Wednesday 11 August 2021 03:40 PM IST : By സ്വന്തം ലേഖകൻ

പഴശ്ശി കോവിലകം പൊളിച്ചു തുടങ്ങി... പഴശ്ശി രാജാവിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പുരാതന കാഴ്ചകൾ ഓർമയാകുന്നു

pazhasi0

കേരള ചരിത്രത്തിലെ അസാധാരണ വീരനായ പഴശ്ശിരാജാവും അദ്ദേഹത്തിന്റെ ചരിത്രവുമായി നേരിട്ടു ബന്ധപ്പെട്ട അവസാന ഭൗതിക സ്വത്തും ചരിത്രത്തിലേക്കു മറയുന്നു. പഴശ്ശി രാജാവിന്റെ വീരമൃത്യുവിനു ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വസിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ പൊളിക്കുന്നത്. കാലപ്പഴക്കവും സംരക്ഷണമില്ലായ്മയും കാരണം ജീർണാവസ്ഥയിലായ കെട്ടിടം പൂർണമായി തകർന്നു വീഴും മുൻപ് പൊളിച്ചു മാറ്റുകയാണ്.

pazhasi2

തലശ്ശേരി മൈസൂർ പാതയിൽ മട്ടന്നൂരിനു സമീപം പഴശ്ശി ഗ്രാമത്തിലാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കോവിലകം. കേരളവർമ്മ പഴശ്ശിരാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മരുമക്കൾ കല്ലടിക്കോവിലകത്ത് ഒളിവിൽ താമസിക്കുമ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മറ്റു കുടുംബാംഗങ്ങൾ ബ്രിട്ടിഷുകാർക്ക് കൈവശപ്പെടുത്താനാകാത്ത പഴശ്ശി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭൂമിയിൽ ഒരു ചെറിയ കെട്ടിടത്തിലാണ് കഴിഞ്ഞത്. കോട്ടയം രാജവംശത്തിൽ മറ്റു ചില ശാഖകൾകൂടി ഉണ്ടായിരുന്നെങ്കിലും അവർ ബ്രിട്ടിഷ് വിരോധം ഭയന്ന് ആ കുടുംബാംഗങ്ങളെ സംരക്ഷിക്കാൻ തയാറായില്ല. 1887–88 കാലത്ത് ബ്രിട്ടിഷ് കളക്ടറായിരുന്ന വില്യം ലോഗൻ പഴശ്ശിരാജാവിന്റെ കുടുംബാംഗങ്ങൾക്ക് അനുവദിച്ച തുകയും മറ്റും ചില സഹായങ്ങളും ചേർത്ത് പണിയിപ്പിച്ച എട്ടുകെട്ട് മാളികയായിരുന്നു പഴശ്ശി കോവിലകം.

pazhasi1

പഴശ്ശിരാജാവിനു ശേഷം 4–5 തലമുറയ്ക്ക് ഇപ്പുറം ആ കോവിലകത്തിന്റെ ശേഷിപ്പുമാത്രമാണ് ഏതു സമയവും നിലംപൊത്താം എന്ന നിലയിൽ ബാക്കിയായത്. ഏതാനും വർഷം മുൻപ് സംസ്ഥാന സർക്കാർ ഈ കെട്ടിടം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പഴശ്ശിരാജാവുമായി നേരിട്ട് ബന്ധമില്ല എന്ന വിനോദസഞ്ചാര വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് നഷ്ടപരിഹാരം നൽകി കെട്ടിടം ഏറ്റെടുക്കാൻ തയാറല്ല എന്ന നിലപാടിലായി സർക്കാർ. കോവിലകത്തിന്റെ കുളവും സമീപം തന്നെയുള്ള പഴശ്ശി മഹാവിഷ്ണു–മഹാദേവ ക്ഷേത്രവും ഇപ്പോഴും കാണാം.

pazhasi3

കേരളചരിത്രത്തിൽ തിരുവിതാംകൂറിനു മാർത്താണ്ഡവർമയെപ്പോലെ കൊച്ചിക്കു ശക്തൻ തമ്പുരാനെപ്പോലെ മറ്റൊരുപേര് സാധാരണക്കാരുടെ മനസ്സിൽ ഇടംപിടിച്ച മറ്റൊരു പേര് കോട്ടയം രാജവംശത്തിലെ പഴശ്ശി രാജാവ് വീരകേരളവർമയുടേതാണ്. ബ്രിട്ടിഷ് ഭരണത്തിനെതിരെ സായുധപോരാട്ടം നടത്തിയ ആദ്യ നാട്ടുരാജാക്കൻമാരിൽ ഒരാളാണ് പഴശ്ശി രാജ. അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയന്ന് ആ ഓർമകളൊന്നും ബാക്കിയാക്കാത്ത വിധമുള്ള നാശനഷ്ടങ്ങൾ‍ ബ്രിട്ടിഷുകാർ തന്നെ ചെയ്തിരുന്നു. ഇന്നത്തെ തലശ്ശേരി–കുടക് റോഡ് പഴശ്ശിയിലെത്തുമ്പോൾ അക്ഷരാർത്ഥത്തിൽ ചരിത്രത്തിനു മുകളിലൂടെയാണ് കടന്നുപോകുന്നത് എന്നു പറയാം. പഴശ്ശികോവിലകം തകർത്ത് തീയിട്ട് നശിപ്പിച്ചശേഷം അതിന്റെ പടിഞ്ഞാറ്റിനി ഇരുന്നിരുന്ന ഭാഗത്തുകൂടിയാണ് ബ്രിട്ടിഷുകാർ ഈ പ്രധാനപാത വെട്ടിയത്. പഴശ്ശി രാജാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ വസിച്ച കെട്ടിടംകൂടി ഇല്ലാതാകുന്നതോടെ കേരളസിംഹത്തിന്റെ ചരിത്രത്തുടിപ്പുകൾ മ്യൂസിയങ്ങളിലേക്കു മാത്രം ഒതുങ്ങുകയാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories