Tuesday 28 June 2022 04:24 PM IST : By Thara Nandikkara

ഒഴുകുന്ന ഗ്രാമവും മുങ്ങിയ കാടും

cambodia1 Photo: Goutham Rajan

കംബോഡിയയിലെ സിയെം റീപിൽ ലാൻഡിങ്ങിനു തയാറെടുക്കുന്ന വിമാനത്തിൽ നിന്നു താഴേയ്ക്കു നോക്കിയപ്പോൾ കണ്ടതു വീടുകൾക്കും പാടങ്ങൾക്കുമിടയിലുള്ള ഗർത്തങ്ങളാണ്. വിയറ്റ്‌നാം യുദ്ധകാലത്തു കംബോഡിയയുടെ ഗതികേടിന്റെ ചരിത്രമാണ് അതു കണ്ടപ്പോൾ ഓർമ വന്നത്. ഭൂമിശാസ്ത്രപരമായി വിയറ്റ്നാമിന്റെ വടക്കു തെക്കു ഭാഗങ്ങൾക്ക് ഏതാണ്ടു നടുവിലായതു കൊണ്ട് അമേരിക്കൻ ബോംബർ വിമാനങ്ങൾ നാശം വിതച്ച രാജ്യമാണ് കംബോഡിയ. വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ആധിപത്യമുണ്ടായിരുന്ന വടക്കൻ വിയറ്റ്‌നാമിൽ നിന്നുള്ള പോരാളികൾ, അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന തെക്കൻ വിയറ്റ്നാമിലേക്കു കംബോഡിയയിലൂടെയായിരുന്നു രഹസ്യ നീക്കങ്ങൾ നടത്തിയിരുന്നത്. ഇതിൽ കുപിതനായ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ 1970കളിൽ കംബോഡിയ മുഴുവനായും ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ബോംബിട്ടു. ഒരു ലക്ഷത്തിലധികം കംബോഡിയക്കാരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ മെനു എന്നും, ഓപ്പറേഷൻ ഫ്രീഡം ഡീൽ എന്നും പേരിട്ട കാർപെറ്റ് ബോംബിങ് എയർ സ്ട്രൈക്കുകളിലൂടെ ആയിരക്കണക്കിന് ബോംബുകൾ ഉണ്ടാക്കിയ ഗർത്തങ്ങൾ (bomb craters) ഇന്നും കംബോഡിയയിലെമ്പാടും കാണാം. റിച്ചാർഡ് നിക്സന്റെ ബോംബ് ക്രേറ്ററുകളാണോ താഴെ കാണുന്നത്? ഓൺ അറൈവൽ വീസ എടുത്ത ശേഷം സിയെം റീപ് എയർപോർട്ടിന് വെളിയിലിറങ്ങിയ ഞങ്ങളെ കാത്ത് ഡ്രൈവർ ചോംനാൻ നിൽപുണ്ടായിരുന്നു. ആജാനുബാഹുവായ, എന്നാൽ കുട്ടികളുടെ മുഖമുള്ള, എപ്പോഴും ചുണ്ടിലൊരു ചിരിയുള്ള ചോംനാൻ. 'വെൽകം ടു മൈ പാലസ്' എന്ന് പറഞ്ഞാണ് ഞങ്ങളെ വണ്ടിയിൽ കയറ്റിയത്. ചോദ്യഭാവത്തിൽ നോക്കിയ ഞങ്ങളോട്, 'ഈ വണ്ടിയാണ് സാങ്‌യോങ് ഇസ്താന. ഇസ്താന എന്ന പേരിന്റെ അർഥം കൊട്ടാരം' എന്നാണെന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു. കൈ ഒക്കെ വിടർത്തി കാട്ടി ഒരു രസമുള്ള താളത്തിലാണ് ചോംനാന്റെ സംസാരം. സിയെം റീപ് ടൗണിലുള്ള 'പാണ്ട അങ്കോർ ഇൻ' ഹോട്ടലിലാണ് റൂം എടുത്തിട്ടുള്ളത്. ബാഗുകൾ മുറിയിൽ വച്ചു പെട്ടെന്നു കുളിച്ചിറങ്ങി.

floating  village

'കംബോങ് ഫ്ലൂക്‌'

