Monday 28 June 2021 04:13 PM IST : By Staff reporter

ഒരുലക്ഷം രൂപയുടെ ഐഫോൺ പതിനാറായിരം രൂപ! ‘ചുളുവില മാർക്കറ്റിൽ’ ഒരു ദിനം

1 athen

‘‘ആതൻസിലേക്ക് വിമാന ടിക്കറ്റിൽ വലിയ ഡിസ്കൗണ്ട്. പോയാലോ?’’ സുരജ് ചോദിച്ചു. ഒളിംപിക്സിനെ കുറിച്ചു മനസ്സിലാക്കിയ ബാല്യം മുതൽ സ്വപ്നമാണ് ആതൻസ്. മറ്റൊന്നും ആലോചിക്കാതെ ‘ഓകെ’ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയുടെ തലേന്നാളാണു പിന്നീടു സൂരജിനെ കണ്ടത്. ആതൻസിൽ ചെന്നതിനു ശേഷം റൂട്ട് മാപ് തയാറാക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു.

വിമാനത്താവളത്തിൽ നിന്നു നഗരത്തിലേക്ക് ഒരു മണിക്കൂർ ബസ് യാത്ര. ബെംഗളൂരു നഗരത്തെ പോലെ വികസനം ആസൂത്രണം ചെയ്ത നഗരം. ടാക്സികൾക്കു മഞ്ഞ നിറം. റോഡിന്റെ ഇരുവശത്തും നിരയായി കെട്ടിടങ്ങൾ. വഴിയോരക്കാഴ്ചകളിലൂടെ ഒന്നര മണിക്കൂർ യാത്ര ചെയ്തിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഞങ്ങൾ കയറിയ ബസ്സ് ഹോട്ടലിനു മുന്നിലൂടെയല്ല പോകുന്നതെന്ന് അപ്പോഴാണു മനസ്സിലായത്. തൊട്ടടുത്തു കണ്ട ബസ് േസ്റ്റഷനിൽ ഇറങ്ങി.

2 athen

തമിഴ്നാട്ടിലെ ബസ് സ്റ്റാൻഡിനെ ഓർമിപ്പിക്കുന്ന ചെറിയ ബസ് േസ്റ്റഷൻ. ഞങ്ങളെ കണ്ടതും ഒരാൾ അടുത്തേയ്ക്കു വന്നു. ‘ഐഫോൺ XS മാക്സ് ’ ഞങ്ങൾക്കു നേരേ നീട്ടി. ‘‘200 യൂറോയ്ക്കു തരാം’’ – അയാൾ പറഞ്ഞു. ഒന്നേ കാൽ ലക്ഷം രൂപ വിലയുള്ള ഫോൺ പതിനാറായിരം രൂപയ്ക്ക് ! ആഗ്രഹം തോന്നിയെങ്കിലും ഇത്തരം കബളിപ്പിക്കലുകളെ കുറിച്ച് പലരും പറഞ്ഞത് ഓർത്തു. ‘ചുളു വിലയ്ക്കു’ വച്ചു നീട്ടിയ ഐഫോൺ വേണ്ടെന്നു പറഞ്ഞ് ഹോട്ടലിലേക്കു തിരിച്ചു.

ബസിൽ നിന്ന് ഇറങ്ങിയ ശേഷം അൽപ ദൂരം നടന്നു. നഗരം വിജനം. വലിയ കെട്ടിടങ്ങളില്ല, ബ്രാൻഡഡ് ഉൽപന്നങ്ങളുടെ ഷോറൂമുകൾ ഇല്ല, ഷോപ്പിങ് മാൾ ഇല്ല. ആധുനിക നിർമിതികളുടെ അലങ്കാരങ്ങളില്ലാത്ത ചെറിയ കടകളുടെ നിര. മറ്റു യൂറോപ്യൻ നഗരങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത നഗരം. ആതൻസിൽ ഞങ്ങളെ കാത്തിരിക്കുന്നതു നിരാശയുടെ ചിത്രങ്ങളാണെന്നു തോന്നലുണ്ടായി. മൂന്നു ദിവസം എന്തു ചെയ്യും? ഞങ്ങൾ മുഖാമുഖം നോക്കി.

