Wednesday 06 October 2021 12:33 PM IST : By Anjali Thomas

മറ്റൊരാൾ കഴിച്ചതിനു ശേഷം ബാക്കിയായ ഭക്ഷണം ചോദിച്ചു വാങ്ങി വിശപ്പകറ്റാനുള്ള മാനസിക ധൈര്യം നിങ്ങൾക്കുണ്ടോ?

anjali 05

മറ്റൊരാൾ കഴിച്ചതിനു ശേഷം ബാക്കിയായ ഭക്ഷണം ചോദിച്ചു വാങ്ങി വിശപ്പകറ്റാനുള്ള മാനസിക ധൈര്യം നിങ്ങൾക്കുണ്ടോ?

ബന്ധു, സുഹൃത്ത്, പരിചയക്കാർ തുടങ്ങി ആരാണെങ്കിലും ബാക്കി വയ്ക്കുന്ന ഭക്ഷണം പാഴാക്കരുത്. പല അവസരങ്ങളിലും നമ്മൾ മറ്റുള്ളവരുടെ ഉച്ഛിഷ്ടം കഴിച്ചിട്ടുണ്ട് എന്ന കാര്യം ഓർക്കുക. അപരിചിതനായ ഒരാളുടെ ഉച്ഛിഷ്ടം നിങ്ങൾ കഴിക്കുമോ? അപരിചിതനായ ഒരാൾ പാത്രം നിറയെ ഭക്ഷണം വാങ്ങി അതിൽ കുറച്ചു മാത്രം കഴിച്ച ശേഷം ബാക്കിയുള്ളതു വലിച്ചെറിയാൻ തുടങ്ങുമ്പോൾ അതു ചോദിച്ചു വാങ്ങി കഴിക്കുന്നതിൽ എന്താണു കുഴപ്പം?

യാത്രികരേറെയും വയറു നിറയാനുള്ള ഭക്ഷണത്തെക്കാൾ കൂടുതൽ ഓർഡർ ചെയ്യുന്നവരാണ്. നൂറിൽ തൊണ്ണൂറ്റൊൻപതു പേരും ഇത്തരക്കാരായിരിക്കും. ഒരാളുടെ വിശപ്പകറ്റാനുള്ളത്രയും ഭക്ഷണം ബാക്കിയുണ്ടെങ്കിലും യാതൊരു കുറ്റബോധവുമില്ലാതെ ചവറ്റു കുട്ടയിൽ നിക്ഷേപിക്കുന്നു. പാഴ്സൽ ചെയ്തു വാങ്ങാൻ പോലും തയാറാകുന്നില്ല.

അല്ലെന്നു നിങ്ങൾക്കു പറയാനാകുമോ?

ഭക്ഷണക്കാര്യത്തിൽ യാത്രികർ പിന്തുടരുന്ന പൊതു സ്വഭാവത്തിന്റെ വൈകല്യം ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനമെഴുതുന്നത്. യാത്രയ്ക്കായി ഒരുപാടു ദിവസങ്ങൾ നീക്കിവയ്ക്കുന്നവർക്ക് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ.


സ്വിസ് ചീസ് ഫോണ്ട്യൂ

anjali 03

അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ ബിരുദ വിദ്യാർഥിനിയാണ് സാമന്ത സാബൽ‌. ഒരു യാത്രയ്ക്കിടെയൊണ് സാമന്തയെ പരിചയപ്പെട്ടത്. വിശേഷങ്ങൾ പങ്കുവയ്ക്കാനായി സാമന്ത ഇടയ്ക്ക് ഫോൺ ചെയ്യാറുണ്ട്. തെക്കു–കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിമാന യാത്രയ്ക്കിടെ ഉണ്ടായ അനുഭവം സാമന്ത എന്നോടു പറഞ്ഞു. ‘‘ക്വലാലംപൂരിൽ നിന്നു കൊപനിലേക്കുള്ള യാത്രയിൽ എന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാൾ വിമാന ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്തിരുന്നു. ഭക്ഷണം കിട്ടിയ ഉടനെ പൊതി തുറന്ന് അയാൾ ഒരു കഷണം കടിച്ചെടുത്തു. മുക്കാൽ ഭാഗം ബാക്കിവച്ചു. എന്തുപറ്റി, ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? ഞാനയാളോടു ചോദിച്ചു. ഇല് – അയാളുടെ മറുപടി. എങ്കിൽ അതു ഞാൻ എടുത്തോട്ടെ? ഞാൻ ചോദിച്ചു. അയാൾ സടസമൊന്നും പറഞ്ഞില്ല. എനിക്ക് സന്തോഷമായി.’’

