Monday 21 June 2021 02:54 PM IST : By സ്വന്തം ലേഖകൻ

ചോക്ലേറ്റ് കുന്നുകൾ നിറഞ്ഞ ടൂറിസം കേന്ദ്രം, സഞ്ചാരികൾക്ക് ഇത് എട്ടാം അദ്ഭുതം

choclate3

കുന്നുകൂടി കിടക്കുന്ന ചോക്ലേറ്റ്, ഫിലിപ്പീൻസിലെ ബോഹോൾ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സെബുവാനോ മലനിരകളെ ആദ്യ കാഴ്ചയിൽ അങ്ങനെയേ തോന്നൂ. ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്നാണ് സഞ്ചാരികൾ ചോക്ലേറ്റ് ഹിൽസിനെ വിളിക്കുന്നത്. യുനെസ് കോയുടെ ലോകപൈതൃകങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ കുന്നുകൾ ഫിലിപ്പീൻസിലെ മൂന്നാമത്തെ ദേശീയ ജിയോളജിക്കൽ സ്മാരകം കൂടിയാണ്. കുന്നുകളുടെ രൂപവും നിറവുമാണ് ഇവയ്ക്ക് ചോക്ലേറ്റ് ഹിൽസ് എന്ന് പേരുവരാനുള്ള കാരണം. കോൺ ആകൃതിയിലുള്ള 1776 കുന്നുകളുടെ കൂട്ടമാണ് ചോക്ലേറ്റ് ഹിൽസ്. ഉദ്ദേശം 50 കിലോമീറ്റർ ചുറ്റളവിലാണ് ഈ മലനിരകളുള്ളത്.

choclate2

ബോഹോളിലെ വേനൽക്കാലത്ത് സെബുവാനോ കുന്നുകളിലെ പുല്ലുകൾ കരിഞ്ഞ് ചോക്ലേറ്റിന്റെ തവിട്ടുനിറമായി മാറും. അകലെ നിന്ന് നോക്കുമ്പോൾ ചോക്ലേറ്റ് കൂനകൂട്ടി വച്ചതു പോലെ തോന്നും. കോൺ ആകൃതിയിലുള്ള കുന്നുകൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ദൂരെ നിന്ന് കാണുമ്പോൾ അവ ഏതാണ്ട് ഒരേ രൂപത്തിലും വലുപ്പത്തിലുമാണെന്നാണ് തോന്നുന്നത്. ഭൂമിശാസ്ത്രപരമായി കുന്നുകളുടെ ഈ സവിശേഷ ഘടനയെ ജിയോ മോർഫോളജിക്കൽ ഘടന അഥവാ മൊഗോട്ട് എന്നാണ് പറയുന്നത്. ആയിരകണക്കിനു വർഷങ്ങളായുള്ള കാറ്റും മണ്ണൊലിപ്പുമാണ് കുന്നുകൾ കോണുകളുടെ ആകൃതിയിൽ നിലനിൽക്കാൻ കാരണമെന്നാണ് ഗവേഷകരുടെ അനുമാനം.

choclate1

ഏതുകാലാവസ്ഥയിലും സന്ദർശിക്കാമെങ്കിലും ചോക്ലേറ്റ് കുന്നുകളുടെ യഥാർഥ ഭംഗി ആസ്വദിക്കാൻ വേനൽക്കാലമാണ് ഉചിതം. നവംബർ അവസാനത്തോടെ ആരംഭിച്ച് മെയ് വരെ നീണ്ടുനിൽക്കുന്നതാണ് വേനൽക്കാലം.

Tags:
  • Manorama Traveller