3 athen

അക്രൊപൊളിസ്

മുറിയിൽ എത്തിയ ഉടൻ പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയാറാക്കി. ആദ്യം അക്രൊപൊളിസിലേക്കു പോകാമെന്നു തീരുമാനിച്ചു. മെട്രോയിൽ കയറി ഒരു മലയുടെ അടിവാരത്ത് ഇറങ്ങി. അക്രൊപോളിസ് ഒരു മലയാണ്. അതിപുരാതന നിർമിതിയെന്ന് അറിയപ്പെടുന്ന പാർത്തനോൻ സ്ഥിതി ചെയ്യുന്നത് ഈ മലയുടെ മുകളിലാണ്. തൂണുകളിൽ കെട്ടി പൊക്കിയ നിർമിതിയാണ് പാർത്തനോൻ. അഥീന ദേവതയ്ക്കു വേണ്ടി ബിസി നാലാം നൂറ്റാണ്ടിൽ നിർമിച്ചതാണ് പാർത്തനോൻ ക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പടി മാർബിൾ ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. പണ്ടു ഗ്രീക്ക് ക്ഷേത്രമായിരുന്നെങ്കിലും പിൽക്കാലത്തു ക്രിസ്ത്യൻ പളളിയായി മാറി. പല കാലഘട്ടങ്ങളിലായി മുസ്‌ലിം ആരാധനാലയമായും ക്ഷേത്രമായും ഈ നിർമിതിക്കു മാറ്റം സംഭവിച്ചു. പലപ്പോഴായി ആക്രമണങ്ങളിൽ ഇവിടെ ബോംബ് വീണു. സ്ഫോടനത്തിന്റെ ശേഷിപ്പാണ് ഇപ്പോൾ കാണാനുള്ളത്.

പിന്നീട്‌ സിയൂസ് ദേവന്റെ ക്ഷേത്രം സന്ദർശിച്ചു. ബിസി ആറാം നൂറ്റാണ്ടിൽ നിർമാണം ആരംഭിച്ച ക്ഷേത്രം പൂർണതയിൽ എത്തിയത് എഡി രണ്ടാം നൂറ്റാണ്ടിലാണ്. വലിയ തൂണുകളിലാണ് ഈ ഗ്രീക്ക് നിർമിതിയിലും നിലനിന്നത്. റോമാ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം സീയൂസ് ദേവന്റെ ക്ഷേത്രം പൊളിച്ചു മാറ്റി. കെട്ടിടത്തിന്റെ തൂണുകളും ഭാഗങ്ങളും മറ്റു നിർമിതികൾക്കായി ഉപയോഗിച്ചു. പുരാതന ക്ഷേത്രത്തിന്റെ ഒരു ഭാഗം മാത്രമേ യഥാർഥ അടിത്തറയിൽ അവശേഷിക്കുന്നുള്ളൂ.

4 athen

അക്രൊപോളിസ് മലയുടെ മുകളിൽ നിന്നാൽ ആതൻസ് നഗരം മുഴുവൻ കാണാം. ഡിയോനിസുസ് തിയറ്റർ നിലനിൽക്കുന്നത് അക്രൊപോളിസ് മലയുടെ താഴ്‌വരയിലാണ്. ഡിയോനിസുസ് ദേവന്റെ പേരിലാണ് ക്ഷേത്രം നിർമിച്ചത്. 17000 പേർക്ക് ഒരേ സമയം ഇരിക്കാൻ സൗകര്യമുള്ള ഓപ്പൺ തിയറ്ററിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം.

മാർബിൾ ഉപയോഗിച്ചു നിർമിച്ച പനാഥനിക് േസ്റ്റഡിയമാണ് ആതൻസിലെ മറ്റൊരു ഡെസ്റ്റിനേഷൻ. അവിടേക്കുള്ള റോഡിന്റെ ഇരുവശവും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. ഖനനം നടത്തിയപ്പോൾ അതിപുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ബിസി ആറാം നൂറ്റാണ്ടിൽ ചുണ്ണാമ്പു കല്ലുപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരുന്നത്. പിൽക്കാലത്ത് ആ നിർമിതികൾ മാർബിൾ ഉപയോഗിച്ചു നവീകരിച്ചു. വിസ്താരമേറിയ േസ്റ്റഡിയം ആതൻസിലെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ്. ഉദ്ദേശം നാൽപത്തയ്യായിരം പേരെ ഉൾക്കൊള്ളാൻ വിസ്താരമുള്ള മൈതാനമാണിത്. 2002 ഒളിംപിക്സിനു വേദിയായ േസ്റ്റഡിയമാണിത്.

സാമ്പത്തിക തകർച്ച

ഗ്രീസിന്റെ അയൽരാജ്യമായ സ്പാർട്ടയിൽ രാജഭരണമായിരുന്നു. പേർഷ്യയായിരുന്നു അക്കാലത്ത് ഗ്രീസിന്റെ ശത്രുരാജ്യം. പേർഷ്യമായുള്ള യുദ്ധത്തിൽ ആതൻസ് നേടിയ വിജയം ചരിത്രപ്രസിദ്ധം. ഒടുവിൽ, ഗ്രീക്ക് രാജ്യം സ്പാർട്ടയുടെ അധീനതയിലായതു അന്തിമവിധി. അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടമാണ് ഗ്രീസിൽ പിന്നീടുണ്ടായ ദിഗ്‌വിജയം.

കമ്യൂണിസ്റ്റ്, ഗൊറില്ല ആക്രമണങ്ങളും ബ്രിട്ടിഷ്, അമേരിക്കൻ ഇടപെടലും ആഭ്യന്തരയുദ്ധവും പിൽക്കാലത്തു ഗ്രീസിന്റെ നാൾവഴി. 1981ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ ഗ്രീസ്, 2001ൽ യൂറോ ദേശീയ നാണയമായി അംഗീകരിച്ചു. പിന്നീട് കുതിച്ചുയർന്നെങ്കിലും 2008ലെ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി. ബിസിനസ് മേഖല തകർന്നു. തൊഴിലില്ലായ്മ ഗ്രീക്ക് സമൂഹത്തെ ഗുരുതരമായി ബാധിച്ചു.

സാമ്പത്തിക തകർച്ചയുടെ പ്രതിഫലനം നഗരത്തിൽ കാണാം. കെട്ടിടങ്ങളുടെ ശവപ്പറമ്പു പോലെ ഉപേക്ഷിക്കപ്പെട്ട നിർമിതികളുടെ നിര ആതൻസിൽ ഞങ്ങൾ കണ്ടു. ഒച്ചടുമിക്കതും ഇരുനിലക്കെട്ടിടങ്ങളാണ്. സാമ്പത്തിക മാന്ദ്യത്തിൽ നിലച്ചു പോയതും നടത്തിക്കൊണ്ടു പോകാൻ കഴിയാതെ ഉടമകൾ ഉപേക്ഷിച്ചതുമായ സംരംഭങ്ങളാണത്രേ അവ. പുരാതന കഥയിലെ സമ്പന്നമായ ആതൻസിന്റെ ചിത്രം മാന്ദ്യത്തിന്റെ പിടിയിൽ നിറം മങ്ങിയിരിക്കുന്നു.

ആതൻസിന്റെ ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിലുണ്ട്. ശിൽപങ്ങളാണ് ഏറെയും. ഈജിപ്ഷ്യൻ ശിൽപങ്ങളുടെ ഒരു വിഭാഗവും ഇവിടെയുണ്ട് എന്നത് ശ്രദ്ധയാകർഷിച്ചു. ഈജിപ്തിലെ ‘മമ്മി’യെ അടക്കം ചെയ്ത പെട്ടിയും ഇക്കൂട്ടത്തിലുണ്ട്. തുറന്നു വച്ച ശവപ്പെട്ടി സന്ദർശകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രണ്ടായിരം വർഷം പഴക്കമുള്ള മൃതദേഹം ലിനൻ തുണിയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിട്ടുള്ളത്.