സാമന്തയെ ഞാൻ തോളിൽ തട്ടി അഭിനന്ദിച്ചു. സാമന്ത പറഞ്ഞ അനുഭവം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഈ ലോകത്ത് ഭക്ഷണം പങ്കുവയ്ക്കുകയും മറ്റുള്ളവരുടെ ഭക്ഷണത്തിന്റെ പങ്കുപറ്റുകയും ചെയ്യുന്ന ഒരേയൊരാൾ ഞാൻ മാത്രമല്ല. ഒരാൾ ഉപേക്ഷിക്കുന്ന ഭക്ഷണം മറ്റൊരാളുടെ വിശപ്പു മാറ്റുന്നു – ഈ സന്ദേശം പ്രചരിപ്പിക്കുമെന്നു ഞാൻ നിശ്ചയിച്ചു.

ബാലിയിലെ കൊമോഡ ട്രാക്കിൽ വ്യാളികളെ കാണാൻ പോയത് 2008ലായിരുന്നു. ജക്കാർത്തയിൽ നിന്നു സിംഗപ്പൂരിലേക്കുള്ള മടക്കയാത്ര സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു. വൃത്തിയായി വസ്ത്രം ധരിച്ച ഒരാളാണ് എന്റെയടുത്തുള്ള സീറ്റിലുണ്ടായിരുന്നത്. വെയിലുകൊണ്ട് ക്ഷീണിച്ചു തളർന്ന എന്നെ അയാൾ ഒന്നുരണ്ടു തവണ നോക്കി. ഇതിനിടെ ഭക്ഷണം വന്നു. പൊതി കയ്യിൽ കിട്ടിയ ഉടനെ ഞാൻ അതു കാലിയാക്കി. എന്നിട്ടും വിശപ്പു മാറാതെ ഞാൻ അയാളുടെ ഭക്ഷണപ്പൊതിയിലേക്കു നോക്കി ഇരുന്നു. കുറേ നേരം കഴിഞ്ഞിട്ടും അയാൾ ഭക്ഷണപ്പൊതി തുറക്കുന്ന മട്ടില്ല. കഴിക്കുന്നില്ലെങ്കിൽ ആ ഭക്ഷണം എനിക്കു തരാമോ? ഞാൻ ചോദിച്ചു. യാതൊരു മടിയും പ്രകടിപ്പിക്കാതെ അയാൾ ആ ഭക്ഷണപ്പൊതി എനിക്കു തന്നു. വിശപ്പു മാറ്റാനായി ഭക്ഷണം ചോദിച്ചതിൽ എനിക്കു നാണക്കേടു തോന്നിയില്ല.

അന്നത്തെ സഹയാത്രികന്റെ പേര് ക്രിസ്റ്റ്യൻ പോളി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഈ ലേഖനം എഴുതി തുടങ്ങുന്നതിനു മുൻപ് ഞാൻ പോളിക്കു ഫോൺ ചെയ്തു. ഭക്ഷണം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു.