ടോൺലെ സാപ് തടാകക്കരയിലെ ഫ്ലോട്ടിങ് വില്ലേജ് ആയ 'കംബോങ് ഫ്ലൂക്‌ ‌' ആണ് ആദ്യ ലക്ഷ്യം. ഫ്ലോട്ടിങ് വില്ലേജ് എന്ന പേരിൽ സൂചിപ്പിക്കുന്ന പോലെയുള്ള ഒഴുകുന്ന വീടുകളല്ല അവിടെയുള്ളത്. മറിച്ച് ടോൺലെ സാപ് തടാകത്തിലേക്കൊഴുകുന്ന ഒരു പുഴയിൽ നാട്ടിയ മരത്തൂണുകൾക്ക് മുകളിൽ പണിത വീടുകളുടെ ഗ്രാമമാണ് കംബോങ് ഫ്ലൂക്‌. തഹാസ് എന്ന് പേരുള്ള ആ പുഴ വേനൽക്കാലത്ത് നാമമാത്രമാവുകയും, മഴക്കാലത്ത് ഇരട്ടിയിലധികം ഉയരത്തിൽ വെള്ളം നിറയുകയും ചെയ്യും. ഈ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷയ്ക്കാണ് കംബോങ് ഫ്ലൂക്‌ ഗ്രാമവാസികൾ ഉയർന്ന മരത്തൂണുകളിൽ താമസം തുടങ്ങിയത്. ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട് ഗ്രാമത്തിലേക്ക്. ലക്ഷ്യസ്ഥാനത്തിന് കുറച്ചു കിലോമീറ്ററുകൾക്ക് മുൻപേ വാൻ നിർത്തി ഞങ്ങളിറങ്ങി. തഹാസ് നദിയിലൂടെ ബോട്ടിലാണ് ഇനിയുള്ള യാത്ര. കംബോങ് ഫ്ലൂക്കിലേക്ക് ജലമാർഗമാണ് പ്രവേശനം. 30 ഡോളർ പ്രവേശന ഫീസ് എടുക്കണം. ബോട്ട് യാത്രയും, ലോക്കൽ ടൂറിസം ടാക്‌സും ചേർത്താണ് ഈ ഫീസ്. ഞങ്ങളുടെ ബോട്ട് കാണിച്ച് തന്ന ശേഷം ചോംനാൻ തന്റെ ‘കൊട്ടാര’ത്തിൽ ചെന്നിരുന്നു.

tonle sap

എപ്പോഴും നല്ല ദേഷ്യത്തിലാണെന്ന് തോന്നുന്ന മുഖഭാവമുള്ള ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെ ബോട്ട് ഡ്രൈവർ. പണിക്കാരനോട് ഖമർ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്. മുഖഭാവം വച്ച് നോക്കിയാൽ ചീത്ത പറയുകയാണെന്നേ തോന്നൂ. ഞങ്ങളെ കൂടാതെ ആറ് പേരുണ്ട് ബോട്ടിൽ. ചൈനയിൽ നിന്നെത്തിയ ഒരു കുടുംബമാണ്. അതിലെ ചെറിയ കുട്ടി കൗതുകത്തോടെ ബോട്ടിന്റെ സ്റ്റിയറിങ്ങ് വീൽ നോക്കാൻ മുമ്പിലേക്ക് ചെന്നതും ഡ്രൈവർ സ്ത്രീ ഖമറിൽ എന്തോ ഒച്ചയിട്ട് അവനെ തിരിച്ചോടിച്ചു. അവരെ കുറ്റം പറയാൻ പറ്റില്ല. ബോട്ടിന്റെ സ്ഥിതി അതാണ്. ഇളകുന്ന മരപ്പലക ചേർത്ത് ആണിയടിച്ച സീറ്റിലിരുന്ന്, തുരുമ്പെടുത്ത് വളഞ്ഞ സ്റ്റിയറിങ് വീൽ പിടിക്കുന്ന ആരായാലും കുട്ടികളെ അങ്ങോട്ട് അടുപ്പിക്കില്ല. തഹാസ് നദിയിൽ വലിയ ഒഴുക്കില്ല എന്നതാണ് സമാധാനം. ഉയരത്തിൽ വെള്ളം ചീറ്റി പോവുന്ന സ്പീഡ് ബോട്ടുകളുമുണ്ട് പുഴയിൽ.

