Monday 05 July 2021 04:17 PM IST : By സ്വന്തം ലേഖകൻ

ഈ കവർചിത്രം പെയിന്റിങ്, ചിത്രകാരൻ ചന്ദ്രഹാസിന്റെ തൂലികയിൽ വിരിഞ്ഞ ഹിമാലയൻ യാത്രാചിത്രങ്ങൾ

chandrahas

ജൂലൈ ലക്കം മനോരമ ട്രാവലർ മാസികയുടെ മുഖചിത്രം മഞ്ഞണിഞ്ഞ മലകളുടെ പശ്ചാത്തലത്തിൽ അരുവിയും പൂക്കളും പുൽമേടുകളും ഭംഗി നിറയ്ക്കുന്ന ഹിമാലയൻ താഴ്‌വര ചിത്രകാരനായ ചന്ദ്രഹാസിന്റെ പെയിന്റുങ്ങകളിലൊന്ന്. ഹിമാലയ സീരിസിലെ ചിത്രങ്ങൾക്കൊപ്പം ഏറെ വ്യത്യസ്തമായ തന്റെ യാത്രാനുഭവങ്ങളും ഈ ലക്കം മനോരമ ട്രാവലറിലൂടെ ചന്ദ്രഹാസ് പങ്കുവയ്ക്കുന്നു.

chandrahas4 Paintings :Chandrahas

കോവിഡ് കാലത്ത് ലോകമെങ്ങും ഗതാഗതം നിലച്ചു, നിരത്തുകൾ അടഞ്ഞു, യാത്രകൾക്കു വിലക്കു വീണു. സഞ്ചാരികളും യാത്രകളെ സ്നേഹിക്കുന്നവരും ആശ്വാസം കണ്ടെത്തിയത് യാത്രാനുഭവങ്ങൾ ഓർത്തെടുക്കുന്നതിലും അതു പങ്കുവയ്ക്കുന്നതിലുമാണ്. തങ്ങളുടെ പ്രിയപ്പെട്ട പാതകളിലൂടെയും ഡെസ്റ്റിനേഷനുകളിലൂടെയും പലരും മനസ്സുകൊണ്ട് വീണ്ടും സഞ്ചരിച്ചു. എറണാകുളം ജില്ലയിലെ പിറവത്ത് ഓണക്കൂറിൽ താമസിക്കുന്ന ചന്ദ്രഹാസ് എന്ന സഞ്ചാരി കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി തന്റെ പഴയകാല യാത്രാനുഭവങ്ങളിലൂടെ ഒരിക്കൽക്കൂടി സഞ്ചരിക്കുകയാണ്. അക്ഷരങ്ങൾകൊണ്ടല്ല, ബ്രഷും ചായവും കാൻവാസും ഉപയോഗിച്ചാണ് ചന്ദ്രഹാസ് യാത്രകളിൽ താൻ കണ്ടതും അനുഭവിച്ചതുമായ ദൃശ്യങ്ങളെ പുനരാവിഷ്കരിക്കുന്നത്.

chandrahas1

ഇന്ത്യ മുഴുവൻ യാത്ര ചെയ്തിട്ടുള്ള ചന്ദ്രഹാസ് ഹിമാലയത്തിലേക്കാണ് കൂടുതൽ സഞ്ചരിച്ചിട്ടുള്ളത്. ഇന്ത്യയിലും ടിബറ്റിലുമായിട്ടുള്ള പഞ്ചകൈലാസങ്ങളിലേക്കും യാത്ര ചെയ്തിട്ടുള്ള അപൂർവം സഞ്ചാരികളിൽ ഒരാളുമാണ്. വാസ്തുകലയിലും ചിത്രകലയിലും പഠനം പൂർത്തിയാക്കിയശേഷം കേരളത്തിലും വിദേശത്തും വിവിധ പ്രസിദ്ധീകരണങ്ങളിൽ ആർടിസ്റ്റായി പ്രവർത്തിച്ചു. മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ ചിത്രകഥകൾക്ക് ഇലസ്ട്രേഷൻ ചെയ്തിട്ടുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം 2002 ലാണ ്ആദ്യമായി ഹിമാലയത്തിലേക്ക് യാത്ര ചെയ്തത്. പിന്നീട് കൈലാസ മാനസരോവറിലേക്കും മണിമഹേഷ്, കിന്നൗർ, ശ്രീഖണ്ഡ്, ആദികൈലാസങ്ങളിലേക്കും അമർനാഥിലേക്കും ബദരികളും കേദാരങ്ങളും പ്രയാഗകളും ശക്തിസ്ഥാനങ്ങളുമായ ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്തിട്ടുള്ള ചിത്രകാരൻ‍ ആ യാത്രാപഥങ്ങളിൽ ഹിമാലയും മനസ്സിൽ നിറച്ച പ്രകൃതി സൗന്ദര്യത്തെയാണ് തൂലികയിലൂടെ ആവിഷ്കരിക്കുന്നത്.

chandrahas3

2020 ൽ ലോക്ക്ഡൗണിൽ വീട്ടിനുള്ളിലേക്ക് ഒതുങ്ങിയപ്പോഴാണ് ചന്ദ്രഹാസ് യാത്രകളുമായി ബന്ധിപ്പിച്ച ചിത്രരചന ഗൗരവത്തോടെ ആരംഭിച്ചത്. ഓരോ യാത്രയിലും മനസ്സിൽ പതിയുന്ന പ്രകൃതിഭംഗി കാൻവാസില്‍ വരയ്ക്കാൻ ആഗ്രഹിക്കുകയും കയ്യിൽ കരുതുന്ന ബുക്കിൽ സ്കെച്ച് ചെയ്തിടുകയും പതിവാണ്. എന്നാല്‍ യാത്രയ്ക്കു ശേഷമുള്ള പല തിരക്കുകളിൽ ആ കാഴ്ചകൾ മനസ്സിലും സ്കെച്ച് ബുക്കുകളിലുമായി ഒതുങ്ങുകയായിരുന്നു ഇത്രകാലം. ആദ്യ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പങ്കിട്ടപ്പോൾ ലഭിച്ച പ്രോത്സാഹനം ഹിമാലയ കാഴ്ചാനുഭവങ്ങളെ ഒരു പരമ്പരയായി ചെയ്യാനുള്ള പ്രേരണയായി. ഇതിനകം 12 ചിത്രങ്ങള്‍ പൂർത്തിയായി, എതാനും ചിത്രങ്ങള്‍ വരയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

Tags:
  • Manorama Traveller
  • Travel India
  • Travel Destinations