‘‘ഭക്ഷണം പങ്കുവയ്ക്കുന്നത് ഒരാളെ സംരക്ഷിക്കുന്നതിനു തുല്യമാണ്. ആൺ, പെൺ, അപരിചിത വ്യത്യാസങ്ങളില്ല. വിശക്കുന്നയാൾക്ക് ഭക്ഷണം നൽകുന്നതിൽ എന്താണു കുഴപ്പം. സ്വിസ് ചീസ് ഫോണ്ട്യൂ കഴിക്കുന്നയാളുകളെ കണ്ടിട്ടില്ലേ. നാലഞ്ചാളുകൾ ചേന്ന് ഒരേ പാത്രത്തിൽ നിന്നാണ് ചീസ് കഴിക്കുന്നത്. അപരിചിതരായ ആളുകളോടൊപ്പം ഞാൻ സ്വിസ് ചീസ് കഴിച്ചിട്ടുണ്ട്. ആ സമയത്ത് അണുബാധയെക്കുറിച്ചോ പകർച്ചവ്യാധികളെക്കുറിച്ചോ ഞാൻ ഭയപ്പെട്ടില്ല.’’ ക്രിസ്റ്റ്യൻ പൗളിയുടെ മറുപടി എന്നെ ആവേശഭരിതയാക്കി.



‘എച്ചിൽപട്ടി’കളല്ല

anjali 02

ആഗോള സഞ്ചാരികളുടെ ചരിത്രം നോക്കിയാൽ ഭക്ഷണം പങ്കുവയ്ക്കലിന്റെ അധ്യായങ്ങൾ കാണാം. ഭക്ഷണം, പണം, വീട് തുടങ്ങി പങ്കുവയ്ക്കലിന്റെ വ്യത്യസ്തമായ രീതികൾ മനസ്സിലാക്കാം. ആവശ്യമുള്ളവർക്കു സഹായം നൽകൽ പണ്ടു മുതൽ യാത്രികർ കടമയായി കരുതുന്നു. ഏഷ്യൻ രാജ്യങ്ങളിലെ സഞ്ചാരികൾക്കിടയിൽ സഹായം നൽകലും സ്വീകരിക്കലും സാധാരണമാണ്.

കഷ്ടിച്ച് ചെലവുകൾ വഹിക്കാനുള്ള തുകയുമായി സ‍ഞ്ചരിക്കുന്ന നിരവധിയാളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. ഭക്ഷണം പങ്കുവയ്ക്കാൻ താത്പര്യമുള്ളയാളുകൾ ഇത്തരക്കാർക്ക് വലിയ സഹായമാണ്. നാണക്കേടു വിചാരിക്കാതെ സ്വന്തം ആവശ്യം പ്രകടിപ്പിക്കാനുള്ള ആർജവം നേടിയെടുക്കുക – എനിക്ക് ഇതാണു പറയാനുള്ളത്. ചൈനയിലും കംബോഡ‍ിയയിലും ഞാൻ കണ്ടു മനസ്സിലാക്കിയ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്.

യാത്രക്കാരുടെ സമൂഹവും സാമൂഹിക മാധ്യമങ്ങളും ‘ഭക്ഷണം പങ്കുവയ്ക്കൽ’ രീതിക്ക് എതിരാണ്. മറ്റൊരാൾ കഴിച്ചതിന്റെ ബാക്കി ചോദിച്ചു വാങ്ങി കഴിക്കുന്നതിനെ അറപ്പോടെയാണ് അവർ വിലയിരുത്തുന്നത്. വിദേശികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ചെലവിനുള്ള പണം ഉറപ്പു വരുത്തിയ ശേഷമേ തായ്‌ലാൻഡ് വീസ പുതുക്കുകയുള്ളൂ. മാസങ്ങളോളം തായ്‌ലാൻഡിൽ താമസിക്കാനെത്തുന്നവരുടെ കാര്യത്തിൽ ഈ നിയമം കർശനമാക്കിയിട്ടുണ്ട്. ‘begpackers’ ശല്യം കൂടിയതിനു ശേഷമാണ് തായ്‌ലാൻഡ് സർക്കാർ ഇത്തരമൊരു നടപടി കൈക്കൊണ്ടത്. തായ്‌ലാൻഡിലെ തെരുവുകളിൽ ഭിക്ഷ യാചിക്കുന്ന വിദേശികളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഭക്ഷണത്തിനു പണമുണ്ടാക്കാനായി ശൗചാലയം കഴുകുന്ന പാശ്ചാത്യരുടെ ഫോട്ടോകളും ഓൺലൈനിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. മക്‌ഡൊണാൾഡ്സിന്റെ പബ്ബുകളിൽ നിന്നു കെച്ചപ്പ് പായ്ക്കറ്റുകളും പഞ്ചസാരയുടെ സാഷെ പായ്ക്കറ്റുകളും മോഷ്ടിച്ച് വീട്ടിൽ കൊണ്ടു പോകുന്നവരുടെ എണ്ണവും പെരുകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പ്രദേശ വാസികളിൽ യാത്രികരെ കുറിച്ച് വെറുപ്പുണ്ടാക്കുന്ന അഭിപ്രായ രൂപീകരണത്തിന് വഴിയൊരുക്കി. ഭക്ഷണം പങ്കുവയ്ക്കുന്നവരെ ഇക്കൂട്ടരുടെ ഗണത്തിൽ ഉൾപെടുത്തരുത്.

അമാൻഡ ഹോൾഡൻ എന്ന അമേരിക്കൻ വനിതയുടെ റെക്കോഡ് യാത്രയെക്കുറിച്ച് കേട്ടിട്ടില്ലേ? ഒറിഗോൺ സംസ്ഥാനത്തു നിന്ന് യാത്ര പുറപ്പെട്ട അമാൻഡ എട്ടു മാസം ഭക്ഷണത്തിനായി ചില്ലിക്കാശ് ചെലവാക്കിയില്ല. മറ്റുള്ളവർ പാഴാക്കി കളയുന്ന ഭക്ഷണം ചോദിച്ചു വാങ്ങിക്കഴിച്ച് മുപ്പതിനായിരം ഡോളർ മിച്ചം വച്ചു. ലോകം മുഴുവൻ ചുറ്റിക്കറങ്ങാനുള്ള പണം സമ്പാദിച്ച അമാൻഡയുടെ യാത്രാ വിശേഷങ്ങഴൾ 2016ൽ പ്രമുഖ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘എച്ചിൽപട്ടി’യെന്ന് പലരും വിമർശിച്ചെങ്കിലും അമാൻഡ നടത്തിയ വ്യത്യസ്തമായ യാത്ര ചരിത്രമായി. പെരുമഴ പോലെ പരിഹാസം നേരിട്ടപ്പോൾ ‘ആ മഴയത്തു പെയ്ത വെള്ളത്തിലാണ് ഇപ്പോൾ എന്റെ ബോട്ട് ഒഴുകുന്നത് ’ എന്നായിരുന്നു അമാൻഡയുടെ മറുപടി.

ഭക്ഷണത്തിന്റെ ബാക്കി വാങ്ങിക്കഴിക്കുന്നവരോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യാത്രയ്ക്കിടെ ഒട്ടേറെ പേർ എന്റെ ഭക്ഷണത്തിന്റെ പങ്കു ചോദിച്ചിട്ടുണ്ട്. അവരെല്ലാം പുരുഷന്മാരായിരുന്നു. ഞാൻ കഴിച്ചു കഴിഞ്ഞ് ബില്ല് കൊടുക്കുന്നതിനു മുൻപേ പങ്കു ചോദിച്ചവരുമുണ്ട്.

ഭക്ഷണം പങ്കുവയ്ക്കുന്നതിലും പങ്കു ചോദിക്കുന്നതിലും എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ വിഷയത്തെക്കുറിച്ച് കൂട്ടായ ചർച്ചകളുണ്ടായിട്ടുണ്ട്. ചോദിച്ചാൽ കിട്ടും – ഇതായിരുന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യം. ദാരിദ്ര്യം, മര്യാദകേട് തുടങ്ങിയ വിചാരങ്ങളോടെ എതിർത്താലും യാത്രികരുടെ ലോകത്ത് ഭക്ഷണം പങ്കുവയ്ക്കൽ സമ്പ്രദായം തുടരും.