floating village

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒറ്റയ്ക്കും തെറ്റയ്ക്കും നിൽക്കുന്ന മരത്തൂൺ വീടുകൾ കണ്ടു. പിന്നീട് കൂട്ടമായിട്ടും. ഉദ്ദേശിച്ചതിനേക്കാൾ വലുതാണ് കംബോങ് ഫ്ലൂക്‌ ഫ്ലോട്ടിങ് വില്ലേജ്. പുഴക്കരയ്ക്കിരുവശത്തുമായി മരത്തൂണുകളിൽ പണിതിരിക്കുന്നത് വലിയ, നീളൻ വീടുകളാണ്. വീടുകളുടെ മുന്നിൽ നിന്നു പുഴയിലേയ്ക്ക് താഴുന്ന ഏണിപ്പടിയിൽ ചെറു വഞ്ചി കെട്ടിയിട്ടിട്ടുണ്ട്. പച്ചക്കറികളും സാമാനങ്ങളുമായി വരുന്ന വഞ്ചികൾ കാത്ത് വീട്ടു മുറ്റത്തിറങ്ങി നിൽക്കുന്നവർ തമ്മിൽ പരസ്പരം നല്ല ഉച്ചത്തിൽ സംസാരം കേൾക്കാം. ബോട്ടുകളിൽ ആണ് ഈ ഗ്രാമത്തിലെ കടകൾ. അതിലൊരു കട മുതലത്തോൽ ഉത്പന്നങ്ങൾ വിൽക്കുന്നൊരു ബോട്ടായിരുന്നു. മുതലത്തോൽ കൊണ്ടുണ്ടാക്കിയ ബാഗ്, ഷൂസ്, ബെൽറ്റ് എന്നിവയൊക്കെ വിൽക്കുന്നൊരു കട. ബോട്ടിലെ ബോർഡിൽ 'selling all kind of crocodile' എന്നെഴുതി വച്ചിരിക്കുന്നു. പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും 'items' എഴുതാൻ വിട്ടു പോയതായിരിക്കുമെന്ന് സമാധാനിച്ചു! ഒറ്റയ്ക്ക് നിൽക്കുന്ന വീടുകളിലൊന്ന് കംബോങ് ഫ്ലൂകിലെ സ്‌കൂൾ ആണ്. വെള്ളയും നീലയും യൂണിഫോമിട്ട കുട്ടികൾ വഞ്ചി തുഴഞ്ഞ് വരുന്നുണ്ടായിരുന്നു. പുഴയ്ക്കു നടുവിലെ മരത്തൂൺ സ്‌കൂളിലേക്കു വഞ്ചി തുഴഞ്ഞു വന്നു പഠിക്കുന്ന കുട്ടികളെ കണ്ടപ്പോൾ ‘ടോട്ടോചാൻ’ എന്ന നോവലിലെ തീവണ്ടി മുറിയിലിരുന്ന് പഠിക്കുന്ന കുട്ടികളെയാണ് ഓർത്തത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരും ഫിൻലൻഡിന്റെ കൊടിയും ഉള്ള ഒരു ബോർഡ് വച്ചിട്ടുണ്ട് സ്‍കൂളിന് മുന്നിൽ. ഇത്തരത്തിൽ പല സംഘടനകളുടെയും വിദേശ രാജ്യങ്ങളുടെയും സാമ്പത്തിക സഹായത്തിലാണ് കംബോഡിയൻ ഗ്രാമങ്ങളിൽ പല പദ്ധതികളും നടന്നു പോവുന്നത്.

floating schoole

കൈതച്ചക്കയ്ക്കുള്ളിൽ ഫ്രൈഡ് റൈസ്

ഉച്ചയ്ക്ക് ഒരു ബോട്ട് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ‘ഖാവോപാഡ് സപ്പറോഡ് ‘ (khao pad sapparod ) എന്ന വിഭവവും, ‘ചാജിയോ’ ( cha gio ) എന്ന് പേരുള്ള ഒരു തരം ഫ്രൈഡ് സ്നാക്കുമാണ് കഴിച്ചത്. ഖാവോപാഡ്‌ സപ്പറോഡ് രസമുള്ളൊരു വിഭവമാണ്. ഇത് ഓർഡർ ചെയ്‌താൽ, പ്ളേറ്റിൽ ഒരു വലിയ പൈനാപ്പിൾ ആണ് ഉണ്ടാവുക. വിലങ്ങനെ മുറിച്ച ഈ പൈനാപ്പിളിന്റെ ഉള്ള് തുരന്ന് ഉള്ളിൽ ഫ്രൈഡ് റൈസും ചിക്കൻ പീസുകളും നിറച്ചിട്ടുണ്ടാവും. പൈനാപ്പിളിൽ നിന്നും സ്പൂൺ ഇട്ട് കോരിക്കഴിയ്ക്കാം. ‘ഖാവോപാഡ്‌ സപ്പറോഡ്’ ആദ്യമായിട്ടാണ് രുചിക്കുന്നത്. ‘ചാജിയോ’ നമ്മുടെ നാട്ടിൽ കിട്ടുന്ന ഫ്രൈഡ് റോൾ പോലെ തന്നെ. ചെമ്മീനും പച്ചക്കറികളും ഉള്ളിൽ നിറച്ച ഫ്രൈ ചെയ്ത റോൾ. രണ്ടും ആസ്വദിച്ച് കഴിച്ചു.

