രണ്ടു വർഷം മുൻപ്, 2022ലാണ് ‘ഇലവീഴാപൂഞ്ചിറ’ റിലീസായത്. സിനിമ റിലീസാകുന്നതിനു മുൻപു തന്നെ ഈ സ്ഥലം പ്രശസ്തമായിരുന്നു. മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസവുമായി ബന്ധമുള്ളതാണ് ഇലവീഴാപൂഞ്ചിറ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. മലഞ്ചെരിവിൽ ഒരു മൃതദേഹം കണ്ടെത്തുന്നതും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുട ഇതിവൃത്തം. ഭാരതകഥയും സിനിമാക്കഥയും രണ്ടു ദ്രുവങ്ങളിലാണെങ്കിലും കഥയ്ക്കും സിനിമയ്ക്കും പശ്ചാത്തലമായി മാറിയ സ്ഥലം കാണാൻ സഞ്ചാരികൾ ഒരേ മനസ്സോടെ കുതിച്ചു. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാ പൂഞ്ചിറ. മാങ്കുന്ന്, കൊടയത്തൂർമല, തോന്നിപ്പാറ എന്നീ മലകളുടെ നടുവിലെ മനോഹരമായ വ്യൂപോയിന്റിലേക്ക് നിരവധിയാളുകൾ എത്തുന്നുണ്ട്.
എറണാകുളത്തു നിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയിൽ കാഴ്ചയുടെ ഇടത്താവളങ്ങളുണ്ട്. 68കിലോമീറ്റർ പിന്നിടുമ്പോൾ മലങ്കര ഡാമിൽ എത്തുന്നു. അണക്കെട്ടിൽ പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മലകളെ വാരി പുണർന്ന് പ്രകൃതി ചുരന്നെടുത്ത തെളിനീർ കൈക്കുമ്പിളിൽ നിശ്ചലമാക്കി നിർത്തിയതു പോലെ മനോഹരമാണ് ജലാശയം. തെളിഞ്ഞ വെള്ളത്തിൽ മീനുകളെ കാണാം. അണക്കെട്ടും ജലാശയവും കാണാനെത്തുന്ന കുട്ടികൾക്കായി സമീപത്ത് കളിസ്ഥലമുണ്ട്. ചിൽഡ്രൻസ് പാർക്കിൽ നിന്നാൽ ഒരു മല കാണാം. ‘‘അത് ഇലവീഴാപൂഞ്ചിറയാണ്’’ അണക്കെട്ടിലെ വാച്ച്മാൻ ചൂണ്ടിക്കാട്ടി.
കാറ്റിന്റെ ഇലത്താളം
മലഞ്ചെരിവിലൂടെ ഇരുപതു കിലോമീറ്റർ താണ്ടിയപ്പോൾ ഒരു കവലയിൽ എത്തി. ഇലവീഴാപൂഞ്ചിറയിലേക്ക് ജീപ്പ് പുറപ്പെടുന്നത് അവിടെ നിന്നാണ്. ഇലവീഴാപൂഞ്ചിറയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയതിൽ പിന്നെയാണ് ഈ സ്ഥലം കവലയായി മാറിയത്. മലയുടെ മുകളിലെത്താൻ ഒരു കിലോമീറ്റർ ജീപ്പ് യാത്ര ചെയ്യണം. കുത്തനെ കയറ്റമാണ്.
മലയെ പുണർന്ന റോഡിലൂടെ ജീപ്പ് ഇരമ്പിക്കയറി. ചുറ്റുപാടും കാഴ്ച അതിമനോഹരമാണ്. മലയുടെ നെറുകയിലൊരു വാച് ടവറുണ്ട്. പൊലീസ് നിരീക്ഷണ കേന്ദ്രമെന്നു പറയാം. ഇടുക്കിയിലെ വിവിധ മലനിരകളുടെ ഭംഗി അവിടെ നിന്നാൽ ആസ്വദിക്കാം.
സോപ്പു പെട്ടികൾ അടുക്കി വച്ചപോലെ അകലെ കാണുന്നത് തൊടുപുഴ പട്ടണത്തിലെ വീടുകളും കെട്ടിടങ്ങളുമാണ്. മൂലമറ്റത്തു നിന്ന് ഒഴുകിയെത്തുന്ന പുഴ മലയുടെ തലവര പോലെ തെളിഞ്ഞു കിടക്കുന്നു. ഇലവീഴാപൂഞ്ചിറയിലേക്കുള്ള ടാർ റോഡ് കാടിന്റെ അരഞ്ഞാണം പോലെ കുന്നിൻ ചെരിവിനെ പുണർന്നു കിടക്കുകയാണ്. ആകാശം തൊടാനായി കൈ നീട്ടുന്ന കുട്ടികളെ പോലെ ദൂരെ നിരവധി മലകൾ നിരയായി നിൽക്കുന്നു. ഗിരിനിരകളെ തഴുകിയെത്തുന്ന കാറ്റ് ഇടയ്ക്ക് ശക്തി തെളിയിക്കുന്നുണ്ട്. ശ്രദ്ധയോടെ നിന്നില്ലെങ്കിൽ കാറ്റിന്റെ ശക്തിയിൽ പറന്നു പോകുമെന്നു പലപ്പോഴും തോന്നി.
