Friday 01 July 2022 03:20 PM IST

നിങ്ങളറിയാത്ത കേരളത്തിലെ മനോഹരമായൊരു ടൂറിസം കേന്ദ്രം ഇതാ...വരൂ, ഒരു ദിനം ആഘോഷമാക്കാം

Akhila Sreedhar

Sub Editor

nedumgolam 10

കടലും കായലും പ്രണയം കൈമാറുന്ന അഴിമുഖത്ത്, ഊറൽ വീണ് രൂപമെടുത്ത മണ്ണിന്റെ ഗർഭപാത്രത്തിൽ ഒരു വിത്ത് പിറവിയെടുത്തു. ചതുപ്പുനിലങ്ങളിൽ വേരോടിച്ച് അത് പതുക്കെ വളർന്നു. മരമായി, മരങ്ങളായി, കാടായി. കാലം കടന്നു. കാടുപൂത്തു. വെളുത്ത നിറമുള്ള പൂക്കൾ. പ്‌രാന്തൻ കണ്ടൽ ഭ്രാന്ത് പിടിച്ച പോലെ ചതുപ്പുകളിൽ നിന്ന് ചതുപ്പുകളിലേക്ക് പടർന്നു... ഇത്തിക്കരയാറിന്റെ കൈവഴി പരവൂർ കായലിനോടു ചേരുന്നിടത്താണ് ഈ കാഴ്ച. ആരോ മനോഹരമായി വെട്ടിയൊതുക്കിയ പോലെ മീറ്ററുകളോളം ഉയരത്തിൽ കണ്ടൽക്കാടിന്റെ മതിൽ. സോഷ്യൽ മീഡിയയിൽ കണ്ടൊരു വീഡിയോ പിൻതുടർന്ന് കോട്ടയത്ത് നിന്നും കൊല്ലം ജില്ലയിലെ നെടുങ്ങോലത്തേക്ക് യാത്ര തിരിച്ചു. ചാത്തന്നൂർ– പരവൂർ റൂട്ടിൽ ആറ് കിലോമീറ്റർ അകലെയായാണ് നെടുങ്ങോലം സ്ഥിതി ചെയ്യുന്നത്. മാംഗ്രോവ് വില്ലേജ് അഡ്വഞ്ചർ ടീം അംഗം നന്ദു ഞങ്ങളെ കാത്ത് നെടുങ്ങോലം, വടക്കേമുക്കേ കടവിൽ നിൽപ്പുണ്ടായിരുന്നു. കണ്ടൽക്കാടിന്റെ തണുപ്പിലേക്ക് നന്ദു സ്വാഗതമരുളി. സമയം വൈകിട്ട് മൂന്നുമണി. വെയിൽ അതിന്റെ പാരമ്യത്തിൽ നിലകൊണ്ടു. വടക്കേമുക്കേക്കടവിൽ നിന്ന് കണ്ടൽക്കാടിനകത്തേക്കുള്ള തോണിയാത്ര തുടങ്ങുകയാണ്. തലയിലെ കെട്ടൊന്ന് മുറുക്കി രാജു ചേട്ടൻ തോണിയുടെ കഴുക്കോൽ പുഴയുടെ മാറിലേക്ക് കുത്തിയിറക്കി...

സമുദ്രത്തിന്റെ മഴവനങ്ങൾ

nedumgolam 01

തോണി നീങ്ങിത്തുടങ്ങിയതും രാജു ചേട്ടന്റെ കൈപാങ്ങിൽ നിന്ന് തോണിയുടെ നിയന്ത്രണം സ്വന്തമാക്കാനൊരുങ്ങി കാറ്റ് ആഞ്ഞുവീശി. തോണി പല തവണ ആടിയുലഞ്ഞു. ‘തലേന്നു പെയ്ത മഴയിൽ വെള്ളം പതിവിലും കൂടുതലായി ഉയർന്നിട്ടുണ്ട്. നമുക്ക് പരമാവധി ആറിന്റെ അരിക് ചേർന്ന് നീങ്ങാം. ഇന്നും മഴ പെയ്യും, അതാണ് കാറ്റിന്റെ ശക്തിയും വെയിലിന്റെ ചൂടും ഇങ്ങനെ,’... രാജു ചേട്ടന്റെ ‘പ്രകൃ‍തി പരിചയം’ ഈ വാക്കുകളിൽ വ്യക്തം. തീരത്തോട് ചേർന്ന്, പരന്ന് പടർന്ന് വളർന്ന മുൾക്കണ്ടൽച്ചെടിയാണ്. അതും കടന്ന് മുന്നോട്ട്. ആറിന്റെ നടുക്ക് ഒരു ദ്വീപിൽ ചെറിയൊരു ക്ഷേത്രമുണ്ട്. ‘ഇതാണ് ആമവട്ടം ക്ഷേത്രം. ഭഗവാൻ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ അടുത്ത കാലം വരെ വലിയൊരു ആമ ഇവിടെ വസിച്ചിരുന്നു. അതാണത്രേ പേരിനാധാരം. തിരിച്ചുവരും വഴി നമുക്ക് ക്ഷേത്രം കാണാൻ കയറാം’, നന്ദു പറഞ്ഞു. മുന്നോട്ട് പോകും തോറും വിവിധയിനത്തിൽപ്പെട്ട ചെറുതും വലുതുമായ നിരവധി കണ്ടൽക്കാടുകൾ കാണാം. അതിനടിയിലെ വെള്ളത്തിൽ നിറയെ മീൻ കുഞ്ഞുങ്ങളാണ്. കണ്ടൽക്കാടുകൾ മത്സ്യങ്ങളുടെ പ്രജനന സ്ഥലമാണ്. കണ്ടൽവനങ്ങൾ സമുദ്രത്തിന്റെ മഴവനങ്ങളായി അറിയപ്പെടുന്നു. മത്സ്യത്തിന്റെയും മറ്റുജലജീവികളുടെയും ഗർഭഭൂമിയാണ് ഈ തീരദേശക്കാടുകൾ. പരിചിതമല്ലാത്തൊരു ശബ്ദം. ഒപ്പം ചിറകടിയൊച്ച, ശ്രദ്ധയോടെ ചുറ്റും നോക്കി. പടുകൂറ്റൻ മരത്തെ പൂർണമായും പൊതിഞ്ഞ് തൂങ്ങിക്കിടക്കുന്ന വവ്വാലിൻ കൂട്ടം. മരത്തിനു മേൽ കറുത്ത തുണി വിരിച്ചിട്ട പോൽ. തോണി മുന്നോട്ട് നീങ്ങും തോറും മനസ്സിലായി. ഒന്നല്ല, മൂന്നോ നാലോ മരങ്ങളിൽ ‘വവ്വാലുകൾ പൂത്തതുപോലെ’...

കൈത്തോടു കടന്ന് സെന്റർ ഓഫ് ഐലൻഡിൽ

ദൂരെ പരവൂർ കായലിന്റെ വിദൂര ദൃശ്യം കാണാം. ആ കാഴ്ച ആസ്വദിച്ചിരിക്കെ തോണി കൈത്തോടിലേക്ക് വഴി മാറി നീങ്ങി. ശ്രദ്ധയോടെ ഇരിക്കൂ, കണ്ടൽ തലപ്പുകൾ കൊണ്ട് ദേഹം മുറിയരുത്. ഇനി അരമണിക്കൂറോളം ഇത്തരം കൈത്തോടുകളിലൂടെയാണ് യാത്ര, നന്ദു പറഞ്ഞു. കാറ്റ് ശക്തിയോടെ ആഞ്ഞുവീശി. പക്ഷേ, രാജു ചേട്ടന്റെ കൈകരുത്തിനു മുന്നിൽ തോൽവി കാറ്റിനു തന്നെ. അന്തരീക്ഷത്തിലെ ചൂട് പെട്ടെന്ന് കുറഞ്ഞ പോലെ...സുഖമുള്ളൊരു ശീതളിമ ശരീരത്തെ പൊതിഞ്ഞു. കൈത്തോടിലേക്ക് കടക്കുന്ന ഭാഗത്താണ് ഈഗിൾ ഐലൻഡ്. ചക്കിപ്പരുന്തും കൃഷ്ണപരുന്തുമാണ് ഇവിടുത്തെ താമസക്കാർ. പരുന്തുകളെ കൂട്ടത്തോടെ ഈ ഭാഗത്ത് കാണാം. അതാണ് അവിടം ഈഗിൾ ഐലൻഡ് എന്ന് അറിയപ്പെടുന്നത്. ദൂരെ കൈത്തോടിനപ്പുറം പലയിടങ്ങളിലായി മുളങ്കൂട്ടങ്ങൾ. കുറച്ചുദൂരം മുന്നോട്ടുപോയതും മുന്നിൽ പ്രകൃതിയൊരുക്കിയ മാന്ത്രികത. 13 മീറ്ററോളം ഉയരത്തിൽ കണ്ടൽക്കാടുകളാൽ തീർത്ത കൂറ്റൻ മതിൽ. ആ മതിലിനപ്പുറം കടക്കാൻ മൂന്നോ നാലോ ചെറിയ കമാനങ്ങൾ. ഇതാണ് സെന്റർ ഓഫ് ഐലൻഡ്, നെടുങ്ങോലത്തെ പ്രധാന ആകർഷണം.

