Wednesday 17 August 2022 04:58 PM IST : By Dr. Bindhu B. K

ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ, ബാഹുബലി വെറും കഥയല്ല

sravana 01

തിരക്കുകളിൽ നിന്നു മാറി കുറച്ചു ദിവസങ്ങൾ മൈസൂരുവിൽ ചെലവഴിക്കാൻ അവസരം കിട്ടി. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം ഈ യാത്രയിൽ സാക്ഷാത്കരിച്ചു. മൈസൂരുവിലെ പ്രശശ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൈസൂരു പാലസ്, ചാമുണ്ഡി ഹിൽസ്, ജഗൻ മോഹൻ പാലസ്, ശുകവനം എന്നിവ ആദ്യ രണ്ടു ദിവസങ്ങളിൽ സന്ദർശിച്ചു. മനസ്സ് അപ്പോഴെല്ലാം ആകാംക്ഷയോടെ ലക്ഷ്യത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ, മൂന്നാം നാൾ പുറപ്പെട്ടു ശ്രാവണബെലഗോളയിലേക്ക്‌.

സ്കൂൾ പഠനകാലത്ത് സ്‌കോളർഷിപ്പ് പരീക്ഷയിലെ ചോദ്യം: 'ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ ഏത്? 'ഗോമതേശ്വര പ്രതിമ' എന്നു ചൊല്ലിപ്പഠിച്ചപ്പോൾ മനസ്സിലുണ്ടായ ചിത്രത്തിന് ആകാശത്തോളം വലുപ്പമുണ്ടായിരുന്നു. അതു നേരിൽക്കാണണം എന്നുള്ള ആഗ്രഹത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.

മൈസൂരുവിൽ നിന്ന് 85 കിലോമീറ്റർ അകലെ ഹാസൻ ജില്ലയിൽ ചന്നരായ പട്ടണത്തിനു സമീപത്തുണാണു ശ്രാവണ ബെലഗോള. രാവിലെ ഏഴിന് മൈസൂരു നഗരത്തിൽ നിന്നു ടാക്സിയിൽ അവിടേക്കു പുറപ്പെട്ടു. ദേശീയപാത 150 എ യിലൂടെ അതിവേഗയാത്രയിൽ വഴിയോരക്കാഴ്ച അതിമനോഹരം. ഈ റൂട്ടിലാണ് ടിപ്പുസുൽത്താന്റെ ഭരണകാലത്തെ തന്ത്രപ്രധാന നഗരമായിരുന്ന ശ്രീരംഗപട്ടണം. പാണ്ഡവപുരയാണ് ചരിത്രപ്രസിദ്ധമായ മറ്റൊരു പട്ടണം.

sravana 03

നവംബറിൽ പെയ്ത മഴയുടെ പിറ്റേന്നുള്ള പ്രഭാതമായതിനാൽ പട്ടണവും ഗ്രാമങ്ങളും മഞ്ഞുമൂടിയിരുന്നു. പൊന്നണിഞ്ഞ പോലെ നെൽപ്പാടങ്ങൾ, പൂത്തുലഞ്ഞു ചാമരം വീശി നിൽക്കുന്ന കരിമ്പിൻ തോട്ടങ്ങൾ, ഫലസമൃദ്ധമായ തെങ്ങുകൾ, പച്ച വിരിച്ച റാഗി പാടങ്ങൾ... മൈസൂരു നഗരത്തിന്റെ അരികിലുള്ള ഗ്രാമങ്ങളുടെ പ്രകൃതിഭംഗി മനംകവർന്നു. പാടങ്ങളുടെ സമീപത്ത് ചെറുതും വലുതുമായ കരിമ്പ് സംസ്കരണ ഫാക്ടറികൾ കണ്ടു. ഗ്രാമസങ്കൽപങ്ങളുടെ ക്ലാസിക് ചിത്രങ്ങൾ അവിടെ നേരിൽ കണ്ടു. കാളവണ്ടികളും വഴിയോര വാണിഭക്കാരും വീഥികളിലുണ്ട്. കരിമ്പിൻതണ്ടുകൾ നിറച്ച ലോറികൾ വരിവരിയായി കിടക്കുന്നു. കാവേരിയുടെയും പോഷകനദികളുടെയും ‘നീർമറി പ്രദേശങ്ങൾ’ ങ്ങളുടെ ഫലഭൂയിഷ്ഠത വയലേലകളിലും കൃഷിയിടങ്ങളിലും പ്രതിഫലിച്ചു.