ഇലവീഴാപൂഞ്ചിറയെ അനുഗ്രഹിച്ചത് ദേവനോ ദേവതയോ എന്നു കൺഫ്യൂഷനുണ്ടായി. ഇലത്താളം കൊട്ടുന്ന പോലെയുള്ള കാറ്റിന്റെ ഈണം ഇല വീഴാത്ത പൂഞ്ചിറയ്ക്കു കിട്ടിയ അനുഗ്രഹമാണ്. സ്വപ്നതുല്യമായി ഈ പ്രകൃതിയെ സൃഷ്ടിച്ചത് മരങ്ങളുടെയും ഇലകളുടയും ഹരിതശോഭയെ ഹൃദയഭാഷയാക്കിയ അദൃശ്യകരങ്ങളാണെന്നു നിസ്സംശയം പറയാം. ഈ ദൃശ്യചാരുതയായിരിക്കാം ഇലവീഴാപൂഞ്ചിറ പാണ്ഡവരുടെ കഥയ്ക്ക് പശ്ചാത്തലമായതിനു കാരണം.
ചിറയ്ക്കു മല കെട്ടിയ ദേവേന്ദ്രൻ
മഹാഭാരത കഥയുടെ ആദ്യ പകുതിയിൽ പരാജയം നേരിട്ട പാണ്ഡവർ വനവാസത്തിന്റെ ഭാഗമായുള്ള പ്രയാണത്തിൽ ഇവിടെയെത്തി. പഞ്ചപാണ്ഡവരുടെ ഏകപത്നിയായ ദ്രൗപതി സ്നാനത്തിനായി മലഞ്ചെരുവിലെ ജലാശയത്തിലെത്തി. നീരാട്ടിനിറങ്ങിയ ദ്രൗപതിയുടെ സൗന്ദര്യത്തിൽ ദേവന്മാർ ആകൃഷ്ടരായി. പാണ്ഡുപുത്രരുടെ പത്നിയായ പാഞ്ചാലിയുടെ സ്വകാര്യത മാനിച്ചുകൊണ്ട് ദേവേന്ദ്രൻ ആ ജലാശയത്തിനു ചുറ്റും മലകൾ സൃഷ്ടിച്ചു. ദ്രൗപതി സ്നാനത്തിനിറങ്ങിയ ജലാശയം മലനിരകളാൽ കവചിതമായി. സുന്ദരിയായ ദ്രൗപതി കുളിക്കാനിറങ്ങിയ ജലാശയത്തിനു ചുറ്റും പൂക്കൾ വിടർന്നു. കാവ്യ ഭാഷയിൽ അതു ‘പൂക്കളുടെ ചിറ’ അഥവാ പൂഞ്ചിറയായി. കാലം കടന്നപ്പോൾ മലകൾക്കു നടുവിൽ ജലാശയം ഏകാന്തമായി. ജലാശയത്തിൽ നിന്ന് ഏറെ അകലെയാണ് മരങ്ങളും മലകളും. അതിനാൽത്തന്നെ, തടാകത്തിലെ തെളിനീരിന്റെ മനോഹാരിതയിലേക്ക് ഇലകൾ വീണില്ല. അങ്ങനെ ഇവിടം ‘ഇല വീഴാ പൂഞ്ചിറ’യായി അറിയപ്പെട്ടു. മലകളിലൂടെ ചൂളമടിച്ച് കാറ്റു കടന്നു പോകുന്നുണ്ടെങ്കിലും ജലാശയത്തിലേക്ക് ഇലകൾ വീഴാറില്ലത്രേ. ഇലവീഴാപൂഞ്ചിറയിൽ നിന്നാൽ ചുറ്റിലും കാണുന്നത് മാങ്കുന്ന്, കൊടയത്തൂർമല, തോന്നിപ്പാറ മലകളാണ്.
ഐതിഹ്യത്താൽ സമ്പന്നമായ തടാകം സന്ദർശിക്കുന്നവർ ഈ കഥ ഓർക്കുന്നു. സുന്ദരിയായ ദ്രൗപതിയും പഞ്ചപാണ്ഡവരും ഇലവീഴാ പൂഞ്ചിറയിലൂടെ ഓർമിക്കപ്പെടുന്നു. കഥയുടെ കാൽപനികതയെ അനശ്വരമാക്കുംവിധം ഭംഗിയുള്ളതാണ് ഇലവീഴാപൂഞ്ചിറയിലെ തടാകം. ജലാശയത്തിലെ വെള്ളം മലനിരയുടെ തണുപ്പിനെ മുഴുവനായും ആവാഹിച്ചിട്ടുണ്ടെന്നു തോന്നി. ഇടുക്കിയിലെ മേലുകാവ് ഗ്രാമത്തിലേക്ക് വെള്ളം കൊണ്ടു പോകുന്നത് ഇവിടെ നിന്നാണ്. അർജുന് വരമായി ലഭിച്ച അമ്പൊടുങ്ങാത്ത ആവനാഴി പോലെ ഈ തടാകം എക്കാലത്തും ജലസമൃദ്ധമാണ്.