വിശപ്പിന്റെ വേദന

anjali 01

കംബോഡിയ യാത്രയ്ക്കിടെയാണു സ്റ്റീഫനെ പരിചയപ്പെട്ടത്, 2010ൽ. ദക്ഷിണാഫ്രിക്കക്കാരനായ നാവികനാണു സ്റ്റീഫൻ. കപ്പൽ കുടുങ്ങിയതിനെ തുടർന്നു സ്റ്റീഫൻ കംബോഡിയയിൽ പെട്ടുപോയി. ഹോസ്റ്റൽ ഉടമയുടെ കാരുണ്യത്തിൽ കിട്ടിയ സ്ഥലത്ത് അന്തിയുറങ്ങുന്നു.സൈക്കിളിൽ ചുറ്റിക്കറങ്ങി വിനോദ വസ്തുക്കൾ വിൽക്കലാണ് ഇപ്പോൾ തൊഴിൽ. യാത്രികരുടെ സാഹചര്യവും സ്റ്റീഫന്റെ അവസ്ഥയും തമ്മിൽ വ്യത്യാസമില്ല.

കംബോഡിയയിൽ ഭക്ഷ്യവസ്തുക്കൾക്കു വില കുറവാണ്. ഞാൻ ഒരു ചിക്കൻ ഓർഡർ ചെയ്തു. പകുതി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു. മതിയാക്കി എഴുന്നേറ്റ സമയത്ത് എന്റെ പാത്രത്തിലേക്ക് ഒരു കൈ നീണ്ടു വന്നു. ഞാനിത് എടുത്തോട്ടെ എന്നയാൾ ചോദിച്ചു. സന്തോഷത്തോടെ ഞാൻ സമ്മതം മൂളി. ആർത്തിയുടെ ക‍ടിഞ്ഞാൺ‌ പൊട്ടിയ പോലെ അയാൾ വാരിവലിച്ച് തിന്നു. സ്റ്റീഫനായിരുന്നു അത്. കംബോഡിയയിൽ താമസിച്ച അഞ്ചു ദിവസങ്ങളിലും ഞാൻ എന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം സ്റ്റീഫനുവേണ്ടി മാറ്റിവച്ചു.

ഭക്ഷണം കഴിക്കുന്നതിന്റെ രീതികളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വരുത്തിയ ശേഷം നിരവധി അനുഭവങ്ങളുണ്ടായി. അതിനൊപ്പം ഞാൻ ചില പരീക്ഷണങ്ങളും നടത്തി. ന്യൂഡൽഹി – ദുബായ് യാത്രയ്ക്കിടെയായിരുന്നു അതിലൊന്ന്. മക്‌ഡൊണാൾഡ്സിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതിയുമായി വിമാനം കാത്തിരിക്കുന്ന ഒരാളെ ഞാൻ കണ്ടു. ഞാൻ അയാളുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കാൻ അനുമതി ചോദിച്ചു. അയാൾ സമ്മതം മൂളി. അയാൾ പൊതി തുറന്ന് അതിൽ നിന്നു വറുത്ത കഷണങ്ങളെടുത്ത് കഴിച്ചു തുടങ്ങി. രണ്ടു കഷണം തരുമോയെന്നു ഞാൻ ചോദിച്ചു. അയാൾ ഷോക്കടിച്ച പോലെ എന്നെ തുറിച്ചു നോക്കി. അടുത്ത നിമിഷം ഭക്ഷണപ്പൊതി മൊത്തമായി എന്റെ മുന്നിലേക്കു നിരക്കി വച്ചു. മുഴുവൻ കഴിച്ചോളാൻ പറഞ്ഞു. അയാൾ ആകെ അസ്വസ്ഥനായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും അയാൾ എന്നെത്തന്നെ നോക്കിയിരിക്കുന്നതു കണ്ടപ്പോൾ ഞാൻ നാടകം അവസാനിപ്പിച്ച് കാര്യം വിശദീകരിച്ചു. അതുവരെയുള്ള പരീക്ഷണങ്ങളും എന്റെ അനുഭവങ്ങളും അദ്ദേഹത്തോടു പറഞ്ഞു.