മോഡേൺ ബീച്ച്

5 athen

ആതൻസിന്റെ പുരാതന മുഖത്തിന് പുതുമയുടെ ഭംഗി നിറയ്ക്കുന്നു മനോഹരമായ കടൽത്തീരം. നീലനിറമുള്ള സമുദ്രം. മണൽപ്പരപ്പിനു പകരം തീരത്തു ചരൽക്കല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സഞ്ചാരികൾ ബീച്ചിലിരുന്നു വെയിൽ കായുന്നു. കടൽത്തീരത്ത് ബീയർ പാലർറും റസ്റ്ററന്റുമുണ്ട്. ആഘോഷത്തിന്റെ തീരമെന്നു വിശേഷിപ്പിക്കാം. ആതൻസിൽ അവധിയാഘോഷിക്കാൻ എത്തിയവർ കടലിൽ നീന്തിത്തുടിക്കുന്നു. ചരിത്രക്കാഴ്ചകളിൽ നിന്നു ആഘോഷത്തിന്റെ തീരത്തേക്കു തിരിഞ്ഞതു ഞങ്ങളുടെ യാത്രയ്ക്കു ഹരം പകർന്നു.

സഞ്ചാരത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണു ഭക്ഷണം. ഗ്രീക്കുകാരുടെ വിശിഷ്ട വിഭവം തേടി ഞങ്ങൾ പരമ്പരാഗത റസ്റ്ററന്റിൽ കയറി. നഗരത്തിന്റെ ഹൃദയഭാഗത്ത് പഴയ കെട്ടിടത്തിലാണ് ‘ഡിപോർടോ റസ്റ്ററന്റ്’. ചൂണ്ടുപലകയും പേരെഴുതിയ ബോർഡുമില്ലാത്ത റസ്റ്ററന്റ് ! നാട്ടുരുചി അന്വേഷിച്ചപ്പോൾ ആതൻസുകാരനായ ഒരാളാണ് ഡിപോർടോ ചൂണ്ടിക്കാട്ടിയത്. ആട്ടിറച്ചിയും ബീഫുമാണ് റസ്റ്ററന്റിലെ പ്രധാന വിഭവങ്ങൾ. ബീഫ് ചേർത്തു തയാറാക്കിയ മൗസാക, സാഗനാകി, ബാക്ലാവ പേസ്ട്രി, തേനും നിലക്കടലയും ചേർത്തു തയാറാക്കിയ ഫ്രോസൻ യോഗർട് തുടങ്ങി രുചിയുടെ ലോകം അവിടെ കണ്ടു. ചൂടാക്കിയ മണലിനു മുകളിൽ ചെമ്പു കപ്പു വച്ചു വെള്ളം തിളപ്പിച്ചുണ്ടാക്കിയ കാപ്പിയാണ് അവിടെ ഞങ്ങളെ ആകർഷിച്ചത്.

നൂറിലേറെ വർഷം പഴക്കമുള്ള റസ്റ്ററന്റാണ് ഡിപോർടോ. 132 വർഷം മുൻപ് വിളമ്പിയിരുന്ന വിഭവങ്ങൾ തന്നെയാണ് ഇപ്പോഴും തയാറാക്കുന്നത്. ഭക്ഷണത്തിനു ‘മെനു’ ഇല്ല. അതാതു ദിവസം എന്താണോ പാകം ചെയ്യുന്നത് അതാണ് അന്നത്തെ മെനു. വൈൻ നിറയ്ക്കാനുള്ള പഴക്കമേറിയ ട്രാമിനു പോലും മാറ്റം വരുത്തിയിട്ടില്ല. ട്രാമിൽ നിന്നു പൈപ്പിലൂടെ നുരഞ്ഞൊഴുകിയ വീഞ്ഞ് കപ്പിൽ നിറയ്ക്കുന്നതു സിനിമാ രംഗങ്ങളിലേതു പോലെ മനോഹരം.

6 athen

വിജനമായ നഗരത്തിന്റെ വരണ്ട ഹൃദയത്തിൽ വന്നിറങ്ങിയപ്പോൾ ഉണ്ടായ നിരാശ നൈമിഷികമായിരുന്നു. ആതൻസിലെ മൂന്നു ദിവസങ്ങളിലെ ഓരോ നിമിഷങ്ങളും രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോയി. ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളെ പോലെ സുന്ദരന്മാരേയും സുന്ദരികളേയും ആതൻസിൽ കണ്ടു. പോരാട്ട വീര്യം ഉൾക്കരുത്താക്കിയ രാജ്യത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞു. നല്ല ഓർമയാണ് ആതൻസ്, മനസ്സിനെ ‘റീഫ്രെഷ്’ ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ഒരിടം.