മഴക്കാലത്ത് ഇലവീഴാപൂഞ്ചിറയ്ക്ക് വശീകരണ ശേഷിയുള്ള സൗന്ദര്യമാണെന്ന് കർക്കടകത്തിൽ ഇവിടെ വന്നു പോയവർ പറയുന്നു. ജലാശയത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും ഇക്കാലത്ത് വെള്ളംമൂടും. മലകൾക്കു നടുവിൽ വിസ്താരമുള്ള തടാകമായി പൂഞ്ചിറ ദൃശ്യമാകും. മഴയൊഴിയുന്ന പ്രഭാതങ്ങളിൽ സൂര്യനുദിക്കുമ്പോൾ തടാകത്തിലെ വെള്ളത്തിൽ ഇതിന്റെ മനോഹരമായ പ്രതിഫലനം കാണാമത്രേ. അതിനാൽത്തന്നെ മഴക്കാലത്താണ് ഇലവീഴാപൂഞ്ചിറ യഥാർഥ ഭംഗി ദൃശ്യമാവുക. ഇടുക്കിയിലെ മലഞ്ചെരിവുകളിൽ മണ്ണിടിച്ചിലും അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇക്കാലത്ത് സന്ദർശകർക്ക് പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
പൂഞ്ചിറയുടെ താഴെ മുനിയറ
ഇലവീഴാപൂഞ്ചിറയുടെ ചരിത്രത്തിനു സാക്ഷിയായി ഇവിടെ മുനിയറകളുണ്ട്. മുനിയറ എന്നാണ് ഇപ്പോഴും സ്ഥലപ്പേര്. മുനിയറകളുടെ സമീപത്തേക്ക് ജീപ്പ് സർവീസുണ്ട്. മുനിയറയുടെ മുന്നിലെത്താൻ പൂഞ്ചിറയിൽ നിന്ന് രണ്ടു കിലോമീറ്റർ മലയിറങ്ങണം. മലമ്പാതയിലൂടെ ജീപ്പ് യാത്ര രസകരമായ അനുഭവമാണ്. കുറച്ചു ദൂരം താണ്ടിയപ്പോൾ ഈറ്റക്കാടിനു നടുവിലെത്തി. മുളയുടെ ചെറുരൂപമായി ഈറ്റച്ചെടികൾ വളർന്നു നിൽക്കുന്നിടത്തു നിന്ന് അൽപം നടന്നാൽ ഗുഹയുടെ മുന്നിലെത്താം. മൊബൈൽ ഫോണിൽ ടോർച്ച് തെളിച്ചപ്പോൾ ഗുഹാമുഖം കണ്ടു.
മുനിയറകളെക്കുറിച്ച് പാഠപുസ്തകത്തിൽ പണ്ടു പഠിച്ചത് ഓർമയില്ലേ? പുരാതന കാലത്ത് മനുഷ്യർ പാർത്തിരുന്ന ഗുഹകളാണ് മുനിയറയെന്നു കരുതപ്പെടുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും കരുതപ്പെടുന്നു. അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളിൽ കണ്ടറിയാം.
ഇലവീഴാപൂഞ്ചിറയുടെ സമീപത്തുള്ള മുനിയറയുടെ സമീപത്ത് അരിവിയുണ്ട്. കാട്ടരുവിയിലെ വെള്ളം കുടിച്ചാണ് ഇവിടെയുള്ളവർ പണ്ടു ജീവിച്ചത്. ഇറ്റച്ചെടിയെ തഴുകിയെത്തുന്ന കാറ്റും അരിവിയുടെ സാമീപ്യവും മുനിയറയുടെ സമീപത്ത് ചൂടിന് ആശ്വാസം പകരുന്നു.
ഇലവീഴാപൂഞ്ചിറ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇലവീഴാപൂഞ്ചിറയിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. താമസത്തിന് ഡോർമിറ്ററിയുണ്ട്. റൂട്ട്: തൊടുപുഴയിൽ നിന്നു മൂലമറ്റം റൂട്ടിൽ കാഞ്ഞാർ. അവിടെ നിന്നു വലത്തോട്ടുള്ള റൂട്ടിലാണ് ഇലവീഴാപൂഞ്ചിറയിലേക്കു വഴി തിരിയുന്നത്. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ. മലയുടെ മുകളിലേക്ക് ജീപ്പ് സർവീസുണ്ട്. വാച്ച് ടവറിനു സമീപത്ത് എത്താൻ ഒരു കിലോമീറ്റർ നടക്കണം.