Tuesday 27 July 2021 05:00 PM IST : By സ്വന്തം ലേഖകൻ

ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു മുഖ്യമന്ത്രി... മനോരമ ട്രാവലർ ഓൺലൈൻ പരമ്പര ഇംപാക്ട്

mango-m

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ടൂറിസം മേഖലയെ അനുഭാവപൂർ‍വം നോക്കിക്കാണുന്നു എന്നും പ്രശ്നങ്ങൾ പഠിച്ചു നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം സംരംഭകർ നേരിടുന്ന പ്രതിസന്ധിയെ സർക്കാറിന്റെ മുൻപിലെത്തിച്ച കടുത്തുരുത്തി മാംഗോ മീഡോസ് അഗ്രികൾച്ചറൽ തീം പാർക്കിന്റെ ഉടമ എൻ.കെ. കുര്യനാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ‘‘ടൂറിസം മേഖലയിലെ സംരംഭകരും അതിൽ നിന്ന് ഉപജീവനം കണ്ടെത്തുന്നവരും കൂട്ട ആത്മഹത്യയിലേക്കു നീങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തു നിലനിൽക്കുന്നത്. വരുമാനം നിലച്ച അവസ്ഥയോടൊപ്പം വൻ തുകയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതെങ്ങനെ എന്ന പ്രശ്നവും അഭിമുഖീകരിക്കുന്നുണ്ട്. കേരളത്തിലെ സസ്യജാലങ്ങത്തെ പൂർണമായും ഉൾപ്പെടുത്തിയിട്ടുള്ള സസ്റ്റയിനബിൾ ബയോളജിക്കൽ പാർക്കാണ് മാംഗോ മീഡോസ്. ഒപ്പം കാവും കുളവും ആയുർവേദവും ഉൾപ്പെടുന്ന സാംസ്കാരിക പാരമ്പര്യത്തെയും അവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഈ പ്രാധാന്യം പരിഗണിച്ച് സംസ്ഥാന ഗവൺമെന്റ് പാർക്കിന്റെ ഓഹരി എടുക്കുകയും സർക്കാർ സഹകരണത്തോടെ തുടർന്ന് നടത്താനുള്ള അവസരം ഉണ്ടാക്കുകയും വേണമെന്നാണ് മുഖ്യമന്തിയുടെ ശ്രദ്ധയിൽ പെടുത്തിയത്. സാഹചര്യങ്ങളുടെ ഗൗരവം ബോധ്യമുള്ള അദ്ദേഹം വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും ഇവിടെ ചെയ്യാവുന്നത് പരിശോധിച്ച് നടപടി എടുക്കാമെന്നും അറിയിച്ചു. ’’ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എൻ. കെ. കുര്യൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ ടൂറിസം പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ ഇനിയെങ്കിലും അനുവദിച്ചാൽ മാത്രമേ സംരംഭകർക്ക് ശുഭപ്രതീക്ഷയോടെ കാര്യങ്ങളെ നോക്കിക്കാണാനാകൂ എന്നും കുര്യൻ കൂട്ടിച്ചേർത്തു.

സംസ്ഥാന ടൂറിസം മേഖലയിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെ പൊതുജനത്തിനു മുന്നിലും സർക്കാറിന്റെ ശ്രദ്ധയിലും കൊണ്ടുവരുന്നതിനായി മനോരമ ട്രാവലർ ഓൺലൈൻ ആരംഭിച്ച പരമ്പരയുടെ ഭാഗമായിട്ടാണ് എൻ. കെ. കുര്യൻ മാംഗോ മീഡോസിന്റെ കഥ ആദ്യം പങ്കുവെച്ചത്. ട്രാവലർ വാർത്തയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ ഒട്ടേറെ വ്യക്തികൾ തന്നെ ബന്ധപ്പെടുകയും മാംഗോ മീഡോസിസിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ടെന്നും എൻ.കെ. കുര്യൻ മനോരമ ട്രാവലറിനോട് പറഞ്ഞു.

Tags:
  • Manorama Traveller
  • Travel Destinations