബാമി എന്ന മലയിടുക്കിലൂടെയാണ് നടത്തം. ഓരോ അടിയും കിതച്ചു കിതച്ചു കയറുമ്പോൾ സൈക്കിളിൽ മോണ്ട് ബ്ലാങ്കിനെ വലം വയ്ക്കുന്ന ഒരു സംഘത്തെ കണ്ടുമുട്ടി. ദുർഘടമായ ഈ പാതയിലൂടെ സൈക്ലിങ് നടത്തുക എന്നത് യാത്രയെ ഒന്നുകൂടി കഠിനമാക്കുകയാണ്.  ഈ ദിവസങ്ങളിൽ പലേടത്തും ഇത്തരം സംഘങ്ങളെ കണ്ടിരുന്നു. ഇവർ പല കയറ്റങ്ങളും സൈക്കിൾ ഉന്തി കയറ്റുന്നതും കാണാമായിരുന്നു.

tre332

ട്രയന്റ് ഗ്ലേഷിയർ കടന്നാൽ ഫ്രാൻസിന്റെ അതിർത്തിയിലെത്തി. ബോർഡർ അടയാളപ്പെടുത്തുന്ന ഒരു കല്ല് അവിടെയും കണ്ടു. ഇവിടെ നിൽക്കുമ്പോൾ കാണുന്നത് ഇതുവരെക്കണ്ടതിൽനിന്നെല്ലാം വ്യത്യസ്തമായൊരു മോണ്ട് ബ്ലാങ്കാണ്. മുന്നോട്ട് കുറച്ചുകൂടി നടന്നതോടെ അങ്ങുതാഴെ ഷമോനി താഴ്‌വരയുടെ ദൃശ്യം കാണാനായി. 18 കി മീ നടന്നശേഷം അന്നത്തെ രാത്രി ഒരു മൗണ്ടൻ ഹട്ടിൽ തങ്ങി. രാത്രിയിലെ നിലാവെളിച്ചത്തിൽ മോണ്ട് ബ്ലാങ്കും താഴെ ഷമോനി താഴ്‌വരയും കാണാമായിരുന്നു.

പത്താം ദിനം

ഇന്നത്തെ യാത്ര ഷമോനി താഴ്‌വരയിലെ ഏറ്റവും മനോഹരമായ തടാകം ലേക് ബ്ലാങ്കിലേക്കാണ്. ആൽപ്സിൽ പലേടത്തും ചെറുതും വലുതുമായ ധാരാളം ഹിമാനി തടാകങ്ങൾ കാണാൻ സാധിക്കും. കോൾ ഡിസ് മോൺടെസ്റ്റ് എന്ന ചുരം കടന്നുവേണം അവിടെ എത്താൻ. മഞ്ഞും തണുപ്പും യാത്രയെ ദുഷ്കരമാക്കി. പ്രഭാതത്തിൽ പുറപ്പെട്ടിട്ട് ഉച്ചയോടെയാണ് ആ തടാകക്കരയിലെത്തിയത്. എന്നാൽ, അതിസുന്ദരമായ തടാകവും പരിസരക്കാഴ്ചകളും ആൽപ്സ് പർവതനിരയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചയും  അവിടത്തെ മൗണ്ടൻ ഹട്ടിൽനിന്നു കിട്ടിയ ചൂടു ചായയും ചേർന്നപ്പോൾ ആ വഴി താണ്ടിയതിന്റെ വേദനകൾ കുറച്ചൊക്കെ മറന്നു.

പതിനൊന്നാം ദിനം

ഇന്ന് മോണ്ട് ബ്ലാങ്കിനു ചുറ്റുമുള്ള ഞങ്ങളുടെ ട്രക്കിങ് അവസാനിക്കുകയാണ്. ലേക് ബ്ലാങ്കിന്റെ തീരത്തുനിന്നും യാത്രയുടെ സ്റ്റാർടിങ് പോയിന്റായ അർഷോന്റിയെകിലേക്കുള്ള 17 കി മീ നടന്ന് ഇറങ്ങണം.  അതിനിടയിൽ 2525 മീ ഉയരത്തിലുള്ള ബ്രവെന്റ് കൊടുമുടി കയറി ഇറങ്ങി വേണം മറുഭാഗത്തെത്താൻ. 

ഇന്നത്തെ വഴിത്താരയിലും നല്ല കനത്തിൽ മഞ്ഞുവീണു കിടപ്പുണ്ട്. കൊടുമുടിയിലേക്ക് കയറുന്നിടത്ത് ഒരടിയോളം കനത്തിലാണ് മഞ്ഞ്. കയറ്റം വളരെ ദുഷ്കരമായിരുന്നു. ഇവിടെ നിന്നാൽ മഞ്ഞിൽ പുതച്ചു നിൽക്കുന്ന മോണ്ട് ബ്ലാങ്കിനെ  കാണാം. ഷമോനി താഴ്‌വരയില്‍നിന്ന് ഇങ്ങോട്ട് കേബിൾകാറിൽ വന്നുപോകുന്നവരുമുണ്ട്.

ബ്രവെന്റ് കൊടുമുടിയിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പരിസരമൊക്കെ വീക്ഷിച്ച് താഴേക്ക് ഇറങ്ങി തുടങ്ങി. ഏതാണ്ട് രണ്ടുമണിക്കൂർ സമയമെടുത്തു ഷമോനി താഴ്‌വരയിലെ റോഡിലെത്താൻ. ക്ലാസിക് ട്രക്കിങ് ടൂർ ഡു മോണ്ട് ബ്ലാങ്ക് പൂർത്തിയായതിന്റെ ആഹ്ലാദത്തോടെ അർഷോന്റിയെകിെല ഹോട്ടലിലേക്ക് നടന്നു.  

Tags:
  • World Escapes
  • Manorama Traveller