ക്ഷീണം അറിയാതെ പടി കയറ്റം

sravana 07

ജക്കനഹള്ളിയിൽ വച്ച് ദേശീയപാതയിൽ നിന്നു സംസ്ഥാനപാത 47ലേക്ക് തിരിഞ്ഞു. ഈ റോഡിൽ മേൽക്കോട്ടെ എന്ന ചെറുപട്ടണത്തിൽ ഇറങ്ങി ഭക്ഷണം കഴിച്ചതിനു ശേഷമാണു യാത്ര തുടർന്നത്. ശ്രാവണബലഗോളയിലേക്ക് അവിടെ നിന്നു മുപ്പത്തേഴു കിലോമീറ്റർ താണ്ടണം. കൃഷിയിടങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ചന്നരായ പട്ടണം കടന്ന് കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ഗോമതേശ്വരൻ സ്ഥിതി ചെയ്യുന്ന വിന്ധ്യഗിരിയുടെ മുകൾ ഭാഗം കണ്ടു. തൊട്ടടുത്തുള്ളതു ചന്ദ്രഗിരിയാണ്. പതിനഞ്ചു കിലോമീറ്റർ അകലെയാണ് അതെന്നു ഡ്രൈവർ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.

വിന്ധ്യഗിരി, ചന്ദ്രഗിരി എന്നി മലകളും അവയുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന കുളവുമാണ് ശ്രാവണബെലഗോളയുടെ അഴക്. കലാ–സംസ്കാരിക കേന്ദ്രമെന്ന് അറിയപ്പെടുന്ന ശ്രാവണബെലഗോളയെ ക്ഷേത്രങ്ങളുടെ നാടെന്നാണു ചരിത്ര രേഖകൾ വിശേഷിപ്പിക്കുന്നത്. ‘ബെലഗോള’ എന്നതിന് വെളുത്ത കുളം (white pond) എന്നാണ് നിർവചനം. ശ്വേതസരോവരം, ധവളസരസ്സ് എന്നെല്ലാം സംസ്കൃത ഭാഷയിൽ വർണിച്ചിരിക്കുന്നു.

sravana 04

വിന്ധ്യഗിരിയുടെ താഴ്‌വരയിൽ‌ വാഹനം നിർത്തി. സമയം രാവിലെ 9.00. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങുതേയുള്ളൂ. ഒന്നു രണ്ടു പേർ പാദുകം അഴിച്ചു വച്ച് മലകയറുന്നതു കണ്ടു. മല കയറുന്നവർ പാദരക്ഷകൾ ധരിക്കരുത് – നിർദേശം വായിച്ചു. ചെരിപ്പില്ലാതെ അത്രയും ദൂരം നടക്കുന്നത് കഷ്ടപ്പാടാണെങ്കിലും അവിടുത്ത രീതികൾ പാലിച്ചേ മതിയാകൂ. ചെരിപ്പുകൾ അഴിച്ച് നിശ്ചിത സ്ഥലത്ത് ഏൽപിച്ചു. പാതയിലേക്ക് തിരിഞ്ഞപ്പോഴേക്കും കുട, സോക്സ്‌, തൊപ്പി എന്നിവയുമായി വഴിവാണിഭക്കാർ പുറകേ കൂടി. വിൽപനയ്ക്കും വാടകയ്ക്കുമായി ഇവ ലഭ്യമാണ്.

ഗോമതേശ്വര സന്നിധിയിലേക്ക് നടന്നു തുടങ്ങി. ചെറിയ മഴക്കാറ് ഉണ്ടായിരുന്നതിനാൽ വെയിൽ ഒഴിവായി. വിന്ധ്യഗിരിയുടെ ചെരിവുകൾ ചെത്തിയൊരുക്കി പടികൾ നിർമിച്ചതിനാൽ മലകയറ്റം എളുപ്പമാണ്. ചെറുതും വലുതുമായി ഏഴുനൂറു പടികൾ മുന്നിലുണ്ട്. നടന്നു കയറാൻ ബുദ്ധിമുട്ടുള്ളവരെ ചുമന്ന് മലയുടെ മുകളിൽ എത്തിക്കുന്ന ‘ഡോളി’ സർവീസ് ഇവിടെയുണ്ട്. മലകയറ്റം ആയാസരഹിതമാക്കാൻ പടികളുടെ ഇരുവശത്തും ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ചു ബാരിക്കേഡ് നിർമിച്ചിട്ടുണ്ട്. തലേദിവസത്തെ ചാറ്റൽ മഴയും രാവിലെയുണ്ടായ വെയിൽ പരന്നാൽ പടികൾ ചൂടാവുമ്പോൾ ചെരിപ്പില്ലാതെ നടത്തം അത്ര എളുപ്പമുള്ളതല്ല.

കുട്ടികളും, പ്രായമുള്ളവരും ക്ഷീണം മറന്ന് മലകയറി. ഓരോ പടവുകൾ താണ്ടിയപ്പോഴും കടന്നു വന്ന സ്ഥലങ്ങളുടെ ചിത്രം കൂടുതൽ തെളിഞ്ഞു. ബലഗോള സിറ്റിയും തടാകവും ചന്ദ്രഗിരിയും കണ്ടു. ഇടവഴിയിൽ ഒരിടത്ത് ശിലാക്ഷേത്രവുമുണ്ട്. ഇടത്താവളം പോലെ ആളുകൾ അവിടെ കയറിയിറങ്ങി. ക്ഷേത്രത്തിനു സമീപത്തു ശിലാലിഖിതങ്ങളുണ്ട്. അവ ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു. AD 600 മുതൽ 1830 വരെയുള്ള 800 ലേറെ ശിലാലിഖിതങ്ങൾ ശ്രാവണബെലഗോളയിലുണ്ട്.


നഗ്നനായി സ്വർഗത്തിലേക്ക്

sravana 05

ഗോമതേശ്വരൻ സ്ഥിതി ചെയ്യുന്ന ക്ഷേത്രനടയിൽ കൽപ്പടവുകൾ അവസാനിച്ചു. കരിങ്കൽ ക്ഷേത്രത്തിന്റെ തണുപ്പിലേക്ക് ആദരവോടെ കടന്നു. ക്ഷേത്രമധ്യത്തിലുള്ള ചത്വരത്തിൽ കൂറ്റൻ ഗോമതേശ്വര പാദങ്ങൾ കണ്ടു. അത്രയും നേരം മനസ്സിൽ കൊണ്ടുനടന്ന ചിത്രം ഇതാ കൺമുന്നിൽ... പൂർണ നഗ്നനായ ഒറ്റക്കൽ പ്രതിമ. ധ്യാനനിമഗ്നനായി നിൽക്കുന്ന ശാന്തഗംഭീര രൂപം. താങ്ങുകളില്ലാതെ, ഭൂമിക്കു ലംബമായി നിൽക്കുകയാണ് 57 അടി ഉയരമുള്ള ഗോമതേശ്വര ശിൽപം.

തപസ്സിനൊടുവിൽ, മോക്ഷത്തിനു മുൻപായി ശരീരം വെടിയുന്നതിനു തൊട്ടു മുൻപുള്ള അവസ്ഥയാണത്രേ ‘കയോൽ സർഗം.’ ബാഹുബലി ശിൽപങ്ങളുടെ പ്രത്യേകതയും ഇതാണത്രേ.

ശിൽപത്തിന് ആധാരമായ ഐതിഹ്യം ഇങ്ങനെ: ഇക്ഷ്വാകു വംശജനായ ഋഷഭന്റെ മക്കളായിരുന്നു ഭരതനും ബാഹുബലിയും. അവർ അധികാരത്തിനായി യുദ്ധം ചെയ്തു. പിൽക്കാലത്ത്, ജ്യേഷ്ഠനോട് യുദ്ധം ചെയ്തതിലെ തെറ്റുതിരിച്ചറി‍ഞ്ഞ ബാഹുബലി സന്യാസം തിരഞ്ഞെടുച്ചു. പശ്ചാത്താപ വിവശനായ ബാഹുബലി തപസ്സ് കഠിനമാക്കാനായി നിന്നു കൊണ്ടാണു തപസ്സനുഷ്ഠിച്ചത്. നിശ്ചലമായ ശരീരത്തിലൂടെ വള്ളികൾ പടർന്നു. അതേ നിൽപ്പിൽ ജ്ഞാനോദയം ലഭിച്ച ബാഹുബലി സ്വർഗം നേടിയെന്നാണു ജൈന മതക്കാർ വിശ്വസിക്കുന്നത്. അവരുടെ വിശ്വാസങ്ങളിൽ ആദ്യം മോക്ഷം നേടിയ മുൻഗാമിയാണ് ഗോമതേശ്വരൻ അഥവാ ബാഹുബലി.