floating

ടോൺലെ സാപ് മുക്കിയ കാട്

കംബോങ് ഫ്ലൂക്കിൽ നിന്നും ടോൺലെ സാപ് തടാകത്തിലേയ്ക്ക് അധികം ദൂരമില്ല. അങ്ങോട്ട് പോവുന്ന വഴിയിൽ ഒരു കാടുണ്ട്. ടോൺലെ സാപ്പിൽ നിന്നു വെള്ളം കയറി പകുതി മുങ്ങിക്കിടക്കുന്ന കാട്. ഈ കാടിന്റെ ഉള്ളിലൂടെ തോണിയിൽ സഞ്ചരിക്കാം. നല്ലൊരനുഭവമാണത്.

sunken forest

കംബോങ് ഫ്ലൂക്‌ സന്ദർശനവും, മുങ്ങിയ കാട്ടിലൂടെയുള്ള വഞ്ചി യാത്രയും, പിന്നെ ടോൺലെ സാപ് തടാകക്കാഴ്ചയും ഉൾപ്പെട്ടതാണ് തുടക്കത്തിലെടുത്ത 30 ഡോളർ ടിക്കറ്റ്. മുങ്ങിയ കാട്ടിലൂടെ ഞങ്ങളെ കൊണ്ടുപോയ വഞ്ചി തുഴഞ്ഞത് ഒരമ്മയും മകളുമാണ്. തുടക്കത്തിൽ അമ്മയെ അനുകരിച്ച് അതേ ആവേശത്തിൽ മകളും തുഴയാൻ കൂടി. കുറച്ചു കഴിഞ്ഞപ്പോൾ പങ്കായം താഴെ വെച്ച് കുട നിവർത്തി അതിന്റെ തണലിൽ ഞങ്ങളെയും നോക്കി കിടപ്പായി. വെള്ളത്തിലെ വീടുകൾക്കിടയിലൂടെയും മരക്കൂട്ടങ്ങൾക്കിടയിലൂടെയുമുള്ള വഞ്ചി യാത്ര കശ്മീരിലെ ഡാൽ തടാകത്തെയും ഷിക്കാരകളെയും ആണ് മനസ്സിലേക്കെത്തിച്ചത്.

sunken forest2

മരക്കൂട്ടങ്ങളുടെ തണലിലൂടെയുള്ള ആ വഞ്ചി യാത്ര മനസ്സും ശരീരവും തണുപ്പിച്ചു. കടലു പോലെ ടോൺലെ സാപ് അവിടന്നു നോക്കിയാൽ കാണാവുന്ന ദൂരത്താണ് ടോൺലെ സാപ് തടാകം തുടങ്ങുന്നത്. തഹാസ് നദിയുടെ ഇരുവശത്തുമുള്ള കണ്ടൽക്കാടുകൾ തുറസ്സിലേക്ക് അവസാനിക്കുന്നിടത്താണ് ടോൺലെ സാപ് തടാകം തുടങ്ങുന്നത്. കംബോഡിയയിലെ ഏറ്റവും വലിയ തടാകമാണിത്. തടാകമെന്നല്ല, കടൽ എന്ന് വേണം പറയാൻ. 250 കിലോമീറ്റർ ആണ് നീളം. 100 കിലോമീറ്റർ വീതി. കണ്ണെത്താ ദൂരത്തോളം വെള്ളമാണ്. ഈ തടാകത്തിൽ എവിടെയൊക്കെയോ ഒഴുകുന്ന വീടുകളുണ്ടെന്ന് വായിച്ചിരുന്നു. ഒരു ഫ്ലോട്ടിങ് ചർച്ചും ഫ്ലോട്ടിങ് ബാസ്‌ക്കറ്റ് ബോൾ കോർട്ടും ടോൺലെ സാപ് തടാകത്തിൽ ഉണ്ടെന്നാണ് അതിൽ പറയുന്നത്. മരത്തൂണുകളിലെ ഗ്രാമവും, മുങ്ങിയ കാടും, കടൽ പോലത്തെ തടാകവുമെല്ലാം കണ്ട ശേഷം ഉച്ച കഴിഞ്ഞാണ് ചോംനാന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations