Thursday 17 June 2021 01:04 PM IST : By Traveller Desk

മരണം ഭയന്ന് വർഷങ്ങളായി മാസ്ക് ധരിക്കുന്ന ജനത, ഗ്യാസ് മാസ്ക് ധരിക്കാതെ പ്രവേശിക്കാനാവാത്ത ടൂറിസം കേന്ദ്രം

1 - mask 3

കോവിഡ് രോഗവ്യാപനത്തോടെ മാസ്ക് ധരിക്കൽ നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് നമ്മൾ. എന്നാൽ കോവിഡ് ലോകത്ത് സ്ഥിരീകരിക്കുന്നതിനും വർഷങ്ങൾക്കു മുൻപേ ഗ്യാസ് മാസ്ക് ഉപയോഗിച്ചവരാണ് ജപ്പാനിലെ മിയാകെജിമ ദ്വീപ് നിവാസികൾ. മാസ്ക് ഊരിയാൽ മരണമാണ് ഫലം എന്നറിയാവുന്നതുകൊണ്ട് മാസ്ക് ധരിക്കാത്തതിനെ കുറിച്ച് ആലോചിക്കുന്നു പോലുമുള്ള ഇവിടുത്തുകാർ.

ടോക്കിയോയിൽ നിന്ന് 180 കിലോമീറ്റർ അകലെ, ഹോൺഷുവിന്റെ തെക്കുകിഴക്കായാണ് മിയാകെജിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് മനുഷ്യന് വസിക്കുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളുടെ നിരയിൽ സ്ഥാനം നേടിയിട്ടുണ്ട് 55.5 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപ്. വിമാനമാർഗമോ ബോട്ടിലോ ടോക്കിയോയിൽ നിന്ന് ദ്വീപിലേക്ക് വരാം.

മിയാകെ-ജിമക്കാർ മാസ്ക് ധരിക്കുന്നത്

3 - mask 2

കോവിഡിനെതിരെയുള്ള പ്രതിരോധമാണ് നമുക്ക് മാസ്ക് ധരിക്കൽ. എന്നാൽ മിയാകെജിമ ദ്വീപുനിവാസികൾ അന്തരീക്ഷത്തിലെ വിഷവാതകങ്ങൾ ശ്വസിക്കാതിരിക്കാനാണ് മാസ്ക് ധരിക്കുന്നത്. അഗ്നി പർവത മേഖലയായ ഇസു ദേശീയ പാർക്കിന്റെ ഭാഗമാണ് ഈ ദ്വീപ്. തുടർച്ചയായ അഗ്നിപർവത സ്ഫോടനങ്ങൾ കാരണം അന്തരീഷം വിഷവായു നിറഞ്ഞതാണ്. മരണം വരെ സംഭവിക്കാവുന്ന അപകടകരമായ സാഹചര്യമുണ്ടായിട്ടും ജന്മനാട് വിട്ടുപോകാൻ കഴിയാത്ത 2884 ആളുകളാണ് ഇപ്പോഴും ദ്വീപിൽ വസിക്കുന്നത്. ദ്വീപിലെ പ്രധാന അഗ്നിപർവതമാണ് മൗണ്ട് ഒയാമ. 500 വർഷത്തെ ചരിത്രമെടുത്താൽ 15 തവണയിലധികം ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുണ്ട്. എന്നാൽ ദ്വീപുനിവാസികളുടെ ജീവിതം മാറി മറിയുന്നത് 2000 ജൂലൈ 14 ന് ഒയാമ പർവതം പൊട്ടിത്തെറിച്ചതോടെയാണ്. ദ്വീപ് ഒറ്റപ്പെട്ടു. വിമാനസർവീസ് നിർത്തിവച്ചു. സെപ്റ്റംബർ മാസത്തോടെ ജപ്പാൻ ഇവിടുത്തെ ജനങ്ങളെ പൂർണമായും മാറ്റി പാർപ്പിച്ചു. അഗ്നിപർവത പൊട്ടിത്തെറിച്ചതിനെ തുടർന്ന് വിഷകരമായ സൾഫർ ഡയോക് സൈഡ് വാതകം അന്തരീക്ഷത്തിൽ പടർന്നതായിരുന്നു കാരണം. അഗ്നിപർവതം ഉദ് വമനം നാലു വർഷം നീണ്ടുനിന്നു.

ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ദ്വീപ് നിവാസികളുടെ ആഗ്രഹം കണക്കിലെടുത്ത് 2015 ഫെബ്രുവരി ഒന്നിന് ദ്വീപ് ജനതയ്ക്ക് സ്ഥിര താമസത്തിന് അനുമതി നൽകി. അന്തരീക്ഷത്തിൽ വിഷാംശം നിലനിൽക്കുന്നതിനാൽ പിന്നീടുള്ള അവരുടെ ജീവിതത്തിന് ഗ്യാസ് മാസ്ക് നിർബന്ധമാക്കി.

മാസ്ക് ടൂറിസം

2 - mask

ജീവിതത്തിന്റെ തന്നെ ഭാഗമായ മാസ്ക് ഉപയോഗിച്ച് മിയാകെ-ജിമ ദ്വീപ് നിവാസികൾ വരുമാനമുണ്ടാക്കുന്നു. മാസ്ക് ടൂറിസം ഏറെ പ്രചാരം നേടിയ സ്ഥലമാണ് ഈ ദ്വീപ്. ജപ്പാനിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും സഞ്ചാരികൾ മിയാകെ ജിമ ദ്വീപ് കാണാനെത്തുന്നു. ഗ്യാസ് മാസ്ക് ധരിച്ച് മാത്രമേ സഞ്ചാരികൾക്ക് ദ്വീപിലേക്ക് പ്രവേശനമുള്ളൂ. അഗ്നിപർവതങ്ങൾ മാത്രമല്ല ഇസു- മിസാക്കി ലൈറ്റ് ഹൗസ് ഉൾപ്പെടെ നിരവധി കാഴ്ചകൾ ദ്വീപിലുണ്ട്.