ഞങ്ങൾ പരിചയപ്പെട്ടു. വിബോർ അഗർവാൾ എന്നാണ് അയാളുടെ പേര്. നിങ്ങൾക്കു വിശന്നാൽ അപരിചിതരോടു ഭക്ഷണം വാങ്ങി കഴിക്കുമോ എന്നു ഞാൻ വിബോറിനോടു ചോദിച്ചു. ഇല്ല – അദ്ദേഹം കണ്ണുമടച്ച് മറുപടി പറഞ്ഞു. ‘‘ഞാനൊരു പുരുഷനാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോട് ഭക്ഷണം ഇരന്നാൽ യാപൂർണമായ പെരുമാറ്റമായിരിക്കില്ല. നിങ്ങളൊരു സ്ത്രീയാണ്. അതു കൊണ്ടാണ് എല്ലായിടത്തും ഭക്ഷണം ലഭിക്കാൻ കാരണം.’’ വിബോർ അഭിപ്രായപ്പെട്ടു.

ഫ്രാൻസിൽ ഞാൻ മറ്റൊരു പരീക്ഷണമാണു നടത്തിയത്. ഫ്രഞ്ച് കഫേയിൽ ഒരു കാപ്പി ഓർഡർ ചെയ്തു. ബിൽ കയ്യിൽ കിട്ടിയ സമയത്ത് ഭയപ്പെട്ടതുപോലെ അഭിനയിച്ചു. ബിൽ അടയ്ക്കാനുള്ള തുക എന്റെ കയ്യിൽ ഇല്ലെന്ന് വെയിറ്ററോടു പറഞ്ഞു. തൊട്ടടുത്ത നിമിഷം അപ്പുറത്തെ കസേരയിൽ ഇരുന്നയാൾ പേഴ്സ് തുറന്ന് 10 യൂറോ വെയിറ്ററുടെ നേരേ നീട്ടി. രക്ഷപെട്ടു എന്ന ഭാവത്തിൽ ഞാൻ മൗനം പാലിച്ചിരുന്നു. പണവുമായി കൗണ്ടറിലേക്കു പോയ വെയിറ്റർ ഒരു കപ്പ് കാപ്പിയുമായി എന്റെ ടേബിളിനരികിൽ വന്നു. കാപ്പി മേശപ്പുറത്തു വച്ചു. പണം എന്റെ കയ്യിൽ തന്നു. ‘മാഡം ഇതു നിങ്ങൾക്കുള്ളതാണ് ’ – പുഞ്ചിരിയോടെ അയാൾ പറഞ്ഞു. യൂറോ നോട്ട് ഞാൻ അയാൾക്കു മടക്കിക്കൊടുത്തു. നല്ലൊരു തുക അയാൾക്ക് ‘ടിപ്പ്’ കൊടുത്തു. അതൊരു പരീക്ഷണമായിരുന്നുവെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി.

ഞാനൊരു സ്ത്രീയായതുകൊണ്ടാണോ ആ രംഗം അങ്ങനെയൊക്കെ അവസാനിച്ചതെന്ന് എനിക്കറിയില്ല. എന്റെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കിൽ മറ്റെന്തെങ്കിലുമാണോ സംഭവിക്കുക? എല്ലാ മനുഷ്യരുടെയുള്ളിലും ദയയും മനുഷ്യത്വവുമുണ്ട്. ചോദിച്ചാൽ കിട്ടും – അതാണ് എനിക്കു പറയാനുള്ളത്. ഈ വിഷയത്തിൽ സ്ത്രീ–പുരുഷ വ്യത്യാസമുണ്ടെന്ന് ഞാൻ കരുതുന്നില്ല.