nedumgolam 02

കായലിനു നടുവിൽ നടന്നാലോ

nedumgolam 05

പരവൂർ കായലിലേക്കു കടക്കാൻ പ്രധാനമായും രണ്ടു ടണലുകളുണ്ട്. ഒന്ന് വലുതും, മറ്റേത് ചെറുതും. കണ്ടൽക്കാടുകൾ തീർത്ത ഈ രണ്ടു ടണലുകളുമാണ് സഞ്ചാരികളുടെ ‘ ഫോട്ടോ ഷൂട്ട് പോയിന്റ്’. നട്ടുച്ച നേരത്തുപോലും അരണ്ട സൂര്യ പ്രകാശം പതിക്കുന്ന ഇടം. ചെറിയൊരു ആൽമരം പോലെ ചതുപ്പിൽ താഴ്‌വേരുകൾ താഴ്ന്നിറങ്ങി വളർന്നു നിൽക്കുകയാണ് കണ്ടൽമരങ്ങൾ. ഈ വേരുകൾ പല ഭാഗങ്ങളിലും വെട്ടിയൊതുക്കിയ ആർച്ച് പോലെ കാണപ്പെട്ടു. കണ്ടലിന്റെ താഴ്‌വേരുകൾ കരയിടിച്ചിലിനെ തടയുകയും കാറ്റിനെ പിടിച്ചുനിർത്തുകയും എക്കലടിഞ്ഞ് പുതിയ കര ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. കാറ്റുവഴിയാണ് പരാഗണം. പച്ച നിറത്തിൽ നീണ്ടുകിടക്കുന്ന കായ്കൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നന്ദു വിലക്കി. കണ്ടൽകാടിന്റെ ഇലയോ വേരോ വിത്തോ നശിപ്പിക്കുന്നത് നിയമപരമായ കുറ്റമാണെന്ന പുതിയ അറിവ് പകർന്നുതന്നു. സൗദിയിൽ മറൈൻ ഫീൽഡിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു നന്ദു. നാടിനോടും പ്രകൃതിയോടുമുള്ള ഇഷ്ടമാണ് ആ ജോലി ഉപേക്ഷിക്കാൻ കാരണം. നെടുങ്ങോലത്തെ അഡ്വഞ്ചെർ ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി അഖിലും സുഹൃത്തുക്കളും മാൻഗ്രോവ് അഡ്വഞ്ചെർ ടൂറിസം പദ്ധതി തുടങ്ങിയപ്പോൾ നന്ദുവും അവരുടെ കൂടെ ചേർന്നു. ‘ ഈ ജോലി ഞാൻ ആസ്വദിച്ച് ചെയ്യുന്നു. ഓരോ സഞ്ചാരികളുടെ കൂടെയും ഗൈഡായി പോകുമ്പോൾ വ്യത്യസ്തമായ അനുഭവമാണ്. വിദേശികൾക്കൊപ്പമാണ് യാത്രയെങ്കിൽ അധികം സംസാരിക്കാൻ പാടില്ല. അവര്‍ക്ക് നിശബ്ദമായി പ്രക‍ൃതിയെ ആസ്വദിച്ചുള്ള യാത്രയാണ് പൊതുവെ ഇഷ്ടം. പക്ഷികളുടെ ശബ്ദം കേട്ട് കണ്ടലിന്റെ തണുപ്പ് നുകർന്ന് അവരങ്ങനെ ഇരിക്കും. നോർത്തിന്ത്യക്കാരെങ്കിൽ വേറൊരു ഫീലാണ്. ഈ അടുത്ത് ഒരു അമ്മയും മകളും ഇവിടെയെത്തി. ഡൽഹിക്കാരാണ്. അമ്മയ്ക്ക് വെള്ളം എന്നു കേട്ടാലേ പേടി. മകൾ ഡോക്ടറാണ്. ഞാൻ ധൈര്യം പകർന്ന് ഒരു വിധത്തിൽ അവരെ തോണിയിൽ കയറ്റി. പതിയെ അവർ കാഴ്ചകൾ ആസ്വദിക്കാനും എന്നോട് സൗഹൃദം കൂടാനും തുടങ്ങി. ആദ്യത്തെ വലിയ ടണൽ കടന്ന് കായലിലേക്കെത്തിയപ്പോൾ അവരോട് ഇവിടെ ഇറങ്ങിയാലോ എന്ന് ചോദിച്ചു. ചുറ്റുമൊന്ന് കണ്ണോടിച്ച് അവർ ഭയത്തോടെ തിരിച്ച് ചോദിച്ചു, ഈ കായലിനു നടുവിലോ? അതെ എന്നു മറുപടി കൊടുത്ത് ഞാൻ വെള്ളത്തിലേക്കിറങ്ങി, വാട്ടർ വാക്കിങ് പോയിന്റ് ആയിരുന്നു അത്. കായലിനു നടുവിലെ ചെറിയൊരു ഭാഗത്ത് മൺതിട്ടയാണ്. കാൽമുട്ടു വരെയേ വെള്ളമുള്ളൂ. എന്നിട്ടും ആ അമ്മ വെള്ളത്തിലിറങ്ങാൻ പേടിച്ചു. എങ്കിലും ഇറങ്ങി. സുരക്ഷാജാക്കറ്റിന്റെ സഹായത്തോടെ മലർന്നുകിടന്ന് നീന്തി. അവരുടെ സന്തോഷം നിറഞ്ഞ മുഖം ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല. ഇതൊക്കെയാണ് ഈ ജോലിയിൽ നിന്നും കിട്ടുന്ന ‘എക്സ്ട്രാ ലാഭം’, ചെറു പുഞ്ചിരിയോടെ നന്ദു പറഞ്ഞു. ടണലുകടന്ന് വാട്ടർ വാക്കിങ് ഏരിയ ലക്ഷ്യമാക്കി തോണി നീങ്ങി.

nedumgolam 03

180 ഡിഗ്രി ആംഗിളും അസ്തമയ ചുവപ്പും

nedumgolam 09

ടണലിൽ നിന്ന് പുറത്ത് കടന്നതും പരവൂർ കായലിൽ അസ്തമയചുവപ്പ് പടർന്നിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ കണ്ടലിന്റെ സൗന്ദര്യം ആസ്വദിച്ച് കയാക്കിങ് നടത്തുന്നു. വാട്ടർ വാക്കിങ് ഏരിയയിലേക്കാണ് പോയത്. നീണ്ടു കിടക്കുന്ന കണ്ടൽക്കാടിന്റെ മതിലിനു നടുവിലായി ഒരു ഭാഗത്ത് അർധ ഗോളാകൃതിയിൽ കണ്ടലിന്റെ കൂട്ടമുണ്ട്. അതിനു തൊട്ടടുത്താണ് വാക്കിങ് ഏരിയ.

nedumgolam 04

 

nedumgolam 06

കായലിനു നടുവിലെ സാഹസിക നടത്തം കഴിഞ്ഞ് യാത്ര തുടർന്നു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ കണ്ടൽക്കാടിന്റെ 180 ഡിഗ്രി ആംഗിളിലുള്ള ദൃശ്യം കായലിൽ നിന്നു കാണാനായി. സൂര്യൻ മേഘങ്ങൾക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നു. പൂർണമായൊരു അസ്തമയചിത്രം ക്യാമറയിലാക്കാനുള്ള തത്രപ്പാടിലാണ് ഫൊട്ടോഗ്രഫർ. മേഘങ്ങൾ മഴയുടെ വരവറിയിച്ചതോടെ സൂര്യൻ ആകാശത്തിലെങ്ങോ മറഞ്ഞു. കണ്ടൽക്കാടിന്റെ ചെറിയ ടണലിലൂടെയായിരുന്നു മടക്കം. ആകാശത്ത് സായംസന്ധ്യയെഴുതുന്ന നിറച്ചാർത്ത്. പോയവഴി അത്രയും പിന്നിട്ട് ആമവട്ടം ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും ഇരുട്ട് ആറിനു മേൽ മൂടുപടമണിഞ്ഞിരുന്നു. ദീപാലംകൃതമായ ക്ഷേത്രം. ക്ഷേത്രഭാരവാഹികളിലാരോ ഒരാൾ വാഴയിലക്കീറിൽ ചൂടു പായസമധുരം വിളമ്പി നൽകി. ഇരുട്ടിനെ പിന്നിലാക്കി രാജു ചേട്ടൻ തോണിതുഴഞ്ഞു. കണ്ടൽക്കാടുകളിൽ നിന്ന് ഉയർന്നു കേൾക്കാം, പേരറിയാത്ത എത്രയോ പക്ഷികൾ ചേക്കേറാൻ തിടുക്കം കൂട്ടുന്ന കളകളാരവം.

nedumgolam 07

 

എങ്ങനെ എത്തിച്ചേരാം

nedumgolam 08

കൊല്ലം ജില്ലയിൽ പരവൂരിനടുത്താണ് നെടുങ്ങോലം. എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർക്ക് ചാത്തന്നൂർ– പരവൂർ റൂട്ടിലും തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്നവർക്ക് പാരിപ്പള്ളി റൂട്ടിലും നെടുങ്ങോലത്തെത്താം. വർക്കല യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നെടുങ്ങോലം യാത്രയുടെ ഭാഗമാക്കാം.

തോണിയാത്രയും കയാക്കിങ്ങും കണ്ടൽക്കാടിന്റെ സൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മാൻഗ്രോവ് വില്ലേജ് അഡ്വഞ്ചേഴ്സ് എന്ന സ്ഥാപനമാണ് നിലവിൽ ഇവിടുത്തെ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നത്.

കയാക്കിങ് സമയ ക്രമം : 6.30 AM- 9.30 AM, 3.30 PM – 6.30 PM

കയാക്കിങ് നിരക്ക് – 999/ person (Short Distance), 6,500/ person

തോണിയാത്ര സമയക്രമം: 7.00 AM- 9.30 AM, 4.00 PM – 6.30 PM

തോണിയാത്ര നിരക്ക് : 2000/ 5 Person (400 Per head)

സൈക്കിളിങ് ടൂർ ടു പോളച്ചിറ – സമയ ക്രമം: 6.30 AM – 9.00 AM, ദൂരം– 12 കിലോമീറ്റർ

നിരക്ക് – 350/ Person

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും, 8590678894, 8281008082

www.mvadventures.in

 

Tags:
  • Manorama Traveller