sravana 02

ശ്രാവണബലഗോളയിലെ ഗോമതേശ്വരന്റെ പാദപൂജ ചെയ്യാൻ പൂജാരിയുണ്ട്. സന്ദർശകർക്ക് അവിടെ നിന്നു പ്രസാദം ലഭിക്കും. പ്രധാനക്ഷേത്രത്തിനു ചുറ്റും ജൈനതീർഥങ്കരന്മാരുടെ ശിൽപങ്ങളുണ്ട്. ഓരോന്നും വേർതിരിച്ചറിയാൻ പേരെഴുതിയിട്ടുണ്ട്. ഗോമതേശ്വരന് അർപ്പിക്കാനുള്ള ദ്രവ്യങ്ങളുമായാണ് വിശ്വാസികൾ മലകയറുന്നത്.

ദർശനം കഴിഞ്ഞിറങ്ങി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നപ്പോഴാണ് ഗോമതേശ്വരൻ തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത മലയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്. കൊത്തളങ്ങളുള്ള കരിങ്കൽ കോട്ട പോലെയാണ് ക്ഷേത്രം. അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. കെട്ടിടങ്ങളും കുളങ്ങളും കുന്നുകളും നിറഞ്ഞ ശ്രാവണ ബെലഗോള ഒരു ചിത്രത്തിലെന്ന പോലെ കണ്ടാസ്വദിക്കാം. ചെറുക്ഷേത്രങ്ങളും മന്ദിരങ്ങളുമുള്ള ചന്ദ്രഗിരിയും ‘ബസദികളും’ കാണാം. തീർത്ഥങ്കരന്മാരുടെ സ്മാരകങ്ങളാണ് ബസദികൾ. മൗര്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അവസാന കാലം ചെലവിട്ടതും സമാധിയായതും ചന്ദ്രഗിരിയിലാണെന്നാന്നു കരുതപ്പെടുന്നു. ചന്ദ്രഗുപ്ത മൗര്യന്റെ ഓർമയ്ക്കായി അശോക ചക്രവർത്തി നിർമിച്ച സ്മാരകമാണ് ചന്ദ്രബസദി.

sravana 06

ദക്ഷിണേന്ത്യയുടെ ചരിത്രം സമ്പൂർണമാക്കിയ രാജവംശങ്ങൾ, ചക്രവർത്തികൾ, രാജാക്കന്മാർ... അതിർത്തിയുടെ വിസ്താരം കൂട്ടാൻ നടത്തിയ പോരാട്ടങ്ങളിൽ വീരേതിഹാസം രചിച്ചവരുടെ കാൽപാടുകൾ ശ്രവണബലഗോളയിൽ മറഞ്ഞിരിപ്പുണ്ട്. പരിത്യാഗവും മോക്ഷവും സ്വർഗപ്രാപ്തിയുമായി അവർ ദൈവഗണങ്ങളിലേക്ക് ഉയർത്തപ്പെട്ടത് പിൽക്കാല ചരിത്രം. ഗോമതേശ്വരനെ വണങ്ങി മലയുടെ മുകളിൽ നിന്നു മടങ്ങുമ്പോൾ ഒരായിരം കുതിരകളുടെ കുളമ്പടി കാതുകളിൽ ഇരമ്പി. അകലെ എവിടെയോ യുദ്ധത്തിന്റെ മാറ്റൊലി കേട്ടു. ശ്വാസം ഇറുകെ പിടിച്ച് അടിവാരത്ത് എത്തിയപ്പോൾ എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ പൊടുന്നനെ മാഞ്ഞു. നൂറ്റാണ്ടുകൾക്കിപ്പുറം വിജനമായ പാതയിൽ തെളിഞ്ഞു കിടക്കുന്നു നൈമിഷിമായ ജീവിതചിത്രം...
Tags:
  • Manorama Traveller