ആഭിജാത്യം ചുംബിക്കുന്നു

anjali 04

തായ്‌ലാൻഡിൽ വച്ചു പരിചയപ്പെട്ട ലോറ പിയേഴ്സ് എന്ന യുവതി ഇതേ വിഷയത്തിൽ ചൂണ്ടിക്കാട്ടിയ ഉദാഹരണം രസകരമാണ്. ‘‘ഞാനൊരിക്കൽ തോഫു ഉത്സവത്തിൽ പങ്കെടുത്തിരുന്നു. തിരക്കിനിടയിലൂടെ ചെന്ന് ഒരു പാത്രം തോഫു വാങ്ങി. സ്വാദുള്ള വിഭവമാണു തോഫു. പക്ഷേ, പകുതി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു. ബാക്കി കളയാൻ തുടങ്ങിയപ്പോൾ ഒരാൾ കൈനീട്ടി. നിരാശ കലർന്ന കണ്ണുകളോടെ അയാൾ ആ പാത്രം വാങ്ങി. ഞാൻ നോക്കി നിൽക്കെ അതു മുഴുവനും കഴിച്ചു. ഒരു നേരത്തെ ഭക്ഷണം നൽകിയതിന് അയാൾ നന്ദി പറഞ്ഞു. പിന്നീടൊരിക്കലും എനിക്കു നേരെ കൈകൾ നീളാൻ ‍ഞാൻ സാഹചര്യമൊരുക്കിയിട്ടില്ല. ഭക്ഷണം ബാക്കിയായാൽ സമീപത്ത് ആവശ്യക്കാരുണ്ടെങ്കിൽ അവരെ തിരഞ്ഞു കണ്ടെത്തി നൽകാറുണ്ട്. വേണമെന്നോ, വേണ്ടെന്നോ അഭിപ്രായപ്പെടാറുണ്ട്. മറുപടി എന്തായാലും ഞാൻ ഗൗനിക്കാറില്ല.’’

സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതിനു തായ്‌ലാൻഡിലെ ജനങ്ങൾ നടത്തുന്ന ഉത്സവമാണ് തോഫു. അതിനിടയിൽ നിന്ന് ലോറ എനിക്കു നല്ലൊരു അധ്യായം പകർന്നു നൽകി.

ഒട്ടുമിക്ക സഞ്ചാരികളും ഭക്ഷണം പങ്കുവയ്ക്കാൻ താത്പര്യമുള്ളവരാണ്. പകുതി കുടിച്ച വൈൻ, പീസ, സാലഡ് എന്നിവ തട്ടിപ്പറിച്ച് കഴിക്കുന്നതു യാത്രക്കാരുടെ ആവേശത്തിന്റെ ഭാഗമാണ്. മുൻവിധികളും പഴഞ്ചൻ മനോഭാവവുമാണ് ഈ ഒത്തൊരുമയെ വെറുപ്പോടെ നോക്കിക്കാണാൻ കാരണം. ഐക്യത്തോടെ ഭക്ഷണം കഴിക്കുന്നതിനെ അവർ ദാരിദ്ര്യമെന്നു മുദ്ര കുത്തുന്നു. ഭക്ഷണം പാഴാക്കുന്നവരെയാണോ പണക്കാരെന്നു വിശേഷിപ്പിക്കാറുള്ളത് ? മറ്റൊരാളുടെ വിശപ്പു മാറ്റാതെ ഭക്ഷണം വലിച്ചെറിയുന്നതാണോ നല്ല സംസ്കാരം?

ലോകത്തിന്റെ ഒരു ഭാഗത്ത് എല്ലാവരും വയറു നിറച്ച് ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങുമ്പോൾ മറുവശത്ത് പട്ടിണി കിടക്കുന്ന എത്രയോ ആളുകളുണ്ടെന്ന കാര്യം മനസിലാക്കിയവർ ഇങ്ങനെയൊന്നും ചിന്തിക്കില്ല.

ഏഷ്യയിലെ എല്ലാ രാജ്യക്കാരും ഭക്ഷണം പങ്കുവയ്ക്കലിനെ അരോചകമായി കാണുന്നവരാണ്. ഒരാൾ ഭക്ഷണം കഴിച്ച പാത്രത്തിലെ ബാക്കി ഭക്ഷണം ‘ആചാര പ്രകാരം മലിനമായി’ കരുതുന്നു. അതു കന്നുകാലികൾക്കു കൊടുക്കാൻ മാത്രം യോഗ്യമെന്നു വിശ്വസിക്കുന്നു. ചിലരാകട്ടെ രോഗം പടരുമെന്നു ന്യായീകരിക്കുന്നു. അടിസ്ഥാനമില്ലാത്ത ആഭിജാത്യ ചിന്തകളിൽ നിന്നു പിറവിയെടുത്ത മിഥ്യാ ധാരണകളാണിത്.

നിങ്ങൾ കഴിക്കുന്ന മറ്റു വസ്തുക്കളെല്ലാം മാലിന്യ മുക്തമാണെന്നു കരുതുന്നുണ്ടോ? ഇന്നുച്ചയ്ക്ക് കഴിച്ച ഭക്ഷണം പരിശുദ്ധമാണോ? ഹോട്ടലിൽ നിന്നു വാങ്ങുന്നതെല്ലാം വൃത്തിയുള്ളതാണോ? പാചകത്തിനായി വാങ്ങിയ സാധനങ്ങൾ ഹൈജീനിക് ആണോ? മസാലയും പഞ്ചസാരയും വാങ്ങിയ കടയുടെ അലമാരകൾ രോഗാണു വിമുക്തമാണോ?

anjali 06

അണുക്കൾ... രാജ്യാന്തര യാത്രാ സംഘടനയിലെ അംഗമായ തന്യ വുഡ്സ് പറയുന്നത് ശ്രദ്ധിക്കൂ. ‘‘ഏതു രോഗാണുവിനെയാണു നിങ്ങൾ ഭയപ്പെടുന്നത്? യാത്രികരുടെ ജീവിതം എപ്പോഴും അപരിചിതരോടൊപ്പമാണ്. അപരിചിതയായ പെൺകുട്ടിയുടെ അധരങ്ങളിൽ ചുംബിക്കുമ്പോൾ കാണാത്ത രോഗാണുവിനെ എങ്ങനെയാണ് അവൾ ബാക്കിയാക്കിയ ഭക്ഷണത്തിൽ നിങ്ങൾ കണ്ടെത്തുന്നത് ? രോഗാണു – തട്ടിപ്പു നിറഞ്ഞ വാദം. നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവർ കുറ്റപ്പെടുത്തി സംസാരിക്കുമെന്ന ഭയമാണ് നിങ്ങളെക്കൊണ്ട് ഈ വിധമൊക്കെ പറയിപ്പിക്കുന്നത്. ’’തന്യയുടെ വാക്കുകളിൽ ഞാൻ ഊർജം കണ്ടെത്തി. ഭക്ഷണം പാഴാക്കരുത് എന്ന സന്ദേശം വ്യക്തമാക്കാനാണ് യാത്രികരായ സുഹൃത്തുക്കളെ കോർത്തിണക്കി അഭിപ്രായം തേടിയത്. ഒരാൾ ബാക്കി വയ്ക്കുന്ന ഭക്ഷണം മറ്റൊരാളുടെ വിശപ്പു മാറ്റാൻ സഹായിക്കുമെങ്കിൽ അതിലും വലിയ മാനുഷിക ദയ മറ്റെന്തുണ്ട്?



Tags:
  • Manorama Traveller